LATEST NEWS

Loading...

Custom Search
+ -

ഷീലയുടെ സംഗീതലോകം

ആര്‍. ഗിരീഷ് കുമാര്‍

Posted on: 08 Oct 2010

 

ആസ്വാദകരെ പിടിച്ചിരുത്തുന്നവയാണ് ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന സംഗീത ശാഖകള്‍ . അപ്പോള്‍, ഇന്ത്യന്‍ സംഗീതവും പാശ്ചാത്യ സംഗീതവും ചേര്‍ന്നുള്ള പരീക്ഷണങ്ങളായാലോ?. പാശ്ചാത്യലോകത്തുള്ള സംഗീതാസ്വാദകര്‍ക്കുകൂടി അത് ആസ്വാദ്യകരമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഷീല ചന്ദ്രയെന്ന പോപ് ഗായികയുടെ വിജയവും അതാണ്. ഷീലയുടെ സംഗീതത്തില്‍ ഇന്ത്യന്‍ സംഗീതമാണോ പാശ്ചാത്യ സംഗീതമാണോ മുന്നിട്ടുനില്‍ക്കുന്നതെന്ന് വേര്‍തിരിച്ചറിയുക പ്രയാസം.

ഷീല ചന്ദ്ര ജനിച്ചത് സൗത്ത് ലണ്ടനിലാണ്. സൗത്ത് ലണ്ടനില്‍ ജനിക്കുകയും സൗത്തിന്ത്യന്‍ മൂല്യങ്ങള്‍ പേറുകയും ചെയ്യുന്ന ഗായികയാണ് താനെന്ന് ഷീല സ്വയം നിരീക്ഷിക്കുന്നു. കേരളത്തില്‍നിന്നുള്ളവരാണ് ഷീലയുടെ മാതാപിതാക്കള്‍. ഗായികയാകുന്നതിനോട് മാതാപിതാക്കള്‍ പുലര്‍ത്തിയ എതിര്‍പ്പിനെ ഷീല മറികടന്നത് വീടുവിട്ടുപോയാണ്. ഒരു ദശകത്തോളം അച്ഛനമ്മമാരോട് സംസാരിച്ചിട്ടില്ലെന്ന് ഷീല പറയുന്നു. വീടുവിട്ടശേഷം ലണ്ടനിലേക്ക് വല്ലപ്പോഴും മാത്രമെത്തിയിരുന്ന ഷീല, സോമര്‍സെറ്റിലായിരുന്നു താമസം.

12-ാം വയസ്സിലാണ് ഷീല തനിക്കൊരു ഗായികയാകാനാവും എന്ന് തിരിച്ചറിഞ്ഞത്. പില്‍ക്കാലത്ത് മാധ്യമങ്ങളും സംഗീതജ്ഞരും ലോകത്തെ ഏറ്റവും മനോഹരമായ ശബ്ദത്തിനുടമയെന്നാണ് ഷീലയെ വാഴ്ത്തിയത്. കൗമാരകാലത്തുതന്നെ, സ്റ്റീവ് കോ, മാര്‍ട്ടിന്‍ സ്മിത്ത് എന്നിവരുമായി ചേര്‍ന്ന് മണ്‍സൂണ്‍ എന്ന ബാന്‍ഡിന് രൂപം നല്‍കിയ ഷീല, പാശ്ചാത്യ-പൗരസ്ത്യ ഫ്യൂഷന്‍ സംഗീതത്തിലൂടെ പെട്ടെന്ന് ശ്രദ്ധയാകര്‍ഷിച്ചു. മണ്‍സൂണ്‍ പുറത്തിറക്കിയ തേര്‍ഡ് ഐ എന്ന ആല്‍ബം ബ്രിട്ടനില്‍ ഹിറ്റ് ചാര്‍ട്ടുകളില്‍ മുന്‍പന്തിയില്‍സ്ഥാനം പിടിച്ചു. ഇതിനിടെ, ബി.ബി.സി സ്‌കൂള്‍ ഡ്രാമയായ ഗ്രഞ്ജ് ഹില്ലില്‍ സുധാമണി പട്ടേല്‍ എന്ന കഥാപാത്രത്തിലൂടെയും അവര്‍ പ്രശസ്തയായി.
1982-ല്‍ മണ്‍സൂണ്‍ പിരിഞ്ഞെങ്കിലും സ്റ്റീവും സ്മിത്തും ചേര്‍ന്ന് ഗായികയെന്ന നിലയ്ക്ക് ഷീലയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചു. എണ്‍പതുകളില്‍ ഷീലയുടെ ഒട്ടേറെ ആല്‍ബങ്ങള്‍ പുറത്തിറങ്ങി. ശബ്ദത്തില്‍ ഷീല നടത്തിയ പരീക്ഷണങ്ങള്‍ ഈ ആല്‍ബങ്ങളുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു.

ഔട്ട് ഓഫ് മൈ ഓണ്‍, ക്വയറ്റ്, നാദ ബ്രഹ്മ, ദ സ്ട്രഗ്ള്‍, റൂട്ട്‌സ് ആന്‍ഡ് വിങ്‌സ്, വീവിങ് മൈ ആന്‍സെസ്‌റ്റേഴ്‌സ് വോയ്‌സ്, ദ സെന്‍ കിസ്, തുടങ്ങി 2003-ല്‍ പുറത്തിറങ്ങിയ ദ ഇന്‍ഡിപോപ്പ് റെട്രോസ്‌പെക്ടീവ് വരെയുള്ള ആല്‍ബങ്ങള്‍ ഷീലയുടേതായുണ്ട്. ഷീലയുടെ ആല്‍ബങ്ങളുടെ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റുപോയിട്ടുള്ളത്. ഗായികയും പാട്ടെഴുത്തുകാരിയുമായുള്ള 28 വര്‍ഷത്തെ വിജയകരമായ കരിയറിന് ശേഷം ഇപ്പോള്‍ പുസ്തകരചനയുടെ ലോകത്താണ് ഷീല. ബാനിഷ് കട്ടര്‍ ഫോര്‍എവര്‍ എന്ന പുസ്തകം കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറങ്ങി. ആല്‍ബങ്ങളെന്ന പോലെ, ഈ പുസ്തകവും ഏറെ ആരാധകരെ സൃഷ്ടിച്ചുകഴിഞ്ഞു.

(33.33%) (3 Votes)

 

 

Other News in this Section