LATEST NEWS

Loading...

Custom Search
+ -

ഫാദര്‍ ഓഫ് പെന്റിയം

ആര്‍. ഗിരീഷ്‌കുമാര്‍

Posted on: 21 Aug 2009

 

പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ രംഗത്ത് വിപ്ലവകരമായ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ പെന്റിയം പ്രൊസ്സസ്സറിന്റെ പിതാവെന്ന നിലയിലാണ് വിനോദ് ധം പ്രശസ്തനായത്



വെറും എട്ട് ഡോളറുമായി അമേരിക്കയിലെത്തിയയാള്‍-വിനോദ് ധം സ്വയം വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. എന്നാല്‍ സാങ്കേതികരംഗത്ത് അദ്ദേഹത്തിന്റെ മേല്‍വിലാസം അതല്ല. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ രംഗത്ത് വിപ്ലവകരമായ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ പെന്റിയം പ്രൊസ്സസ്സറിന്റെ പിതാവെന്ന നിലയിലാണ് ആ പ്രശസ്തി. ഇന്റലില്‍ 16 വര്‍ഷത്തോളം നീണ്ട പ്രവര്‍ത്തന കാലയളവിലാണ് ഐ.ടി രംഗത്ത് ഏറെ മാറ്റങ്ങളുണ്ടാക്കിയ കണ്ടെത്തലിന് അദ്ദേഹം ചുക്കാന്‍ പിടിച്ചത്.

വിവരസാങ്കേതിക രംഗത്തെ ഇന്ത്യന്‍ വിജയഗാഥകളിലൊന്നാണ് വിനോദിന്‍േറത്. 1975-ല്‍ സാധാരണ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. സിന്‍സിനാറ്റി സര്‍വകലാശാലയില്‍ ഇലനക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവിദ്യാര്‍ഥിയായി എത്തുമ്പോള്‍, കാത്തിരിക്കുന്നത് ചരിത്രം മാറ്റിമറിക്കുന്ന കരിയറാകുമെന്ന് അദ്ദേഹവും കരുതിയിരുന്നില്ല.

പഠനത്തിനുശേഷം ഒഹിയോയിലെ എന്‍.സി.ആര്‍.കോര്‍പറേഷനില്‍ ജോലിക്കുചേര്‍ന്ന വിനോദ് പിന്നീട് ഇന്റലിലേക്ക് മാറി. അവിടെ ചിപ് എന്‍ജിനീയറായാണ് വിനോദ് ജോലിക്കുചേര്‍ന്നത്. ഇന്റലിന്റെ ആദ്യ ഫ്‌ളാഷ് മെമ്മറി ചിപ്പിന്റെ കണ്ടെത്തലിന് ചുക്കാന്‍ പിടിച്ചതോടെ വിനോദിന്റെ വിജയഗാഥയ്ക്ക് തുടക്കമായി. പെന്റിയം പ്രോസ്സസ്സറിന്റെ ഗവേഷണത്തിലായി അദ്ദേഹത്തിന്റെ ശ്രദ്ധ. 1993 മാര്‍ച്ച് 22ന് ആദ്യ പെന്റിയം പ്രോസ്സസ്സര്‍ വിനോദ് രംഗത്തെത്തിച്ചു. വൈസ് പ്രസിഡന്റ് പദവിയിലിരിക്കെ, 1995-ല്‍ അദ്ദേഹം ഇന്റലിനോട് വിടപറഞ്ഞു.

ഇന്റലിന്റെ എതിരാളികളായ നെക്‌സ്‌ജെന്‍ ആയിരുന്നു വിനോദിന്റെ അടുത്ത താവളം. സിലക്കോണ്‍ സ്‌പൈസിന്റെ സി.ഇ.ഒ ആയും കുറച്ചുകാലം പ്രവര്‍ത്തിച്ചു. വിനോദ് കാലിഫോര്‍ണിയയിലാണ് ഇപ്പോള്‍ താമസം. ഐ.ടി. മേഖലയില്‍നിന്ന് മാറി സ്വന്തം നിലയ്ക്ക് ഓഹരി സ്ഥാപനം നടത്തുന്നു. വിഭജനത്തെത്തുടര്‍ന്ന് റാവല്‍പിണ്ടിയില്‍നിന്ന് ഇന്ത്യയിലെത്തിയതാണ് വിനോദിന്റെ കുടുംബം. പട്ടാളക്കാരനായിരുന്നു അച്ഛന്‍. 1950ല്‍ പുണെയിലാണ് അദ്ദേഹം ജനിച്ചത്. ഡല്‍ഹി എന്‍ജിനീയറിങ് കോളേജില്‍നിന്ന് 1971ല്‍ ഇലനക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ അദ്ദേഹം തുടക്കത്തില്‍ കുറച്ചുകാലം സെമികണ്ടക്ടര്‍ നിര്‍മാണക്കമ്പനിയായ കോണ്ടിനെന്റല്‍ ഡിവൈസസില്‍ ജോലിചെയ്തശേഷമാണ് ഉപരിപഠനാര്‍ഥം അമേരിക്കയിലേക്ക് ചേക്കേറിയത്.

വിദേശ യാത്രകള്‍ക്ക് സര്‍ക്കാരില്‍നിന്ന് എട്ടു ഡോളര്‍മാത്രമാണ് അക്കാലത്ത് കിട്ടിയിരുന്നത്. എന്നാല്‍, പഠനാവശ്യത്തിനായി പോകുന്നവര്‍ക്ക് 20 ഡോളര്‍ അധികം കിട്ടും. എന്നാല്‍, അതിനായി റിസര്‍വ് ബാങ്കിന് അപേക്ഷ നല്‍കണം. കൂടാതെ കൈക്കൂലിയും മുടക്കണം. അതിന് വിസമ്മതിച്ചതോടെയാണ് വെറും എട്ടുഡോളറുമായി തനിക്ക് അമേരിക്കയിലേക്ക് വരേണ്ടിവന്നതെന്ന് വിനോദ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. അമേരിക്കയില്‍ വിദേശ വിദ്യാര്‍ഥി വിഭാഗത്തിലെ മേരി കാംബെല്‍ എന്ന ജീവനക്കാരി കനിവുതോന്നി അനുവദിച്ച 125 ഡോളറിലാണ് വിനോദ് അവിടെ ജീവിതമാരംഭിച്ചത്.

ഇന്റലിന്റെ വ്യവസായ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് പെന്റിയം പ്രൊസ്സസ്സറുകളാണ്. അതിന്റെ ശില്പിയെന്ന നിലയ്ക്ക് വിനോദ് വഹിച്ച സേവനവും മഹത്തരമാണ്. തന്റെ കരിയറിലെ ഏറ്റവും മികച്ച തീരുമാനമായാണ് ഇന്റലില്‍ ചേര്‍ന്നതിനെ വിനോദ് വിലയിരുത്തുന്നത്. 16 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം ഇന്റലിനോട് വിടപറഞ്ഞത് തന്റെ രണ്ടാമത്തെ മികച്ച തീരുമാനമായും അദ്ദേഹം കരുതുന്നു.

rgirishkumar@ gmail.com
(20%) (2 Votes)

 

 

Other News in this Section