LATEST NEWS

Loading...

Custom Search
+ -

ചില നേരങ്ങളില്‍ ചില മനിതര്‍

ഓര്‍ത്ത് നോക്കുമ്പോള്‍.....5

Posted on: 06 Apr 2008

 

ശരത് കൃഷ്ണ
(rsarathkrishna@gmail.com)



ച്ഛന്റെ ഡയറിയിലാണ് ആ പേരും വിലാസവും ആദ്യം കണ്ടത്. അതിലേയ്ക്ക് നോക്കുമ്പോള്‍ ഒരത്ഭുത തൈലത്തിന്റെ മണം പരക്കുന്നതു പോലെ തോന്നുമായിരുന്നു. കഷണ്ടിക്ക് മരുന്നു കണ്ടിപിടിച്ച ഗോപാലകൃഷ്ണന്‍ നായര്‍ അസൂയയുണ്ടാക്കുന്ന കാഴ്ചയായിരുന്നു അന്ന്.
തലകള്‍ മരുഭൂമിയായവര്‍ക്കു വേണ്ടി ഗള്‍ഫില്‍ നിന്ന് വിഗ്ഗുകള്‍ വരുന്നതിനും വളരെ മുമ്പാണ്. ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്കപ്പുറം. തിരുവനന്തപുരം വഞ്ചിയൂര്‍കാരന്‍ ഗോപാലകൃഷ്ണന്‍ നായര്‍ ഇറക്കിയ ഒരു ചെറിയ കുപ്പിയെ കേരളം ശിരസ്സിലേറ്റി. കഷണ്ടിക്കുള്ള ദിവ്യൗഷധം. അര്‍ഷിക് ഹെര്‍ബല്‍ മെഡിവിന്റെ അനൂപ് ഹെര്‍ബല്‍ ഓയില്‍. ആകെയുള്ള മൂന്നുനാലുനാരുകളെ പതിപ്പിച്ചു നിര്‍ത്താന്‍ ദിവസേന മണിക്കൂറുകളോളം അത്യധ്വാനം ചെയ്യുന്നവരും അതിനു പോലും കഴിയാതെ അമരീഷ്പുരിയെപ്പോലെ കണ്ണാടിപ്രതലമായ തലതടവി നടന്നവരും പിറകില്‍ ചന്ദ്രക്കലയുടെ ആകൃതിയില്‍ കുറുനിരകള്‍ പോലെയുള്ള ചുരുക്കം ചുരുള്‍മുടികളില്‍ സ്വയം സമാധാനിച്ചവരും തലവര മാറിയെന്ന് ആശ്വസിച്ചു.

മുടിയന്മാരാകാനായി തിരുവനന്തപുരത്തുനിന്ന് വണ്ടി കയറിയവരില്‍ കാസര്‍കോട്ടു നിന്നുള്ളവര്‍ വരെയുണ്ടായിരുന്നു. നേരിട്ടുപോകാനാകാത്തവര്‍ കൊല്ലത്തും നാഗര്‍കോവിലിലുമൊക്കെയുള്ള ബന്ധുക്കളുടെ കൈയില്‍ പണമേല്പിച്ചു വിട്ടു.ചില കാലങ്ങളില്‍ ചിലര്‍ ഇങ്ങനെ ഉയര്‍ന്നുവരും. അന്നുവരെ എവിടെയും കേള്‍ക്കാതിരുന്ന ചില പേരുകള്‍. ശൂന്യതയില്‍ നിന്നെന്നോണം അത്ഭുതങ്ങളുടെ ആകാശങ്ങളിലേയ്ക്ക് അവര്‍ ജ്വലിച്ചുയരും. താരങ്ങളാകും. പത്രങ്ങളുടെ തലക്കെട്ടുകളില്‍ എട്ടുകോളത്തില്‍ തലക്കെട്ട് കെട്ടി നില്ക്കും. നാടിന്‍ നാവിന്‍തുമ്പില്‍ സദാ കളിയാടും. ഒരു കാലത്തെ ഈ വാര്‍ത്താപുരുഷന്മാര്‍ ഇന്നും നമുക്കിടയിലെവിടെയോ ഉണ്ട്.

ഇടത്തേ കവിളിനരികെ വലിയ മറുകും ഗൂര്‍ഖയുടെ ഛായയുമുള്ള ഒരു ചെറുപ്പുക്കാരന്‍ രാജപാളയത്തുകാരനായിരുന്നു, തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയിലുള്ള ആണ്ടാര്‍ കോവില്‍ ഗോപുരം സ്ഥിതി ചെയ്യുന്ന ഇടയംകുളം എന്ന കുഗ്രാമത്തിലുള്ളവന്‍. പെട്ടെന്നൊരുനാള്‍ ലോകത്തിനു മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളെപ്പോലെയായി അയാള്‍. എണ്ണയുടെ അക്ഷയഖനി. പച്ചില പെട്രോളിലൂടെ രാമര്‍പിള്ള ഉണ്ടാക്കിയ മൈലേജ് മഹത്തായ കണ്ടുപിടിത്തങ്ങളുടെയത്രയും വലിപ്പമുള്ളതായിരുന്നു. പച്ചില ഉപയോഗിച്ച് വെള്ളം പെട്രോളാക്കുന്ന വിദ്യ രാമര്‍ കണ്ടുപിടിച്ചത് 14 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഇടയംകുളം കോളനിയിലെ ഏക കോണ്‍ക്രീറ്റ് വീടിന്റെ ഭൂഗര്‍ഭ അറയിലെ നാലുമീറ്റര്‍ നീളവും രണ്ടര മീറ്റര്‍ വീതിയിലുമുള്ള രഹസ്യമുറിയില്‍ ഒരു സ്റ്റൗവും ഇരുമ്പുകുഴലുകളുമുപയോഗിച്ച് രാമര്‍ ലോകത്തെ ഞെട്ടിച്ചത് 1992 നവംബര്‍ 20നാണ്. 'തരാശു' എന്ന തമിഴ് വീക്ക്‌ലിയിലെ എഴുത്തുകാരന്‍ പിന്നെ സ്വയം വാര്‍ത്തയായി. കരിമ്പിന്‍ പാടങ്ങളും പരുത്തിച്ചെടികളും വിളഞ്ഞ ഇടയംകുളത്തേയ്ക്ക് ബി.ബി.സി. പോലുമെത്തി. രാമര്‍ പശ്ചിമഘട്ടവും കടന്ന് വളര്‍ന്നു.

പച്ചില പെട്രോളിനു മേല്‍ നിഗൂഢയാത്രകളുടെ ഇരുട്ടുണ്ടായിരുന്നു. അത്ഭുത സസ്യത്തിന്റെ ഇലതേടി തോക്കേന്തിയ വളര്‍ത്തച്ഛന്‍ രാമയ്യക്കൊപ്പം ചെമ്പക്കക്കാട്ടിലൂടെ മേക്ക് തുടര്‍ച്ചിമലയിലേയ്ക്ക് പോകുന്നത് രാത്രിയുടെ രണ്ടാം പകുതിയിലാണെന്നാണ് രാമര്‍ പറഞ്ഞിരുന്നത്. ശാസ്ത്രലോകം ഇതുകേട്ട് തരിച്ചുനിലേ്ക്ക രാമര്‍ രണ്ടു രൂപയ്ക്ക് പെട്രോള്‍ വില്ക്കാന്‍ തുടങ്ങി.വിവാദങ്ങളുടെ തീ പടര്‍ത്തുകയായിരുന്നു രാമറിന്റെ പെട്രോള്‍. പരീക്ഷണങ്ങളില്‍ പരിശുദ്ധി തെളിയിക്കാനാകാതെ വന്നപ്പോള്‍ ഈ തമിഴനുമേല്‍ സംശയത്തിന്റെ പുകപരന്നു. രാമര്‍പിള്ള എണ്ണക്കിണര്‍പോലെ കത്തിയൊടുങ്ങി.

മൂന്നു പേരുകള്‍ ഒന്നിച്ചു ചേര്‍ന്ന ഒരു മന്ത്രിയുണ്ടായിരുന്നു പണ്ട്, നമുക്ക്. കേള്‍ക്കുമ്പോള്‍ ചരിത്രത്തിലെ മാറാത്താ വീരനായകന്മാരെ ഓര്‍മവരും. എകൈ്‌സസ് വകുപ്പ് കൈകാര്യം ചെയ്യാന്‍ തക്ക വീര്യമുള്ള പേര്. എം.ആര്‍.രഘുചന്ദ്രബാല്‍. കോണോടുകോണിലെല്ലാം നേതാക്കള്‍ മുളച്ച കോണ്‍ഗ്രസ്സില്‍ രഘുചന്ദ്രബാലിന്റെ വളര്‍ച്ച കണ്ണുചിമ്മുന്ന നേരം കൊണ്ടായിരുന്നു. പാറശ്ശാലയില്‍ നിന്നുള്ള ഈ എം.എല്‍.എ. 1991ലെ കരുണാകരന്‍ മന്ത്രിസഭയില്‍ പ്രാമാണിത്തം നുരയുന്ന എകൈ്‌സസ് വകുപ്പ് കൈകാര്യം ചെയ്യാന്‍ നിയുക്തനായപ്പോള്‍ കേരളം മുഴുവന്‍ അതിശയിച്ചു. ''യെന്തരിത്, യിതേത് പയല്....''മന്ത്രി വേഷത്തില്‍ രഘുചന്ദ്രബാല്‍ പെട്ടെന്ന് വാര്‍ത്തുകളിലെ നായകനായി. ഖദര്‍ അഴിച്ചു വെച്ച് എകൈ്‌സസ് ഗാര്‍ഡുകളുടെ കാക്കിയിട്ട് കള്ളുവാറ്റുകാരെ തേടി കാടുകയറി. കോടകളുടെ കലങ്ങളുടഞ്ഞു. ചാരാച്ചാലുകള്‍ നീന്തിക്കയറി പഴയ എം.എല്‍.എ. കുഞ്ഞികൃഷ്ണ നാടാരുടെ സഹോദരപുത്രന്‍ മുന്‍പേജുകളില്‍ ചിരിച്ചു നിന്നു. ഇതിനിടെയായിരുന്നു കല്യാണം. മന്ത്രിയായിരിക്കെ വിവാഹിതനായ അപൂര്‍വം ചിലരിലൊരാള്‍ എന്ന ബഹുമതിയുടെ പൂമാലയും രഘുചന്ദ്രബാലിന്റെ കഴുത്തില്‍ വീണു. വിവാദങ്ങളും കുറവല്ലായിരുന്നു. കരുണാകരന്റെ ബിനാമിയെന്നുവരെ പേരുകേട്ടു. ആകപ്പാടെ ജഗപൊഗ. യെന്തൊരു ഓളമായിരുന്നു അത്.
മന്ത്രി സ്ഥാനമൊഴിഞ്ഞതില്‍ പിന്നെ രഘുചന്ദ്രബാല്‍ സ്​പിരിറ്റുപോലെ ആവിയായി. വന്നവേഗത്തില്‍ മറവിയിലായ ഏക മുന്‍മന്ത്രി ഒരു പക്ഷേ ഇദ്ദേഹം മാത്രമായിരിക്കും.

തുടരും....
(52%) (10 Votes)

 

 

Other News in this Section