LATEST NEWS

Loading...

Custom Search
+ -

പീനട്ട് പ്രിന്‍സ്‌

ആര്‍.ഗിരീഷ്‌കുമാര്‍

Posted on: 11 Nov 2011

 

തലപ്പാവുചുറ്റി നിശാക്ലബ്ബുകളിലെത്തുമ്പോള്‍ അവിടെ രാജകീയ സ്വീകരണം. എല്ലാം തീര്‍ത്തും സൗജന്യം. ആളെക്കണ്ടാലും മൊത്തത്തില്‍ രാജാപ്പാര്‍ട്ട്. ഇന്ത്യയില്‍നിന്നുള്ള ഏതോ രാജാവുതന്നെ ഇതെന്ന് പാവപ്പെട്ട അര്‍ജന്റീനക്കാര്‍ ധരിച്ചുപോയതില്‍ തെറ്റൊന്നുമില്ല. സിമ്മര്‍പാല്‍ സിങ് ബുര്‍ജി എന്ന കോര്‍പ്പറേറ്റ് കര്‍ഷകനാണ് അര്‍ജന്റീനക്കാരന്‍ തെറ്റിദ്ധരിച്ച ഇന്ത്യന്‍ രാജാവ്.

സിമ്മര്‍പാലിനെ നാട്ടുകാര്‍ രാജാവെന്ന് തെറ്റിദ്ധരിച്ചതിനെക്കുറിച്ച് ലോകത്തോടുപറഞ്ഞത് അര്‍ജന്റീനയിലെയും ഉറുഗ്വായിലെയും പാരഗ്വായിലെയും ഇന്ത്യന്‍ അംബാസിഡറായ ആര്‍.വിശ്വനാഥനാണ്. ബ്യൂണസ് ഐറിസിലെ പ്രാന്തപ്രദേശത്തെ ഗോള്‍ഫ് കോഴ്‌സില്‍ കളിക്കാന്‍ ചെന്നപ്പോഴാണ് വിശ്വനാഥനോട് അവിടുത്തെ മറ്റുകളിക്കാര്‍ ഇന്ത്യയില്‍നിന്നെത്തിയ മഹാരാജാവിനെത്തുറിച്ച് പറഞ്ഞത്. തലപ്പാവ് സിഖുകാര്‍ സാധാരണ ഉപയോഗിക്കുന്നതാണെന്നും അദ്ദേഹം രാജാവല്ലെന്നും പറഞ്ഞ വിശ്വനാഥനോട്, അത് പുറത്ത് അധികമാരോടും പറയേണ്ടെന്നാണത്രെ അവിടുത്തുകാര്‍ പറഞ്ഞത്. സിമ്മര്‍പാല്‍ രാജാവായിത്തന്നെ ഇരിക്കട്ടെ എന്ന് നാട്ടുകാര്‍ തീരുമാനിച്ചു.

സിമ്മര്‍പാല്‍ രാജാവുതന്നെയാണ്. കൃഷിയുടെ രാജാവ്. ഓലം എന്ന അന്താരാഷ്ട്ര കാര്‍ഷികോത്പന്ന വിപണന സ്ഥാപനത്തിന്റെ അര്‍ജന്റീനയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഈ പഞ്ചാബുകാരനാണ്. ഏതാനും വര്‍ഷംമുമ്പ് ചെറിയതോതില്‍ നിലക്കടല കൃഷിക്ക് തുടക്കമിട്ട സിമ്മര്‍പാല്‍, ഇപ്പോള്‍ 20,000 ഹെക്ടറിലേറെ സ്ഥലത്ത് കടല കൃഷിചെയ്യുന്നു. പതിനായിരം ഹെക്ടറിലേറെ സ്ഥലത്ത് സോയയും ചോളവും. നെല്‍കൃഷിയിലേക്കുകൂടി തിരഞ്ഞ സിമ്മര്‍പാലും സംഘവും ഇക്കൊല്ലം 1700 ഹെക്ടറിലേറെ സ്ഥലത്ത് കൃഷിയിറക്കി. അര്‍ജന്റീനയില്‍മാത്രം ഒരുലക്ഷത്തിലേറെ ഹെക്ടര്‍ കൃഷിയെന്ന സ്വപ്നത്തിലേക്കാണ് സിമ്മര്‍പാലിന്റെ യാത്ര. അദ്ദേഹം കൃഷിയുടെ രാജാവല്ലെന്ന് എങ്ങനെ പറയും.

അരിയും മറ്റ് കാര്‍ഷികോത്പന്നങ്ങളും കയറ്റുമതി ചെയ്യുന്ന ലോകത്തെ ഒന്നാമത്തെ അന്താരാഷ്ട്ര സ്ഥാപനമായാണ് ഓലം വിലയിരുത്തപ്പെടുന്നത്. സിംഗപ്പുര്‍ ആസ്ഥാനമായുള്ള കമ്പനിക്ക് ഏഷ്യയിലും ആഫ്രിക്കയിലും ലോകത്തെ മറ്റിതര രാജ്യങ്ങളിലും കൃഷിയിടങ്ങളുണ്ട്. കൃഷി നടത്തി ഉത്പന്നങ്ങള്‍ വിപണനം ചെയ്യുകയാണ് കമ്പനിയുടെ രീതി. ഇതില്‍ അര്‍ജന്റീനയുടെ ചുമതലക്കാരനാണ് സിമ്മര്‍പാല്‍. 2005-ല്‍ 500 ഹെക്ടര്‍ നിലക്കടല കൃഷിയുമായി ആരംഭിച്ച പ്രസ്ഥാനത്തെ ഇന്ന് 35,000 ഹെക്ടറിലേറെ കൃഷിഭൂമിയിലേക്ക് സിമ്മര്‍പാല്‍ വളര്‍ത്തിയെടുത്തു.

അമൃത്സറിലെ ഖല്‍സ കോളേജില്‍നിന്ന് അഗ്രിക്കള്‍ച്ചര്‍ ഐച്ഛിക വിഷയമായി ബിരുദവും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റില്‍നിന്ന് എം.ബി.എയും നേടിയ സിമ്മര്‍പാല്‍, നാഷണല്‍ ഡെയറി ഡവലപ്‌മെന്റ് ബോര്‍ഡിലൂടെയാണ് കരിയറിന് തുടക്കമിട്ടത്. 2000-ല്‍ ഗുജറാത്ത് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ ചേര്‍ന്നു. 2001-ല്‍ ജോയ്‌കോ ഇന്ത്യ ലിമിറ്റഡില്‍. അക്കൊല്ലം തന്നെ ഓലം സിമ്മര്‍പാലിനെ കണ്ടെത്തി. ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിന്റെ ചുമതലക്കാരനായാണ് ഓലം അദ്ദേഹത്തെ നിയോഗിച്ചത്. പിന്നീട് ഐവറി കോസ്റ്റ്, ഘാന എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചശേഷം 2005 മെയിലാണ് അര്‍ജന്റീനയിലെത്തുന്നത്. ഓലം ഇന്റര്‍നാഷണലിന്റെ അര്‍ജന്റീനയുടെ ചുമതലക്കാരനെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സിമ്മര്‍പാലിനു കീഴില്‍ വിവിധ രാജ്യക്കാരായ ഇരുനൂറോളം എക്‌സിക്യുട്ടിവുകളുണ്ട്.

rgirishkumar@gmail.com


(20%) (2 Votes)

 

 

Other News in this Section