LATEST NEWS

Loading...

Custom Search
+ -

ടിക്കറ്റ് ടു ബോളിവുഡ്‌

ആര്‍.ഗിരീഷ്‌കുമാര്‍

Posted on: 26 Aug 2011

 

പരീക്ഷണങ്ങളാണ് സിനിമാലോകത്തിന്റെ ജീവന്‍. പ്രമേയത്തിലും നിര്‍മാണത്തിലും സംവിധാനത്തിലും വിതരണത്തിലും റിലീസിങ്ങിലുമൊക്കെ പരീക്ഷണങ്ങള്‍ നടത്തി സിനിമാ ലോകം മുന്നേറുമ്പോള്‍, ഇതിനെയെല്ലാം പിന്നിലാക്കുകയാണ് മിതേഷ് കുമാര്‍ പട്ടേല്‍ എന്ന സംവിധായകന്‍. എല്ലാവരും ഹോളിവുഡ് സ്വപ്നം കാണുമ്പോള്‍, ഹോളിവുഡിലിരുന്ന് ബോളിവുഡിനെ സ്വപ്നം കാണുകയാണ് ഈ ഗുജറാത്ത് സ്വദേശി. തന്റെ ആദ്യ ഹോളിവുഡ് സിനിമ അമേരിക്കയില്‍ റിലീസ് ചെയ്യുന്നതിനുമുന്നെ ഇന്ത്യയില്‍ റിലീസ് ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചതിനുപിന്നിലും ഇതുതന്നെ.

സപ്തംബര്‍ രണ്ടിന് റിലീസ് ചെയ്യപ്പെടുന്ന, ഇതിനകം പാശ്ചാത്യലോകത്ത് ചര്‍ച്ചചെയ്യപ്പെട്ട സിനിമയായ 'ദ മാന്‍ ഇന്‍ ദ മെയ്‌സ്' എന്ന സിനിമയുടെ സംവിധായകനാണ് മിതേഷ് കുമാര്‍ പട്ടേല്‍. സപ്തംബറില്‍ ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന സിനിമയുടെ അമേരിക്കന്‍ റിലീസ് അതിനുശേഷമാണ്. താന്‍ കണ്ടുവളര്‍ന്ന ബോളിവുഡ് സിനിമാലോകത്ത് പ്രവേശനം ആഗ്രഹിക്കുന്നതുകൊണ്ടാണ് 'ദ മാന്‍ ഇന്‍ ദ മെയ്‌സ്' ഇന്ത്യയില്‍ ആദ്യം റിലീസ് ചെയ്യണമെന്ന് തീരുമാനിച്ചതെന്ന് മിതേഷ് പറയുന്നു.

മുന്‍ ഓസ്‌ട്രേലിയ മിസ് എര്‍ത്ത് ലിയാന വെര്‍നര്‍ ഗ്രേ നായികയാവുന്ന മാന്‍ ഇന്‍ ദ മെയ്‌സ് സംവിധായകന്റെ ഏറെക്കാലത്തെ കാത്തിരിപ്പിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്. ഹോളിവുഡില്‍ ചുവടുറപ്പിക്കുക അത്ര എളുപ്പമല്ലെന്ന് അറിയാവുന്ന മിതേഷിന് ഇത്തരമൊരു സിനിമ സാധ്യമാക്കാന്‍ രണ്ടുവര്‍ഷത്തോളം കഷ്ടപ്പെടേണ്ടിവന്നു. സിനിമ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ അമേരിക്കയിലെയും കാനഡയിലെയും ഒട്ടേറെ ഫെസ്റ്റിവലുകളില്‍ മാന്‍ ഇന്‍ ദ മെയ്‌സ് ശ്രദ്ധിക്കപ്പെട്ടു. ലോസ് ആഞ്ജലീസ് ഫിലിം ഫെസ്റ്റിവലിലും നോര്‍ത്ത് കരോലിന ഫിലിം അവാര്‍ഡിലും ആദരിക്കപ്പെട്ട സിനിമയ്ക്ക് മോട്ടോര്‍ സിറ്റി നൈറ്റ്‌മെയേഴ്‌സ് ഫിലിം ഫെസ്റ്റിവലിലേക്കും ട്രഷര്‍ കോസ്റ്റ് ഫിലിം ഫെസ്റ്റിവലിലേക്കും ക്ഷണം കിട്ടി.

ബറോഡയിലെ ഖെര്‍വ എന്ന ഗ്രാമത്തില്‍ ഡോക്ടര്‍ ദമ്പതിമാരായ ഭഗുഭായ് പട്ടേലിന്റെയും കൗസല്യാ ബെന്നിന്റെയും മകനായാണ് മിതേഷിന്റെ ജനനം. എം.എസ്.സര്‍വകലാശാലയില്‍നിന്ന് അപ്ലൈഡ് ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള മിതേഷ് പരസ്യരംഗത്താണ് ആദ്യം ചുവടുറപ്പിച്ചത്. പിന്നീട് അമേരിക്കയിലെ അലബാമയില്‍ സ്ഥിരതാമസമാക്കിയ മിതേഷ് അമേരിക്കയിലും ഇന്ത്യയിലും സിനിമാ വിതരണം ആരംഭിച്ചു. മൗഗ്ലി പ്രൊഡക്ഷന്‍സ് എന്ന സ്ഥാപനം അദ്ദേഹത്തിന്റേതാണ്. അമേരിക്കയില്‍ നഴ്‌സായ നിമിഷ പട്ടേലാണ് മിതേഷിന്റെ ഭാര്യ. രണ്ടുമക്കള്‍.

ഹോളിവുഡില്‍ ശ്രദ്ധേയനായ മനോജ് നൈറ്റ് ശ്യാമളനെപ്പോലെ സയന്‍സ് ഫിക്ഷനാണ് മിതേഷിന്റെയും ഇഷ്ടവിഷയം. കോസ്മിക് മാന്‍ എന്ന രണ്ടാമത്തെ സിനിമ അടുത്തവര്‍ഷം ആദ്യം റിലിസിന് തയ്യാറാവുന്നുണ്ട്. ആര്യമാന്‍ എന്ന ബോളിവുഡ് സിനിമയും ദ കണ്‍സള്‍ട്ടന്റ്, മാന്‍ ഇന്‍ ദ മെയ്‌സിന്റെ രണ്ടാം ഭാഗം, റെക്യൂപ്പെറോ എന്നീ സിനിമകളും ആലോചനാഘട്ടത്തിലാണ്.

rgirishkumar@gmail.com
(20%) (2 Votes)

 

 

Other News in this Section