LATEST NEWS

Loading...

Custom Search
+ -

നോട്ടിങ്ങാമിലെ പ്രഥമ പൗരന്‍

ആര്‍.ഗിരീഷ്‌കുമാര്‍

Posted on: 28 Jun 2012

 

ഗണിതശാസ്ത്രത്തില്‍ ബിരുദവുമായി നാലരപ്പതിറ്റാണ്ടുമുമ്പ് നാഥ് റാം പുരി ബ്രിട്ടനിലെത്തുമ്പോള്‍, എയര്‍കണ്ടീഷനിങ് സാങ്കേതിക വിദ്യ പഠിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. എയര്‍ കണ്ടീഷണറുകള്‍ വ്യാപകമായിത്തുടങ്ങുന്ന കാലത്ത് ജോലി സാധ്യത തന്നെയാണ് നാഥ് പുരിയെ ഇതിലേക്ക് ആകര്‍ഷിച്ചത്. പ്രതീക്ഷ തെറ്റിയില്ല. പഠനത്തിനുശേഷം, നോട്ടിങ്ങാമിലെ എഫ്.ജി.സെ്കറിറ്റ് എന്ന സ്ഥാപനത്തില്‍ നാഥ് പുരിക്ക് ഭേദപ്പെട്ട ശമ്പളത്തില്‍ ജോലി ലഭിച്ചു. 1975-ല്‍ ഈ സ്ഥാപനം വിടുമ്പോള്‍ ഇതുപോലൊന്ന് തുടങ്ങുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതുംസാധിച്ചു. ബിസിനസ് പതുക്കെ പച്ചപിടിച്ചു. 1983-ല്‍ നാഥ് പുരി വീണ്ടും എഫ്.ജി.സെ്കറിറ്റിലെത്തി. ഇക്കുറി ആ കമ്പനിയെ സ്വന്തമാക്കുകയെന്നതായിരുന്നു ലക്ഷ്യം.

അതൊരു തുടക്കമായിരുന്നു. തനിക്ക് ആദ്യമായി ജോലി തന്നെ സ്ഥാപനത്തെ സ്വന്തമാക്കി നാഥ് പുരി തുടക്കമിട്ട വ്യവസായ സാനമ്രാജ്യം പിന്നീട് പുരികോ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന പേരില്‍ വളര്‍ന്നു. ബ്രിട്ടനിലും അമേരിക്കയലും ജര്‍മനിയിലും ചൈനയിലും മെക്‌സിക്കോയിലും ഹംഗറിയിലും പോളണ്ടിലുമായി അത് വ്യാപിച്ചു. ഇവിടങ്ങളിലായി ഏഴായിരത്തി അഞ്ഞൂറോളം പേര്‍ നാഥ് പുരിയുടെ ജീവനക്കാരായുണ്ട്.

പഞ്ചാബിലെ ചണ്ഡീഗഢിലുള്ള മുല്ലന്‍പുര്‍ എന്ന ഗ്രാമത്തില്‍ 1939-ല്‍ ജനിച്ച നാഥ് പുരിയുടെ ആസ്ഥാനം ഇംഗ്ലണ്ടിലെ നോട്ടിങ്ങാമിലാണ്. 1983 ജനവരിയില്‍ അദ്ദേഹം സ്ഥാപിച്ച പുരികോ ഇന്ന് വ്യത്യസ്ത മേഖലകളിലുള്ള വ്യവസായങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. കടലാസ് നിര്‍മാണം മുതല്‍ക്ക് ഐ.ടി. വരെയുള്ള രംഗങ്ങളില്‍ അത് വ്യാപിച്ചുകിടക്കുന്നു. ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്‌മെന്റ് തുടങ്ങി വേറെയും രംഗങ്ങളില്‍ പുരികോ വ്യാപൃതരാണ്.

വെറുമൊരു വ്യവസായി മാത്രമല്ല നാഥ് പുരി. സാമൂഹ്യ വികാസത്തിനായി തന്റെ സമ്പത്തിന്റെ നല്ലൊരു ഭാഗം ചെലവഴിക്കുന്ന മനുഷ്യ സ്‌നേഹി കൂടിയാണ് അദ്ദേഹം. വിദ്യാഭ്യാസ രംഗത്താണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധവെക്കുന്നത്. ലണ്ടനിലെ സൗത്ത് ബാങ്ക് സര്‍വകലാശാലയോട് ചേര്‍ന്ന് കഴിഞ്ഞവര്‍ഷം നാഥ് പുരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് എന്റര്‍പ്രൈസസ് എന്ന കേന്ദ്രം തുടങ്ങാന്‍ ഒമ്പതുകോടി രൂപയാണ് അദ്ദേഹം കഴിഞ്ഞവര്‍ഷം സംഭാവന ചെയ്തത്. 1988-ല്‍ അദ്ദേഹം തുടക്കമിട്ട പുരി ഫൗണ്ടേഷനും 2006-ല്‍ ആരംഭിത്ത ത്രീ ആര്‍സ് എഡ്യുക്കേഷന്‍ ട്രസ്റ്റും മുഖേന പ്രതിവര്‍ഷം നാലരക്കോടിയോളം രൂപ വേറെയും അദ്ദേഹം സംഭാവന ചെയ്യുന്നുണ്ട്. നേപ്പാളില്‍ എഴുനൂറോളം ഏകാധ്യാപക വിദ്യാലയങ്ങള്‍ക്കും നാഥ് പുരിയുടെ തണലുണ്ട്.

വിദ്യാഭ്യാസ മേഖലകളില്‍ നല്‍കിയ ഈ സംഭാവനകളുടെ പേരിലാണ് നോട്ടിങ്ങാം നഗരം അവിടുത്തെ പരമോന്നത ബഹുമതിയായ ഫ്രീമാന്‍ ഓഫ് ദ സിറ്റി ബഹുമതി നല്‍കി നാഥ് പുരിയെ ആദരിക്കാന്‍ ഒരുങ്ങുന്നത്. ജൂലായ് ഒമ്പതിനാണ് നഗരത്തിന്റെ പ്രഥമ പൗരന്മാരിലൊരാളായി ഉയര്‍ത്തപ്പെടുന്ന ചടങ്ങ് നടക്കുക. ഈ ബഹുമതി നേടുന്ന നോട്ടിങ്ങാമിലെ ആദ്യ ഏഷ്യക്കാരനാണ് നാഥ് പുരി. നേരത്തേ ജര്‍മന്‍ കൗണ്ടിയായ ന്യൂറംബര്‍ഗും അദ്ദേഹത്തെ സമാനമായ രീതിയില്‍ ആദരിച്ചിട്ടുണ്ട്. 1967 മുതല്‍ കുടുംബസമേതം നോട്ടിങ്ങാമിലാണ് നാഥ് പുരി താമസിക്കുന്നത്.

ലണ്ടന്‍ സൗത്ത് ബാങ്ക് സര്‍വകലാശാല എന്‍ജിനീയറിങ്ങില്‍ ഓണററി ഡോക്ടറേറ്റ് നല്‍കിയാണ് അദ്ദേഹത്തെ ആദരിച്ചത്. നോട്ടിങ്ങാം കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന്റെ മുന്‍പ്രസിഡന്റ്, നോട്ടിങ്ങാംഷയറിലെ പ്രിന്‍സസ് യൂത്ത് ബിസിനസ് ട്രസ്റ്റിന്റെ സ്ഥാപക ചെയര്‍മാന്‍, നോട്ടിങ്ങാം സര്‍വകലാശാലയുടെ കൗണ്‍സില്‍ അംഗം, സര്‍വകലാശാലയുടെ ജനറല്‍ പര്‍പ്പസ് കമ്മറ്റിയംഗം എന്നീ നിലകളിലും നാഥ് പുരി പ്രവര്‍ത്തിച്ചിട്ടുണ്ട്.

rgirishkumar@gmail.com
(26.67%) (3 Votes)

 

 

Other News in this Section