LATEST NEWS

Loading...

Custom Search
+ -

ഭാരതിയുടെ രചനാലോകം

ആര്‍. ഗിരീഷ് കുമാര്‍

Posted on: 24 Sep 2010

 

അനുഭവങ്ങളാണ് ഒരാളുടെ എഴുത്തിനെ സ്വാധീനിക്കുന്നത്. ഭാരതി മുഖര്‍ജിയുടെ എഴുത്തിനെ വ്യത്യസ്തമാക്കുന്നതും അതുതന്നെ. കൊല്‍ക്കത്തയില്‍ ജനിക്കുകയും വിദ്യാഭ്യാസം നടത്തുകയും ചെയ്ത ഭാരതി ബ്രിട്ടനിലും കാനഡയിലും അമേരിക്കയിലുമായാണ് പിന്നീട് ജീവിച്ചത്. ഈ ജീവിതാനുഭവങ്ങളാണ് അവരുടെ എഴുത്തിനെ സ്വീകാര്യമാക്കുന്നതും. അതിന് ഉദാഹരമാണ് 1981-ല്‍ ഭാരതിയെഴുതിയ ആന്‍ ഇന്‍വിസിബിള്‍ വുമണ്‍ എന്ന ലേഖനം. കാനഡയില്‍ ഏഷ്യന്‍ വംശജരായ സ്ത്രീകള്‍ക്കുനേരെയുള്ള അവിടത്തുകാരുടെ സമീപനങ്ങളോടുള്ള എതിര്‍പ്പാണ് ഈ ലേഖനത്തില്‍ വിഷയമാകുന്നത്.
നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിലാണ് ഭാരതി പ്രശസ്ത. വിവിധ സംസ്‌കാരങ്ങള്‍ തമ്മില്‍ ഒത്തുചേര്‍ന്നുപോകുന്നതിലുള്ള സംഘര്‍ഷങ്ങള്‍ അതിമനോഹരമായി പറഞ്ഞുപോകുന്നവയാണ് അവരുടെ എഴുത്തുകള്‍. കാനഡയില്‍ ജീവിക്കുമ്പോള്‍ എഴുതിയ ടൈഗേഴ്‌സ് ഡോട്ടറും വൈഫും പ്രമേയമാക്കുന്നതും അതുതന്നെ. കുടിയേറ്റക്കാരിയെന്ന നിലയ്ക്കുള്ള തീവ്രമായ ജീവിതാനുഭവങ്ങളാണ് ഡാര്‍ക്ക്‌നെസ്സ് എന്ന ചെറുകഥാ സമാഹാരത്തിലും നിറഞ്ഞുനില്‍ക്കുന്നത്.
1940 ജൂലായ് 27-ന് കൊല്‍ക്കത്തയില്‍ ജനിച്ച ഭാരതി, കുട്ടിക്കാലത്തുതന്നെ അച്ഛനമ്മമാര്‍ക്കൊപ്പം ബ്രിട്ടനിലെത്തി. വിദ്യാഭ്യാസത്തിനായി ഇന്ത്യയില്‍ തിരിച്ചെത്തിയ അവര്‍, ലൊറേറ്റോ സ്‌കൂളിലും കൊല്‍ക്കത്ത സര്‍വകലാശാലയിലും പഠിച്ചു. ബിരുദം നേടിയശേഷം, ബറോഡയിലേക്ക് നീങ്ങിയ ഭാരതി, ബറോഡ സര്‍വകലാശാലയില്‍നിന്നാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. അമേരിക്കയിലെ ഇയോവ സര്‍വകലാശാലയില്‍നിന്ന് എം.എഫ്.എ. നേടി. 1969-ല്‍ ഇതേ സര്‍വകലാശാലയില്‍നിന്ന് താരതമ്യ സാഹിത്യത്തില്‍ ഡോക്ടറേറ്റും സ്വന്തമാക്കി.
എഴുത്തുകാരനായ ക്ലര്‍ക്ക് ബ്ലെയ്‌സിനെ വിവാഹം കഴിച്ച ഭാരതി പിന്നീട് കാനഡയിലായി താമസം. ഒരു ദശകത്തോളം അവിടെ താമസിച്ചശേഷം അവര്‍ അമേരിക്കയിലേക്ക് മടങ്ങി. എന്നാല്‍, കാനഡയിലെ ജീവിതാനുഭവങ്ങള്‍ ഭാരതിയെ ശക്തയായ എഴുത്തുകാരിയായി മാറ്റി. 1971-ല്‍ പുറത്തുവന്ന ടൈഗേഴ്‌സ് ഡോട്ടര്‍ തന്നെ അവരെ ജനപ്രിയ എഴുത്തുകാരിയുമാക്കി. 1975-ലാണ് വൈഫ് എന്ന നോവല്‍ പ്രസിദ്ധീകരിച്ചത്. ജാസ്മിന്‍, ദ ഹോള്‍ഡര്‍ ഓഫ് ദ വേള്‍ഡ്, ലീവ് ഇറ്റ് ടു മി, ഡിസയറബ്ള്‍ ഡോട്ടേഴ്‌സ്, ദ ട്രീ ബ്രൈഡ് എന്നിവയാണ് ഭാരതി മുഖര്‍ജിയുടെ നോവലുകള്‍. ഡാര്‍ക്ക്‌നെസ്സിന് പുറമെ, ദ മിഡ്ല്‍മാന്‍ ആന്‍ഡ് അദര്‍ സ്റ്റോറീസ്, എ ഫാദര്‍ എന്നീ ചെറുകഥാ സമാഹാരങ്ങളും അവരുടേതായുണ്ട്. മിഡ്ല്‍മാന്‍ 1988-ല്‍ നാഷണല്‍ ബുക്ക് ക്രിട്ടിക്‌സ് സര്‍ക്കിള്‍ അവാര്‍ഡിന് അര്‍ഹമായി. കൊല്‍ക്കത്തയിലെ ബാല്യകാലത്തെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പുകളാണ് ഡെയ്‌സ് ആന്‍ഡ് നൈറ്റ്‌സ് ഇന്‍ കൊല്‍ക്കത്ത. ഭര്‍ത്താവ് ബ്ലയ്‌സുമൊത്താണ് ഈ ഓര്‍മക്കുറിപ്പ് ഭാരതി തയ്യാറാക്കിയത്.
ഫിക്ഷനുകളില്‍ മാത്രം ഒതുങ്ങുന്നതല്ല ഭാരതിയുടെ രചനാലോകം. കനിഷ്‌ക വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ദ സോറോ ആന്‍ഡ് ദ ടെറര്‍, ഇന്ത്യയിലെ രാഷ്ട്രീയലോകത്തെ അധികരിച്ചെഴുതിയ പൊളിറ്റിക്കല്‍ കള്‍ച്ചര്‍ ആന്‍ഡ് ലീഡര്‍ഷിപ്പ് ഇന്‍ ഇന്ത്യ, റീജിയണലിസം ഇന്‍ ഇന്ത്യന്‍ പേഴ്‌സ്‌പെക്ടീവ് എന്നീ ലേഖനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായ ഭാരതി മക്ഗില്‍ സര്‍വകലാശാല, സ്‌കിഡ്‌മോര്‍ കോളേജ്, ക്വീന്‍സ് കോളേജ്, ന്യൂയോര്‍ക്ക് സിറ്റി സര്‍വകലാശാല എന്നിവിടങ്ങളിലും അധ്യാപികയായിരുന്നിട്ടുണ്ട്.
rgirishkumar@gmail.com



(20%) (2 Votes)

 

 

Other News in this Section