LATEST NEWS

Loading...

Custom Search
+ -

സെലിബ്രിറ്റി മോഡല്‍

ആര്‍. ഗിരീഷ്‌കുമാര്‍

Posted on: 16 Mar 2012

 

സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡിന്റെ വാര്‍ഷിക പതിപ്പില്‍ മോഡലായി തിരഞ്ഞെടുക്കപ്പെടുകയെന്നത് ഫാഷന്‍ ലോകത്ത് വലിയൊരു അംഗീകാരമായാണ് പരിഗണിക്കപ്പെടുന്നത്. രണ്ടുവര്‍ഷം മുമ്പ്, 2010-ലെ സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ് സ്വിംസ്യൂട്ട് എഡിഷനില്‍ പ്രത്യക്ഷപ്പെട്ടതോടെ, സോണിയ ഡാര കുറിച്ചത് പുതിയൊരു ചരിത്രമാണ്. സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡിന്റെ സ്വിം സ്യൂട്ട് എഡിഷനില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യ ഇന്ത്യക്കാരിയാണ് സോണിയ. ഇന്ത്യക്കാരിയെന്നു മാത്രമല്ല, ദക്ഷിണേഷ്യയില്‍നിന്നുതന്നെ അവസരം കിട്ടുന്ന ആദ്യ മോഡലും.

ബ്രൂക്ക്‌ലിന്‍ ഡെക്കര്‍, അബ്ബി ക്ലന്‍സി, ബാര്‍ റഫേലി, മെലിസ സാറ്റ, ഡാനിയേല സറാഹിബ, ജെസ്സീക്ക വൈറ്റ് തുടങ്ങിയ അതിപ്രശസ്ത മോഡലുകളും ടെന്നീസ് താരം അന ഇവാനോവിച്ചും അമേരിക്കന്‍ സ്‌കീയിങ് താരം ലിന്‍ഡ്‌സെ വോനുമൊക്കെയുള്‍പ്പെടുന്ന സെലിബ്രിറ്റികള്‍ക്കൊപ്പമാണ് സോണിയയും 2010-ലെ സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡിന്റെ സ്വിം സ്യൂട്ട് മോഡലായത്. രാജസ്ഥാനിലായിരുന്നു സോണിയയുടെ ടു പീസ് ഫോട്ടോ ഷൂട്ട്.

അവിചാരിതമായാണ് സോണിയ ഫാഷന്‍ ലോകത്തെത്തുന്നത്. 1980-കളിലാണ് രാജസ്ഥാനില്‍നിന്ന് സോണിയുയടെ കുടുംബം അമേരിക്കയിലെത്തുന്നത്. പേറ്റന്റ് പ്രോസിക്യൂട്ടറായ അച്ഛന്‍ പൃഥ്വിപാലിന്റെയും വീട്ടമ്മയായ പൂര്‍ണിമയുടെയും രണ്ടുമക്കളില്‍ ഇളയവളാണ് സോണിയ. മൂത്തമകള്‍ ജ്യോത്സ്‌ന എന്‍ജിനീയറിങ് ബിരുദധാരി. 13-ാം വയസ്സില്‍ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍, ഒരു മോഡലിങ് ഏജന്റിന്റെ ചോദ്യമാണ് ഈ മേഖലയിലേക്ക് സോണിയയെ കൊണ്ടെത്തിച്ചത്. വിഖ്യാത മോഡലിങ് ഏജന്‍സിയായ ജോണ്‍ റോബര്‍ട്ട് പവേഴ്‌സിന്റെ ഏജന്റായിരുന്നു അവര്‍. മോഡലിങ്ങില്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് ഉടനെ ഉത്തരം പറഞ്ഞില്ലെങ്കിലും മനസ്സില്‍ അതൊരു ആഗ്രഹമായി വളര്‍ന്നു.

2005-ല്‍ ടാലന്റ് ഡവലപ്‌മെന്റ് ഏജന്‍സിയായ ആക്ടേഴ്‌സ്, മോഡല്‍സ് ആന്‍ഡ് ടാലന്റ് കോമ്പറ്റീഷന്‍ (എ.എം.ടി.സി) എന്ന ഏജന്‍സിയില്‍ ചേരുന്നതോടെയാണ് കരിയര്‍ പുതുവഴികള്‍ തേടുന്നത്. എലൈറ്റ് മോഡലിങ് ഏജന്‍സിയിലൂടെയാണ് തുടക്കം. പിന്നീട് മോഡലിങ്ങില്‍ അതിവേഗം വളര്‍ന്ന സോണിയ 2010-ല്‍ സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡിന്റെ സ്വിം സ്യൂട്ട് മോഡലായി. എല്‍ ഇന്ത്യയുടെ കവര്‍ ഗേളായും മേരിക്ലയര്‍, നീമന്‍ മാര്‍ക്കസ് തുടങ്ങിയ മാസികകളിലും പ്രത്യക്ഷപ്പെട്ട സോണിയ, വിഖ്യാതമായ പല ഫാഷന്‍ ഷോകളുടെയും ഭാഗമായി.

ഇന്ന് ലോകത്തെ പ്രശസ്ത മോഡലുകളെ നിയന്ത്രിക്കുന്ന ഏജന്‍സികളുമായാണ് സോണിയയും കരാറിലേര്‍പ്പെട്ടിട്ടുള്ളത്. ന്യൂയോര്‍ക്കില്‍ ഐ.എം.ജിയും ഷിക്കാഗോയില്‍ ഫാക്ടര്‍ വുമനും പാരീസില്‍ നതാലി മോഡല്‍സും മ്യൂണിക്കില്‍ മ്യൂണിക് മോഡല്‍സും സോണിയയുടെ അസൈന്‍മെന്റുകള്‍ നിയന്ത്രിക്കുന്നു. മോഡലിങ്ങിനൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന സോണിയ. , ഹാര്‍വാഡ് സര്‍വകാശാലയില്‍ ധനതത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണിപ്പോള്‍.
(26.67%) (3 Votes)

 

 

Other News in this Section