LATEST NEWS

Loading...

Custom Search
+ -

കാത്തിരിപ്പിന്റെ വിജയം

ആര്‍. ഗിരീഷ് കുമാര്‍

Posted on: 20 Aug 2010

 

സ്‌കൂള്‍ കാലത്ത് ഒരു തവണയെങ്കിലും അടുത്തിരിക്കുന്നയാളെ അനുകരിച്ചുനോക്കാത്തവര്‍ വിരളമായിരിക്കും. രേഖാ ശര്‍മയെന്ന അഭിനേത്രി സ്വയം കണ്ടെത്തിയത് അത്തരം ശീലത്തില്‍നിന്നാണ്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍, ക്ലാസ്സില്‍ നാടകമവതരിപ്പിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടവരെ അനുകരിച്ചുനോക്കിയ രേഖയ്ക്ക് അവരെക്കാള്‍ നന്നായി കഥാപാത്രമായി മാറാനാകുമെന്ന് സ്വയം ബോധ്യപ്പെട്ടു. അധ്യാപകരോട് അക്കാര്യം പറയുകയും, നാടകത്തിലേക്ക് ഇടിച്ചുകയറുകയും ചെയ്ത രേഖ, അപ്പോഴത് തന്റെ ജീവിതമാര്‍ഗമായി മാറുമെന്നൊന്നും കരുതിയിരുന്നില്ല. പക്ഷേ, വേദികളില്‍ പതറാതെ, കൈയടക്കത്തോടെ കഥാപാത്രമായി മാറാന്‍ തനിക്കാവുമെന്ന ബോധം രേഖയിലെ അഭിനേത്രിയെ പില്‍ക്കാലത്ത് പുറത്തുകൊണ്ടുവന്നു.

ഉത്തര്‍ പ്രദേശില്‍നിന്ന് ഫിജിയിലൂടെ കാനഡയിലെത്തിയ ദമ്പതിമാരുടെ മകളാണ് രേഖ. ബ്രിട്ടീഷ് കൊളംബിയയിലെ വാന്‍കുവറില്‍ ജനിച്ചു. കുട്ടിക്കാലത്തുതന്നെ, കലാപരമായി മികച്ചുനില്‍ക്കുന്ന സിനിമകളോട് വല്ലാത്ത ആഭിമുഖ്യം പുലര്‍ത്തിയ രേഖയ്ക്ക് ചിത്രരചനയിലും കമ്പമുണ്ടായിരുന്നു. പില്‍ക്കാലത്ത് ഏതെങ്കിലും മേഖലയെ ഗൗരവത്തോടെ സമീപിക്കേണ്ട ഘട്ടമെത്തിയപ്പോള്‍, സിനിമയോടും അഭിനയത്തോടുമുള്ള അഭിനിവേശം അവരെ ആകര്‍ഷിച്ചു. ഹൗസം എം.ഡി, സ്മാള്‍വീല്‍, ജോണ്‍ ഡോയ്, ഗാര്‍ക്ക് ഏയ്ഞ്ചല്‍, ബാറ്റില്‍സ്റ്റാര്‍ ഗലാറ്റിക്ക തുടങ്ങിയ പരമ്പരകള്‍ അവരെ പ്രശസ്തയാക്കി. ബാറ്റില്‍സ്റ്റാര്‍ ഗലാറ്റിക്ക എന്ന പരമ്പരയില്‍ മേരി മക്‌ഡോണല്‍ അവതരിപ്പിച്ച പ്രസിഡന്റ് റോസ്‌ലിന്റെ സെക്രട്ടറി, ടോറി ഫോസ്റ്ററുടെ കഥാപാത്രമാണ് രേഖയെ സുപരിചിതയാക്കിയത്.

ഓരോരുത്തര്‍ക്കും ഓരോ കഴിവുണ്ടെന്നും അത് പ്രാവര്‍ത്തികമാക്കുകയാണ് ജീവിതത്തിലെ ധര്‍മമെന്നും വിശ്വസിക്കുന്നയാളാണ് രേഖ. അഭിനയമാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞതോടെ, അതിനെ ഗൗരവത്തോടെ സമീപിക്കാന്‍ അവര്‍ തീരുമാനിച്ചു. തനിക്ക് ബ്രേക്ക് ത്രൂ നല്‍കുന്ന റോളിനുവേണ്ടി ഏറെ കാത്തിരിക്കേണ്ടിവന്നെങ്കിലും, അതൊരിക്കലും ബോറടിപ്പിച്ചിട്ടില്ലെന്ന് രേഖ പറയുന്നു. ബാറ്റില്‍സ്റ്റാറിലെ ചെറിയ വേഷങ്ങള്‍ക്കായി ഒട്ടേറെത്തവണ ഓഡിഷന് പോയിട്ടുണ്ടെങ്കിലും, കഥാപാത്രത്തില്‍ തൃപ്തിയില്ലാതെ തിരിച്ചുപോരുകയായിരുന്നു രേഖ. എന്നാല്‍, ടോറി ഫോസ്റ്ററുടെ കഥാപാത്രത്തിനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതാണ് തനിക്കേറെ യോജിച്ചതെന്ന് മനസ്സിലാക്കി രേഖ മുന്നേറുകയായിരുന്നു. പലകുറി ഓഡിഷന്‍ ടെസ്റ്റുകള്‍ക്ക് പോയതിലൂടെ, ബാറ്റില്‍സ്റ്റാറിന്റെ ആരാധികയായി മാറിക്കഴിഞ്ഞിരുന്ന രേഖ, ടോറിയുടെ കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിക്കുകയും ചെയ്തു. അല്പം വില്ലത്തിയായിട്ടുള്ള ടോറി ഫോസ്റ്ററെന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ പ്രേക്ഷകരില്‍നിന്ന് ഏറെ വിമര്‍ശനം നേരിടേണ്ടിവന്നെങ്കിലും, അഭിനേത്രിയെന്ന നിലയ്ക്ക് അതേറെ സഹായിച്ചുവെന്നും അവര്‍ പറയുന്നു. ദ കോര്‍, ഏലിയന്‍സ് വേഴ്‌സസ് പ്രിഡേറ്റര്‍ തുടങ്ങിയ സിനിമകളിലും അവര്‍ വേഷമിട്ടിട്ടുണ്ട്. പെയിന്റിങ്ങും സാരംഗി വാദനവുമാണ് അഭിനയത്തിന് പുറത്ത് രേഖയുടെ ഇഷ്ടങ്ങള്‍.

ദ കോര്‍ എന്ന സിനിമയില്‍ ഹിലാരി സ്വാങ്കിനൊപ്പം അഭിനയിക്കാനായത് തന്റെ കരിയറിലെ വലിയ ഭാഗ്യങ്ങളിലൊന്നായി രേഖ കരുതുന്നു. കാനഡയില്‍ ഒട്ടേറെ ടി.വി. പരമ്പരകളില്‍ വേഷമിട്ടിട്ടുള്ള രേഖ അവിടുത്തെ ഗൃഹസദസ്സുകളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ്.

rgirishkumar@gmail.com



(20%) (1 Vote)

 

 

Other News in this Section