വാവ സുരേഷിന്റെ ഭൂതം
മുരളി തുമ്മാരുകുടി
Posted on: 07 Sep 2015

മതവിശ്വാസി അല്ലാത്തതിനാല്‍ സ്വര്‍ഗ്ഗനരകങ്ങളില്‍ എനിക്ക് വിശ്വാസമില്ല. ത്രികാലജ്ഞാനിയായ ദൈവം എന്നെ ഭൂമിയിലേക്ക് ഇറക്കിവിട്ടിട്ട് ഞാന്‍ എന്തെങ്കിലും കുഴപ്പം കാണിച്ചാല്‍ എണ്ണയില്‍ ഇട്ടു പൊരിക്കും എന്നൊക്കെ പറയുന്നത് കരുണാമയനായ ദൈവത്തെ അപമാനിക്കുന്നതിന് തുല്യമാണ്.
പക്ഷെ, ശാസ്ത്രവിശ്വാസി ആയതിനാല്‍ മരണാനന്തരം എന്തു സംഭവിക്കുന്നു എന്ന ചോദ്യത്തില്‍ എനിക്ക് താല്പര്യം ഉണ്ട്. തല്‍ക്കാലത്തെ അറിവനുസരിച്ച് ചത്താല്‍ എല്ലാം തീര്‍ന്നു എന്നാണെങ്കിലും, അങ്ങനെ അല്ലാതെ എന്തെങ്കിലും ആവാനുള്ള സാധ്യത ഞാന്‍ നൂറു ശതമാനവും തള്ളിക്കളഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ, ഞാന്‍ എന്നെക്കാളും പത്തു വയസ് കൂടുതലും കുറവും ഉള്ള രണ്ട് സുഹൃത്തുക്കളുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആരാണ് ആദ്യം മരിക്കുന്നത് എന്നുവച്ചാല്‍ അവര്‍ മരണശേഷം ഒരു ജീവിതം ഉണ്ടെങ്കില്‍ ഏതെങ്കിലും വിധത്തില്‍ ഒരു സിഗ്‌നല്‍ തരും. 'ഇന്റര്‍സ്റ്റെല്ലറി'ലെപ്പോലെ ലൈബ്രറിയിലെ പുസ്തകത്തിനിടക്ക് ഒരു തുണ്ട് വച്ചാലും മതി!
അല്‍പ്പം അന്ധവിശ്വാസി ആകാന്‍ തയ്യാറുണ്ടെങ്കില്‍ മരണാനന്തരജീവിതത്തെക്കുറിച്ച് അറിയാന്‍ ആത്മാര്‍ഥ സുഹൃത്ത് മരിച്ചുപോകേണ്ട കാര്യമൊന്നുമില്ല. ജ്യോതിഷം തുടങ്ങിയുള്ള അന്ധവിശ്വാസങ്ങള്‍ അധികം ഇല്ലാത്ത യൂറോപ്പില്‍ മരിച്ചവരുമായി നമുക്ക് സംസാരിക്കാന്‍ അവസരം ഒരുക്കുന്നവരുടെ വലിയ സംഘം ഉണ്ട്. ബുധനാഴ്ച പേപ്പറില്‍ ഒരു പേജ് മുഴുവന്‍ ഇത്തരം 'മീഡിയ'ങ്ങളുടെ പരസ്യം ആണ്. ആഫ്രിക്കന്‍ തൊട്ട് സൗത്ത് അമേരിക്കന്‍ വരെയുള്ളവര്‍ക്ക് പ്രത്യേകം പ്രത്യേകം മീഡിയം ഉണ്ട്. ജനീവയിലെ ലൈംഗികത്തൊഴിലാളികളുടെ പരസ്യത്തിലും കൂടുതല്‍ വരുമിത്. കഴിഞ്ഞ പത്തു വര്‍ഷമായി ഞാന്‍ ഇതു കാണുന്നതിനാല്‍ സംഭവത്തിന് ന്യായമായ ഡിമാന്റ് ഉണ്ടെന്നു കരുതണമല്ലോ.

വാസ്തവത്തില്‍ മരിച്ച ആളുകളുടെ ആത്മാക്കളുമായോ പ്രേതങ്ങളുമായോ സംസാരിക്കുന്നതിനെപ്പറ്റിയല്ല ഇന്നു ഞാന്‍ എഴുതാന്‍ തുടങ്ങിയത്. മറ്റുള്ളവര്‍ക്കുവേണ്ടി എഴുതുന്ന, ഇംഗ്ലീഷില്‍ 'ഗോസ്റ്റ് റൈറ്റിംഗ്' എന്നു പറയുന്ന എഴുത്തുശാഖയെപ്പറ്റിയാണ്. ലോകത്ത് മറ്റു പല സ്ഥലങ്ങളിലും സര്‍വസാധാരണവും, അംഗീകരിക്കപ്പെട്ടതും ആണെങ്കിലും മലയാളികള്‍ ഇപ്പോഴും ഇതിനെ 'ലാലിസം' പോലത്തെ ഒരു തട്ടിപ്പായിട്ടാണ് കരുതുന്നത്. മറ്റൊരാള്‍ എഴുതിക്കൊടുക്കുന്ന പ്രസംഗം വായിക്കുന്നതുപോകട്ടെ, പ്രസംഗിക്കാനുള്ള പ്രധാന പോയന്റ്‌സ് ഒരു പേപ്പറില്‍ എഴുതിവച്ചതിന് പോലും രാഹുല്‍ജിയെ ജനം കളിയാക്കിയെന്നോര്‍ക്കുക.
ഗോസ്റ്റ് റൈറ്റിംഗ് അല്ലെങ്കില്‍ കൂലിയെഴുത്ത് പല തരത്തിലുണ്ട്. ബരാക്ക് ഒബാമ മുതല്‍ എം.ടി. രണ്ടാമന്‍ വരെ ഇതിന്റെ ഉപഭോക്താക്കളും പ്രയോക്താക്കളും ആണ്. ഏറ്റവും ലളിതമായത് പ്രധാനമന്ത്രിമാര്‍ക്കോ ഉയര്‍ന്ന യുഎന്‍ ഉദ്യോഗസ്ഥര്‍ക്കോ ഒക്കെ പ്രസംഗം തയ്യാറാക്കുന്നതാണ്. ലോകത്തുള്ള കാക്കത്തൊള്ളായിരം വിഷയങ്ങളിലൊക്കെ പലപ്പോഴും ഇവര്‍ക്ക് സംസാരിക്കേണ്ടിവരും. പക്ഷെ, സംസാരിക്കുന്ന എല്ലാ വിഷയത്തിലും ഇവര്‍ക്ക് ആധികാരികമായ അറിവുണ്ടാവുക സ്വാഭാവികമല്ല. അപ്പോള്‍ ആ വിഷയത്തില്‍ ആധികാരികമായ അറിവുള്ളവരെക്കൊണ്ട് പ്രധാന പോയന്റുകള്‍ എഴുതി വാങ്ങുകയോ, എന്തിന് പ്രസംഗംതന്നെ എഴുതിക്കുകയോ ചെയ്യുന്നത് സര്‍വസാധാരണമാണ്. മാസത്തില്‍ ഒരിക്കലെങ്കിലും ഞാന്‍ ഈ കൂലിപ്പണി ചെയ്യാറുണ്ട്. ഒബാമക്ക് ഒക്കെ ആകുമ്പോള്‍ പ്രസംഗം ഉണ്ടാക്കാന്‍വേണ്ടി ചെറിയ ഒരു സംഘംതന്നെ കാണും. ഇതില്‍ ഒളിക്കേണ്ടതായി ഒന്നുമില്ല.
രണ്ടാമത്തെ കൂലി എഴുത്ത് ആത്മകഥയോ അനുഭവകഥയോ ഒക്കെ എഴുതുന്നതാണ്. ആളുകള്‍ക്ക് താല്പര്യമുള്ള ജീവിതമുള്ളവര്‍, ഉദാഹരണത്തിന് സച്ചിന്‍ ടെണ്ടുല്‍ക്കറോ സരിതാ നായരോ പോലെയുള്ളവര്‍ എഴുതാന്‍ കഴിവുള്ളവക്കൂടി ആയിക്കൊള്ളണമെന്നില്ല. അപ്പോള്‍ അവരോട് സംസാരിച്ച് അവരുടെകൂടെ സമ്മതത്തോടെ അവരുടെ പേരില്‍ പുസ്തകങ്ങള്‍ ഇറക്കുന്നത് സാധാരണമാണ്. ഇതിലെ ആശയങ്ങള്‍ കൂലി എഴുത്തുകാരന്റെ അല്ലാത്തതിനാല്‍ വലിയ ഒരു കളവാണെന്ന് പറയാന്‍ പറ്റില്ല (സച്ചിന്റെ പുസ്തകം ഭൂതം എഴുതിയതാണെന്നോ സരിതാ നായര്‍ക്ക് എഴുതാന്‍ അറിയില്ലെന്നോ ഞാന്‍ അര്‍ഥമാക്കുന്നില്ല, ഉദാഹരണം പറഞ്ഞു എന്നേ ഉള്ളൂ).
മൂന്നാമത്തെ പ്രേതകഥ അല്‍പ്പം കടന്ന കയ്യാണ്. ഇവിടെ കയ്യില്‍ കാശോ അധികാരമോ ഉള്ള ഒരാള്‍ പ്രതിഭയുള്ള മറ്റൊരാളെക്കൊണ്ട് കഥയും സാഹിത്യവും ലേഖനവും ഒക്കെ എഴുതിക്കുന്നു. എന്നിട്ട് അവരുടെ പേരില്‍ പ്രസിദ്ധീകരിച്ച് പേരും പെരുമയും നേടുന്നു. ഒറിജിനല്‍ എഴുത്തുകാരന് കൂലി മാത്രം കിട്ടുന്നു, ഇതു വേണമെങ്കില്‍ ശരിയല്ല എന്നു പറയാം. പക്ഷെ, ഇതും അപൂര്‍വം അല്ല. ചില ബുക്ക് പ്രസിദ്ധീകരണക്കാര്‍ക്ക് കൂലി എഴുത്തുക്കാരുടെ ഫാക്ടറി തന്നെ ഉണ്ടത്രേ. കമ്പോളത്തിലെ ഡിമാണ്ട് അനുസരിച്ച് പ്രേമവും സെക്‌സും എല്ലാം കൂട്ടിക്കുഴച്ച് അവര്‍ നോവല്‍ പടുത്തുവിടും. ഞാന്‍ ഉള്‍പ്പടെയുള്ള എന്‍ജിനീയര്‍മാരുടെ തലമുറയെ പരീക്ഷണങ്ങളില്‍ വിജയിപ്പിച്ച സുപ്രസിദ്ധ എഴുത്തുകാരന്‍ ആര്‍.എസ്.ഖുര്‍മി (ഇദ്ദേഹം എഴുതാത്ത വിഷയം ഇല്ല), ഒരു പ്രേതം ആയിരുന്നോ ഫാക്ടറി ആയിരുന്നോ എന്നൊക്കെ ഞങ്ങള്‍ പണ്ട് ചര്‍ച്ച ചെയ്തിട്ടുണ്ട്.
എന്റെ എഴുത്ത് ആരംഭിച്ചത് ഇത്തരം ഒരു കൂലി എഴുത്തിലൂടെയാണ്. നേര്യമംഗലത്തെ ഒരു ചിട്ടിക്കമ്പനി മാനേജര്‍ക്ക് വടക്കേ ഇന്ത്യയിലെ കോണ്‍വെന്റില്‍ പഠിക്കുന്ന ഒരു മലയാളി പെണ്‍കുട്ടിയോട് ഒരു പ്രേമം. ആ കുട്ടിക്ക് ഇംഗ്ലീഷേ അറിയൂ, അതും പ്രേമം വഴിഞ്ഞൊഴുകുന്ന ഭാഷ. കമ്പനി മാനേജര്‍ക്ക് പ്രേമമുണ്ടെങ്കിലും ഭാഷയില്ല. അവിടെ ഭൂതത്താനായി ഞാന്‍ എത്തുന്നു. ആഴ്ചയില്‍ ഒന്നുവീതം പ്രേമലേഖനം തയ്യാറാക്കിക്കൊടുക്കുന്നു, മാതാ ബാറില്‍ പോയി ബിരിയാണി കൂലിയായി കഴിക്കുന്നു.
പ്രേമലേഖനം ആയി തുടങ്ങിയ കൂലി എഴുത്ത് മാനേജര്‍മാരുടെ പ്രസംഗമായി, മന്ത്രിമാരുടെ ഇന്റര്‍വ്യൂ ആയി, ലേഖനങ്ങള്‍ ഒക്കെ ആയി ഞാന്‍ ഭൂതത്താന്‍ പണി ഏറെ ചെയ്തിട്ടുണ്ട്. ബിരിയാണിയും കാശും മേടിച്ചിട്ടും ഉണ്ട്. പക്ഷെ, ഇതുകൊണ്ട് ഒരു ബുദ്ധിമുട്ട് ഉണ്ട്. സൂപ്പര്‍സ്റ്റാര്‍ ഉള്‍പ്പടെ ഏതു കൊലകൊമ്പന്റെ എഴുത്തും ഇന്റര്‍വ്യൂവും കണ്ടാലും ഞാന്‍ വിശ്വസിക്കില്ല, കാരണം അതിന്റെ പുറകില്‍ ഒക്കെ എന്നെപ്പോലൊരു ഭൂതം ഉണ്ടായിരിക്കാം എന്നെനിക്കറിയാം.
|
| പല പ്രശസ്തരുടെയും ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് 'ഭൂത'ങ്ങളാണ് |
സോഷ്യല്‍ മീഡിയയുടെ ലോകത്ത് പ്രേതങ്ങള്‍ക്ക് വന്‍ ഡിമാണ്ട് ആണ്. സിനിമാനടന്‍മാര്‍തൊട്ട് രാഷ്ട്രീയക്കാര്‍വരെ ഉള്ളവര്‍ക്ക് ഇപ്പോള്‍ ഫെയ്‌സ്ബുക്ക് പേജും ട്വിറ്ററും ഒക്കെ കൂടിയേ പറ്റൂ, അതാകട്ടെ അപ്പോഴപ്പോള്‍ അപ്‌ഡേറ്റ് ചെയ്യുകയും വേണം, കാച്ചിക്കുറുക്കിയത് പോലെയും ഉരുളക്കുപ്പേരി പോലെയും ഒക്കെ ട്വീറ്റ് ഉണ്ടാക്കാന്‍ ഈ വി ഐ പി കള്‍ക്ക് സമയമോ കഴിവോ ഉണ്ടാവാറില്ല. ഇവിടെയാണ് ഭൂതം അവതരിപ്പിക്കുന്നത്. സെലിബ്രിറ്റിയുടെ സോഷ്യല്‍ മീഡിയ ഇവരായിരിക്കും മൊത്തമായി കൈകാര്യം ചെയ്യുന്നത് സെല്‍ഫി ഇടുന്നതൊഴിച്ചാല്‍ ഇവരുടെ വാളിലും ഹാന്‍ഡിലിലും വരുന്ന സകല കസര്‍ത്തുകളും ഭൂതത്തിന്റെ വകയായിരിക്കും. ഇതൊക്കെ സൂപ്പര്‍ താരത്തിന്റേയോ ജനപ്രിയ നേതാവിന്റേയോ എന്നു കരുതി ചാനലുകളും പത്രങ്ങളും കൊട്ടിഘോഷിക്കും. ദിവസക്കൂലിക്കാണ് ഇപ്പണിയെന്ന് അവരില്‍ ചിലര്‍ക്കെങ്കിലും അറിയാഞ്ഞിട്ടല്ല (കാരണം നല്ല പത്രപ്രവര്‍ത്തകര്‍ ആണ് പലപ്പോഴും ഭൂതമായി മാറുന്നത്). ആ ഭൂതത്തിന്റെ ചിന്തകളെ ആണ് നമ്മള്‍ പലപ്പോഴും വി ഐ പി യുടെ എന്ന് കരുതി ആരാധിക്കുന്നതും ചര്‍ച്ചചെയ്യുന്നതും. ഭൂതത്തിന് ബിരിയാണി കിട്ടിയാല്‍ ഭാഗ്യം.
പേരും പ്രശസ്തിയും കിട്ടിയില്ലെങ്കിലും ഭൂതത്തിന്റെ കാര്യം അത്ര മോശം അല്ല കേട്ടോ. കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെപ്പറ്റി എനിക്ക് ചില അഭിപ്രായങ്ങള്‍ ഉണ്ടെന്നു കരുതുക. അതു ഞാന്‍ എഴുതുകയോ പറയുകയോ ചെയ്താല്‍ അതിനെ അധികം ആളുകള്‍ ശ്രദ്ധിച്ചെന്നു വരികയില്ല. പക്ഷെ അതേ വാക്കുകള്‍ നമ്മുടെ മുഖ്യമന്ത്രിയുടെ ഒരു പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അതിനെ പത്രക്കാരും ഉദ്യോഗസ്ഥരും ഒക്കെ ശ്രദ്ധിക്കും. നാം ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ചിലപ്പോള്‍ വരികയും ചെയ്യും. നമ്മള്‍ ഭൂതമായിരുന്നാലെന്താ കാര്യം നടക്കുമല്ലോ.
|
|
വാവ സുരേഷ് |
എനിക്ക് വാസ്തവത്തില്‍ കേരളത്തില്‍ ഒരാളുടെ ഭൂതമായി മാറണം എന്ന് ആഗ്രഹമുണ്ട്. അത് മറ്റാരുടേയുമല്ല, ഞാന്‍പലപ്പോഴും കുറ്റപ്പെടുത്താറുള്ള വാവ സുരേഷിന്റെ ആണ്. ഇതിന്റെ കാരണം ലളിതമാണ്. കേരളത്തിലെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകരുടേയും സംഘടനകളുടേയും മൊത്തം ഫോളോവേഴ്‌സിലും പലമടങ്ങാണ് വാവ സുരേഷിന്റേത്. അപ്പോള്‍ തോമസ് ഐസക്കിന്റേയോ, കളക്ടര്‍ ബ്രോയുടേയോ, ഹരീഷ് വാസുദേവന്റേയോ ഒക്കെ ഹാന്‍ഡിലില്‍ നിന്നും സന്ദേശം അയക്കുന്നതിലും കൂടുതല്‍ ആളുകള്‍ വായിക്കാന്‍ പോകുന്നത് വാവ സുരേഷിന്റെ ഹാന്‍ഡില്‍ വഴി അത് പ്രചരിപ്പിക്കുമ്പോഴാണ്. പ്രകൃതിസംരക്ഷണത്തെപ്പറ്റി ഇപ്പോള്‍ കേരളത്തില്‍ പ്രചാരണം നടത്താന്‍ ഇത്രയും പറ്റിയ ഒരു ഹാന്‍ഡില്‍ വേറെ ഇല്ല. അതുകൊണ്ടുതന്നെ ബിരിയാണി കിട്ടിയില്ലെങ്കിലും വാവ സുരേഷിന്റെ ഭൂതലേഖകന്‍ ആകാന്‍ ഞാന്‍ റെഡി.
(56%) (5 Votes)
Explore Mathrubhumi
Other News in this Section





