LATEST NEWS

Loading...

Custom Search
+ -

മാവേലിനാട്ടിലേക്കുള്ള ദൂരം

മുരളി തുമ്മാരുകുടി

Posted on: 24 Aug 2015

 

ഈ നൂറ്റാണ്ടിന്റെ പ്രശ്‌നങ്ങള്‍ക്ക് പത്തൊമ്പതാം നൂറ്റാണ്ടിന്റെ പരിഹാരങ്ങളുമായി വട്ടംചുറ്റുകയാണ് നമ്മുടെ നേതൃത്വവും ബുദ്ധിജീവികളും. അതിനിടെ നമുക്കെങ്ങനെ മാവേലി നാട്ടിലെത്താന്‍ കഴിയും


ഫോട്ടോ: സി.ബിജു


സ്വിറ്റ്‌സര്‍ലന്‍ഡ് കാണാന്‍ വരുന്നവരെ ഞാന്‍ നിര്‍ബന്ധമായും കാണിക്കാന്‍ കൊണ്ടുപോകുന്ന ഒരു സ്ഥലമുണ്ട്. ഒരു പച്ചക്കറിക്കട. ജനീവയില്‍നിന്ന് മുപ്പതു കിലോമീറ്റര്‍ അകലെ ഒരു ഗ്രാമത്തിലാണ്. ഒരു കൃഷിത്തോട്ടത്തിന്റെ ഭാഗമാണ്. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, പഴങ്ങള്‍, പഴച്ചാറുകള്‍, പച്ചക്കറികള്‍-എല്ലാം സീസണനുസരിച്ച് അടുക്കിവച്ചിട്ടുണ്ട്. ഒരു ത്രാസുമുണ്ട്. വിലയും എഴുതിവച്ചിരിക്കും.

ഇത്രയുമൊക്കെ എല്ലാ കടകളിലും ഉണ്ടല്ലോ. പക്ഷെ, ഇവിടുത്തെ പ്രത്യേകത വൈകിട്ട് ആറുമണി കഴിഞ്ഞാലും അവധി ദിവസങ്ങളിലും ഇവിടെ കടക്കാരന്‍ ഇല്ല എന്നതാണ്. ആവശ്യക്കാര്‍ സ്വയം തൂക്കി സാധനങ്ങള്‍ എടുക്കണം. വില ഒരു കുടുക്കപ്പെട്ടിയില്‍ നിക്ഷേപിക്കുന്നു, പോകുന്നു. പത്തു വര്‍ഷമായി ഇത് ഞാന്‍ കാണുന്നതുകൊണ്ട് ഇവിടെ തട്ടിപ്പുകാരും 'മൊത്തം കള്ളന്‍'മാരും ഏറെയില്ല എന്നു കരുതാമല്ലോ.

ഇതൊരു പച്ചക്കറിക്കടയിലെ മാത്രം കാര്യമല്ല. ആപ്പിളും മുന്തിരിയും വിളവെടുക്കുന്ന കാലത്ത് അത് സ്വയം പറിച്ചെടുത്ത് തൂക്കി പൈസ പാത്രത്തിലിട്ടു പോകുന്നതും, റോഡരികിലെ പൂവളര്‍ത്തല്‍ കേന്ദ്രത്തില്‍നിന്ന് പൂവിറുത്ത് അതിന്റെ വില പാടത്തിനു നടുക്കുള്ള ഒരു പൈപ്പ്‌പോലുള്ള ഭണ്ഡാരത്തില്‍ ഇട്ടിട്ടു പോകുന്നതും ഒക്കെ സര്‍വസാധാരണമാണ്.

'കള്ളവും ഇല്ല, ചതിയും ഇല്ല' എന്നു പറഞ്ഞു കേട്ട മാവേലിനാട് ഇവിടെ അടുത്ത് വല്ലതും ആണോ എന്ന് ഞാന്‍ ചിലപ്പോള്‍ ആലോചിക്കാറുണ്ട്. എം.സി.റോഡില്‍ വാഴക്കുളത്തുകൂടി കടന്നുപോകുമ്പോള്‍, അവിടുത്തെ പൈനാപ്പിള്‍ കൂമ്പാരം കാണുമ്പോള്‍, അവിടെ കച്ചവടത്തിന് ആളെ വക്കാതെ ഒരു പെട്ടിമാത്രം വച്ച് ഒരു പൈനാപ്പിളിന് വില ഇരുപതോ മുപ്പതോ രൂപ എന്നെഴുതി ഒരു ബോര്‍ഡ് വച്ചാല്‍ ആ വ്യാപാരം എത്രനാള്‍ നടത്താന്‍ പറ്റുമെന്ന് ഒരു 'സോഷ്യല്‍ എക്‌സ്‌പെരിമെന്റ്' നടത്താന്‍ എനിക്ക് താല്പര്യമുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്നും മാവേലിനാട്ടിലേക്ക് എത്ര ദൂരമുണ്ടെന്ന് കണ്ടുപിടിക്കാമല്ലോ. ഒരു മുറി തേങ്ങ പോയാലും പട്ടിയുടെ സ്വഭാവം കണ്ടു പിടിക്കാമല്ലോ!

സമൂഹത്തിലെ ദൈനംദിന കൊടുക്കല്‍വാങ്ങലുകളില്‍ തട്ടിപ്പുകള്‍ കുറയുമ്പോള്‍ രാത്രിയും പച്ചക്കറി വാങ്ങാം എന്നതല്ല പ്രധാന ഗുണം. സമൂഹത്തില്‍ എല്ലാവര്‍ക്കും ലാഭമുണ്ട് എന്നതാണ്. ഉദാഹരണത്തിന് ജനീവയിലെ ബസ്സുകളില്‍ കണ്ടക്ടര്‍ ഇല്ല. കേറുന്നവര്‍ക്ക് ടിക്കറ്റുണ്ടോ എന്ന് ഡ്രൈവര്‍ പരിശോധിക്കുന്നില്ല. ടിക്കറ്റ് വാങ്ങാനുള്ള യന്ത്രം ഓരോ ബസ്‌സ്റ്റോപ്പിലും വച്ചിട്ടുണ്ട്. അത് വാങ്ങേണ്ടത് യാത്രക്കാരുടെ ഉത്തരവാദിത്തമാണ്. വല്ലപ്പോഴുമൊക്കെ ഒരു സ്‌ക്വാഡ് വരും. ടിക്കറ്റില്ലാതെ പിടിച്ചാല്‍ നൂറു ഫ്രാങ്ക് പിഴയടക്കണം. മറ്റു യാത്രക്കാരുടെ ക്രൂരമായ നോട്ടവും സഹിക്കണം. ആയിരത്തോളം ബസ്സുകളും ട്രാമും ബോട്ടും ഒക്കെയുള്ള ജനീവ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അപ്പോള്‍ ചുരുങ്ങിയത് ആയിരം കണ്ടക്ടര്‍മാരുടെ ചെലവാണ് ലാഭിക്കുന്നത്. പകരം പത്തോ ഇരുപതോ ഇന്‍സ്‌പെക്ടര്‍മാര്‍. ഈ ലാഭം അത്യന്തികമായി യാത്രക്കാര്‍ക്കുതന്നെയല്ലേ കിട്ടുന്നത്? കള്ളവും ചതിയുമില്ലാത്ത മാവേലി നാട്ടില്‍ ജീവിക്കുന്നതിനെപറ്റി കാലാകാലമായി നാം പാടുന്നത് ചുമ്മാതല്ല.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ആളില്ലാ വില്‍പ്പനസ്ഥലം
ഇതൊക്കെ പറഞ്ഞതുകൊണ്ട് കേരളം മാവേലിനാട്ടില്‍നിന്നും ഏറെ ദൂരെയാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു എന്നു കരുതരുത്. ഏതാണ്ട് മുപ്പതു വര്‍ഷമായി ഞാന്‍ കേരളത്തില്‍നിന്നും പോയിട്ട്. ഇന്ത്യയില്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും ഗുജറാത്ത് മുതല്‍ ആസ്സാം വരെയും ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍, നമ്മുടെ മനസ്സിലുള്ള മാവേലി നാടിനോട് ഏറ്റവും അടുത്തിരിക്കുന്നത് കേരളം ആണെന്നതില്‍ ഒരു സംശയവും വേണ്ട. കല്‍ക്കരി കുംഭകോണത്തിന്റെ കോടിയും ബാര്‍ കോഴ ആരോപണത്തിന്റെ കോടിയും വച്ചുനോക്കിയാല്‍തന്നെ അറിയാം കള്ളത്തിന്റേയും ചതിയുടേയും സ്‌കെയിലില്‍ നാം എത്ര താഴെയാണെന്ന്. നമ്മുടെ മുഖ്യമന്ത്രി സഞ്ചരിക്കുന്നതും നമ്മുടെ അയല്‍ നാട്ടിലെ മുഖ്യമന്ത്രി സഞ്ചരിക്കുന്നതും തമ്മിലുള്ള മാറ്റം നോക്കിയാല്‍ അറിയാം മാനുഷര്‍ എല്ലാരും ഒന്നുപോലെ ആവാന്‍ നമുക്ക് എത്ര ദൂരം കുറവാണെന്ന്. ഇന്ത്യയിലെ ശരാശരി ഗ്രാമത്തില്‍, കേരളത്തിലെ കുഗ്രാമമായ വെങ്ങോലയില്‍ ഉള്ള അത്ര സംവിധാനങ്ങള്‍ (ആശുപത്രി, സ്‌കൂള്‍, വിദ്യുച്ഛക്തി, വെള്ളം, ബാങ്ക്, അമ്പലം, പള്ളി, മോസ്‌ക്) എന്നിവ അടുത്ത പത്തു വര്‍ഷത്തിലെങ്കിലും എത്തിച്ചാല്‍ ലോകത്തിലെ ഏറ്റവും വലിയ വളര്‍ച്ച ആയിരിക്കും അത്. നമുക്ക് ഇതെല്ലാം ഉള്ളതിനാല്‍ ഇതിന്റെ വില നാം അറിയുന്നില്ലെന്നു മാത്രം.

പക്ഷെ, ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായിട്ടല്ല നാം കേരളത്തെ താരതമ്യം ചെയ്യേണ്ടത്. വിദേശപണത്തിന്റെ ഒഴുക്കിന്റെ ബലത്തില്‍ നാമിപ്പോള്‍ ശരാശരി ഇന്ത്യയില്‍നിന്നും ഏറെ മുന്നേറിയിരിക്കുന്നു. നമ്മുടെ സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പലതും വികസിതരാജ്യങ്ങളുടെ പ്രശ്‌നംതന്നെയാണ്. മറ്റു രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം, വിദ്യാഭ്യാസം കഴിഞ്ഞിട്ടും സ്ഥിരംതൊഴില്‍ കിട്ടാനുള്ള ബുദ്ധിമുട്ട്, റിട്ടയര്‍ചെയ്തിട്ടും ഏറെക്കാലം ആളുകള്‍ ജീവിക്കുന്നത്, ജനസംഖ്യാ വളര്‍ച്ചാനിരക്ക് കുറഞ്ഞുവരുന്നത്, നഗരത്തില്‍ ആളുകള്‍ കൂടുന്നത്, ഗ്രാമത്തില്‍ ആളുകള്‍ കുറയുന്നത്. പച്ചക്കറികളില്‍ വിഷാംശം കൂടുന്നു, കൃഷി ചെയ്യാന്‍ ആളോ താല്പര്യമോ ഇല്ലാതെ കൃഷിസ്ഥലങ്ങള്‍ തരിശാവുന്നു. ഫ്രാന്‍സ് തൊട്ട് ജപ്പാന്‍ വരെയുള്ള വികസിതരാജ്യങ്ങളും ഇതേ പ്രശ്‌നങ്ങള്‍ തന്നെയാണ് നേരിടുന്നത്.

പക്ഷെ, അവര്‍ക്കില്ലാത്ത ഒരു കുഴപ്പം നമുക്കുണ്ട്. അവരതിനെ കാണുന്നത് ഒരു വികസിതരാജ്യ കാഴ്ചപ്പാടിലൂടെയാണ്. അവര്‍ ഒരു കാലത്ത് മുകളില്‍ ആയിരുന്നതുകൊണ്ട് ലോകസമ്പദ്‌വ്യവസ്ഥയില്‍ നഷ്ടപ്പെടുന്ന 'കമ്പാരിറ്റീസ് അഡ്‌വാന്റേജ്' എങ്ങനെ തിരിച്ചുപിടിക്കാം, എങ്ങനെ തിരിച്ചു മുകളിലെത്താം എന്നാണ് അവര്‍ ചിന്തിക്കുന്നതും അതിനാണ് ശ്രമിക്കുന്നതും.

നമ്മള്‍ പക്ഷെ, ഇതിനെ കാണുന്നത് ഇപ്പോഴും പഴയ ഒരു പരിപ്രേക്ഷ്യത്തിലൂടെയാണ് (നിങ്ങള്‍ക്കറിയാമല്ലോ, ഞാന്‍ സാധാരണ ഇതുപോലുള്ള ബുദ്ധിജീവി വാക്കുകള്‍ ഉപയോഗിക്കാറില്ല. പക്ഷെ ജൂറി ഭാഷ വായിച്ച് എനിക്കും ഇളക്കം തട്ടി). സ്വയംപര്യാപ്തതക്ക് കേരളത്തില്‍തന്നെ നെല്‍കൃഷി നടത്തുക, എല്ലാവര്‍ക്കും ഭവനമുണ്ടാക്കാന്‍ ഭൂമി കണ്ടുപിടിക്കുക, എല്ലാവര്‍ക്കും തൊഴില്‍ നല്കാന്‍ പെന്‍ഷന്‍പ്രായം കൂട്ടാതിരിക്കുക എന്നിങ്ങനെ ഈ നൂറ്റാണ്ടിന്റെ പ്രശ്‌നങ്ങള്‍ക്ക് പത്തൊമ്പതാം നൂറ്റാണ്ടിന്റെ പരിഹാരങ്ങളുമായി വട്ടംചുറ്റുകയാണ് നമ്മുടെ നേതൃത്വവും ബുദ്ധിജീവികളും. ഇതിനിടക്ക് നമ്മുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന ഇവിടുത്തെ പരിസ്ഥിതി, സാമൂഹ്യ മാറ്റങ്ങളോ, നമ്മെ ബാധിക്കുന്ന ലോകത്ത് മറ്റു സ്ഥലങ്ങളില്‍ നടക്കുന്ന സാമ്പത്തിക രാഷ്ട്രീയമാറ്റങ്ങളോ നാം ശ്രദ്ധിക്കുന്നതേയില്ല. മാവേലി നാട്ടിന് ഏറെ അടുത്തെത്തിയ നാം തിരിഞ്ഞു നടക്കാന്‍ തയ്യാറെടുക്കുകയാണോ?

സ്വയം സര്‍വീസ് നടത്തേണ്ട സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒരു കൃഷിയിടം


വര്‍ധിച്ചുവന്ന സമ്പത്തിന്റേയും ജനാധിപത്യവല്‍ക്കരണത്തിന്റേയും മറ്റൊരു വന്‍ പ്രത്യാഘാതവും വികസിതരാജ്യങ്ങളെ പോലെ നമ്മെയും കാത്തിരിക്കുന്നുണ്ട്. പണ്ട് അധികാരത്തിലേക്ക് അടുപ്പമില്ലാതിരുന്ന സമൂഹത്തിലെ ഏറെ ആളുകള്‍ക്ക് ഇപ്പോള്‍ അതുണ്ട്. അതു തരുന്ന തുല്യാവസരങ്ങളുണ്ട്. പക്ഷെ, ഇതൊക്കെ തന്നത് ജനാധിപത്യം ആണെന്ന് അവര്‍ മറക്കുകയും ചെയ്യുന്നു. പുതിയ തലമുറക്ക് പഴയ പ്രസ്ഥാനങ്ങളോടോ എന്തിന് ജനാധിപത്യ സംവിധാനത്തോടുപോലും മമതയുമില്ല മതിപ്പുമില്ല. യൂറോപ്പിലെല്ലാം അമ്പത് ശതമാനത്തില്‍ താഴെ ചെറുപ്പക്കാര്‍ ആണ് വോട്ട് ചെയ്യാന്‍ പോകുന്നത്. അരാഷ്ട്രീയമായിരിക്കുന്ന ഇവരുടെ തലച്ചോറ് ദേശീയതക്കും വര്‍ഗ്ഗീയതക്കും വളക്കൂറുള്ള മണ്ണാണ്. ഇതു മുന്‍കൂട്ടി കണ്ട് അവരില്‍ ജനാധിപത്യബോധം വളര്‍ത്തേണ്ടത് ദീര്‍ഘവീക്ഷണമുള്ള സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.

മാവേലി നാട്ടിലേക്ക് നമുക്ക് രണ്ടുവഴികളുണ്ട്. ഒന്ന് ജനാധിപത്യ സംവിധാനങ്ങളിലൂടെ നാം നേടിയ നേട്ടങ്ങള്‍ അതിന്റെ സ്വാഭാവികവഴിയിലൂടെ മുന്നോട്ടു കൊണ്ടുപോകുക. സാമ്പത്തികമായും സാമൂഹ്യമായും കൂടുതല്‍ ഉദാരമായ, സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എല്ലാവരേയും ഒരുമിച്ചു കൊണ്ടുപോകുന്ന ഒരു ഉദാര ജനാധിപത്യ സംവിധാനം. മാവേലി രാജാവിനെ ഒഴിച്ച് നിര്‍ത്തിയാല്‍ മാനുഷര്‍ എല്ലാരും ഒന്നുപോലെ (അതായത് തുല്യ അവസരങ്ങള്‍ ഉള്ളത്) ഉള്ള സ്ഥലം ജനാധിപത്യത്തിന്റെ കീഴില്‍ ആയിരിക്കുമെന്നതില്‍ എനിക്ക് ഒരു സംശയവുമില്ല.

രണ്ടാമത്തെ വഴി ഇപ്പോള്‍ നമ്മള്‍ തെരഞ്ഞെടുത്തിരിക്കുന്നതാണ്. നമ്മുടെ ഇപ്പോഴത്തെ നേട്ടങ്ങളെ നിസാരവല്‍ക്കരിക്കുക, പ്രസ്ഥാനങ്ങളെ തള്ളിപ്പറയുക, വിഗ്രഹങ്ങളെ തച്ചുടക്കുക - അങ്ങനെ അരാഷ്ട്രീയവല്കരിക്കപ്പെട്ടെ ആള്‍ക്കൂട്ടത്തെ അറബ് വസന്തത്തിലൊക്കെ സംഭവിച്ചതുപോലെ സംഘടനാശക്തിയുള്ള മതതീവ്രവാദം ഹൈജാക് ചെയ്യുക. പിന്നെ വരുന്ന ലോകം എത്ര ദുരിതമാണെങ്കിലും മതാധിഷ്ഠിതം ആയതിനാല്‍, ദൈവനിശ്ചയപ്രകാരമുള്ളതും 'മറ്റേ' ലോകത്ത് പ്രതിഫലം കിട്ടുന്നതുമാണെന്നു കരുതി ജീവിക്കുക. ഇത് പുറകോട്ടുള്ള വഴിയാണ്.

മാവേലി നാട്ടിലേക്കുള്ള എന്റെ വഴി മുന്നോട്ടു തന്നെയാണ്.
 
(70%) (8 Votes)

 

 

Other News in this Section