LATEST NEWS

Loading...

Custom Search
+ -

അമേരിക്കന്‍ കണ്ണിലെ കരട്‌

ആര്‍.ഗിരീഷ്‌കുമാര്‍

Posted on: 19 Aug 2011

 

അമേരിക്കയുടെ ധനസ്ഥിതിയെക്കുറിച്ച് ആഗോളതലത്തില്‍ ഉയര്‍ന്നുവന്ന ആശങ്കകളായിരുന്നു അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന വിശേഷം. അമേരിക്കയുടെ സാമ്പത്തിക വിശ്വാസ്യതക്ക് കോട്ടംതട്ടിയത് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍സ് (എസ് ആന്‍ഡ് പി) റേറ്റിങ് കുറച്ചതോടെയാണ്. എസ് .ആന്‍ഡ് പി.യുടെ നടപടി ആഗോളതലത്തില്‍ത്തന്നെ വലിയ കോളിളക്കമുണ്ടാക്കിയതോടെയാണ് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയുടെ തലവനായ ദേവന്‍ ശര്‍മയും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. എസ് .ആന്‍ഡ് പി.യ്‌ക്കെതിരെ അമേരിക്കയിലുണ്ടായ രോക്ഷത്തെ സധൈര്യം നേരിട്ട ദേവന്‍, ഇത്തരം പ്രതിസന്ധികളുണ്ടാകുമ്പോള്‍ പ്രതികരണവും സമാനമാകുമെന്നാണ് അതിനെ വിലയിരുത്തിയത്.

അമേരിക്കയെ മുള്‍മുനയില്‍ നിര്‍ത്തിയ എസ്. ആന്‍ഡ് പി.യുടെ നിലപാട് ദേവന്‍ ശര്‍മയെന്ന ജാര്‍ഖണ്ഡുകാരനെ ആഗോളതലത്തില്‍ത്തന്നെ പ്രശസ്തനാക്കി. ഒപ്പം അമേരിക്കയിലെ ഏറ്റവും വെറുക്കപ്പെട്ട വ്യക്തിയുമായിമാറി അദ്ദേഹം. എന്നാല്‍, 2006 മുതല്‍ എസ് .ആന്‍ഡ് പി.യുടെ തലപ്പത്തുള്ള ദേവന്‍ ശര്‍മയുടെ നിലപാടിന് അമേരിക്കയില്‍നിന്നുയര്‍ന്ന എതിര്‍പ്പുകള്‍ മാറ്റം വരുത്തിയില്ല. 1914-ല്‍ ക്രെഡിറ്റ് റേറ്റിങ് ആരംഭിച്ച കാലം മുതല്‍ക്ക് ട്രിപ്പിള്‍ എ എന്ന അത്യുന്നത പദവിയിലായിരുന്നു അമേരിക്ക. എന്നാല്‍, ചരിത്രത്തിലാദ്യമായാണ് അമേരിക്കയുടെ റേറ്റിങ് കുറയ്ക്കുന്നത്. ട്രിപ്പിള്‍ എയില്‍നിന്ന് എ.എപ്ലസിലേക്കാണ് എസ് .ആന്‍ഡ് പി.റേറ്റിങ് താഴ്ത്തിയത്.

ഭാരത് കോക്കങ് കോള്‍ ലിമിറ്റഡിന്റെ ചെയര്‍മാനായായിരുന്ന ആര്‍.എന്‍ ശര്‍മയുടെ മകനായ ദേവന്‍ 1956-ലാണ് ജനിച്ചത്. ധന്‍ബാദിലെ നോബിലി സ്‌കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം റാഞ്ചിയിലെ ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദം നേടി. ബി.ഐ.ടിയില്‍ പഠിക്കുമ്പോള്‍ കോളേജിന്റെ വോളിബോള്‍ ക്യാപ്റ്റനായിരുന്നു അദ്ദേഹം. പിന്നീട് അമേരിക്കയിലേക്ക് ഉപരി പഠനാര്‍ഥം പോയ ദേവന്‍, വില്‍കണ്‍സിന്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടി. ഒഹിയോ സര്‍വകലാശാലയില്‍നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി.

ഡ്രെസ്സര്‍ ഇന്‍ഡസ്ട്രീസ് പോലുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്തശേഷം ബൂസ് അലന്‍ ഹാമിള്‍ട്ടണിലെത്തിയതോടെയാണ് ദേവന്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. കമ്പനിയുടെ വിവിധ വിഭാഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം 14 വര്‍ഷം അവിടെ തുടര്‍ന്നു. 2002-ല്‍ എസ്. ആന്‍ഡ് പിയുള്‍പ്പെടെ ഒട്ടേറെ സ്ഥാപനങ്ങളുള്ള മക്‌ഗ്രോ ഹില്ലിലാണ് പിന്നീടദ്ദേഹം ചേര്‍ന്നത്. മക്‌ഗ്രോ ഹില്‍ കമ്പനിയുടെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റായാണ് ദേവന്റെ തുടക്കം. പിന്നീട് എസ് .ആന്‍ഡ് പി.യിലേക്ക് മാറിയ ദേവന്‍, 2006മുതല്‍ കമ്പനിയുടെ ഇന്‍വെസ്റ്റ്‌മെന്റ് സര്‍വീസസ്,ഗ്ലോബല്‍ സെയ്ല്‍സ് വിഭാഗത്തിന്റെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റായി. 2007-ല്‍ എസ് .ആന്‍ഡ് പി.യുടെ പ്രസിഡന്റായി അദ്ദേഹം നിയമിക്കപ്പെട്ടു. ഇന്ത്യയിലെ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ക്രിസിലിന്റെയും യു.എസ്.-ചൈന ബിസിനസ് കൗണ്‍സിന്റെയും ഏഷ്യ സൊസൈറ്റ് ബിസിനസ് കൗണ്‍സിലിന്റെയുമൊക്കെ ഡയറക്ടര്‍ ബോര്‍ഡംഗമാണ് ദേവന്‍.
rgirishkumar@gmail.com

(46.67%) (3 Votes)

 

 

Other News in this Section