LATEST NEWS

Loading...

Custom Search
+ -

പ്രഭാതങ്ങള്‍ക്ക് ചൂടേകാന്‍ സുകന്യ

ആര്‍. ഗിരീഷ് കുമാര്‍

Posted on: 13 Aug 2010

 

പാശ്ചാത്യ മാധ്യമ ലോകത്ത് തിളങ്ങിനില്‍ക്കുന്ന ഒട്ടേറെ ഇന്ത്യക്കാരുണ്ട്. സുകന്യ കൃഷ്ണന്‍ അക്കൂട്ടത്തില്‍പ്പെടുന്നു. ചെന്നൈയില്‍ ജനിച്ച്, അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസം നേടുകയും അവിടെത്തന്നെ കരിയര്‍ കണ്ടെത്തുകയും ചെയ്ത് വിജയികളായവരിലൊരാളാണ് സുകന്യ. മാധ്യമ ലോകത്ത് ലോകമെമ്പാടും ആദരിക്കപ്പെടുന്ന എമ്മി അവാര്‍ഡുകള്‍ മൂന്നുവട്ടം കരസ്ഥമാക്കാനും ഡബ്ല്യു.പിക്‌സ് ചാനലിലെ ഈ വാര്‍ത്താ അവകാരകയ്ക്ക് സാധിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്കിലും അമേരിക്കയിലെ മറ്റ് വന്‍ നഗരങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെടുന്ന വാര്‍ത്താ പരിപാടിയാണ് പിക്‌സ് മോണിങ് ന്യൂസ്. രാവിലെ ആറുമുതല്‍ ഒമ്പതുവരെ നീളുന്ന വാര്‍ത്താ പരിപാടിയില്‍ ജോണ്‍ മുള്ളറും സുകന്യയുമാണ് സ്ഥിരം അവതാരകര്‍. 2001-മുതല്‍ ഡബ്ല്യു.പിക്‌സിന്റെ പ്രേക്ഷകര്‍ സുകന്യയെ കാണുന്നു.

2001 ആഗസ്തില്‍ പിക്‌സില്‍ ചേര്‍ന്നെങ്കിലും 2003-ല്‍ അവര്‍ പിക്‌സ് വിട്ടു. ഹോം ഡെലിവറിയെന്ന ടി.വി.പരിപാടിയുടെ നാല് അവതാരകരിലൊരാളായി മാറുന്നതിനായിരുന്നു ഈ മാറ്റം. 2005-ല്‍ പിക്‌സ് പ്രഭാത വാര്‍ത്തയുടെ അവതാരകയാകുന്നതിന് തിരിച്ചെത്തി.
മാധ്യമ പ്രവര്‍ത്തന രംഗത്ത് പതിനഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന സുകന്യ, ന്യൂ ഡ്രോപ്പ് ഹൈസ്‌കൂളിലും ഡിക്കിന്‍സണ്‍ കോളേജിലുമായാണ് വിദ്യാഭ്യാസം നടത്തിയത്. ന്യുയോര്‍ക്കിലെ പ്രാദേശിക ചാനലുകളില്‍ പ്രവര്‍ത്തിച്ചാണ് സുകന്യ ദൃശ്യമാധ്യമ രംഗത്ത് സജീവമാകുന്നത്. 1995-ല്‍ ഡബ്ല്യു.യു.ടി.ആര്‍ ചാനലിന്റെ റിപ്പോര്‍ട്ടറായി ഔദ്യോഗിക ജീവിതം തുടങ്ങിയ സുകന്യ, 1997-ല്‍ ഡബ്ല്യു.സി.ബി.എസ് ചാനലില്‍ ചേര്‍ന്നു. നാലുവര്‍ഷത്തോളം ഈ ചാനലിന്റെ സാധാരണ റിപ്പോര്‍ട്ടര്‍മാരിലൊരാളായിരുന്ന സുകന്യയുടെ കരിയറില്‍ വഴിത്തിരിവാകുന്നത് പിക്‌സില്‍ ചേരുന്നതോടെയാണ്.

പിക്‌സില്‍ ചേരുന്നതിനുമുമ്പു തന്നെ ശ്രദ്ധേയമായ വാര്‍ത്തകള്‍ അവതരിപ്പിക്കാനും വാര്‍ത്താലോകത്ത് അറിയപ്പെടുന്ന വ്യക്തിത്വത്തിനുടമയാകാനും സുകന്യയ്ക്ക് സാധിച്ചിട്ടുണ്ട്. ബില്‍ ക്ലിന്റണിന്റെ ഇംപീച്ച്‌മെന്റ് നടപടികളും മേയര്‍ റുഡോള്‍ഫ് ഗ്യുലിയാനിയുടെ ടൈംസ് സ്‌ക്വയര്‍ ഒഴിപ്പിക്കലുമൊക്കെ അവയില്‍പ്പെടുന്നു. പിക്‌സിലെത്തിയശേഷമാണ് കരിയറിലെ ആദ്യ എമ്മി അവാര്‍ഡിന് അര്‍ഹയായ റിപ്പോര്‍ട്ട് സുകന്യ നടത്തുന്നത്. 2001 സപ്തംബറില്‍ നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ തത്സമയ റിപ്പോര്‍ട്ടിങ്ങാണ് നാഷണല്‍ അക്കാദമി ഓഫ് ടെലിവിഷന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ (നാറ്റ്‌സാസ്) എമ്മി പുരസ്‌കാരത്തിന് സുകന്യയെ അര്‍ഹയാക്കിയത്. പിന്നീട് രണ്ടുവട്ടം കൂടി സുകന്യ എമ്മി അവാര്‍ഡിന് അര്‍ഹയായി. ഏറ്റവും മികച്ച വാര്‍ത്താ അവതാരകയ്ക്കുള്ള അവാര്‍ഡ് 2005-ലും 2006ലും സുകന്യ കരസ്ഥമാക്കി.

ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകളുടേതുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്കും സുകന്യ അര്‍ഹയായിട്ടുണ്ട്. ന്യുയോര്‍ക്ക് നഗരത്തിലെ, കംട്രോളര്‍ ഓഫീസിന്റെ (Office of the Comptroller) മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകയ്ക്കുള്ള അംഗീകാരം നേടിയിട്ടുള്ള സുകന്യയ്ക്ക് ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ അവേര്‍നെസ് കമ്മിറ്റിയുടെ ഫ്ര ക്രിയേറ്റിങ് എ വോയ്‌സ്‌യ്ത്ത അവാര്‍ഡും ലഭിച്ചു. 2001-ലെ ഭീകരാക്രമണത്തിന്റെ അനന്തര വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പുലര്‍ത്തിയ മികവിനായിരുന്നു സുകന്യയെത്തേടി കംട്രോളറുടെ അംഗീകാരമെത്തിയത്. അമേരിക്കയിലെ തമിഴ് വംശജരുടെ കൂട്ടായ്മയായ ഫെറ്റ്‌നയും സുകന്യയെ ആദരിച്ചു. ന്യുയോര്‍ക്ക് മൂവ്‌സ് മാസിക 2007-ല്‍ ഏറ്റവും ശക്തയായ വനിതകളിലൊരാളായും സുകന്യയെ തിരഞ്ഞെടുത്തു. തമിഴ്, സ്​പാനിഷ് ഭാഷകളും കൈകാര്യം ചെയ്യുന്ന സുകന്യ, ഭര്‍ത്താവ് എറിക്

ഷ്‌റോഡറിനൊപ്പം സ്റ്റേറ്റന്‍ ഐലന്‍ഡിലാണ് താമസം. ഇവര്‍ക്കൊരു കുട്ടിയുണ്ട്.

rgirishkumar@gmail.com
(20%) (2 Votes)

 

 

Other News in this Section