LATEST NEWS

Loading...

Custom Search
+ -

ട്രിനിഡാഡിന് ജ്വാല

ആര്‍.ഗിരീഷ്‌കുമാര്‍

Posted on: 20 Jul 2012

 

പേരുകൊണ്ടെന്നപോലെ, ഇന്ത്യന്‍ വംശജര്‍ക്ക് പ്രാമുഖ്യമുള്ള നാടാണ് കരീബിയന്‍ ദ്വീപുകള്‍. കരീബിയന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം തന്നെ അതിന് തെളിവാണ്. ബ്രയന്‍ ലാറയുടെയും ഡ്വെയ്ന്‍ ബ്രാവോയുടെയും കീറണ്‍ പൊള്ളാര്‍ഡിന്റെയുമൊക്കെ നാടായ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയില്‍നിന്നാണ് ദിനേഷ് രാംദിനെയും സുനില്‍ നരെയ്‌നെയും രവി രാംപോളിനെയും പോലുള്ള ഇന്ത്യന്‍ വംശജരും കളിച്ചുവളര്‍ന്നത്.

ക്രിക്കറ്റില്‍ മാത്രമല്ല കരീബിയയില്‍ വെസ്റ്റിന്‍ഡ്യന്‍ ആധിപത്യം. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ പ്രധാനമന്ത്രി കമല പര്‍സാദ് ബിശ്വേശ്വറിനുമുണ്ട് ഇന്ത്യന്‍ വേരുകള്‍. രാജ്യത്തിന്റെ സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ ഗവര്‍ണറായി നിയമിക്കപ്പെട്ട ജ്വാല റാംബറന്‍ രാജ്യത്തെ ഇന്ത്യന്‍ വംശജരുടെ അഭിമാനമുയര്‍ത്തിയാണ് സ്ഥാനമേറ്റെടുക്കുന്നത്.

ട്രിനിഡാഡില്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജനാണ് ജ്വാല. ബസുദേവ് പാണ്ഡെ ട്രിനിഡാഡിന്റെ പ്രധാനമന്ത്രിയായിരുന്ന 1995-2001 കാലയളവില്‍ വിന്‍സ്റ്റണ്‍ ഡുക്കേരന്‍ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായി. പാണ്ഡെ, ട്രിനിഡാഡിലെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രികൂടിയായിരുന്നു.

ബിഹാറിലാണ് ജ്വാല റാംബറന്റെ വേരുകള്‍. കരിമ്പുതോട്ടങ്ങളിലും കൊക്കോ തോട്ടങ്ങളിലും ജോലി ചെയ്യുന്നതിനായി 1845-നും 1917-നുമിടയ്ക്ക് ട്രിനിഡാഡിലേക്ക് പലഘട്ടങ്ങളിലായി കുടിയേറിയവരാണ് അദ്ദേഹത്തിന്റെ പൂര്‍വികര്‍. ജ്വാല ജനിച്ചതും വളര്‍ന്നതുമെല്ലാം ട്രിനിഡാഡില്‍ത്തന്നെ. വെസ്റ്റിന്‍ഡീസ് സര്‍വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ലണ്ടന്‍ സര്‍വകലാശാലയില്‍നിന്ന് ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദവും അദ്ദേഹം സ്വന്തമാക്കി. ട്രിനിഡാഡിലെ ഉന്നത വിദ്യാഭ്യാസ ബോഡിയായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഉ് ഹയര്‍ എജ്യുക്കേഷന്‍, റിസര്‍ച്ച്, സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കവെയാണ് കമല പര്‍സാദ് അദ്ദേഹത്തെ പുതിയ ചുമതലയില്‍ നിയോഗിച്ചത്.

ട്രിനിഡാഡിലെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനാണ് ജ്വാല. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ കെന്നഡി സ്‌കൂളില്‍നിന്ന് എക്‌സിക്യുട്ടീവ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ ട്രെയിനിങ് പ്രോഗ്രാമില്‍ ബിരുദവും ഐ.എം.എഫ്. ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും ന്യൂയോര്‍ക്ക് ഫെഡറല്‍ റിസര്‍വ് ബാങ്കില്‍നിന്നും പ്രത്യേക പരിശീലനവും നേടിയിട്ടുള്ള അദ്ദേഹം ഈ സ്ഥാനത്തെത്താന്‍ എന്തുകൊണ്ടും യോഗ്യനാണ്. 44-ാം വയസ്സില്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഗവര്‍ണറാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന ബഹുമതിയോടെയാണ് അദ്ദേഹത്തിന്റെ സ്ഥാനാരോഹണം.
rgirishkumar@gmail.com

(33.33%) (3 Votes)

 

 

Other News in this Section