LATEST NEWS

Loading...

Custom Search
+ -

വിഷയം വിഷയമാകുമ്പോള്‍

മുരളി തുമ്മാരുകുടി

Posted on: 17 Aug 2015

 

ലൈംഗികത എന്നത് കുട്ടികളെ പഠിപ്പിക്കാതിരിക്കുമ്പോള്‍, കുടുംബത്തിലും സമൂഹത്തിലും ക്ലാസ്‌റൂമിലും അതിന് തുറന്ന സംഭാഷണത്തിന് അവസരം ഇല്ലാതാകുമ്പോള്‍, അതിനെപറ്റി വായിക്കുന്നതും സംസാരിക്കുന്നതും, കമ്പ്യൂട്ടര്‍ നോക്കുന്നതും ഒക്കെ തെറ്റാണെന്ന് പഠിപ്പിക്കുമ്പോള്‍, ലൈംഗിക കാര്യങ്ങളെപറ്റി അജ്ഞരായ, അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതാല്പര്യങ്ങള്‍ ഉള്ള തലമുറയാണ് സൃഷ്ടിക്കപ്പെടുന്നത്



ആര്‍ത്തവത്തെപ്പറ്റി പഠിപ്പിച്ചത് ശോശാമ്മസാറാണ്. അക്കാലത്ത് ടീച്ചറോ മാഡമോ ഇല്ലല്ലോ, ആണും പെണ്ണും എല്ലാം സാറാണ്. പതിവു പോലെ ടീച്ചറും വെങ്ങൊലക്കാരി തന്നെ, ചെറുപ്പക്കാരിയും.

വിഷയം 'പ്രത്യുല്‍പ്പാദനം' ആണ്. ഞങ്ങള്‍ എട്ടാംക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍, ഏതാണ്ട് നാല്പതോളം പേര്‍. പകുതി പെണ്‍കുട്ടികള്‍, ആകാംഷാഭരിതര്‍ ആണ്. തലച്ചോര്‍, മെഡുല്ല, ഒബ്ലാംകേറ്റ, ചെവി, കണ്ണിന്റെ ഘടന, എല്ലാം കഴിഞ്ഞ് വിഷയം മധ്യഭാഗത്ത് എത്തിയിരിക്കുന്നു. എന്നെപ്പോലെതന്നെ ഭൂരിഭാഗം സഹപാഠികള്‍ക്കും അടുത്തയിടെയായി ഈ ഭാഗത്ത് ചലനങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഈ വിഷയത്തെപ്പറ്റി ഒരു ജ്ഞാനവുമില്ല. പുസ്തകത്തില്‍ പലതും ഉള്ളതിനാല്‍ ഇത്തവണ ടീച്ചര്‍ അതു പഠിപ്പിക്കും എന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. ക്ലാസ്സില്‍ പതിവില്ലാത്ത നിശബ്ദത.

'ആര്‍ത്തവം എന്നാല്‍ സ്ത്രീകളില്‍ പ്രത്യുല്‍പ്പാദനവും ആയി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനം ആണ്. ഓരോ മാസവും പ്രായപൂര്‍ത്തി ആയ സ്ത്രീയുടെ ഗര്‍ഭപാത്രം ഗര്‍ഭധാരണത്തിന് തയ്യാറെടുക്കും. അത് നടക്കാതെ വരുമ്പോള്‍ ഗര്‍ഭപാത്രത്തിനകത്തെ നേര്‍ത്ത ഒരു ആവരണവും കുറേ രക്തവുമായി ശരീരം അതിനെ പുറത്തേക്കു തള്ളുന്നു. ഇതിനെയാണ് ആര്‍ത്തവം എന്നു പറയുന്നത്'-ടീച്ചര്‍ ശ്വാസംവിടാതെ ഒരാളുടെപോലും മുഖത്തുനോക്കാതെ പറഞ്ഞുനിര്‍ത്തി.

പൊതുവെ നല്ല ടീച്ചറാണ് ശോശാമ്മ സാര്‍. പതിവനുസരിച്ച് ആര്‍ക്കെങ്കിലും സംശയമുണ്ടോ എന്ന് സാര്‍ ചോദിക്കേണ്ടതാണ്. ചോദിച്ചില്ല. ചോദിക്കാന്‍ എനിക്ക് ധാരാളം സംശയങ്ങളുണ്ടായിരുന്നു.

'എന്തുകൊണ്ടാണ് എല്ലാ മാസവും ഗര്‍ഭധാരണം നടക്കാത്തത്?'

'എന്തുകൊണ്ടാണ് സ്ത്രീകളുടെ ശരീരം മാത്രം തയ്യാറെടുക്കുന്നത്. പുരുഷനും തയ്യാറെടുപ്പ് വേണ്ടേ?'

'ഒന്നുരണ്ടു മാസം തയ്യാറെടുത്തിട്ടും ഒന്നും നടന്നില്ലെങ്കില്‍ പിന്നെ ശരീരം എല്ലാ മാസവും തയ്യാറെടുക്കുന്നത് എന്തിനാണ്? പരിണാമം അനുസരിച്ച് ആവശ്യമില്ലാത്തത് ഒഴിവായി പോവില്ലേ?'

ഇപ്പോള്‍ ഈ ചോദ്യമൊക്കെ ബാലിശമായി തോന്നാം. പക്ഷെ, അന്നത്തെ ജ്ഞാനംവച്ച് ന്യായമായ സംശയങ്ങളായിരുന്നു അവ. അന്നും ഇന്നും ക്ലാസ് എടുക്കുന്നവരോട് മനസ്സില്‍ വരുന്നത് എന്തും ചോദിക്കുക എന്നത് എന്റെ ശീലമാണ്. ചോദിക്കാത്ത ചോദ്യങ്ങളാണ് മണ്ടന്‍ ചോദ്യങ്ങള്‍ എന്ന തത്വശാസ്ത്രത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. ക്ലാസെടുക്കുമ്പോള്‍ അക്കാര്യം പറയാറുമുണ്ട്.

ഈ പരിണാമചോദ്യത്തിന് ഒരു പ്രത്യേക കാരണമുണ്ട്. ശോശാമ്മ സാര്‍ വരാതിരുന്ന ഒരു ജീവശാസ്ത്രം ക്ലാസില്‍ ഇത്താപ്പിരി സാര്‍ ക്ലാസ്സെടുക്കാന്‍ വന്നു. പരിണാമത്തിന്റെ അടിസ്ഥാനപാഠങ്ങളൊക്കെ പറഞ്ഞു ഞങ്ങളെ രസിപ്പിച്ചു.


'അങ്ങനെ ഓരോ ജീവിക്കും ആവശ്യമുള്ള അവയവങ്ങള്‍ മാത്രമേ ശരീരത്തില്‍ ബാക്കിയുള്ളൂ. ആവശ്യം ഇല്ലാത്തതൊക്കെ പരിണാമത്തിന്റെ ഫലമായി ശോഷിച്ചുപോകും'.

'സാറെ ഈ ആണുങ്ങള്‍ക്കെന്തിനാണ് മുലക്കണ്ണ്' - ഞാന്‍ ചോദിച്ചു. തികച്ചും ന്യായം.

അന്ന് അതിന്റെ ഉത്തരം അറിയാത്തതുകൊണ്ടാണോ അറിയാമായിരുന്നതുകൊണ്ടാണോ, സാറിന് വേഗം ദേഷ്യം വന്നു. എന്നെ മഥിച്ച ആ ചോദ്യത്തിന് ഉത്തരം കിട്ടാന്‍ പതിറ്റാണ്ടുകള്‍ പിന്നെയും വേണ്ടിവന്നു.

'ആരും അധികം ഓവര്‍സ്മാര്‍ട്ടൊന്നും ആകേണ്ട'-സാര്‍ എന്നെ വിരട്ടി. ഞാന്‍ സ്മാര്‍ട്ടാണെന്ന് അറിയാവുന്നതുകൊണ്ടാണ് അടി കിട്ടാതിരുന്നത്.

അന്നും ഇന്നും കേരളത്തിലെ ക്ലാസ്മുറികളില്‍ ടീച്ചറെ കറക്കുന്ന ചോദ്യം ചോദിക്കുന്നവര്‍ക്ക് നേരെയുള്ള കേരളത്തിലെ ക്ലാസ്മുറികളിലെ ബ്രഹ്മാസ്ത്രം ആണിത്. ഞാനിത് ഏറെ കൊണ്ടിട്ടുമുണ്ട്.

പറഞ്ഞുവന്നത് പ്രത്യുല്‍പ്പാദനത്തെപ്പറ്റിയാണ്. ആര്‍ത്തവപാഠം കഴിഞ്ഞു, ചോദ്യോത്തര സമയം ഇല്ല.

ടിച്ചര്‍ രണ്ട് പോസ്റ്ററുകള്‍ കൊണ്ടുവന്നിട്ടുണ്ട്. 'Male Reproductive System', 'Female Reproductive System' എന്നിങ്ങനെ അത് രണ്ടുവശങ്ങളിലും കൊടുത്തു. ഓരോ വശത്തും നാലു ബഞ്ചുണ്ട്. അതില്‍ അഞ്ചു കുട്ടികള്‍ വീതം. അപ്പോള്‍ ശരാശരി ഞങ്ങള്‍ക്ക് അഞ്ചു മിനിറ്റ് പോസ്റ്റര്‍ കിട്ടി. ഇംഗ്ലീഷില്‍ ആണ്. ഞങ്ങള്‍ അതു നോക്കി. ഗര്‍ഭധാരണത്തെപ്പറ്റിയോ പ്രത്യുല്‍പ്പാദനത്തെപ്പറ്റിയോ ഒരു കുന്തവും മനസ്സിലായില്ല. അതോടെ ആ പാഠം കഴിഞ്ഞു. 1976 ല്‍ കേരളത്തിലെ കൗമാരപ്രായക്കാരുടെ (teenagers) ലൈംഗികവിദ്യാഭ്യാസം ഔദ്യോഗികമായി അതോടെ കഴിഞ്ഞു!

അതിനു മുന്‍പോ പിന്‍പോ കുടുംബത്തില്‍നിന്നോ സ്‌കൂളില്‍നിന്നോ ഔദ്യോഗികമായി ഒരു പാഠവും എനിക്ക് കിട്ടിയിട്ടില്ല. പുസ്തകമില്ല, സിനിമയില്ല, ചര്‍ച്ചയില്ല. ഇതെന്റെ മാത്രം കഥയല്ല. എന്റെ തലമുറയുടെ മൊത്തം കഥയാണ്.


പെണ്‍കുട്ടികളുടെ കാര്യത്തില്‍ അല്‍പ്പംകൂടിയൊക്കെ ലൈംഗികവിദ്യാഭ്യാസം അവര്‍ക്കു കിട്ടുമായിരിക്കും എന്നൊരു ചിന്ത ഇടക്കാലത്ത് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. കാരണം അവരുടെ ഋതുവാകല്‍ (pubetry) എന്നത് പുറത്തേക്ക് പ്രകടിപ്പിക്കപ്പെടുന്ന ഒന്നാണല്ലോ. അപ്പോള്‍ അച്ഛനമ്മമാര്‍ക്ക് ആ വിഷയം അവരോട് ചര്‍ച്ചചെയ്യാതെ വയ്യല്ലോ. പക്ഷെ, കൂട്ടുകാരുടെയൊക്കെ കല്യാണം കഴിഞ്ഞ് ആദ്യ രാത്രിയില്‍ കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന കഥ കേട്ടതോടെ ഒരു കാര്യം വ്യക്തമായി, ശരീരം വൃത്തിയായി സൂക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങളും, സാമൂഹ്യമായ മണ്ടന്‍ നിയന്ത്രണങ്ങളും, പിന്നെ എല്ലാ പുരുഷന്‍മാരില്‍നിന്നും അകന്നു നില്ക്കാനുള്ള കര്‍ശന നിര്‍ദ്ദേശവുമല്ലാതെ ആരോഗ്യകരമായ ഒരു ലൈംഗികപാഠവും പെണ്‍കുട്ടികള്‍ക്കും കിട്ടുന്നില്ല.

അപ്പൊ പിന്നെ സ്‌കൂളിലെ പാഠം ആണ് ഔദ്യോഗികമായ ഏക വഴി. പക്ഷെ ശോശാമ്മ സാറിന്റെ പാഠവും കേട്ട്, പ്രത്യുല്‍പ്പാദനം നടത്താന്‍പോകുന്നത് രാമായണം വായിച്ചിട്ട് വിമാനം ഓടിക്കാന്‍ ശ്രമിക്കുന്നതുപോലെ ആകുമെന്നതില്‍ ഒരു സംശയവും വേണ്ട.

'എന്നിട്ടും നിങ്ങളുടെ തലമുറയില്‍ ആരും പ്രത്യുല്‍പ്പാദനം ഒന്നും നടത്താതിരുന്നില്ലല്ലോ?' -എന്നായിരിക്കും ഇപ്പോള്‍ നിങ്ങളുടെ ചോദ്യം, ശോശാമ്മ സാറിന്റേയും.

'എന്റെ സാറേ, കാളയും പശുവും പ്രത്യുല്‍പ്പാദനം നടത്തുന്നത് ജീവശാസ്ത്രക്ലാസില്‍ പോയിട്ടാണോ?'. നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറങ്ങളില്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ പോളിടെക്‌നിക്കില്‍ ഒന്നും പോകേണ്ട കാര്യമില്ല. എട്ടാംക്ലാസ്സിലെ ബയോളജി രണ്ടു പ്രാവശ്യം തോറ്റു പഠിത്തം നിര്‍ത്തിയ എന്റെ സഹപാഠി രണ്ടു വര്‍ഷത്തിനകം പെണ്ണ് കെട്ടി ഒരു വര്‍ഷത്തിനകം പ്രത്യുല്പാദനതിന്റെ പ്രാക്ടിക്കല്‍ പാസ്സായത് ഞങ്ങള്‍ കണ്ടതാണ്.

പക്ഷെ, ലൈംഗികവിദ്യാഭ്യാസം എന്നത് കേവലം യന്ത്രത്തിന്റെ പ്രവര്‍ത്തനം മാത്രമല്ല. ലൈംഗികത എന്നത് കുട്ടികളെ പഠിപ്പിക്കാതിരിക്കുമ്പോള്‍, കുടുംബത്തിലും സമൂഹത്തിലും ക്ലാസ്‌റൂമിലും അതിന് തുറന്ന സംഭാഷണത്തിന് അവസരം ഇല്ലാതാകുമ്പോള്‍, അതിനെ പറ്റി വായിക്കുന്നതും സംസാരിക്കുന്നതും (ഇപ്പോഴാണെങ്കില്‍ കമ്പ്യൂട്ടര്‍ നോക്കുന്നതും) ഒക്കെ തെറ്റാണെന്ന് പഠിപ്പിക്കുമ്പോള്‍, ഉണ്ടായിവരുന്നത് ലൈംഗിക കാര്യങ്ങളെ പറ്റി അജ്ഞരായ, അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതാല്പര്യങ്ങള്‍ ഉള്ള ഒരു തലമുറയാണ്.


എന്റെ ലൈംഗിക വിദ്യാഭ്യാസം ഭൂരിഭാഗവും നടന്നത് പില്‍ക്കാല വായനയിലൂടെയാണ്. അച്ഛന്റെ വീട്ടിലെ ചേട്ടന്റെ അലമാരിയില്‍ കണ്ട സഖി എന്ന കൊച്ചു പുസ്തകത്തിലൂടെ, കേരളശബ്ദത്തിന്റെ അവസാന താളുകളിലെ 'എത്രയെത്ര മദാലസരാത്രികള്‍' എന്ന പരമ്പരയിലൂടെ, ഒക്കെയാണ് ആദ്യമായി എന്നെ ലൈംഗികമായി ഉത്തേജിപ്പിക്കുന്ന കഥകളുടെ വായനയിലേക്ക് കടക്കുന്നത്. പിന്നെ എഞ്ചിനീയറിംഗ് കോളേജില്‍ ബിനോയിയും ആയുള്ള കൂട്ടുകെട്ട് ലൈംഗികതയെ പറ്റി തുറന്നു സംസാരിക്കാനുള്ള അവസരം തന്നു. ഐ ഐ ടി ആയപ്പോള്‍ ഫ്രോയിഡിന്റെ ഫ്രോഡ് തിയറി മുതല്‍ മാസ്റ്റെര്‍സ് ആന്‍ഡ് ജോണ്‍സന്റെ പ്രായോഗിക ലൈംഗിക പരീക്ഷണംവരെ വായിച്ചറിഞ്ഞു. കിന്‍സി മുതല്‍ ഹൈറ്റ് വരെ ഉള്ളവര്‍ ആയിരക്കണക്കിന് ആളുകളുടെ ലൈംഗികത സര്‍വേ ചെയ്തത് വായിച്ചപ്പോള്‍ എന്നിലുള്ള ലൈംഗിക വികാരമൊന്നും മ്ലേച്ചമല്ല എന്ന് മനസ്സിലായി. ഇന്ത്യക്ക് പുറത്ത് ലൈംഗികത ഒതുക്കാതെയും ഒളിക്കാതെയും വയ്ക്കുന്ന മറ്റു സമൂഹങ്ങളെ പരിചയപ്പെട്ടപ്പോള്‍, ദുബായ് മാളിലെ ഫുഡ് കോര്‍ട്ടില്‍ ഇരിക്കുമ്പോള്‍ ഭക്ഷണത്തിന്റെ എത്ര പരീക്ഷണ സാധ്യതകളാണ് നാം ദിവസവും ചോറും സാമ്പാറും കഴിച്ചു പാഴാക്കിയത് എന്ന് തോന്നിയതുപോലെ വിഷാദിച്ചു.

ഇതൊക്കെയാണെങ്കിലും ഇപ്പോള്‍ ഞാന്‍ നാട്ടില്‍ കൂട്ടുകാരോട് പോലും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല. കല്യാണം കഴിഞ്ഞാല്‍ 'ലൈംഗിക വിദ്യാഭാസത്തില്‍' എം എ നേടി എന്ന തരത്തിലാണ് ഭൂരിഭാഗം പേരുടെയും പെരുമാറ്റം (ബിനോയ് ഒരു എക്‌സെപ്ഷന്‍ ആണ്). ഒരു കാര്‍ മേടിച്ചു കഴിഞ്ഞാല്‍ ഡ്രൈവിങ്ങിനെ പറ്റി എല്ലാം അറിയാമെന്നും റോഡിലുള്ള മറ്റു മണ്ടന്മാരെക്കാള്‍ നല്ല ഡ്രൈവര്‍ ഞാന്‍ ആണെന്നും ഭൂരിഭാഗം ആളുകള്‍ക്കും ഒരു തോന്നല്‍ ഉണ്ടാകുമല്ലോ, അതുപോലെ. ടീനേജിലുള്ള കുട്ടികളായാല്‍ പിന്നെ പറയാനും ഇല്ല. പണ്ടത്തെ കാരണവന്‍മാരുടെ മൂരാച്ചി സ്വഭാവം അവരും കാണിച്ചു തുടങ്ങും.


അടുത്തയിടെ അച്ഛന്റെ വീട്ടിലെ കുട്ടികള്‍ക്കായി ഒരു കമ്പ്യൂട്ടര്‍ സെന്റര്‍ തുടങ്ങുന്ന കാര്യം പറഞ്ഞപ്പോള്‍ 'അതു വേണ്ട, കുട്ടികള്‍ അനാവശ്യമായതൊക്കെ കാണും' എന്നു പറഞ്ഞത് മാസാമാസം സഖി വാങ്ങി മേശയില്‍ ഇട്ടിരുന്ന ചേട്ടന്‍ ആണെന്നത് എന്നെ ചിരിപ്പിച്ചു, പിന്നെ സങ്കടപ്പെടുത്തി. അതിസാത്വികനായിരുന്ന എന്റെ വല്യച്ചന്റെ പുസ്തകകൂമ്പാരത്തില്‍ നിന്നും ആയിരത്തിത്തൊള്ളായിരത്തി നാല്പത്തഞ്ചില്‍ അടിച്ച കവിതാരൂപത്തില്‍ ഉള്ള ഒരു കൊച്ചുപുസ്തകം കണ്ടകാര്യം ഞാന്‍ ചേട്ടനോടു പറഞ്ഞില്ല. മാധ്യമമേ മാറുന്നുള്ളൂ, വിഷയം മാറുന്നില്ല.

പക്ഷെ, ചേട്ടന്റെ ഹിപ്പോക്രസിയാണ് ഞാന്‍ ഇന്ത്യയില്‍ ഇപ്പോഴും എനിക്കു ചുറ്റും കാണുന്നത്. എന്റെ തലമുറയിലെ മാതാപിതാക്കളെ അപേക്ഷിച്ച് പൊതുവെ എന്റെ തലമുറ സ്വന്തം കുട്ടികളോട് കൂടുതല്‍ സംസാരിക്കുന്നുണ്ട്. പക്ഷെ വിഷയം വിഷയമാകുമ്പോള്‍ സാധാരണ മാതാപിതാക്കള്‍ മുതല്‍ മനഃശ്ശാസ്ത്രജ്ഞന്‍മാര്‍ക്കുവരെ, സ്‌കൂള്‍ അധ്യാപകര്‍ മുതല്‍ സര്‍ക്കാരിനുവരെ 'കുട്ടികള്‍ വഴിപിഴച്ചു പോകും' എന്ന പേടിയാണ്. എന്നാല്‍ പിഴക്കാത്ത വഴികള്‍ കുട്ടികളെ കാണിച്ചുകൊടുക്കാനുള്ള സമയമോ സൗകര്യമോ പക്വതയോ ആര്‍ക്കും ഇല്ല. അച്ഛനമ്മമാര്‍ അത് സ്‌കൂളിനു വിടുന്നു, സ്‌കൂളുകള്‍ അത് കുടുംബത്തിനും. ലൈംഗികതെയപ്പറ്റി ആരോഗ്യകരമായ അറിവുകിട്ടാതെ കുട്ടികള്‍ വട്ടം ചുറ്റുന്നു. മുറിമൂക്കന്‍മാരായ സുഹൃത്തുക്കളിലൂടെ അബദ്ധജഢിലങ്ങളായ പുസ്തകങ്ങളിലൂടെ, സാമൂഹ്യവിരുദ്ധമായ ഒളിച്ചുനോക്കലിലൂടെ, കുറ്റബോധത്തോടെയുള്ള ക്ലിപ്പു കാണലിലൂടെയൊക്കെ അടുത്ത തലമുറയും യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറെടുക്കുന്നു.

ഇതു കഷ്ടമാണ്. ആസ്വദിക്കാവുന്ന, ആസ്വദിക്കപ്പെടേണ്ട, വ്യക്തമായ ശാസ്ത്രവും ചരിത്രവും ഒക്കെയുള്ള വിഷയമാണ് മനുഷ്യലൈംഗികത. ഇത് ഒളിച്ചുവക്കപ്പെടേണ്ടതായ ഒന്നാണെന്ന ചിന്തയിലൂടെ, സ്വന്തം ഇണയുമായി ഒരു തരത്തില്‍ സംഭോഗം ചെയ്യുന്നത് മാത്രമാണ് ശരിയായ ലൈംഗികത എന്ന സാമൂഹ്യബോധത്തോടെയാണ് എന്റെ തലമുറ ജീവിക്കുന്നത്.

ലൈംഗികതയെപറ്റി കേരളത്തില്‍ ശരാശരിക്കാര്‍ വായിക്കുന്ന എല്ലാ പംക്തികളിലും (മനശ്ശാസ്ത്ര വിദഗ്ധര്‍ ഉള്‍പടെ ഉള്ളവരുടെ), രതിവൈകൃതം പ്രകൃതിവിരുദ്ധം എന്നുള്ള പ്രയോഗങ്ങള്‍ ഇപ്പോഴും കണ്ടു പകച്ചുപോവുകയാണ് ഇപ്പോഴത്തെ കൌമാരവും. ചുംബിക്കുന്നത് ഭാര്യയും ഭര്‍ത്താവും മുറിക്കുള്ളില്‍ ചെയ്യേണ്ടതാണെന്ന് വിപ്ലവപ്പാര്‍ട്ടിയും സ്‌നേഹത്തോടെ ചുംബിക്കുന്നവരെ തല്ലിയോടിക്കേണ്ടതാണെന്ന് വര്‍ഗീയപാര്‍ട്ടികളും പറയുമ്പോള്‍ ലൈംഗികതയുടെ ഏതു സമൂഹ്യപാഠമാണ് നാം സ്വീകരിക്കുന്നത്? എല്ലാത്തരം ജാതി, മത, സാമൂഹ്യ, മനശ്ശാസ്ത്ര മൂരാച്ചിമാര്‍ക്കും യോജിക്കാന്‍ കഴിയുന്ന 'ലോവസ്റ്റ് കോമണ്‍ ഡിനോമിനേറ്റര്‍' (ഉത്തമ സാധാരണ ഘടകം) ആണ് സമൂഹത്തിന്റെ ലൈംഗിക സംസ്‌കാരമായി നാം അടുത്ത തലമുറക്ക് കൈമാറാന്‍ ശ്രമിക്കുന്നത്. വിശാലമായ ഇന്റര്‍നെറ്റില്‍ അവര്‍ കാണുന്നതാകട്ടെ 'ഇവിടെ എന്തും എടുക്കും' എന്ന ലോകവും.


ലൈംഗികതയുടെ അതിവിശാല സാധ്യതകള്‍ ഒരുവശത്ത്, തലമുറ ആയി കേട്ടുവരുന്ന സാമൂഹ്യനിയന്ത്രണങ്ങള്‍ മറുവശത്ത്. ഇതിന്റെ പരിണിതഫലം ഞങ്ങളുടെ തലമുറയുടേതില്‍നിന്ന് വ്യതസ്തമാവാന്‍ വഴിയില്ല. വിവാഹത്തിനകത്തു പോലും സ്വന്തം ലൈംഗികതാല്പര്യങ്ങള്‍ സംസാരിക്കാനോ പരീക്ഷിക്കാനോ പേടി, നമ്മള്‍ എങ്ങാനും 'വൈകൃതത്തിന്റെ' പ്രോക്താവായി നമ്മുടെ ഇണ കണ്ടാലോ? പക്ഷെ ബീഫിനോട് ആര്‍ത്തി ഉണ്ടാവുകയും വീട്ടില്‍ അത് കേറ്റാന്‍ മടിയാവുകയും ചെയ്യുമ്പോള്‍ (ഞങ്ങള്‍ ഒന്നും അത് കഴിക്കാറും ഇല്ല...) ഹോട്ടലിലോ കൂട്ടുകാരുടെ വീട്ടിലോ ഒക്കെ പോയി കഴിക്കുക അല്ലെ ഭൂരിഭാഗം മലയാളികളും ചെയ്യുന്നത്?

ലൈംഗികവിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്കുക അത്ര എളുപ്പമായ കാര്യമല്ല. യാഥാസ്ഥിതിക സമൂഹങ്ങള്‍ എല്ലാം ഇതിനെപ്പറ്റി വേവലാതിപ്പെട്ടിട്ടുണ്ട്. ഒരു കാലത്ത് ഇന്ത്യയേക്കാള്‍ ഏറെ യാഥാസ്ഥിതികമായിരുന്ന ദക്ഷിണ കൊറിയക്കാര്‍ ഇതിനൊരു പോംവഴി കണ്ടുപിടിച്ചു. പുതിയതായി കല്യാണം കഴിച്ചവര്‍ക്ക് പോയി താമസിക്കാന്‍ ഒരു ദ്വീപുണ്ട് (ജെജു). അവിടുത്തെ ഹോട്ടലില്‍ സൗജന്യമായി ലൈംഗിക വിദ്യാഭ്യാസം കൊടുത്തു. കസ്റ്റമര്‍ എല്ലാവരും യുവമിഥുനങ്ങള്‍ ആയതിനാല്‍ അധ്യാപകര്‍ക്ക് എന്ത് ഡയലോഗും അടിക്കാം. ഇങ്ങനെ ആ ദ്വീപിന് ഹണിമൂണ്‍ ദ്വീപ് എന്ന പേരുവന്നു. കല്യാണം കഴിച്ചാല്‍ മക്കളെ ജേജുവില്‍ പറഞ്ഞു വിടുന്നത് നാട്ടുനടപ്പായി.

പക്ഷെ ഇപ്പോഴത്തെ കൊറിയന്‍ പിള്ളേര്‍ക്ക് യന്ത്രത്തെപ്പറ്റി പഠിക്കാന്‍ കല്യാണംവരെ ഒന്നും നോക്കിനില്‍ക്കേണ്ട. ലോകത്തെ ഭൂരിഭാഗം വികസിത സമൂഹങ്ങളിലെപ്പോലെ കൗമാരക്കാരില്‍തന്നെ കെട്ടിപ്പിടുത്തവും അതിലപ്പുറവും ആയി അവര്‍ മുന്നോട്ടു പോകുന്നു. പന്ത്രണ്ടാം വയസ്സില്‍ ഋതുമതിയായിക്കഴിഞ്ഞ് ഇരുപത്തഞ്ചാം വയസ്സില്‍ കല്യാണം കഴിക്കുന്നതുവരെയുള്ള കാലയളവില്‍ കുട്ടികളിലും യുവജനങ്ങളിലും ഉള്ള ലൈംഗികതൃഷ്ണയും വാസനയും സാമൂഹ്യമായി അടിച്ചൊതുക്കുന്ന ലോക്കല്‍ സദാചാരപ്രവര്‍ത്തനം അവിടെയില്ല.


പക്ഷെ ദ്വീപ് ഇപ്പോഴുമുണ്ട്. പഴയ ഓര്‍മ്മക്കായി ലോകത്തെ ഏറ്റവും വലിയ സെക്‌സ് മ്യൂസിയം അവിടെയാണ് കൊറിയക്കാര്‍ സ്ഥാപിച്ചത്. ലോകത്ത് എല്ലാ സംസ്‌ക്കാരങ്ങളിലും നിന്നുള്ള ലൈംഗിക സാമഗ്രികളും പെയിന്റിംഗുകളും മറ്റു വസ്തുക്കളും, ലൈംഗികതയെപ്പറ്റിയുള്ള വീഡിയോ, ലൈബ്രറി ഒക്കെയായി ഏതു മ്യൂസിയത്തെപ്പോലെയും നമ്മെ പഠിപ്പിക്കുന്നതും, ഏതു മ്യൂസിയത്തെക്കാളും നമ്മെ ആസ്വദിപ്പിക്കുന്നതും ആണിത്.


അവിടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കാമസൂത്രത്തിന്റെ 'Hardness Rating' ആണ് (pun not intended). കാമസൂത്രം വായിച്ചിട്ടുള്ളവര്‍ക്ക് അറിയാം (കൂട്ടത്തില്‍ പറയട്ടെ, അതൊരു ബോറന്‍ പുസ്തകം ആണ്), കാമസൂത്രത്തില്‍ പല തരത്തില്‍ ഉള്ള പോസുകള്‍ ഉണ്ടല്ലോ. പക്ഷെ,അതില്‍ ഭൂരിഭാഗവും റഷ്യയിലെ ജിംനാസ്റ്റുകള്‍ക്ക് മാത്രം പറ്റുന്നതാണ്. എന്നെപ്പോലെയുള്ള കുടവയറന്‍മാര്‍ അതുനോക്കി വെള്ളം ഒലിപ്പിക്കുകയേ ഉള്ളൂ (pun not intended എന്ന ഇംഗ്ലീഷ് പഴയ ഇംഗ്ലീഷ് പ്രയോഗത്തിന് മലയാള പരിഭാഷ ഇല്ലാത്തത് എന്നെ വീണ്ടും വിഷമിപ്പിക്കുന്നു). അപ്പോള്‍ ഈ പോസുകള്‍ ഓരോന്നിന്റേയും ബുദ്ധിമുട്ട് ഒന്നുതൊട്ട് അഞ്ചുവരെ ഉള്ള ഒരു സ്റ്റാര്‍റേറ്റിംഗില്‍ വരച്ചുകൊടുത്തിരിക്കുന്നു. ഊര്‍ജ്ജകാര്യക്ഷമതക്ക് (Energy Efficiency) കൊടുക്കുന്ന റേറ്റിംഗ് പോലെതന്നെ. റേറ്റിംഗ് ഒന്നാണെങ്കില്‍ ആര്‍ക്കും സാധിക്കും, അഞ്ച് ജിംനാസ്റ്റിക്കുകള്‍ക്കു മാത്രം. രണ്ടിന് മീതെ ശരാശരിക്കാര്‍ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്, നടു ഉളുക്കും.


സെക്‌സ് മ്യൂസിയം കൂടാതെ ഒരു ഔട്ട്‌ഡോര്‍ 'ലൗലാന്റും' അവിടെയുണ്ട്. കൊറിയയിലെ ആര്‍ട്‌സ് വിദ്യാര്‍ഥികള്‍ ഒരു പതിറ്റാണ്ടുകൊണ്ട് കൊത്തിയുണ്ടാകിയ അനവധി ശില്പങ്ങള്‍, എല്ലാം ലൈംഗികതയുമായി ബന്ധപ്പെട്ടത്. തമാശ ഉളവാക്കുന്നതും ഗൗരവതരവുമായ ശില്‍പ്പങ്ങള്‍, പല രാജ്യങ്ങളില്‍ നിന്നുള്ള ചിത്രീകരണങ്ങള്‍, പലതരം സാധ്യതകളുടെ ആവിഷ്‌കാരം. പക്ഷെ അവിടെ എന്തുണ്ട് എന്നതിനേക്കാള്‍ ഇങ്ങനെയൊരു മ്യൂസിയം എല്ലാവര്‍ക്കും കാണാനായി തുറന്നുവച്ചിട്ടുണ്ട് എന്നതാണ് ആ സമൂഹം ഇക്കാര്യത്തില്‍ എത്ര മുന്നേറി എന്നതിന്റെ അളവായി ഞാന്‍ കണ്ടത്.


ശോശാമ്മ സാറിനെ പോലുള്ള സാറന്മാര്‍ പണ്ട് ഇവിടെ ഉണ്ടായിരുന്നത് കൊണ്ടാവണം ഇവിടെ വാസ്തവത്തില്‍ യന്ത്രങ്ങളുടെ പ്രവര്‍ത്തനം മനസ്സിലാക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്. ഒരേ സംവിധാനത്തിനുള്ള പലതരം യന്ത്രങ്ങളും. കുടുംബവുമായി വന്ന വല്യപ്പന്‍ യന്ത്രം കറക്കി പ്രവര്‍ത്തനം കൊച്ചു മക്കള്‍ക്ക് വിവരിക്കുന്നത് കണ്ടെനിക്ക് രോമാഞ്ചം വന്നു.

വെങ്ങോലയിലെ എം ടി (രണ്ടാമന്‍) മ്യൂസിയത്തില്‍ അതൊന്നു വേണമെന്ന് ഞാന്‍ അപ്പോഴേ മനസ്സില്‍ കുറിച്ചിട്ടു!
 
(60%) (4 Votes)

 

 

Other News in this Section