LATEST NEWS

Loading...

Custom Search
+ -

ഇന്ത്യന്‍ നിഗെല്ല

ആര്‍. ഗിരീഷ്‌കുമാര്‍

Posted on: 24 Jul 2009

 

വില്പനയില്‍ 'ഹാരിപോട്ടര്‍' പുസ്തകപരമ്പരയെപ്പേലും കവച്ചുവെക്കുകയാണ് ഇന്ത്യന്‍ വംശജയായ അഞ്ജും ആനന്ദിന്റെ 'ഇന്ത്യന്‍ ഫുഡ് മെയ്ഡ് ഈസി' എന്ന പുസ്തകം. ബി.ബി.സി. അടക്കമുള്ള ചാനലുകളിലൂടെ യൂറോപ്പിലാകമാനം പ്രശസ്തയായ അഞ്ജുമിനെക്കുറിച്ച്...


ഹാരി പോട്ടര്‍ പുസ്തകങ്ങളുടെ ജനപ്രീതിയെ മറികടക്കാമെന്ന് സമീപകാലത്ത് ഒരെഴുത്തുകാരനും വിചാരിച്ചിട്ടുണ്ടാവില്ല. എന്നാല്‍, ഇന്ത്യന്‍ രുചിക്കൂട്ടുകളെക്കുറിച്ച് അഞ്ജും ആനന്ദ് തയ്യാറാക്കിയ ഇന്ത്യന്‍ ഫുഡ് മെയ്ഡ് ഈസി എന്ന പുസ്തകം വില്‍പനയില്‍ ഹാരി പോട്ടറെയും കവച്ചുവെയ്ക്കുന്നുവെന്നാണ് യൂറോപ്പില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ബി.ബി.സിയിലെയും യു.കെ.ടി.വിയിലെയും ടൈംസ് ഓണ്‍ലൈനിലെയും പാചകപരിപാടികളിലൂടെ യൂറോപ്പ് മുഴുവന്‍ സുപരിചിതയാണ് അഞ്ജും ആനന്ദ്.

പഞ്ചാബില്‍നിന്ന് നാലരപ്പതിറ്റാണ്ട് മുന്നെ ലണ്ടനിലെത്തിയതാണ് അഞ്ജുമിന്റെ കുടുംബം. ലണ്ടനില്‍ ജനിച്ചെങ്കിലും അവര്‍ വളര്‍ന്നത് സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍. പഠിച്ചത് പാരീസിലും മാഡ്രിഡിലും. യൂറോപ്യന്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടിയ അഞ്ജും ഫ്രഞ്ച്, സ്​പാനിഷ് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യും. സ്വാഭാവികമായും യൂറോപ്യന്‍ ജീവിതത്തില്‍ മുഴുകേണ്ട സാഹചര്യങ്ങളൊക്കെയുണ്ടായിട്ടും അവര്‍ ഇന്ത്യയെ മറന്നില്ല. ഇന്ത്യന്‍ രുചിക്കൂട്ടുകളെയും.

കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ഫര്‍ണീച്ചര്‍ ഇറക്കുമതി ചെയ്യുന്ന ബിസിനസിലൂടെ കരിയര്‍ കെട്ടിപ്പടുക്കാന്‍ ശ്രമിച്ച അഞ്ജും പെട്ടെന്നുതന്നെ തന്റെ വഴി അതല്ലെന്ന് കണ്ടെത്തി. പാചകരംഗത്തേയ്ക്ക് തിരിഞ്ഞ അഞ്ജുമിന്റെ കരിയര്‍ പെട്ടെന്ന് വളര്‍ച്ച കൈവരിച്ചു. ന്യുയോര്‍ക്കിലെ കഫെ സ്‌പൈസിലും ന്യൂഡല്‍ഹിയിലെ പാര്‍ക്ക് റോയല്‍ ഹോട്ടലിലും ലോസ് ആഞ്ജലീസിലെ മോണ്‍ഡ്രിയന്‍ ഹോട്ടലിലും അവര്‍ ജോലിചെയ്തു.

ഇന്ത്യയിലെ പരമ്പരാഗതമായ രുചിഭേദങ്ങളും പാചകക്കൂട്ടുകളും ഉപയോഗിച്ച് ആരോഗ്യദായകമായ വിഭവങ്ങള്‍ എന്നതാണ് അഞ്ജും സ്വീകരിച്ച പാചകപാത. സ്വന്തം ജീവിതത്തില്‍നിന്നുതന്നെയാണ് അഞ്ജും ഈ വഴി കണ്ടെത്തിയത്. ചെറുപ്പകാലത്ത് പ്രായത്തിനുതക്ക വളര്‍ച്ചയില്ലാതിരുന്ന അഞ്ജുമിന് പോഷകാഹാര സമൃദ്ധമായ പാരമ്പര്യ ഇന്ത്യന്‍ വിഭവങ്ങളാണ് വീട്ടുകാര്‍ നല്‍കിയത്. ഈ വിഭവങ്ങളിലൂടെ സ്വന്തം ശരീരത്തിന് കിട്ടിയ പോഷണം മറ്റുള്ളവര്‍ക്കും പകര്‍ന്നുകൊടുക്കണമെന്ന ആഗ്രഹത്തില്‍നിന്നാണ് പാചകകലയെ ഗൗരവത്തോടെ സമീപിക്കാന്‍ അഞ്ജുമിനെ പ്രേരിപ്പിച്ചത്.

25-ാം വയസ്സിലാണ് അഞ്ജും തന്റെ ആദ്യ പാചകകൃതി പുറത്തിറക്കിയത്. ഇന്ത്യന്‍ എവരിഡേ: ലൈറ്റ്, ഹെല്‍ത്തി, ഇന്ത്യന്‍ ഫുഡ് എന്ന പുസ്തകത്തിലൂടെ തന്നെ അവര്‍ ശ്രദ്ധേയയായി. യു.കെ.ടി.വി ഫുഡിലെ ഗ്രേറ്റ് ഫുഡ് ലൈവില്‍ 2004 മുതല്‍ 2007വരെ സ്ഥിരം അവതാരകയായി മാറിയ അഞ്ജും പെട്ടെന്നുതന്നെ ജനപ്രീതി നേടിയെടുത്തു. വിഭവങ്ങളിലെ വ്യത്യസ്തതയും ആകര്‍ഷണീയമായ അവതരണവുംകൊണ്ട് ബ്രിട്ടനിലെ ഇന്ത്യന്‍ നിഗെല്ല ലോസ്ണായി അവര്‍ വിശേഷിപ്പിക്കപ്പെട്ടു. ഇംഗ്ലണ്ടിലെ പ്രശസ്തയായ പത്രപ്രവര്‍ത്തകയും പാചക വിദഗഗ്ധയുമാണ് നിഗെല്ല ലോസണ്‍.

ടൈംസ് ഓണ്‍ലൈനില്‍ അഞ്ജുമിന്റെ പാചകക്കുറിപ്പുകള്‍ 2007 മുതല്‍ക്ക് വന്നുതുടങ്ങിയതോടെ യൂറോപ്പിന്റെ ഇതരഭാഗങ്ങളിലും അവര്‍ സുപരിചിതയായി. 2008 സപ്തംബറില്‍ അഞ്ജുംസ് ന്യൂ ഇന്ത്യന്‍ എന്ന രണ്ടാമത്തെ പുസ്‌കവും അവര്‍ പുറത്തിറക്കി. ബി.ബി.സിയില്‍ വന്ന പരമ്പര അവരുടെ പ്രശസ്തി ഒന്നുകൂടി വര്‍ധിപ്പിച്ചു. ഇന്ത്യന്‍ ഫുഡ് മെയ്ഡ് ഈസി എന്ന പുസ്തകം ആമസോണിന്റെ ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍ ഹാരി പോട്ടറെ മറികടന്ന് ഒന്നാമതെത്തുകയും ചെയ്തു.

rgirishkumar@ gmail.com
(26.67%) (3 Votes)

 

 

Other News in this Section