LATEST NEWS

Loading...

Custom Search
+ -

വ്യത്യസ്തയായി സോനാല്‍

ആര്‍. ഗിരീഷ് കുമാര്‍

Posted on: 27 Aug 2010

 

ഹോളിവുഡിലെ ഇന്ത്യന്‍ വംശജരായ അഭിനേതാക്കളെപ്പോലെ, മുഖ്യധാരയിലേക്ക് ഇനിയും സോനാല്‍ ഷാ കടന്നെത്തിയിട്ടില്ല. എന്നാല്‍ സ്‌ക്രബ്‌സ് എന്ന ടി.വി. പരമ്പരയിലെ ഡോ. സോണിയ സണ്ണി ദേ എന്ന കഥാപാത്രത്തിന് മിഴിവുനല്‍കിയ മുംബൈ സ്വദേശിനിയായ ഈ അഭിനേത്രി, അമേരിക്കന്‍ കുടുംബപ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയാണ്.

മുംബൈയില്‍നിന്ന് 1977-ല്‍ അമേരിക്കയിലെത്തിയതാണ് സോനാലിന്റെ അച്ഛനമ്മമാരായ ഭദ്രേഷും മൃദുല ഷായും. 1980-ല്‍ ഇവര്‍ക്ക് സോനാല്‍ ജനിച്ചു. ഇല്ലിനോയിയിലെ വീറ്റോണിലാണ് ഇവര്‍ താമസിച്ചിരുന്നത്. അവിടത്തെ വാരണ്‍വീല്‍ ഹൈസ്‌കൂളില്‍ പഠനം. 1998-ല്‍ ഡുപേജ് കൗണ്ടിയിലെ സൗന്ദര്യമത്സരത്തില്‍ വിജയിച്ചതോടെ, സോനാലിലെ അഭിനേത്രി പിറവിയെടുത്തു.

ശ്രദ്ധേയമായ രീതിയിലാണ് സോനാല്‍ വിദ്യാഭ്യാസകാലം പിന്നിട്ടത്. ബാഴ്സ്റ്റണ്‍ കിവാനിസ് ലീഡര്‍ഷിപ്പ് അവാര്‍ഡും വെയ്‌നിങ് ട്രാവല്‍ ഫെല്ലോഷിപ്പും നേടിയ സോനാല്‍ ലയോള സര്‍വകലാശാലയില്‍ ചേര്‍ന്നത് സ്‌കോളര്‍ഷിപ്പോടെയാണ്. രാജ്യത്തിന് പുറത്തുപോയി പഠിക്കാന്‍ സഹായംനല്‍കുന്ന ട്രാവല്‍ ഫെലോഷിപ്പ് കിട്ടിയപ്പോള്‍, റോമില്‍ പോകാനാണ് സോനാല്‍ താത്പര്യം കാണിച്ചത്. ലയോള സര്‍വകലാശാലയിലെ, സ്റ്റുഡന്റ് സ്​പീക്കറായും അവര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഷിക്കാഗോയിലെ ലയോള സര്‍വകലാശാലയില്‍നിന്ന് അഭിനയത്തില്‍ ബിരുദം നേടിയ സോനാലിന്, അഭിനയത്തോടൊപ്പം താത്പര്യമുണ്ടായിരുന്ന മറ്റൊരു മേഖല ആതുരസേവനമായിരുന്നു. പക്ഷേ, അഭിനയത്തോടുള്ള അഭിവാഞ്ച, ആതുരസേവനത്തിലെ താത്പര്യത്തെ പരാജയപ്പെടുത്തിയെന്ന് സോനാല്‍ തന്നെ പറയുന്നു. അഭിനയം കരിയറായി തിരഞ്ഞെടുത്ത സോനാല്‍, 2006-ല്‍ ലോസ് ആഞ്ജലീസിലെത്തി. പരസ്യങ്ങളിലും ചെറിയ സ്റ്റേജ്‌ഷോകളിലുമായിരുന്നു തുടക്കം. ഗുഡ്മാന്‍, സെക്കന്‍ഡ് സിറ്റി തുടങ്ങിയ പ്രശസ്തമായ തിയേറ്റര്‍ ഗ്രൂപ്പുകളുമായും സഹകരിച്ച് നാടകങ്ങളിലും അവര്‍ വേഷമിട്ടു. രസിക തിയേറ്റര്‍ കമ്പനിയുടെ സ്ഥാപകാംഗങ്ങളിലൊരാളായ സോനാല്‍, ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ മോസ്‌കോ ആര്‍ട്ട് തിയേറ്റര്‍ സ്‌കൂളുമായും സഹകരിച്ചു.

ഡോക്ടറാവുക എന്ന ആഗ്രഹം ജീവിതത്തില്‍ സഫലമാക്കാനായില്ലെങ്കിലും, ജനശ്രദ്ധ പിടിച്ചുപറ്റിയ ഡോക്ടറുടെ വേഷം 2009-ല്‍ സോനാലിനെ തേടിയെത്തി. സ്‌ക്രബ്‌സ് പരമ്പരയുടെ എട്ടാമത് സീസണില്‍, ഡോ. സോണിയ സണ്ണി ദേയെ മികച്ച രീതിയില്‍ അവതരിപ്പിക്കാനും സോനാലിനായി.

അഭിനയലോകത്ത് അത്രയൊന്നും ക്രെഡിറ്റ് അവകാശപ്പെടാനില്ലെങ്കിലും, ഈ ഒരൊറ്റ പരമ്പര കൊണ്ടുതന്നെ അവര്‍ ശ്രദ്ധിക്കപ്പെട്ടു. ഏഷ്യന്‍വംശജര്‍ക്കിടയില്‍ പ്രശസ്തമായ അനോഖി മാസിക, 2010-ലെ ഏറ്റവും സുന്ദരിമാരിലൊരാളുടെ കൂട്ടത്തില്‍ സോനാലിനെ തിരഞ്ഞെടുത്തു. ഇന്ത്യന്‍വംശജര്‍ക്കിടയില്‍ സോനാലിന്റെ പ്രശസ്തിയാണ് ഈ തിരഞ്ഞെടുപ്പിന് മാനദണ്ഡമായത്.

പഠനത്തോട് ഒരിക്കലും വിടപറയില്ലെന്ന തീരുമാനമാണ് സോനാലിനെ വ്യത്യസ്തയാക്കുന്നത്. നാടകത്തോടും സിനിമയോടും എന്നതിനൊപ്പംതന്നെ, മാജിക്കും നൃത്തവും അഭ്യസിക്കുന്ന സോനാലിന്, അടുത്തിടെ ഹാര്‍വാഡ് സര്‍വകലാശാലയില്‍ ക്ലാസ്സെടുക്കുന്നതിനും അവസരം കിട്ടി.

rgirishkumar@gmail.com
(0%) (0 Votes)

 

 

Other News in this Section