LATEST NEWS

Loading...

Custom Search
+ -

ഫുട്‌ബോളില്‍ പുതിയ പ്രതീക്ഷ

ആര്‍. ഗിരീഷ് കുമാര്‍

Posted on: 27 Jan 2011

 

ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയുടെ പ്രകടനം ആരെയും തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. കളിച്ച മൂന്ന് കളികളും തോറ്റും. വഴങ്ങിയത് 13 ഗോളുകള്‍. തിരിച്ചടിച്ചത് മൂന്നെണ്ണം മാത്രം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യന്‍ ടീം പുറത്തായശേഷം ആശാവഹമായ ചില വാര്‍ത്തകള്‍ വന്നു. അതിലൊന്ന് ബഹ്‌റൈനില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ വ്യവസായിയുടെ ഒരു നീരീക്ഷണമായിരുന്നു. ഇന്ത്യന്‍ ടീമിലും ബഹ്‌റൈന്‍ ടീമിലും പ്രതിഭയുള്ള ചില താരങ്ങളുണ്ടെന്നതായിരുന്നു അഹ്‌സാന്‍ അലി സയ്യദെന്ന ആ വ്യവസായി അഭിപ്രായപ്പെട്ടത്.

ഒരു വ്യവസായിയുടെ ഫുട്‌ബോള്‍ നിരീക്ഷണത്തിന് എന്തു പ്രസക്തിയെന്ന് ചോദിക്കാന്‍ വരട്ടെ. അതിനാദ്യം അഹ്‌സാന്‍ അലി സയ്യദ് ആരെന്നറിയണം. ഹൈദരാബാദുകാരനായ അഹ്‌സാന്‍ ഫുട്‌ബോളില്‍ പണമിറക്കാന്‍ ആഗ്രഹമുള്ളയാളാണ്. അതിലേറെ, സ്​പാനിഷ് ലീഗില്‍ കളിക്കുന്ന റേസിങ് സന്റാന്‍ഡര്‍ എന്ന ക്ലബ്ബിനെ സ്വന്തമാക്കാന്‍പോകുന്ന യാളെന്നും. ലാ ലിഗയിലെ പ്രമുഖ ക്ലബ്ബുകളിലൊന്നിന്റെ നിയുക്ത ഉടമയെന്ന നിലയ്ക്ക് അഹ്‌സാന്റെ വാക്കുകള്‍ക്ക് പ്രസക്തിയേറെയാണ്. റേസിങ് സന്റാന്‍ഡറിലേക്കോ, അല്ലെങ്കില്‍ സ്‌പെയിനിലെ ഏതെങ്കിലും ഡിവിഷനിലുള്ള ക്ലബ്ബുകളിലേക്കോ ഇന്ത്യന്‍ താരങ്ങളുടെ കുടിയേറ്റത്തിനുവരെ വഴിവെക്കാവുന്നതാണ് ആ വാക്കുകള്‍.
യൂറോപ്യന്‍ ഫുട്‌ബോളില്‍ അഹ്‌സാന്റെ പേരുകേള്‍ക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷത്തിലേറെയായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സിനെ അഹ്‌സാന്‍ സ്വന്തമാക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് അദ്ദേഹത്തെ ആദ്യം ശ്രദ്ധയിലെത്തിച്ചത്. പക്ഷേ, ബ്ലാക്ക്‌ബേണുമായുള്ള ഇടപാട് നടന്നില്ല. ഒരുപക്ഷേ, ഈ ലേഖനം മഷിപുരണ്ടെത്തുമ്പോഴേക്കും അദ്ദേഹത്തിന്റെ മേല്‍വിലാസം മാറിയിട്ടുണ്ടാകും. റേസിങ് സന്റാന്‍ഡറിന്റെ ഉടമയെന്നതാകും അദ്ദേഹത്തിന്റെ പുതിയ വിലാസം.

വെസ്റ്റേണ്‍ ഗള്‍ഫ് അഡൈ്വസറി എന്ന നിക്ഷേപസ്ഥാപനത്തിന്റെ സ്ഥാപകനും ഉടമയുമാണ് അഹ്‌സാന്‍ അലി സയ്യദ്. ബഹ്‌റൈനാണ് കമ്പനിയുടെ ആസ്ഥാനം. സ്വിറ്റ്‌സര്‍ലന്‍ഡിലും ഓഫീസുള്ള കമ്പനിയുടെ ആസ്തി 120 കോടി ഡോളറാണെന്ന് കഴിഞ്ഞവര്‍ഷം ടൈംസ് പത്രത്തില്‍വന്ന റിപ്പോര്‍ട്ട് പറയുന്നു. ഗള്‍ഫ് മേഖലയിലെ അതിവേഗം വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന നിക്ഷേപ സ്ഥാപനമായാണ് വെസ്റ്റേണ്‍ ഗള്‍ഫ് അഡൈ്വസറിയെ ഈ റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. ഏഷ്യന്‍ കപ്പ് കളിച്ച ബഹ്‌റൈന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പ്രധാന സ്‌പോണ്‍സറാണ് ഈ സ്ഥാപനം. ആ നിലയ്ക്കാണ് അഹ്‌സാന്‍ ഏഷ്യന്‍ കപ്പ് മത്സരങ്ങള്‍ കാണാനെത്തിയതും. ലാഭത്തിനുവേണ്ടി മാത്രമല്ല താന്‍ ഫുട്‌ബോളില്‍ പണമിറക്കുന്നതെന്ന് അഹ്‌സാന്‍ പറയുന്നു. കളിയോടുള്ള പ്രണയവും അതിനൊരു കാരണമാണ്. സ്വന്തമായി ഒരു ടീമുണ്ടാക്കുകയും അതിന്റെ കളി ആസ്വദിക്കുകയുമാണ് അഹ്‌സാന്റെ സ്വപ്നം.

നിയമബിരുദധാരിയായ അഹ്‌സാന്‍ ആന്ധ്രപ്രദേശിലെ നല്‍ഗോണ്ട ജില്ലയിലെ ഭോംഗിര്‍ പ്ട്ടണത്തിലാണ് ജനിച്ചത്. 1990-കളുടെ തുടക്കത്തില്‍ ഇന്ത്യ വിട്ട അഹ്‌സാന്‍, ധനകാര്യ മേഖലയില്‍ തന്റേതായ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി വെസ്റ്റേണ്‍ ഗള്‍ഫ് അഡൈ്വസറിക്ക് തുടക്കമിടുകയായിരുന്നു. ഇന്ന് യൂറോപ്പിലും ലാറ്റിനമേരിക്കയിലും ഏഷ്യയിലുമൊക്കെയായി ഒട്ടേറെ മേഖലകളില്‍ വെസ്റ്റേണ്‍ ഗള്‍ഫ് അഡൈ്വസറി പണമിറക്കിയിട്ടുണ്ട്. റേസിങ് സന്റാന്‍ഡര്‍ കൂടി സ്വന്തമായാല്‍, റോമന്‍ അബ്രമോവിച്ചിന്റെയും ഗ്ലേസര്‍ കുടുംബത്തിന്റെയുമൊക്കെ തലത്തിലേക്ക് അഹ്‌സാന്‍ അലിയും ഉയരും.
(20%) (2 Votes)

 

 

Other News in this Section