LATEST NEWS

Loading...

Custom Search
+ -

ഭാഷയുടെ സംഗീതജ്ഞന്‍

ആര്‍. ഗിരീഷ് കുമാര്‍

Posted on: 01 Oct 2010

 

ലോകമറിയുന്ന സംഗീതജ്ഞനായിട്ടും മാതൃഭാഷയിലറിയപ്പെടുക. രജീന്ദര്‍ സിങ് റായി തന്റെ പേരില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത് അങ്ങനെയാണ്. ഇന്ത്യന്‍ എം.സി. എന്ന് ആരാധകര്‍ വിളിച്ചുതുടങ്ങിയപ്പോള്‍, ഇന്ത്യനെന്നത് ഭാഷയല്ലെന്നും തന്റെ പാട്ടും സംഗീതവും ഉരുത്തിരിഞ്ഞ പഞ്ചാബിയാണ് പേരിനൊപ്പം വേണ്ടതെന്നും രജീന്ദര്‍ തീരുമാനിച്ചു. പഞ്ചാബി എം.സി. എന്ന ഗായകന്റെ പിറവി അങ്ങനെ. പിയെംസി എന്ന ചുരുക്കപ്പേരില്‍ അദ്ദേഹം ഇപ്പോള്‍ സുപരിചിതന്‍.

ഇംഗ്ലണ്ടിലെ കവന്‍ട്രിയില്‍ 1971-ലാണ് പിയെംസിയുടെ ജനനം. പരാജയപ്പെട്ടുപോകുമായിരുന്ന പിയെംസിയെ കണ്ടെത്തിയത് നാച്വറല്‍ റെക്കോഡ്‌സിലെ നിന്ദര്‍ ജോഹാലാണെന്ന് രജീന്ദര്‍ പറയുന്നു. കുല്‍ദീപ് മനാക്കിന്റെ ഗരിയ മിലന്‍ ദേ എന്ന ഗാനത്തിന്റെ റീമിക്‌സ് കേട്ട ജോഹാല്‍, പിയെംസിയുടെ മികവ് തിരിച്ചറിയുകയായിരുന്നു. ഗരിയ മിലന്‍ ദേ കാര്യമായ വിജയം നേടിയില്ലെങ്കിലും ബിവേര്‍ ഓഫ് ദ ബോയ്‌സ് എന്ന രണ്ടാം ആല്‍ബം പിയെംസിയെ പ്രശസ്തനാക്കി. നൈറ്റ് റൈഡര്‍ എന്ന പ്രശസ്തമായ ടി.വിയ പരമ്പരയുടെ തീം സോങ്ങില്‍ ഭാംഗ്ര സംഗീതം സന്നിവേശിപ്പിച്ച് പുതുമയോടെ അവതരിപ്പിക്കുകയാണ് പിയെംസി ചെയ്തത്. ഇന്റര്‍നെറ്റിലൂടെ ആഗോളതലത്തില്‍ ഗാനം പ്രചരിച്ചതോടെ, ജര്‍മന്‍ സംഗീത കമ്പനിയായ സൂപ്പര്‍സ്റ്റാര്‍ റെക്കോഡിങ്‌സ് ഈ ഗാനത്തെ ജര്‍മനിയിലും എത്തിച്ചു. അതോടെ, യൂറോപ്പിലാകമാനം പിയെംസിക്ക് പ്രശസ്തിയായി.

ഹിപ് ഹോപ്പിനെയും ഇന്ത്യന്‍ സംഗീതത്തെയും ഒന്നിപ്പിച്ച് പുതിയ ഗാനങ്ങളൊരുക്കിയാണ് പിയെംസി ആരാധകരെ സൃഷ്ടിച്ചത്. സംഗീതത്തിന്റെ രണ്ട് ലോകത്തെയും ഒന്നിപ്പിക്കാന്‍ സാധിക്കുന്നുവെന്നതാണ് തന്റെ വലിയ നേട്ടമായി അദ്ദേഹം കരുതുന്നത്. അമേരിക്കന്‍ റാപ് സംഗീതജ്ഞന്‍ ജെ-ഇസഡുമായി ചേര്‍ന്ന് ബീവേര്‍ ഓഫ് ബോയ്‌സ് പരിഷ്‌കരിച്ചതോടെ പിയെംസിക്ക് ആഗോളതലത്തില്‍ത്തന്നെ ശ്രോതാക്കളെ ലഭിച്ചു. വ്യത്യസ്ത സംഗീതങ്ങളെ സമന്വയിപ്പിച്ചും പ്രശസ്തമായ ഗാനങ്ങള്‍ക്ക് റീമിക്‌സ് സൃഷ്ടിക്കുന്നതിലൂടെയും പിയെംസി മുന്നേറുന്നു.

ഒട്ടേറെ ബഹുമതികളും ഇക്കാലയളവിനിടെ പിയെംസിയെ തേടിയെത്തിയിട്ടുണ്ട്. 2003-ല്‍ എം.ടി.വി യൂറോപ്പ് മ്യൂസിക് അവാര്‍ഡ് ലഭിച്ചു. മോബോ അവാര്‍ഡ്, യു.കെ.ഏഷ്യന്‍ മ്യൂസിക് അവാര്‍ഡ് എന്നിവയും പിയെംസിയെ തേടിയെത്തിയിട്ടുണ്ട്.
rgirishkumar@gmail.com
(20%) (2 Votes)

 

 

Other News in this Section