LATEST NEWS

Loading...

Custom Search
+ -

ഇംഗ്ലണ്ടിന്റെ മലയാളി പ്രതീക്ഷ

ആര്‍. ഗിരീഷ് കുമാര്‍

Posted on: 30 Jul 2010

 

രണ്ടുവര്‍ഷത്തിനപ്പുറം, ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഒരു മലയാളി മെഡലുയര്‍ത്തുമോ?. കേരളത്തിന് അമിത പ്രതീക്ഷയില്ലെങ്കിലും ഇംഗ്ലണ്ടിന് ആത്മവിശ്വാസമുണ്ട്. രാജീവ് ഔസേഫ് എന്ന ബാഡ്മിന്റണ്‍ താരം അതിനുള്ള തയ്യാറെടുപ്പിലാണ്. ഒളിമ്പിക് മെഡല്‍ എന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയെന്നോണം, ബാഡ്മിന്റണിലെ പ്രശസ്തമായ യു.എസ്.ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം രാജീവ് സ്വന്തമാക്കി.

മലയാളിയായ രാജീവ് ജനിച്ചതും വളര്‍ന്നതും ഇംഗ്ലണ്ടിലാണ്. കുട്ടിക്കാലത്തുതന്നെ ബാഡ്മിന്റണില്‍ ആകൃഷ്ടനായ രാജീവ് ഇന്ന് ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരമാണ്. ലോകറാങ്കിങ്ങില്‍ 21-ാം സ്ഥാനക്കാരനും. ജൂനിയര്‍ തലം മുതല്‍ക്കെ, ഇംഗ്ലണ്ടിന്റെ ദേശീയ ചാമ്പ്യനായിരുന്നു രാജീവ്. 13 വയസ്സുമുതല്‍ 19 വയസ്സുവരെ, എല്ലാ പ്രായവിഭാഗത്തിലും ദേശീയ ചാമ്പ്യനായ രാജീവ്, സീനിയര്‍ തലത്തിലും ആ പതിവ് തെറ്റിച്ചില്ല. 20-ാം വയസ്സില്‍, 2008-ല്‍ ഇംഗ്ലീഷ് ദേശീയ ചാമ്പ്യനായി. 2008 മുതലിങ്ങോട്ട് രാജീവാണ് ദേശീയ ചാമ്പ്യന്‍. 1988 മുതല്‍ 92 വരെ ചാമ്പ്യനായിരുന്ന ഡാരന്‍ ഹാളിനുശേഷം തുടരെ മൂന്ന് കിരീടം നേടുന്ന ആദ്യ ഇംഗ്ലീഷുകാരനുമായി രാജീവ്.

2009-ല്‍ കനേഡിയന്‍ ഓപ്പണ്‍, സ്‌കോട്ടിഷ് ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, ഐറിഷ് ഓപ്പണ്‍ കിരീടങ്ങള്‍ നേടിയതോടെയാണ് രാജീവ് ലോകറാങ്കിങ്ങില്‍ 21-ാം സ്ഥാനത്തെത്തിയത്. യു.എസ്.ഓപ്പണ്‍ കിരീടം നേടിയതോടെ, റാങ്കിങ്ങില്‍ ഇനിയും രാജീവ് മുന്നേറും. 2005-ല്‍ യൂറോപ്യന്‍ ജൂനിയര്‍ ചാമ്പ്യനായതോടെയാണ് രാജീവിന്റെ കരിയറിലെ തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ ആരംഭിക്കുന്നത്. ഇരുപതുവര്‍ഷത്തിനിടെ, യൂറോപ്യന്‍ ജൂനിയര്‍ കിരീടം നേടുന്ന ആദ്യ ഇംഗ്ലീഷുകാരനായിരുന്നു രാജീവ്. ഡാനിഷ് ജൂനിയര്‍ കിരീടവും ജര്‍മന്‍ ജൂനിയര്‍ കിരീടവും രാജീവ് നേടിയിട്ടുണ്ട്.

19-ാം വയസ്സില്‍, തോമസ് കപ്പിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് രാജീവ് തിരഞ്ഞെടുക്കപ്പെട്ടു. സുദിര്‍മാന്‍ കപ്പിലും ഇംഗ്ലണ്ടിനെ പ്രതിനിധാനം ചെയ്തു. ഇക്കൊല്ലമാണ് ഇംഗ്ലണ്ടിന്റെ നമ്പര്‍ വണ്‍ താരമായി മാറിയത്. ഇക്കൊല്ലം മാര്‍ച്ചില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയപ്പോള്‍ ഇംഗ്ലീഷ് ബാഡ്മിന്റണില്‍ പുതിയൊരു ചരിത്രമെഴുതി. 16 വര്‍ഷത്തിനുശേഷമാണ് ഒരിംഗ്ലീഷ് താരം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നത്. ആഗസ്തില്‍ പാരീസില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പാണ് രാജീവിന്റെ അടുത്ത ലക്ഷ്യം. അതിനുശേഷം ലണ്ടന്‍ ഒളിമ്പിക്‌സിനായി തയ്യാറെടുക്കല്‍.

ബാഡ്മിന്റണ്‍ താരമായിരുന്നില്ലെങ്കില്‍, ഒരു പത്രപ്രവര്‍ത്തകനാവുകയായിരുന്നു രാജീവിന്റെ ലക്ഷ്യം. കളിത്തിരക്കുകള്‍ക്കിടയിലും ലോഘ്ബറോ സര്‍വകലാശാലയില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദം സ്വന്തമാക്കി. മത്സരരംഗത്തുനിന്ന് വിരമിച്ചശേഷം, മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിയുകയാണ് ഈ മറുനാടന്‍ മലയാളിയുടെ ലക്ഷ്യം. അവധികിട്ടുമ്പോഴൊക്കെ രാജീവും കുടുംബവും കേരളത്തിലെത്താറുണ്ട്. തന്റെ പ്രിയപ്പെട്ട വെക്കേഷന്‍ കേന്ദ്രമായി രാജീവ് കേരളത്തെയാണ് തിരഞ്ഞെടുക്കുന്നത്.
rgirishkumar@gmail.com

(20%) (2 Votes)

 

 

Other News in this Section