LATEST NEWS

Loading...

Custom Search
+ -

സൗമിത്രയുടെ അധ്യാപന ലോകം

ആര്‍. ഗിരീഷ്‌കുമാര്‍

Posted on: 04 Jan 2013

 

ലോകപ്രശസ്തമായ വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ തലപ്പത്ത് ഇന്ത്യന്‍ വംശജരായ അക്കാദമിക് വിദഗ്ധര്‍ ഏറെയുണ്ട്. ഹാര്‍വാഡ് ബിസിനസ് സ്‌കൂളിലെ നിഥിന്‍ നോറിയയും ഇന്‍സീഡിലെ കെല്ലോഗ് ബിസിനസ് സ്‌കൂളിലെ ദീപക് ജയിനും ബിസിനസ് മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്തെ കേന്ദ്രങ്ങളുടെ നിയന്ത്രണം കൈയാളുന്നവരാണ്. ഇവരുടെ പട്ടികയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയ അക്കാദമീഷ്യനാണ് സൗമിത്ര ദത്ത. കോര്‍ണല്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള സാമുവല്‍ കര്‍ട്ടിസ് ജോണ്‍സണ്‍ ഗ്രാജ്വേറ്റ് മാനേജ്‌മെന്റ് സ്‌കൂളിന്റെ ഡീനാണ് സൗമിത്ര. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍.

ബിസിനസ്, ടെക്‌നോളജി വിദ്യാഭ്യാസ രംഗത്ത് രണ്ടു പതിറ്റാണ്ടുകളുടെ അനുഭവപരിചയമുണ്ട് ഡല്‍ഹി ഐ.ഐ.ടിയില്‍നിന്നുള്ള ഈ മുന്‍ എന്‍ജിനീയറിങ് ബിരുദധാരിക്ക്. കഴിഞ്ഞ ജൂലായ് ഒന്നിനാണ് സൗമിത്ര ഡീന്‍ ചുമതലയേറ്റെടുത്തത്. യൂറോപ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ (ഇന്‍സീഡ്) ബിസിനസ് ടെക്‌നോളജി പ്രൊഫസ്സറായിരുന്നു സൗമിത്ര. മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്ത് പുതിയ സാങ്കേതിക വിദ്യാഭ്യാസകള്‍ പരിചയപ്പെടുത്തിയ ഇന്‍സീഡിലെ ഇ-ലാബിന്റെ ഡയറക്ടറുമായിരുന്നു അദ്ദേഹം.
ഇന്‍സീഡില്‍ 22 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടെ പല ചുമതലകളും അദ്ദേഹം നിര്‍വഹിച്ചു. എക്‌സ്റ്റേണല്‍ റിലേഷന്‍സിലും എക്‌സിക്യുട്ടീവ് എജ്യുക്കേഷനിലും ടെക്‌നോളജി ആന്‍ഡ് ഇ-ലേണിങ്ങിലും ഡീന്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒട്ടേറെ വിശിഷ്ട സ്ഥാപനങ്ങളില്‍ വിസിറ്റിങ് പ്രൊഫസ്സറുമാണ് സൗമിത്ര. ബെര്‍ക്ക്‌ലിയിലെ ഹാസ് സ്‌കൂള്‍ ഓഫ് ബിസിനസ്, ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഓക്‌സ്ഫഡ് ഇന്റര്‍നെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്, കേംബ്രിജ് സര്‍വകലാശാലയിലെ ജഡ്ജ് സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സൗമിത്ര പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നു. ബിസിനസ് വിദ്യാഭ്യാസ രംഗത്ത് ആധുനിക സാങ്കേതിക വിദ്യയുടെ വരവുണ്ടാക്കിയ മാറ്റം മനസ്സിലാക്കുന്നതിലും അത് പാഠ്യ പദ്ധതിയിലുള്‍പ്പെടുത്തുന്നതിനും തുടക്കമിട്ട അധ്യാപകരിലൊരാളാണ് സൗമിത്ര.

ഇന്‍സീഡിലൂടെ സൗമിത്ര കൈവരിച്ച ആദരവും പ്രശസ്തിയുമാണ് കോര്‍ണല്‍ സര്‍വകലാശാലയിലേക്ക് അദ്ദേഹത്തെയെത്തിച്ചത്. ജോണ്‍സണ്‍ മാനേജ്‌മെന്റ് സ്‌കൂളിന്റെ ആഗോള കാഴ്ചപ്പാടനുസരിച്ചാണ് സൗമിത്രയുടെ നിയമനമെന്ന് കോര്‍ണല്‍ സര്‍വകലാശാലയുടെ പ്രസിഡന്റ് ഡേവിഡ് സ്‌കോര്‍ട്ടണ്‍ പറയുന്നു. അമേരിക്കയിലെ ഉന്നതമായ ബിസിനസ് സ്‌കൂളിന്റെ തലപ്പത്തെത്തുന്ന അമേരിക്കക്കാരനല്ലാത്ത ആദ്യ വ്യക്തിയുമാണ് സൗമിത്ര.

സൗമിത്രയെ സ്വന്തമാക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഭാര്യ സ്‌പെയിന്‍കാരിയായ ലൂര്‍ദസ് കാസനോവയെയും കോര്‍ണല്‍ സര്‍വകലാശാലയില്‍ നിയമിച്ചു. ജോണ്‍സണ്‍ സ്‌കൂളില്‍ മാനേജ്‌മെന്റ് വിഭാഗത്തില്‍ സീനിയര്‍ ലക്ചറാണ് ലൂര്‍ദസ് ഇപ്പോള്‍. ഇവരുടെ ഏകമകള്‍ ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിയാണ്.

ചണ്ഡീഗഢാണ് സൗമിത്രയുടെ ജന്മദേശം. അച്ഛന്‍ വ്യോമസേനയില്‍ ഡോക്ടറായിരുന്ന ആര്‍.കെ.ദത്ത. അമ്മ താര ദത്ത. ഡല്‍ഹി ഐ.ഐ.ടിയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സില്‍ രണ്ടാം റാങ്കോടെ ബിരുദം നേടിയ സൗമിത്ര, ഉന്നത പഠനത്തിനായി അമേരിക്കയിലെത്തി. കാലിഫോര്‍ണിയയിലെ ബെര്‍ക്ക്‌ലി സര്‍വകലാശാലയില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റും നേടിയ ശേഷമാണ് ഇന്‍സീഡില്‍ അസിസ്റ്റന്റ് പ്രൊഫസ്സറായി ചേര്‍ന്നത്.
rgirishkumar@gmail.com
(20%) (2 Votes)

 

 

Other News in this Section