LATEST NEWS

Loading...

Custom Search
+ -

വിജയമിത്ര

ആര്‍. ഗിരീഷ്‌കുമാര്‍

Posted on: 22 Jun 2012

 

അസ്സമിലെ ഗുവാഹാട്ടിയില്‍നിന്ന് ചിക്കാഗോയിലെ ഇല്ലിനോയ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയിലെത്തിയ മിത്ര ദത്തയുടെ ജീവിത കഥ അതിശയിപ്പിക്കുന്നതാണ്. അമേരിക്കന്‍ സൈനിക ഗവേഷണ കേന്ദ്രത്തില്‍ പതിനഞ്ച് വര്‍ഷത്തോളം ശാസ്ത്രജ്ഞയായിരുന്ന മിത്ര ദത്ത, അധ്യാപനത്തോടൊപ്പം ഗവേഷണവും മുന്നോട്ടുകൊണ്ടുപോയി. അക്കാദമിക് രംഗത്ത് ഒന്നാം നിരയില്‍ പരിഗണിക്കുന്ന അധ്യാപികയില്‍നിന്നാണ് മിത്ര സര്‍വകലാശാലയുടെ തലപ്പത്തെത്തിയത്.

ഇലക്ട്രിക്കല്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ തലപ്പത്തിരിക്കേയാണ് കഴിഞ്ഞ ജനവരിയില്‍ മിത്ര ഇല്ലിനോയ് സര്‍വകലാശാലയുടെ ഇടക്കാല വൈസ് ചാന്‍സലറായി ചുമതലയേറ്റത്. ഈ പദവിയിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 18-ന് മിത്രയെ വൈസ് ചാന്‍സലര്‍ പദവിയില്‍ സര്‍വകലാശാല നിയോഗിച്ചു. ഭരണരംഗത്തും ഗവേഷണ രംഗത്തും അധ്യാപന രംഗത്തും നല്‍കിയ സംഭാവനകളും മികവും പരിഗണിച്ചാണ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയില്‍ മിത്രയെ നിയോഗിക്കുന്നതെന്ന് സര്‍വകലാശാല ചാന്‍സലര്‍ പോള അലെന്‍ മീറെസ് പറഞ്ഞു. തന്റെ സുദീര്‍ഘമായ അധ്യാപന-ഗവേഷണ കരിയറിനുകിട്ടിയ ഏറ്റവും വലിയ അംഗീകാരമായാണ് മിത്ര ഈ സ്ഥാനലബ്ധിയെ കണ്ടത്.

1971-ലാണ് ഗുവാഹാട്ടി സര്‍വകലാശാലയില്‍നിന്ന് ഫിസിക്‌സില്‍ മിത്ര ബിരുദം നേടിയത്. പിന്നീട് പഠനം ഡല്‍ഹിയിലേക്ക് പറിച്ചുനട്ടു. ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് 1973-ല്‍ എം.എസ്‌സി. പാസായശേഷം, കുടുംബത്തോടൊപ്പം ജമൈക്കയിലേക്ക്. അവിടെ, ഒരു പോളി ടെക്‌നിക്കില്‍ ഫിസിക്‌സ് അധ്യാപികയായാണ് മിത്ര കരിയറിന് തുടക്കമിട്ടത്.

ഊര്‍ജതന്ത്ര പഠനത്തില്‍ വളരെയേറെ തത്പരയായിരുന്ന മിത്ര പിന്നീട് ഉന്നത പഠനത്തിനായി അമേരിക്കയിലേക്ക് ചേക്കേറി. ഒഹിയോയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍നിന്ന് 1978-ല്‍ എം.എസ്. കരസ്ഥമാക്കിയ അവര്‍ 1981-ല്‍ ഡോക്ടറേറ്റും സ്വന്തമാക്കി.
പോസ്റ്റ് ഡോക്ടറേറ്റ് പഠനത്തിന്റെ ഭാഗമായി ഇന്ത്യാനയിലെ പര്‍ദ്യൂ സര്‍വകലാശാല കേന്ദ്രത്തില്‍ റിസര്‍ച്ച് അസോസിയേറ്റായി ചേര്‍ന്ന മിത്ര പിന്നീട് ന്യൂയോര്‍ക്കിലെ സിറ്റി കോളേജിലും (1983-'86) പ്രവര്‍ത്തിച്ചു. ബ്രൂക്ക്‌ഹേവനിലെ നാഷണല്‍ ലബോറട്ടറിയില്‍ വിസിറ്റിങ് റിസര്‍ച്ചറായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് അമേരിക്കന്‍ സൈന്യത്തിന്റെ ആര്‍മി റിസര്‍ച്ച് ലബോറട്ടറിയില്‍ ചേരുന്നത്.
ഒപ്‌റ്റോഇലക്‌ട്രോണിക്‌സ് ടീമിന്റെ മേധാവിയായാണ് ആദ്യം നിയോഗിക്കപ്പെട്ടത്. പിന്നീട് ഫിസിക്‌സ് ഡിവിഷന്റെ ഡയറക്ടറായി ചുമതലയേറ്റു. 1996-ല്‍ ആര്‍മി റിസര്‍ച്ച് ഓഫീസിലേക്ക് മാറി. ഇലക്‌ട്രോണിക്‌സ് ഡിവിഷന്റെ ഗ്രൂപ്പ് ലീഡറായി പ്രവര്‍ത്തിച്ചു. 1999-ല്‍ ലബോറട്ടറിയുടെ സീനിയര്‍ എക്‌സിക്യുട്ടീവ് ഡയറക്ടറായി സ്ഥാനക്കയറ്റം നേടി. സൈനിക കേന്ദ്രത്തിലെ പ്രവര്‍ത്തനത്തിനുശേഷമാണ്, 2001-ല്‍ ഇല്ലിനോയ് സര്‍വകലാശാലയില്‍ മിത്രയെത്തുന്നത്.

പുതുതായി രൂപം കൊടുത്ത ഇലക്ട്രിക്കല്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടു. 2004-ല്‍ സര്‍വകലാശാലയുടെ പ്രൊഫസ്സര്‍ഷിപ്പ് സമ്മാനിക്കപ്പെട്ടു. 2001 മുതല്‍ 2005 വരെ സൈന്യത്തിന്റെ ദേശീയ റിസര്‍ച്ച് കൗണ്‍സിലില്‍ അംഗമായും അവര്‍ പ്രവര്‍ത്തിച്ചു.

ഒട്ടേറെ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അവരെ തേടിയെത്തിയിട്ടുണ്ട്. ആര്‍മി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (1994), ഒപ്റ്റിക്കല്‍ സൊസൈറ്റി ഓഫ് അമേരിക്ക (1998), ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജീനിയേഴ്‌സ് (1999), അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദ അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സ് (2002) എന്നിവ ഫെല്ലോഷിപ്പ് നല്‍കി മിത്രയെ ആദരിച്ചു. അമേരിക്കയില്‍നിന്നു കാനഡയില്‍നിന്നുമായി 31-ഓളം പേറ്റന്റുകള്‍ സ്വന്തമാക്കിയിട്ടുള്ള അവര്‍, 400-ലേറെ പ്രബന്ധങ്ങള്‍ രചിച്ചിട്ടുണ്ട്. ഭര്‍ത്താവും ബയോ എന്‍ജിനീയറിങ് പ്രൊഫസ്സറുമായ മൈക്കല്‍ സ്‌ട്രോസിയോയുമായി ചേര്‍ന്ന് അഞ്ച് പുസ്തകങ്ങളും രചിച്ചു. മൈക്കല്‍ സ്‌ട്രോസിയോയും ഇല്ലിനോയ് സര്‍വകലാശാലയിലെ പ്രൊഫസ്സറാണ്.
(20%) (2 Votes)

 

 

Other News in this Section