മിത്തല്‍ കുടുംബത്തിലെ സൂര്യന്‍
ആര്‍. ഗിരീഷ് കുമാര്‍
Posted on: 22 Oct 2010
ലോകത്തെ ഏറ്റവും ധനാഢ്യന്മാരിലൊരാളായ ലക്ഷ്മി മിത്തലിന്റെ മകന്‍ ആദിത്യ ആഗോളതലത്തില്‍ സ്വന്തമായൊരു മേല്‍വിലാസം നേടിക്കഴിഞ്ഞു.ഫോര്‍ച്യൂണ്‍ മാസിക ലോകത്തെ മികച്ച 40 യുവ വ്യവാസായികളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ അതില്‍ ആറാമനായി ഇടംപിടിച്ചത് ആദിത്യയായിരുന്നു
വായില്‍ വെള്ളിക്കരണ്ടിയുമായി ജനിക്കുകയെന്ന പ്രയോഗമൊന്നും ആദിത്യ മിത്തലിന്റെ കാര്യത്തില്‍ യോജിക്കില്ല. ലോകത്തെ ഏറ്റവും ധനാഢ്യന്മാരിലൊരാളായ ഉരുക്കുവ്യവസായി ലക്ഷ്മി മിത്തലിന്റെ ഏകമകന് അത്തരം ചൊല്ലുകള്‍ ചേരുകയുമില്ല. അച്ഛന്റെ വ്യവസായ സാമ്രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് വളര്‍ത്തിയും ഉരുക്കുപോലെ ഊട്ടിയുറപ്പിച്ചും ആഗോളതലത്തില്‍ സ്വന്തമായ മേല്‍വിലാസം സൃഷ്ടിക്കുന്ന തരത്തിലേക്ക് ആദിത്യ മിത്തല്‍ ഇപ്പോള്‍ വളര്‍ന്നുകഴിഞ്ഞു.
സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തും പുതിയ വ്യവസായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും തന്റെ സ്ഥാപനത്തെ കൂടുതല്‍ വളര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്ത 40 യുവവ്യവസായികളെ ഫോര്‍ച്യൂണ്‍ മാസിക തിരഞ്ഞെടുത്തപ്പോള്‍ അതില്‍ ആറാം സ്ഥാനത്ത് ആദിത്യ എത്തിയതിന് പിന്നില്‍ ഈ കഠിനാധ്വാനമാണ്. ലോകത്തെ ഏറ്റവും വലിയ ഉരുക്കുകമ്പനിയായ ആഴ്‌സലറിനെ ഏറ്റെടുക്കാനും അത് ആഴ്‌സലര്‍-മിത്തല്‍ എന്ന പുതിയ സംരംഭമായി വളര്‍ത്തുന്നതിലും ചുക്കാന്‍ പിടിച്ചത് ആദിത്യയാണ്. ഇപ്പോള്‍ കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ് ആദിത്യ. നവീകരണത്തിലൂടെയും പുതിയ മേഖലകളിലേക്കുള്ള കടന്നുചെല്ലലിലൂടെയും ആഴ്‌സലറിന്റെ കടബാധ്യത 30 ശതമാനത്തോളം കുറയ്ക്കാനും ആദിത്യയ്ക്കായി.
പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍നിന്ന് സയന്‍സ് ആന്‍ഡ് എക്കണോമിക്‌സില്‍ ബിരുദം നേടിയ ആദിത്യ, അച്ഛന്റെ വ്യവസായ സാമ്രാജ്യത്തിലേക്ക് നേരിട്ട് കടന്നുവരികയായിരുന്നില്ല. ക്രെഡിറ്റ് സ്യൂസ് ഫസ്റ്റ് ബോസ്റ്റണ്‍ എന്ന സാമ്പത്തിക സ്ഥാപനത്തില്‍ കുറച്ചുകാലം ജോലിനോക്കിയ ആദിത്യ, 1997-ല്‍ മിത്തല്‍ വ്യവസായ സാമ്രാജ്യത്തില്‍ ചേര്‍ന്നു. ആഗോള ഉരുക്കുവ്യവസായത്തില്‍ മിത്തലിന്റെ വളര്‍ച്ചയും ആദിത്യയുടെ വരവോടെയാണ്. ഒട്ടേറെ കമ്പനികള്‍ ഏറ്റെടുത്ത ആദിത്യ, ആഗോളതലത്തില്‍ മിത്തലിനെ ഒന്നാംസ്ഥാനത്തെത്തിച്ചു. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആദിത്യയുടെ ശ്രമഫലമായാണ് 2006-ല്‍ ആഴ്‌സലര്‍ കമ്പനി മിത്തല്‍ ഏറ്റെടുത്തത്.
വാര്‍ട്ടന്‍ സ്‌കൂളില്‍ തന്റെ സഹപാഠിയായ മേഘയെയാണ് ആദിത്യ ജീവിതത്തിലും ഒപ്പം കൂട്ടിയത്. കണ്ണെത്താത്തിടത്തോളം സമ്പത്തുണ്ടെങ്കിലും അതില്‍ അഭിരമിക്കുന്ന പ്രകൃതമല്ല ആദിത്യയുടേത്. മേഘയുടെയും ആദിത്യയുടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇതിനകം ആഗോള ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. ലണ്ടനിലെ ഗ്രേറ്റ് ഒര്‍മണ്ട്‌സ് സ്ട്രീറ്റ് ഹോസ്പിറ്റലിന് 105 കോടി രൂപയാണ് ആദിത്യ സംഭാവന ചെയ്തത്. ബ്രിട്ടനിലെ പ്രശസ്തമായ കുട്ടികളുടെ ആസ്പത്രിയാണിത്. ഈ ആസ്പത്രിയുടെ ചരിത്രത്തില്‍ ഇത്രയും ഭീമമായ തുക സംഭാവനയായി ലഭിച്ചിട്ടില്ല. ഹൃദയ-ശ്വാസകോശ സംബന്ധമായ കുട്ടികളെ ചികിത്സിക്കാനുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി സെന്ററായി ആസ്പത്രിയെ മാറ്റുന്നതിന്റെ ഭാഗമായാണ് ഈ തുക ആദിത്യ കൈമാറിയത്. മിത്തല്‍ ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്റര്‍ എന്ന പദ്ധതിയുടെ പേര്.
ആദിത്യയെപ്പോലെ വ്യവസായ രംഗത്താണ് മേഘയും ശ്രദ്ധയൂന്നുന്നത്. അടുത്തിടെ, ജര്‍മന്‍ ഫാഷന്‍ ബ്രാന്‍ഡായ എസ്‌കാഡ മേഘ മിത്തല്‍ സ്വന്തമാക്കി. സ്ത്രീകളുടെ ഫാഷന്‍ വസ്ത്രരംഗത്ത് അറിയപ്പെടുന്ന ബ്രാന്‍ഡായ എസ്‌കാഡ മിത്തല്‍ കുടുംബത്തിന്റെ പുതിയ കാല്‍വെപ്പായാണ് വ്യവസായ ലോകം കാണുന്നത്.
(48.57%) (7 Votes)
Explore Mathrubhumi
Other News in this Section





