LATEST NEWS

Loading...

Custom Search
+ -

ശോഭയുള്ള എഴുത്ത്‌

ആര്‍. ഗിരീഷ്‌കുമാര്‍

Posted on: 05 Oct 2012

 

ബെല്‍ഗാമിലെ ഇടത്തം കുടുംബത്തില്‍ അഞ്ച് പെണ്‍മക്കളിലൊരാളായാണ് ശോഭന്‍ ബന്‍വാളിന്റെ ജനനം. അമേരിക്കയെന്ന വിശാല ലോകത്ത് ശോഭന്‍ എത്തുന്നത് വിവാഹശേഷമാണ്. 1974-ല്‍ ന്യൂ ജേഴ്‌സിയില്‍ വിവാഹിതയായെത്തുമ്പോള്‍ പുതിയ ലോകത്ത് തീര്‍ത്തും അപരിചിതയായിരുന്നു അവര്‍. എന്നാല്‍, വീട്ടമ്മയായി ഒതുങ്ങിക്കൂടാതെ ജീവിതത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന തീരുമാനം അവരെ മുന്നോട്ടുനയിക്കുക തന്നെ ചെയ്തു. എഴുത്തുകാരിയും പ്രഭാഷകയുമായി മാറിയ ശോഭന്റെ കരിയര്‍ ആ കഠിനാധ്വാനത്തിന് കിട്ടിയ പ്രതിഫലമാണ്.

വീട്ടിലൊതുങ്ങാതെ റൈഡര്‍ സര്‍വകലാശാലയില്‍നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാന്തര ബിരുദം നേടിയ ശോഭന്‍ സര്‍ക്കാര്‍ സര്‍വീസിലൂടെയാണ് കരിയറിന് തുടക്കമിട്ടത്. ന്യൂജേഴ്‌സിയിലെ ലേബര്‍ വകുപ്പില്‍ സൂപ്രവൈസറായാണ് തുടക്കം. എഴുത്തുകാരിയാവുകയെന്ന മുന്നൊരുക്കമൊന്നും അവരുടെ ജീവിതത്തിലുണ്ടായിരുന്നില്ല. ശോഭന്റെ വാക്കുകളില്‍ പറഞ്ഞാല്‍, ജീവിതം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുംവരെ അതിനേക്കുറിച്ചവര്‍ ചിന്തിച്ചിരുന്നില്ല.

ഷിക്കാഗോയില്‍ 2000-ല്‍ നടന്ന ഇന്ത്യന്‍-അമേരിക്കന്‍ കൊങ്കണി കണ്‍വെന്‍ഷനില്‍ നാടമെഴുതുന്നതോടെയാണ് ശോഭന്റെ ജീവിതം മാറിമറിയുന്നത്. നാടകം എഴുതി സംവിധാനം ചെയ്യുകയും അതില്‍ അഭിനയിക്കുകയും ചെയ്തതോടെ എഴുത്തിലും തനിക്ക് ശോഭിക്കാനാകുമെന്ന ആത്മവിശ്വാസം അവരില്‍ നിറഞ്ഞു. നാടകം കണ്ടിറങ്ങിയ പലരും ശോഭനിലെ സാഹിത്യ വാസനയെയാണ് പുകഴ്ത്തിയത്. അതവരെ ഇരുത്തിച്ചിന്തിപ്പിച്ചു. ഇന്ത്യന്‍ സംസ്‌കാരവും അമേരിക്കന്‍ ജീവിതവും കൂട്ടിയിണക്കി, തന്റെ അനുഭവങ്ങളുടെയും അറിവുകളുടെയും പശ്ചാത്തലത്തില്‍ എഴുതുക.

ഫ്രീലാന്‍സ് എഴുത്തുകാരിയായാണ് തുടക്കം. ഒട്ടേറെ ഇന്ത്യന്‍ അമേരിക്കന്‍ പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളിലൂടെ എഴുത്തിന്റെ ലോകത്തേയ്ക്ക് കടന്ന ശോഭന്‍ പിന്നീട് ഫിക്ഷനിലും ശ്രദ്ധ കേന്ദ്രീകരിച്ചു. റൈഡര്‍ സര്‍വകലാശാലയിലെ സഹപാഠികളായിരുന്ന സ്റ്റെഫാനി ലെമനും എലാനി കോസ്റ്ററും ശോഭന്റെ പുസ്തകങ്ങളുടെ പ്രസാധന-പ്രചാരണ ചുമതലകളും ഏറ്റെടുത്തു.

ദ റെലക്റ്റന്റ് മാച്ച്‌മേക്കര്‍, ദ ഫുള്‍ മൂണ്‍ ബ്രൈഡ്, ദ അണ്‍എക്‌സ്‌പെക്റ്റഡ് സണ്‍, ദ സാരി ഷോപ്പ് വിഡോ, ദ ഫോര്‍ബിഡണ്‍ ഡോട്ടര്‍, ദ ഡൗറി ബ്രൈഡ് എന്നിങ്ങനെ ആറ് നോവലുകള്‍ ശോഭന്റേതായി വിപണിയിലുണ്ട്. ഇന്ത്യന്‍ അമേരിക്കന്‍ വായനക്കാര്‍ക്കിടയില്‍ സുപരിചിതയായ എഴുത്തുകാരിയാണവര്‍. ഒട്ടേറെ അവാര്‍ഡുകളും അവരെ തേടിയെത്തി. 'ബോളിവുഡ് ഇന്‍ എ ബുക്ക്' എന്നാണ് ശോഭന്‍ തന്റെ നോവലുകളെക്കുറിച്ച് പറയുന്നത്. ഇന്ത്യന്‍ സംസ്‌കാരവും കുടുംബബന്ധങ്ങളുമെല്ലാം ഇടകലരുന്ന എഴുത്തുകളാണ് ശോഭനെ വ്യത്യസ്തയാക്കുന്നതും.

rgirishkumar@gmail.com

(20%) (2 Votes)

 

 

Other News in this Section