LATEST NEWS

Loading...

Custom Search
+ -

വാര്‍ത്തയുടെ മൂല്യം

ആര്‍. ഗിരീഷ് കുമാര്‍

Posted on: 15 Oct 2010

 

ആഗോളതലത്തില്‍ വിജയം കൈവരിച്ച ഒട്ടേറെ വനിതകളുണ്ട്. ഇന്ദ്ര നൂയി, ചന്ദ കൊച്ചാര്‍, എയ്ഞ്ചല ബ്രാലി, ഓപ്പറ വിന്‍ഫ്രെ, ഉര്‍സുല ബേണ്‍സ്, കരോള്‍ ബാര്‍ട്‌സ്...അങ്ങനെ നിരവധി പേര്‍. അവരുടെ കൂട്ടത്തിലാണ് ശോഭ പുരുഷോത്തമന്റെയും സ്ഥാനം. പത്രപ്രവര്‍ത്തകയായി കരിയര്‍ ആരംഭിക്കുകയും വാര്‍ത്തകളുടെ വിപണന സാധ്യത കൃത്യമായി മനസ്സിലാക്കുകയും അത് തന്റെ വ്യവസായ സാനമ്രാജ്യത്തിന് മൂലധനമാക്കുകയും ചെയ്ത വിജയകഥയാണ് ശോഭയുടേത്.
മലേഷ്യയാണ് ശോഭയുടെ രാജ്യം. ഇന്ത്യന്‍ വംശജരാണ് ശോഭയുടെ മാതാപിതാക്കള്‍. കോലാലംപുരില്‍ ജനിച്ച അവര്‍, പിന്നീട് അമേരിക്കയിലേക്ക് ചേക്കേറുകയും അവിടെ തന്റെ ജീവിതം കരുപ്പിടിപ്പിക്കുകയുമാണ് ചെയത്. ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ സജീവമായ കാലത്ത് വീഡിയോ വാര്‍ത്തകളുടെ വിനിമയത്തിനായി ശോഭയും കൂട്ടാളി ആന്റണി ഹേവാര്‍ഡും ചേര്‍ന്നാരംഭിച്ച ന്യൂസ് മാര്‍ക്കറ്റ് ഈ രംഗത്ത് ഒന്നാംകിട സ്ഥാപനമായി വളര്‍ന്നു. ഇന്ന് ലോകത്തെ 190 രാജ്യങ്ങളിലായി 25,000-ലേറെ മാധ്യമ സ്ഥാപനങ്ങള്‍ ന്യൂസ് മാര്‍ക്കറ്റുമായി സഹകരിക്കുന്നു. കൂടാതെ ഗൂഗിള്‍, നാറ്റോ, പാനസോണിക്, യുണിസെഫ്, അഡിഡാസ്, ഇന്റല്‍, ഐ.ബി.എം. റോള്‍സ് റോയ്‌സ്, റോഷെ തുടങ്ങിയവയും ന്യൂസ് മാര്‍ക്കറ്റിന്റെ സേവനം ഉപയോഗിക്കുന്നു.
കോലാലംപുരില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലേഷ്യന്‍ ബിസിനസ് എന്ന വാരികയിലൂടെ പത്രപ്രവര്‍ത്തകയായാണ് ശോഭയുടെ കടന്നുവരവ്. പിന്നീട്, ഡൗ ജോണ്‍സില്‍ ചേര്‍ന്ന അവര്‍ വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ ബിസിനസ് റിപ്പോര്‍ട്ടറായി. വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ ജോലി ചെയ്യുമ്പോഴാണ് ശോഭ ആന്റണി ഹേവാര്‍ഡിനെ പരിചയപ്പെടുന്നത്. റോയിട്ടേഴ്‌സിന്റെ ഫോട്ടോ ഗ്രാഫറായിരുന്നു അന്ന് അദ്ദേഹം.
ഒമ്പതുവര്‍ഷത്തോളം പത്രപ്രവര്‍ത്തകയായി പ്രവര്‍ത്തിച്ചശേഷം, ലണ്ടനില്‍ ആന്റണി ഹേവാര്‍ഡ് ആരംഭിച്ച ബുള്ളറ്റിന്‍ ഇന്റര്‍നാഷണലില്‍ പാര്‍ട്ണറായി ചേര്‍ന്നുകൊണ്ടാണ് ശോഭ വ്യവസായ രംഗത്തെത്തുന്നത്. ബുള്ളറ്റിന്‍ ഇന്റര്‍നാഷണലിന്റെ ഏഷ്യന്‍ വിഭാഗം മേധാവിയായിരുന്നു ശോഭ. സിംഗപ്പുരില്‍നിന്ന് പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം, പിന്നീട്, മലേഷ്യയിലും ഓസ്‌ട്രേലിയയിലും ഹോങ് കോങ്ങിലുമായി വളര്‍ന്നു. 1998-ല്‍ ബുള്ളറ്റിന്‍ ഇന്റര്‍നാഷണലിന് അമേരിക്കയില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ശോഭ ന്യുയോര്‍ക്കിലെത്തി. 2001-ല്‍ ബുള്ളറ്റിന്‍ ഇന്റര്‍നാഷണല്‍ മറ്റൊരു വാര്‍ത്താവിതരണ സ്ഥാപനമായ കോര്‍ഡിയന്റ് കമ്യൂണിക്കേഷന്‍സിന് വിറ്റു. ഇക്കാലത്താണ് വീഡിയോ വാര്‍ത്തകളുടെ വിതരണത്തില്‍ ശ്രദ്ധയൂന്നുന്ന സ്ഥാപനങ്ങളുടെ അഭാവം ശോഭയും ആന്റണിയും ശ്രദ്ധിക്കുന്നത്. 2000-ല്‍ ന്യൂസ് മാര്‍ക്കറ്റിന് തുടക്കമിട്ടു. ശോഭ സ്ഥാപനത്തിന്റെ സി.ഇ.ഒ ആയി. 2009ല്‍ അവര്‍ ഈ സ്ഥാനം ഒഴിയുമ്പോള്‍, ന്യൂസ് മാര്‍ക്കറ്റ് ആഗോളതലത്തില്‍ പ്രശസ്തമായ സ്ഥാപനമായി മാറിക്കഴിഞ്ഞിരുന്നു. ലണ്ടന്‍, മുംബൈ, അഹമ്മദാബാദ്, മ്യൂണിക്ക്, ബെയ്ജിങ്, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളില്‍ കമ്പനിക്ക് ആസ്ഥാനങ്ങളുണ്ടായി. സിനാപ്റ്റിക് ഡിജിറ്റല്‍ എന്ന പുതിയ സ്ഥാപനത്തിന്റെ ചുമതലക്കാരിയായാണ് ശോഭ ന്യൂസ് മാര്‍ക്കറ്റിന്റെ ചുമതലയൊഴിഞ്ഞത്.
വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ശോഭയുടെ പുതിയ ലക്ഷ്യം. ഇന്ത്യയിലേക്ക് തന്റെ വ്യവസായ സാനമ്രാജ്യം വളര്‍ത്താനും അവര്‍ ആഗ്രഹിക്കുന്നു. വാര്‍ത്താ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയ ശോഭ, കൊളംബിയ സര്‍വകലാശാല ഉള്‍പ്പെടെയുള്ള ഒട്ടേറെ പ്രമുഖ വിദ്യാകേന്ദ്രങ്ങളില്‍ ഗസ്റ്റ് ലക്ചററായും പ്രവര്‍ത്തിക്കുന്നു.
rgirishkumar@gmail.com

(20%) (2 Votes)

 

 

Other News in this Section