LATEST NEWS

Loading...

Custom Search
+ -

സ്‌പോര്‍ട്‌സ് എഡിറ്റര്‍ ഫ്രം ഇന്ത്യ

ആര്‍. ഗിരീഷ്‌കുമാര്‍

Posted on: 14 Aug 2009

 

വിദേശത്തുള്ള ഇന്ത്യക്കാരായ പത്രപ്രവര്‍ത്തകരില്‍ ഏറ്റവും ഉയര്‍ന്ന പദവി വഹിച്ചിരുന്നയാളാണ് മിഹിര്‍ ബോസ്. ബി.ബി.സി.യുടെ ചരിത്രത്തിലെ ആദ്യ സ്‌പോര്‍ട്‌സ് എഡിറ്ററായിരുന്നു മിഹിര്‍. ബ്രിട്ടീഷ് പ്രധാനമന്ത്രിയെക്കാള്‍ കൂടുതല്‍ വേതനം പറ്റുന്ന ബി.ബി.സി. ഉദ്യോഗസ്ഥരിലൊരാളായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വേതനവിവാദം കത്തിനിന്നതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹം പദവിയില്‍നിന്നൊഴിഞ്ഞത്. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് ബി.ബി.സി. ജോലി ഒഴിവാക്കിയതെന്നാണ് മിഹിര്‍ പറഞ്ഞത്.

പ്രശസ്തനായ പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകര്‍ത്താവ് തുടങ്ങിയ നിലകളിലാണ് മിഹിറിന്റെ പ്രശസ്തി. ബംഗാളാണ് ജന്മദേശമെങ്കിലും മിഹിര്‍ വളര്‍ന്നത് മുംബൈയിലാണ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റാവുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം 1969-ല്‍ ബ്രിട്ടനിലെത്തിയത്. എന്നാല്‍, മിഹിറിന് ലക്ഷ്യം പൂര്‍ത്തിയാക്കാനായില്ല. എന്‍ജിനീയറിങ് പഠിച്ചെങ്കിലും പത്രപ്രവര്‍ത്തനത്തിലെത്തിച്ചേര്‍ന്നു. എല്‍.ബി.സി. റേഡിയോയിലായിരുന്നു തുടക്കം. പിന്നീട് സണ്‍ഡേ ടൈംസിലെത്തി. ടൈംസിലെത്തുമ്പോഴേക്കും പത്രപ്രവര്‍ത്തനത്തിലെ തട്ടകവും അദ്ദേഹം മാറ്റി. സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിങ്ങിലേക്ക് തിരിഞ്ഞ മിഹിര്‍, ടൈംസ് വിട്ട് ഡെയ്‌ലി ടെലിഗ്രാഫില്‍ ചേര്‍ന്നു. 1995-ലായിരുന്നു ഈ മാറ്റം.

സ്‌പോര്‍ട്‌സിലെ പിന്നാമ്പുറവാര്‍ത്തകള്‍ വെളിച്ചത്തുകൊണ്ടുവന്ന മിഹിറിന്റെ പംക്തി പെട്ടെന്നുതന്നെ ശ്രദ്ധേയമായി. 2006 ഒക്ടോബര്‍ വരെ ടെലിഗ്രാഫില്‍ തുടര്‍ന്ന അദ്ദേഹം ബി.ബി.സി.യില്‍ ചേരാനായി ജോലി രാജിവെച്ചു. ബി.ബി.സി. റേഡിയോയിലും ടെലിവിഷനിലും സ്‌പോര്‍ട്‌സ് കൈകാര്യം ചെയ്ത മിഹിര്‍ എഴുത്തിന്റെ ലോകത്തുനിന്നുള്ള മാറ്റം ഉള്‍ക്കൊള്ളാന്‍ തുടക്കത്തില്‍ ബുദ്ധിമുട്ടി. മിഹിറിന് പറ്റിയതല്ല ദൃശ്യമാധ്യമരംഗമെന്ന ആക്ഷേപം വ്യാപകമായി. അതിനിടെ, ബി.ബി.സി.യുടെ ആസ്ഥാനം മാറ്റാനുള്ള തീരുമാനവും അവിടെ തുടരുന്നതില്‍നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചു. 2012 ലണ്ടന്‍ ഒളിമ്പിക്‌സ് വരെ ബി.ബി.സി.യുടെ തലപ്പത്ത് മിഹിര്‍ ഉണ്ടാകുമെന്നായിരുന്നു ശ്രുതി.

പത്രപ്രവര്‍ത്തകനെന്നപോലെ, ഗ്രന്ഥകാരനെന്ന നിലയ്ക്കും പ്രശസ്തനാണ് മിഹിര്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം (ദ ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ക്രിക്കറ്റ്), മാഞ്ചസ്റ്റര്‍ ഡിസ്‌യുണൈറ്റഡ് തുടങ്ങി 22 ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്‍േറതായിട്ടുണ്ട്. 1990ല്‍ ക്രിക്കറ്റ് സൊസൈറ്റി ലിറ്റററി അവാര്‍ഡ് നേടിയ പുസ്തകമാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം. സ്‌പോര്‍ട്‌സിനെയും വര്‍ണവിവേചനത്തെയും സംബന്ധിച്ച പഠനം (സ്‌പോര്‍ട്ടിങ് കളേഴ്‌സ്) 1994-ലെ വില്യം ഹില്‍ സ്‌പോര്‍ട്‌സ് ബുക്ക് ഓഫ് ദി ഇയര്‍ മത്സരത്തില്‍ രണ്ടാം സ്ഥാനത്തുമെത്തി.

പത്രപ്രവര്‍ത്തനരംഗത്തെ മികവിന് 1995, 1997, 1999, 2001, 2002, 2003, 2004, 2007 വര്‍ഷങ്ങളില്‍ ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സ്‌പോര്‍ട്‌സ് റൈറ്റേഴ്‌സ് അസോസിയേഷന്റെയും പുരസ്‌കാരങ്ങളും നേടി.

rgirishkumar@ gmail.com

(20%) (1 Vote)

 

 

Other News in this Section