LATEST NEWS

Loading...

Custom Search
+ -

അര്‍ബുദം മരണമല്ല

ആര്‍. ഗിരീഷ്‌കുമാര്‍

Posted on: 03 Sep 2010

 

അര്‍ബുദം പോലുള്ള മഹാവ്യാധികള്‍ പിടിപെട്ടാല്‍, ജീവിതം തീര്‍ന്നുവെന്ന് കരുതുന്നവരാണേറെയും. എന്നാല്‍, തനിക്ക് പിടിപെട്ട രോഗത്തോട് പൊരുതുകയും അതിനെ കൂടുതല്‍ ക്രിയാത്മകമായി നേരിടുകയും ചെയ്യുന്നവര്‍ ചുരുക്കമായിരിക്കും. നമ്രത സിങ് ഗുജ്‌റാള്‍ വിരലിലെണ്ണാവുന്ന ആ ധൈര്യശാലികള്‍ക്കൊപ്പമാണ്. ഒക്ടോബറില്‍ ലോകമെങ്ങും റിലീസ് ചെയ്യുന്ന ഡോക്യു-ഡ്രാമയായ 'വണ്‍ എ മിനിറ്റ്' ആ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. അര്‍ബുദവുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്തിട്ടുള്ള സിനിമകളില്‍, ഇത്രയേറെ വ്യാപകമായി റിലീസ് ചെയ്യപ്പെടുന്ന ആദ്യ ചിത്രമാണിത്.

'വണ്‍ എ മിനിറ്റ്' തീയറ്ററുകളിലെത്തുമ്പോള്‍, നമ്രത തന്റെ തന്നെ ജീവിതത്തിലൂടെ അര്‍ബുദരോഗികളുടെ അതിജീവനത്തിന്റെ കഥയാണ് പറയുന്നത്. ഈ സിനിമയുടെ നിര്‍മാതാവും സംവിധായകയും പ്രധാന അഭിനേതാവും നമ്രതയാണ്. 2008-ല്‍ തന്നെ ബാധിച്ച സ്തനാര്‍ബുദത്തിനുള്ള ചികിത്സ തേടിക്കൊണ്ടിരിക്കെ, അര്‍ബുദ രോഗത്തെക്കുറിച്ച് ബോധവത്കരണം ഉദ്ദേശിച്ചുകൊണ്ടുള്ള സിനിമയെന്ന ആശയം നമ്രതയുടെ മനസ്സിലെത്തുകയായിരുന്നു. സ്തനാര്‍ബുദത്തെ പരാജയപ്പെടുത്തിയ ഒട്ടേറെ പ്രമുഖ വ്യക്തികള്‍ നമ്രതയുടെ ഈ സംരംഭത്തില്‍ ഒപ്പമുണ്ട്. ഒലീവിയ ന്യൂട്ടന്‍ ജോണ്‍, ദിയാഹാന്‍ കരോള്‍, മെലീസ എത്‌റിജ്, ബോളിവുഡ് നടി മുംതാസ്, ബാര്‍ബറ മോറി, ലിസ റേ തുടങ്ങിയവര്‍ സിനിമയിലെത്തുന്നു. എം.പി.യും സുനില്‍ ദത്തിന്റെ മകളുമായ പ്രിയ ദത്തും യൂണി ഗ്ലോബ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന സിനിമയില്‍ എത്തുന്നുണ്ട്.

സ്തനാര്‍ബുദം ബാധിച്ച ഒരു സ്ത്രീയുടെ ജീവിതമാണ് 'വണ്‍ എ മിനിറ്റ്' കൈകാര്യം ചെയ്യുന്നത്. നമ്രത സ്വന്തം ജീവിതത്തില്‍നിന്നാണ് സിനിമയുടെ ഇതിവൃത്തം സൃഷ്ടിച്ചത്. അര്‍ബുദത്തെ അതിജീവിച്ച പ്രശസ്ത വ്യക്തികള്‍ സ്വന്തം അനുഭവങ്ങള്‍ പങ്കിടാനെത്തുന്നതാണ് ചിത്രത്തിന്റെ വലിയൊരു പ്രത്യേകത. അര്‍ബുദചികിത്സയില്‍ ലോകപ്രശസ്തരായ ഡെന്നീസ് സാല്‍മണ്‍, ദീപക് ചോപ്ര എന്നിവരുമായും അമേരിക്കന്‍ വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥയും സ്ഥാനപതിയുമായിരുന്ന നാന്‍സി ബ്രിങ്കറുമായും ചിത്രത്തില്‍ അഭിമുഖങ്ങളുമുണ്ട്. സ്താനാര്‍ബുദ ബാധിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന സൂസന്‍ ജി.കോമന്‍ ഫോര്‍ ദ ക്യൂര്‍ എന്ന സ്ഥാപനത്തിന്റെ ശില്പികൂടിയാണ് ബ്രിങ്കര്‍. 2001-ല്‍ പുറത്തിറങ്ങിയ ട്രെയിനിങ് ഡേ എന്ന ചിത്രത്തിലൂടെയാണ് നമ്രത സിനിമയിലെത്തുന്നത്. സിഖ് വംശജയായ നമ്രത, പിന്നീട് ശ്രദ്ധേയമായ ഏതാനും സിനിമകളിലൂടെ അറിയപ്പെടുന്ന നടിയെന്ന പേര് സ്വന്തമാക്കി. ഡ്രാഗ്‌നറ്റ്, ഫാമിലി ലോ, ഹൗസ് ഓഫ് സാന്‍ഡ് ആന്‍ഡ് ഫോഗ്, ബോളിവുഡ് സിനിമ കാണ്ഡെ, അമേരിക്കനൈസിങ് ഷെല്ലി എന്നീ സിനിമകള്‍ അവയില്‍ ചിലതാണ്. ഇക്കൊല്ലം പുറത്തിറങ്ങുന്ന സ്റ്റില്‍ എന്ന സയന്‍സ് ഫിക്ഷന്‍ സിനിമയാണ് നമ്രതയുടെ കരിയറില്‍ വഴിത്തിരിവാകുന്ന മറ്റൊരു ചിത്രം.

അമേരിക്ക നൈസിങ് ഷെല്ലിയില്‍ ഉപയോഗിച്ചിട്ടുള്ള ഡാന്‍സിങ് ഇന്‍ ദ ക്ലൗഡ്‌സ് എന്ന ഗാനം, നമ്രയും സ്റ്റീവ് അസറും ചേര്‍ന്നാണ് ആലപിച്ചിട്ടുള്ളത്. ഗായികയെന്ന നിലയ്ക്ക് നമ്രതയുടെ കഴിവുകള്‍ ആരാധകര്‍ക്ക് മുന്നിലെത്തുന്നതിനും ഈ ചിത്രം വഴിയൊരുക്കി. വിഖ്യാത സംഗീത സംവിധായകന്‍ ജേ ഫെര്‍ഗൂസനാണ് ഡാന്‍സിങ് ഇന്‍ ദ ക്ലൗഡിന്റെ സംഗീതം.
(28%) (5 Votes)

 

 

Other News in this Section