LATEST NEWS

Loading...

Custom Search
+ -

മനസ്സുനിറയെ സിനിമ

ആര്‍.ഗിരീഷ്‌കുമാര്‍

Posted on: 25 May 2012

 

മെഡിസിനിലോ എന്‍ജിനീയറിങ്ങിലോ ബിരുദം നേടിയാല്‍ മാത്രമേ ജീവിതത്തില്‍ വിജയിക്കാനാവൂ എന്ന ശരാശരി എന്‍.ആര്‍.ഐ യുവത്വത്തിന്റെ ചിന്താഗതിയായിരുന്നില്ല
മനന്‍സിങ് കതോഹോരയുടേത്. കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വേര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും മാര്‍ക്കറ്റിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ എം.ബി.എയും സ്വന്തമായുള്ള മനന്‍ സിങ്ങിന് അഭിനയലോകത്തോടാണ് താത്പര്യം തോന്നിയത്. കുട്ടിക്കാലം മുതല്‍ക്കെയുള്ള കലാവാസന നിലനിര്‍ത്തിയ മനന്‍ സിങ്ങിന്റെ തീരുമാനങ്ങള്‍ വിജയിച്ചുവെന്നുവേണം കരുതാന്‍. മനന്‍ സിങ്ങിന്റെ ഏറ്റവും പുതിയ സിനിമയായ '9 ഇലവന്‍' ദ പീപ്പിള്‍സ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത് അതിന് തെളിവാണ്. കാനഡ ഇന്റര്‍നാഷല്‍ ഫിലിം ഫെസ്റ്റിവലില്‍ റൈസിങ് സ്റ്റാര്‍ പുരസ്‌കാരം നേടിയതിന് തൊട്ടുപിന്നാലെയാണ് 9 ഇലവനെ തേടി പുതിയ അംഗീകാരമെത്തിയത്.
അഭിനേതാവും സഹ സംവിധായകനുമെന്ന നിലയ്ക്ക് കുറച്ചുകാലം പ്രവര്‍ത്തിച്ചശേഷമാണ് സ്വന്തം നിലയ്ക്ക് സിനിമ നിര്‍മിക്കാന്‍ മനന്‍ സിങ് പുറപ്പെട്ടത്. ഹോളിവുഡിലെ വമ്പന്‍ തോക്കുകള്‍ക്കൊപ്പം മത്സരിക്കാന്‍ നില്‍ക്കാതെ, ന്യൂയോര്‍ക്കില്‍ സ്വതന്ത്ര സിനിമാ പരീക്ഷണങ്ങളിലൂടെയാണ് മനന്‍ നിലയുറപ്പിക്കാന്‍ ശ്രമിച്ചത്.
2005-ല്‍ സംവിധാനം ചെയ്ത ആര്യ എന്ന സിനിമയിലൂടെതന്നെ മനന്‍ സിങ് സിനിമാ നിരൂപകര്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചുപറ്റി. തൊട്ടുപിന്നാലെ, വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന രണ്ട് സ്ത്രീകളുടെ കഥപറയുന്ന 'വെന്‍ കിരണ്‍ മെറ്റ് കരണ്‍' എന്ന സിനിമയും മനന്റെ മികവ് വിളിച്ചുപറയുന്നതായി. ബോളിവുഡ് ത്രില്ലറുകളുടെ മാതൃകയില്‍ തീവ്രവാദത്തിന്റെ ഉള്ളറകളിലേക്ക് കടക്കുന്ന 9 ഇലവന്‍ ഇറങ്ങിയപ്പോള്‍ത്തന്നെ അതിനെ പ്രതീക്ഷയോടെയാണ് സമാന്തര സിനിമാലോകം വരവേറ്റത്. അവരുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായില്ലെന്ന് സിനിമ തെളിയിച്ചു.
സിനിമ മാത്രമല്ല മനന്റെ ലോകം. ന്യൂയോര്‍ക്കില്‍ ഫിനാന്‍ഷ്യല്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്നതിനൊപ്പംതന്നെ തന്റെ സിനിമാ സംവിധാന സംരംഭങ്ങളുമായും അദ്ദേഹം മുന്നോട്ടുപോവുകയാണ്. സിനിമാനിര്‍മാതാവും അഭിനേതാവുമായ ത്രിലോക് മാലിക്കിനെ പരിചയപ്പെട്ടതോടെയാണ് മനന്റെ സിനിമാ മോഹങ്ങള്‍ക്ക് ചിറകുവെച്ചത്. ത്രിലോകിന്റെ സഹായത്തോടെയാണ് ആര്യ മനന്‍ യാഥാര്‍ഥ്യമാക്കിയത്. വ്യത്യസ്തങ്ങളായ പ്രമേയങ്ങളാണ് മനന്‍ തന്റെ ആദ്യ സിനിമ മുതല്‍ക്ക് കൈകാര്യം ചെയ്യുന്നത്. പൗരാണിക ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞനായ ആര്യഭട്ടയെ ആരാധിക്കുകയും അമേരിക്കയില്‍ ജീവിക്കുകയും ചെയ്യുന്ന യുവാവിന്റ കഥയാണ് ആര്യ. നിരൂപകരില്‍നിന്നും പ്രശംസ പിടിച്ചുപറ്റിയ സിനിമ, ഏതാനും ഫെസ്റ്റിവലുകളില്‍ സമ്മാനങ്ങളും നേടി.
രണ്ടാമത്തെ സിനിമയായ വെന്‍ കിരണ്‍ മെറ്റ് കാരന്‍ 90 ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഇന്ത്യയില്‍നിന്ന് അമേരിക്കയിലെത്തുന്ന ബോളിവുഡ് നടിയായ കിരണ്‍, സ്വവര്‍ഗാനുരാഗിയായ അമേരിക്കന്‍ പത്രപ്രവര്‍ത്തക കാരനെ കണ്ടുമുട്ടുന്നതാണ് സിനിമയുടെ പ്രമേയം.
9 ഇലവന്‍ യാഥാര്‍ഥ്യമാക്കുന്നതിനുമുമ്പ്, രണ്ട് ഹ്രസ്വ സിനിമകളും മനന്‍ ചെയ്തു. കം ടു മൈ വിന്‍ഡോ, എക്‌സ്‌ട്രോസ്‌പെക്ഷന്‍ എന്നിവ. ഇതിനുശേഷമാണ് തന്റെ കരിയറിലെ ഏറ്റവും കാത്തിരുന്ന പ്രൊജക്ടായ 9 ഇലവനിലേക്ക് മനന്‍ തിരിഞ്ഞത്. അപരിചിതമായ ഒരു സാഹചര്യത്തില്‍ കെണിയിലകപ്പെടുന്ന 11 പേരെക്കുറിച്ചുള്ളതാണ് സിനിമ. എല്ലാവര്‍ക്കും ഇനി ജീവിതം ശേഷിക്കുന്നത് ഒമ്പതുമിനിറ്റുകൂടി മാത്രം. പരസ്പരം ഓരോ രീതിയില്‍ ബന്ധമുള്ളവരാണെങ്കിലും അവിശ്വാസത്തോടെയുള്ള അവരുടെ നിമിഷങ്ങളിലൂടെയാണ് ഉദ്വേഗപൂര്‍ണമായ സിനിമയുടെ യാത്ര.
rgirishkumar@gmail.com
(20%) (2 Votes)

 

 

Other News in this Section