LATEST NEWS

Loading...

Custom Search
+ -

കനേഡിയന്‍ സൂപ്പര്‍സ്റ്റാര്‍

ആര്‍. ഗിരീഷ്‌കുമാര്‍

Posted on: 17 Sep 2010

 

കഴിഞ്ഞ വര്‍ഷം ലോകമെമ്പാടും സൂപ്പര്‍ ഹിറ്റായി മാറിയ 2012 എന്ന ബ്രഹ്മാണ്ഡ സിനിമയിലെ അപര്‍ണ സുറുതാനി എന്ന കഥാപാത്രമായാണ് അഗം ദര്‍ശിയെ ഇന്ത്യയിലെ പ്രേക്ഷകര്‍ കണ്ടത്. ഭൂഗര്‍ഭ താപനില ക്രമാതീതമായി ഉയരുകയാണെന്നും ഇത് മനുഷ്യരാശിയുടെ സര്‍വനാശത്തിന് കാരണമാകുമെന്നും കണ്ടെത്തുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സത്‌നം സുറുതാനിയുടെ ഭാര്യയാണ് അപര്‍ണ. ഭീതിദമായ ഈ യാഥാര്‍ഥ്യം ലോകത്തിനുമുന്നിലെത്തിക്കുന്ന സത്‌നവും ഭാര്യ അപര്‍ണയും കുടുംബവും രക്ഷാകവചത്തിലിടം കിട്ടാതെ പ്രകൃതിദുരന്തത്തിന് ഇരകളാകുന്ന ദൃശ്യം, 2012-ലെ മറക്കാനാവാത്ത ചില കാഴ്ചകളിലൊന്നാണ്. ഏറെനേരമൊന്നും സ്‌ക്രീനിലെത്തുന്നില്ലെങ്കിലും, അപര്‍ണയുടെ റോളില്‍ അഗം ദര്‍ശി കാഴ്ചവെച്ച പ്രകടനം അത്രയെളുപ്പം മറക്കാനാവില്ല.

14-ാം വയസ്സില്‍ അഭിനയമോഹവുമായി വീടുവിട്ട അഗം ദര്‍ശിയുടെ കരിയറിലെ തിളക്കമാര്‍ന്ന വേഷങ്ങളിലൊന്നാണ് അപര്‍ണയുടേത്. എന്നാല്‍, ഈ ബ്രഹ്മാണ്ഡ ചിത്രത്തിലിടം കിട്ടിയെങ്കിലും, അവര്‍ ഹോളിവുഡില്‍ അത്ര സജീവമല്ല. കാനഡയിലെ ടെലിവിഷന്‍ പരമ്പരകളിലെ സൂപ്പര്‍ത്താരങ്ങളിലൊരാളാണ് അഗംദീപ് ദര്‍ശിയെന്ന അഗം ദര്‍ശി. ഇതിനകം 25-ലേറെ പരമ്പരകളില്‍ അവര്‍ വേഷമിട്ടു.

ബ്രിട്ടനിലെ ബര്‍മ്മിങ്ങാമിലാണ് അഗം ദര്‍ശിയുടെ ജനനം. കുടുംബം കാനഡയിലേക്ക് താമസം മാറ്റിയതോടെ, അവിടെയെത്തിയ അഗം, അഭിനയമോഹവുമായി വീടുവിട്ടു. ആല്‍ബെര്‍ട്ട പ്രവിശ്യയിലെ കാല്‍ഗരിയിലേക്ക് താമസം മാറ്റിയ അഗം, അവിടെ സര്‍വകലാശാലയില്‍ചേര്‍ന്ന് അഭിനയം പഠിച്ചു. തിയേറ്ററിലും ഫൈന്‍ ആര്‍ട്‌സിലും ബിരുദം നേടിയ അഗം, കാല്‍ഗരി സര്‍വകലാശാലയിലെ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്ത് സജീവമായത്. പിന്നീട് റീവെ തിയേറ്ററിലും ചേര്‍ന്നു. നാടകരചയിതാവായും നിര്‍മാതാവായും തിളങ്ങിയിട്ടുള്ള അഗം ഒട്ടേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. രണ്ട് സിനിമകള്‍ക്കും അവര്‍ തിരക്കഥയൊരുക്കി.

ഗുഡ്‌ലക്ക് ചക്ക്, സ്‌നേക്ക് ഓണ്‍ എ പ്ലെയ്ന്‍, ഫൈനല്‍ ഡെസ്റ്റിനേഷന്‍, ബട്ടര്‍ഫ്‌ളൈ ഓണ്‍ എ വീല്‍, 2012, വാച്ച്‌മെന്‍ തുടങ്ങിയ സിനിമകളില്‍ വേഷമിട്ട അഗം, സാഞ്ച്വറി, റീഫര്‍ മാഡ്‌നെസ്, ട്രൂ കാളിങ്, ടച്ചിങ് ഈവില്‍ തുടങ്ങി 25-ലേറെ പരമ്പരകളിലും വേഷമിട്ടു. വാന്‍കുവര്‍ ഫിലിം ഇന്‍ഡസ്ട്രിയിലെ പ്രധാന താരങ്ങളിലൊരാളായാണ് അവര്‍ പരിഗണിക്കപ്പെടുന്നത്. കാനഡയില്‍ ഏറെ ജനപ്രീതി നേടിയ സാക്ച്വറി പരമ്പരയുടെ രണ്ടാം സീസണില്‍, പ്രധാന കഥാപാത്രങ്ങളിലൊരാളായ കേറ്റ് ഫ്രീലാന്‍സറെ അവതരിപ്പിക്കാന്‍ കിട്ടിയ അവസരം, കരിയറില്‍ പുതിയ വഴിതുറക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. അഭിനയത്തിനൊപ്പം, നൃത്തത്തിനും പ്രാധാന്യം കല്‍പ്പിക്കുന്ന അഗം, ഭാരതീയ ശാസ്ത്രീയ നൃത്തങ്ങള്‍ അഭ്യസിച്ചിട്ടുണ്ട്.

പഞ്ചാബാണ് അഗമിന്റെ ഇന്ത്യന്‍ ദേശം. അച്ഛന്‍ ഭട്ടിന്‍ഡക്കാരനും അമ്മ അമൃത്‌സര്‍കാരിയും. അച്ഛന്റെയും അമ്മയുടെയും കുടുംബം ഇപ്പോഴും പഞ്ചാബിലുണ്ടെങ്കിലും, അഗം ഇതേവരെ ഇന്ത്യയിലെത്തിയിട്ടില്ല. പക്ഷേ, തന്റെ ഇന്ത്യന്‍ വേരുകള്‍ മറക്കുന്നില്ലെന്ന് അവര്‍ പറയുന്നു. പഞ്ചാബി ഭാഷ വായിക്കാനും എഴുതാനും അറിയാമെന്നതുതന്നെയാണ് അതിനുതെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. ബോളിവുഡ് സിനിമകളെയും ഇന്ത്യന്‍ സംസ്‌കാരത്തെയും ആരാധിക്കുന്ന അഗം, തന്റെ അഭിനയരംഗത്തില്‍ ഇന്ത്യയെക്കൂടി ഉള്‍പ്പെടുത്തണമെന്ന മോഹത്തിലാണ്.

rgirishkumar@gmail.com
(20%) (4 Votes)

 

 

Other News in this Section