LATEST NEWS

Loading...

Custom Search
+ -

ദൂരന്ത സ്മൃതികളിലേക്ക് ഫാഗണ്‍

ആര്‍.ഗിരീഷ്‌കുമാര്‍

Posted on: 23 Sep 2011

 

കാല്‍നൂറ്റാണ്ടിനുശേഷവും ദുരന്തത്തിന്റെ ശേഷിപ്പുകള്‍ അവശേഷിപ്പിച്ചുകൊണ്ട് ഭോപ്പാല്‍ നിലകൊള്ളുന്നു. യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍നിന്ന് 1984 ഡിസംബര്‍ രണ്ടിന് രാത്രി പുറത്തേയ്ക്ക് വമിച്ച വിഷവാതകത്തില്‍ പിടഞ്ഞുമരിച്ചവരുടെ എണ്ണം കാല്‍ലക്ഷത്തിലേറെയാണ്. ലോകം ഞെട്ടിയ ഈ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകളുമായി ഒരുങ്ങുകയാണ് ഭോപ്പാല്‍: പ്രേയര്‍ ഫോര്‍ റെയ്ന്‍ എന്ന സിനിമ. ദുരന്തത്തിനിരയായവരെ തിരഞ്ഞുനോക്കാന്‍ കൂട്ടാക്കാത്ത യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് വാരന്‍ ആന്‍ഡേഴ്‌സണായി പ്രശസ്ത ഹോളിവുഡ് നടന്‍ മാര്‍ട്ടിന്‍ ഷീനും ദുരന്തഭൂമിയിലെത്തുന്ന പത്രപ്രവര്‍ത്തകയായി മിഷ ബാര്‍ട്ടണും വേഷമിടുന്ന സിനിമ അടുത്തവര്‍ഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലോകത്തെ ഞെട്ടിച്ച ദുരന്തത്തിലെ ആദ്യ ഇരയുടെ ഭാര്യയായ രേഖയുടെ വേഷത്തിലെത്തുന്നത്് ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് നടി ഫാഗണ്‍ തക്രാറാണ്. 17-ാം വയസ്സില്‍ വിവാഹിതയായ രേഖയ്ക്ക് ഭര്‍ത്താവുമൊത്ത് അധികദിവസം ജീവിക്കാനായില്ല. ദുരന്തമേല്‍പ്പിച്ച ആഘാതത്തില്‍ ജീവിതം തള്ളിനീക്കുന്ന രേഖയെന്ന ശക്തമായ കഥാപാത്രമാണ് ഫാഗണിന് സിനിമയിലുള്ളത്.

ഇംഗ്ലണ്ടിലെ ലസ്റ്ററിലാണ് ഫാഗണിന്റെ ജനനം. ചെറുപ്പം മുതല്‍ക്കെ സിനിമയില്‍ ആകൃഷ്ടയായ ഫാഗണ്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ വൈദ്യശാസ്ത്ര പഠനത്തിന് ചേര്‍ന്നെങ്കിലും അഭിനയത്തിലേക്കുതന്നെ തിരിഞ്ഞു. ബ്രിട്ടനിലെ അഭിനയപ്രതിഭയെ തിരഞ്ഞെടുക്കുന്ന ബി.ബി.സി. പരിപാടി ബോളി ഐഡലില്‍ ഒന്നാമതെത്തിയതോടെയാണ് ഫാഗണ്‍ ശ്രദ്ധേയയാവുന്നത്.

യൂണിവേഴ്‌സിറ്റി കോളേജിലെ മെഡിക്കല്‍ പഠനത്തിനൊപ്പം തന്നെ റോയല്‍ അക്കാദമിയില്‍ അഭിനയ പഠനത്തിനും ചേര്‍ന്ന ഫാഗണിന് ചുരുങ്ങിയകാലംകൊണ്ടുതന്നെ നാടകരംഗത്ത് ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടി. വൈദ്യപഠനവും അഭിനയ പഠനവും ഒന്നിച്ചുകൊണ്ടുപോയ ഫാഗണിന്റെ പഠന കാലംതന്നെ ഐ.ടി.വി. ന്യൂസ് ചാനലില്‍ പ്രത്യേക പരിപാടിയായി അവതരിപ്പിക്കപ്പെട്ടു. ആയിരക്കണക്കിന് മത്സരാര്‍ഥികളെ പിന്തള്ളി ബി.ബി.സി.യുടെ ബോളി ഐഡലില്‍ വിജയിച്ചതോടെയാണ് രാജ്യം മുഴുവന്‍ അവരെ അറിഞ്ഞുതുടങ്ങിയത്. വൈദ്യ പഠനം പൂര്‍ത്തിയാക്കിയെങ്കിലും ഡോക്ടര്‍ എന്ന നിലയില്‍ കരിയര്‍ തളച്ചിടാതെ അഭിനയത്തിലേക്ക് തിരിയുകയായിരുന്നു ഫാഗണ്‍.

ബ്രിക്ക ലേന്‍ എന്ന സിനിമയിലൂടെയാണ് ഫാഗണ്‍ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. പിന്നീട് ബി.ബി.സി പരമ്പരയായ ഹോള്‍ബി സിറ്റിയിലെ അഭിനയത്തിനുശേഷമാണ് ലണ്ടന്‍ ഫിലിംസ് നിര്‍മ്മിച്ച സോഹ്‌റ എന്ന സിനിമയില്‍ നായികയായത്. ബ്രിട്ടനിലെ ഇന്ത്യന്‍ വംശജര്‍ നേരിടുന്ന സാംസ്‌കാരിക സംഘര്‍ഷങ്ങള്‍ വിഷയമാക്കിയ സിനിമയും ഫാഗണിന്റെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടു. 'ബ്ലഡ് ആന്‍ഡ് കറി', 'ഓണ്‍ ദ ഈസ്റ്റ് സൈഡ്' എന്നിവയാണ് ഫാഗണിന്റെ പുതിയ സിനിമാസംരംഭങ്ങള്‍.

റോയല്‍ അക്കാദമിയിലെ വിവിധ തീയറ്ററുകളുമായി സഹകരിച്ച് ഒട്ടേറെ നാടകങ്ങളിലും ഫാഗണ്‍ വേഷമിട്ടു. ഷേക്‌സ്പിയര്‍ നാടകമായ റോമിയോ ആന്‍ഡ് ജൂലിയറ്റ്, ആസ് യു ലൈക്ക് ഇറ്റ്, എ മിഡ്‌സമ്മര്‍ നൈറ്റ്‌സ് ഡ്രീം തുടങ്ങിയ നാടകങ്ങളില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കിട്ടിയ അവസരവും ഫാഗണിന്റെ അഭിനയ ജീവിതത്തെ കൂടുതല്‍ പ്രശസ്തമാക്കി.

ഗുജറാത്താണ് ഫാഗണിന്റെ മാതാപിതാക്കളുടെ നാട്. ഇന്ത്യന്‍ സംസ്്കാരത്തെയും ജീവിതത്തെയും വലിയ താത്പര്യത്തോടെ പിന്തുടരുന്ന ഫാഗണ്‍ ഗുജറാത്തിയും ഹിന്ദിയും ഉര്‍ദുവും അനായാസം കൈകാര്യം ചെയ്യും. അടുത്തിടെ കാന്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ശേഖര്‍ കപൂറിന്റെ 'ബോളിവുഡ്: ദ ഗ്രേറ്റസ്റ്റ് ലവ് സ്‌റ്റോറി എവര്‍ ടോള്‍ഡ്' എന്ന ഡോക്യുമെന്ററിയുടെ അവതരണത്തോട് അനുബന്ധിച്ച് ഫാഗണ്‍ ചെയ്ത നൃത്തവും അവരെ വാര്‍ത്തകളിലെത്തിച്ചു. കാന്‍ ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പറ്റില്‍ നൃത്തം പതിവില്ലാത്തതാണെങ്കിലും നര്‍ത്തകി കൂടിയായ ഫാഗണ്‍, ശേഖര്‍ കപൂറിന്റെ നിര്‍ബന്ധത്താല്‍ അതിനു തയ്യാറാവുകയായിരുന്നു. ഫാഗണിന്റെ ബോളിവുഡ് പ്രവേശനത്തിന് ഈ നൃത്തം വഴിതെളിക്കുമെന്ന് കരുതുന്നവരേറെയാണ്.

rgirishkumar@gmail.com

(46.67%) (3 Votes)

 

 

Other News in this Section