LATEST NEWS

Loading...

Custom Search
+ -

സിനിമയുടെ സാമ്രാട്ട്

ആര്‍. ഗിരീഷ്‌കുമാര്‍

Posted on: 07 Aug 2009

 

പഴയ കൂട്ടുകാര്‍ വര്‍ഷങ്ങള്‍ക്കുശേഷം ഒത്തുചേരുന്നതും പിന്നിട്ട കാലത്തെ മധുരസ്മരണകളിലൂടെ കടന്നുപോകുന്നതും ചലച്ചിത്രലോകത്ത് ഒട്ടേറെത്തവണ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള വിഷയമാണ്. ബ്രൂസ് ലെഡ്ഡിയുടെ സിങ് നൗ ഓര്‍ ഫോറെവര്‍ ഹോള്‍ഡ് യുവര്‍ പീസ് എന്ന ഹോളിവുഡ് സിനിമയും ഇത്തരമൊരു പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ഒരു കോളേജില്‍ ഒരുമിച്ച് പഠിച്ച സഹപാഠികള്‍ 15 വര്‍ഷത്തിനുശേഷം വീണ്ടും ഒത്തുചേരുകയാണ്. അവരിലൊരാളുടെ വിവാഹവേളയില്‍ വീണ്ടും പഴയ പാട്ടുപാടാനായാണ് ഈ ഒന്നിക്കല്‍. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ഓരോരുത്തരുടെയും ജീവിതത്തിലുണ്ടായ മാറ്റങ്ങളിലാണ്‌സിനിമ മുന്നേറുന്നത്. അവരിലൊരാളാണ് വില്‍ വൊസ്‌നിയാക്ക് എന്ന അമേരിക്കക്കാരന്‍ കഥാപാത്രം. ഒട്ടേറെ ഫിലിം ഫെസ്റ്റിവലുകളില്‍ സ്വീകരിക്കപ്പെടുകയും ഏറെ പുരസ്‌കാരങ്ങള്‍ നേടിയെടുക്കുകയും ചെയ്ത ചിത്രമാണ് സിങ് നൗ ഓര്‍ ഫോറെവര്‍.

ഇവിടെ ഈ സിനിമയും കഥാപാത്രവും പ്രസക്തമാകുന്നത് വില്യം വൊസ്‌നിയാക്കെന്ന അമേരിക്കക്കാരനെ കയ്യടക്കത്തോടെ അവതരിപ്പിച്ച അഭിനേതാവിനെക്കുറിച്ച് പറയേണ്ടതിനാലാണ്. സാമ്രാട്ട് ചക്രവര്‍ത്തിയെന്ന ഇന്ത്യന്‍ വംശജനാണ് അമേരിക്കന്‍ കഥാപാത്രമായി സ്‌ക്രീനിലെത്തിയത്. സാധാരണ ഹോളിവുഡ് സിനിമകളില്‍ ഇന്ത്യന്‍ വംശജരായ അഭിനേതാക്കള്‍ പലപ്പോഴും ഇന്ത്യക്കാരോ പാകിസ്താന്‍കാരോ ആയ കഥാപാത്രങ്ങളില്‍ തളച്ചിടപ്പെടാറാണ് പതിവ്. അഭിനേതാക്കളുടെ നിറമാണ് മുഖ്യധാരാ കഥാപാത്രങ്ങളാകുന്നതില്‍നിന്ന് അവരെ തടയുന്നത്. സ്വതന്ത്ര സിനിമകളിലൂടെയും ഇന്ത്യന്‍ കഥകള്‍ പറയുന്ന ഇന്ത്യന്‍ വംശജരായസംവിധായകരുടെ സിനിമകളിലുമാണ് ഇത്തരം അഭിനേതാക്കള്‍ക്ക് വലിയ അവസരങ്ങള്‍ കിട്ടുന്നത്.

എന്നാല്‍, സിങ് നൗ ഓര്‍ ഫോറെവര്‍ എന്ന സിനിമയില്‍ സാമ്രാട്ട് ചക്രവര്‍ത്തി തനി അമേരിക്കക്കാരനായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സാമ്രാട്ടിനെ തിരഞ്ഞെടുത്തശേഷവും കഥാപാത്രത്തിന്റെ വില്‍ വൊസ്‌നിയാക്ക് എന്ന പേരുമാറ്റാനും സംവിധായകന്‍ തയ്യാറായില്ല.

കൊല്‍ക്കത്തയില്‍നിന്ന് ഇംഗ്ലണ്ടിലെത്തിയതാണ് സാമ്രാട്ടിന്റെ കുടുംബം. 1975 ആഗസ്ത് 22ന് ലണ്ടനിലാണ് സാമ്രാട്ട് ജനിച്ചത്. ബ്രാന്‍ഡീസ് സര്‍വകലാശാലയില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സാമ്രാട്ട് പിന്നീട് ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന് അഭിനയത്തിലും പരിശീലനം നേടി.

1994ല്‍ സ്‌പൈക്ക് ലീയുടെ ഷി ഹേറ്റ്‌സ് മി എന്ന സിനിമയിലൂടെയാണ് സാമ്രാട്ട് അഭിനയരംഗത്തെത്തിയത്. പിന്നീട് മനീഷ് ആചാര്യയുടെ ലയണ്‍സ് ഓഫ് പഞ്ചാബ് പ്രസന്റ്‌സ്, മനാന്‍ കത്തഹോരയുടെ ആര്യ, ജോസഫ് കാസ്റ്റലോയുടെ ദ വാര്‍ വിത്തിന്‍, അഞ്ജാന്‍ ദത്തിന്റെ ദ ബോങ് കണക്ഷന്‍, അജയ് നായിഡുവിന്റെ ആഷസ്, സര്‍ബ ദാസിന്റെ കര്‍മ കാളിങ്, അമ്യന്‍ കദേറലിയുടെ കിസ്സിങ് കസിന്‍സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ലോ ആന്‍ഡ് ഓര്‍ഡര്‍, ദ സൊപ്രാനോസ്, ലവ് മങ്കി, ഹോപ്പ് ആന്‍ഡ് ഫെയ്ത്ത് തുടങ്ങിയ ടി.വി പരമ്പരകളിലും സാമ്രാട്ട് വേഷമിട്ടു.

അഭിനേതാവെന്ന നിലയില്‍ മാത്രമൊതുങ്ങുന്നതല്ല സാമ്രാട്ടിന്റെ കരിയര്‍. അറിയപ്പെടുന്ന സംഗീതജ്ഞന്‍ കൂടിയാണ് അദ്ദേഹം. വാട്‌സ് ഇറ്റ് ആള്‍ എബൗട്ട് എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. ഫൈവ് ഒ' ക്ലോക്ക് ഷാഡോ, ദ ഹ്യാനിസ് സൗണ്ട് തുടങ്ങിയ സംഗീത സംഘങ്ങളിലും അദ്ദേഹം അംഗമായിരുന്നു.

ഇന്ത്യന്‍ വംശജനെന്നത് ഹോളിവുഡിലും അമേരിക്കന്‍ സമൂഹത്തിലും പലര്‍ക്കും പരിമിതിയായി മാറുമ്പോഴും സാമ്രാട്ട് ചക്രവര്‍ത്തി അത് അംഗീകരിക്കുന്നില്ല. സംസ്‌കാരങ്ങള്‍ തമ്മിലുള്ള സമന്വയമാണ് സിനിമകളും സംഗീതവും ലക്ഷ്യമിടുന്നതെന്ന് വിശ്വസിക്കുന്ന സാമ്രാട്ട്, തന്റെ പേര് തനി ഇന്ത്യനായി നിലനിര്‍ത്തുന്നത് ആ ഉദ്ദേശ്യത്തോടെയാണ്. സത്യജിത് റായുടെയും ശ്യാം ബെനഗലിന്റെയും സിനിമാ പാരമ്പര്യമുള്ള ഇന്ത്യന്‍ കലാകാരന്മാര്‍ക്ക് മുഖ്യധാരാ സിനിമയില്‍ ഏറെ ചെയ്യാനാകുമെന്ന വിശ്വാസമാണ് സാമ്രാട്ടിനെ നയിക്കുന്നത്.

rgirishkumar@ gmail.
(20%) (1 Vote)

 

 

Other News in this Section