LATEST NEWS

Loading...

Custom Search
+ -

മരണമെത്തുന്ന നേരത്ത്

മുരളി തുമ്മാരുകുടി

Posted on: 10 Aug 2015

 

അഫ്ഗാനിസ്ഥാനിലും നേപ്പാളിലും ഒക്കെ നടക്കുന്ന എന്നെക്കാളും മരണസാധ്യത കേരളത്തില്‍ റോഡില്‍ യാത്ര ചെയ്യുന്നവര്‍ക്കാണെന്നതില്‍ ഒരു സംശയവും വേണ്ട. റോഡില്‍ ഇറങ്ങുന്ന മലയാളികളെല്ലാം കല്യാണം കഴിച്ചാലുടന്‍ ഒരു വില്‍പ്പത്രം എഴുതണം എന്നാണെന്റെ ഉപദേശം



എന്റെ അച്ഛന്‍ ഒരു സിനിമ ഭ്രാന്തനായിരുന്നു എന്നു ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. ഒരു സിനിമതന്നെ പല പ്രാവശ്യം കാണുന്നതിന് അച്ഛന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. തമിഴിലെ അതിപ്രശസ്തമായ 'ചന്ദ്രലേഖ' അച്ഛന്‍ അന്‍പത്തിയൊന്നു തവണ ഏലൂരിലെ ഉദ്യോഗമണ്ഡല്‍ തിയേറ്ററില്‍ കാശുകൊടുത്തു കണ്ടു. സിനിമ കളി നിര്‍ത്തി പോയതിനാലാണ് അന്‍പത്തിരണ്ടു തവണ കാണാന്‍ പറ്റാത്തത്. അങ്ങനെ ഒരച്ഛന്റെ മകനാകുമ്പോള്‍ ഞാന്‍ 'ആറാംതമ്പുരാനും' 'അഴകിയ രാവണനു'മൊക്കെ കാണുന്നതില്‍ അതിശയം ഇല്ലല്ലോ. എന്ന് വിമാനത്തില്‍ കയറിയാലും ആദ്യം നോക്കുന്നത് 'രാറ്റാറ്റുയി' എന്ന അനിമേഷന്‍ പടം ഉണ്ടോ എന്നാണ്, അതും കണ്ടുകാണും പത്തുനാല്പതു തവണ. ഇങ്ങനെ ഞാന്‍ ഒരു ഡസനിലേറെ കണ്ട സിനിമകളുടെ ലിസ്റ്റില്‍ ഒരു പുതിയ പടം ഉണ്ട് -'ഗ്രാന്റ് ബുഡാപെസ്റ്റ് ഹോട്ടല്‍'. അതിതീവ്രമായ വിഷയം, നര്‍മ്മത്തില്‍ പൊതിഞ്ഞുള്ള നാടകീയമായ അഭിനയം, ഏറ്റവും ചുരുക്കിയുള്ള വിവരണം എന്നിങ്ങനെ പല കാരണങ്ങളാല്‍ ഇതെന്റെ 'ഓള്‍ടൈം ഫേവറിറ്റി'ല്‍ ഉണ്ട്.

ഗ്രാന്റ് ബുഡാപെസ്റ്റ് ഹോട്ടല്‍ എന്ന സിനിമയില്‍ മൂന്നു വില്‍പ്പത്രങ്ങള്‍ ഉണ്ട്. കോടീശ്വരിയും ഹോട്ടല്‍ ഉടമയുമായ പ്രഭ്വിയുടെ വില്‍പ്പത്രമാണ് ഒന്നാമത്തേത്. അന്‍പതു വര്‍ഷക്കാലംകൊണ്ട് വെട്ടിയും തിരുത്തിയും കൂട്ടിച്ചേര്‍ത്തും ഒക്കെ വക്കീലിന്റെ കൈവശം വച്ചിരിക്കുന്നതാണ് ഒന്നാമത്തെ വില്‍പ്പത്രം. പ്രഭുകുടുംബത്തിലെ പെയിന്റിംഗുകള്‍വരെ ആര്‍ക്ക് കൊടുക്കണമെന്ന് അതില്‍ എഴുതിവച്ചിട്ടുണ്ട്. പക്ഷെ, തന്നെ ആരെങ്കിലും കൊലപ്പെടുത്തിയാല്‍ മാത്രം ഉപയോഗിക്കാന്‍ പാകത്തിന് രണ്ടാമതൊരെണ്ണം കൂടി അവര്‍ എഴുതിവെച്ചു. മൂന്നാമത്തെ വില്‍പ്പത്രം ഹോട്ടല്‍ നടത്തിപ്പുകാരനായ ഗുസ്താഫിന്റെതാണ്. പ്രഭുകുടുംബത്തില്‍നിന്നും വിലപ്പെട്ട പെയിന്റിംഗ് അടിച്ചുമാറ്റി രക്ഷപെടുന്ന അന്ന് രാത്രി ഓടുന്ന തീവണ്ടിയില്‍വച്ച് ഒരു കഷണം പേപ്പറില്‍ എഴുതി ഉണ്ടാക്കുന്നതാണത്.

ചിത്രത്തിന്റെ ക്ലൈമാക്‌സ് ഞാന്‍ വിവരിക്കുന്നില്ല. പക്ഷെ, സ്വത്തിനുവേണ്ടി കൊലയും കേസും ഒക്കെ നടന്നിരുന്ന ഒരു സാഹചര്യത്തില്‍നിന്നും ഒരു പേപ്പറില്‍ അഞ്ചുവരിയില്‍ എഴുതിയ വില്‍പ്പത്രത്തിലൂടെ എല്ലാ നൂലാമാലകളും കെട്ടഴിയുന്നതാണ് നാം കാണുന്നത്. ഇതൊരു സിനിമാക്കഥ മാത്രമല്ല. എന്റെ കുടുംബത്തില്‍ തന്നെ വില്‍പ്പത്രം എഴുതാതെ ഒരു അമ്മാവന്‍ മരിച്ചപ്പോള്‍ മൂന്നുകൊല്ലം എടുത്തു സ്വത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകാന്‍. അതുണ്ടാക്കിയ മുറിവുകള്‍ ഇപ്പോഴും മായാതെ കിടക്കുന്നു. അത് കണ്ടിട്ടാകണം അടുത്ത അമ്മാവന്‍ കണ്‍ഫ്യൂഷന് യാതൊരു വകുപ്പുമില്ലാത്ത ഒരു വില്‍ എഴുതി ഇഹലോക വാസം വെടിഞ്ഞു. അതുകൊണ്ട് പിന്നെ ആര്‍ക്കും ഒരു ബുദ്ധിമുട്ടും വന്നില്ല.

'ഗ്രാന്റ് ബുഡാപെസ്റ്റ് ഹോട്ടല്‍' എന്ന ചിത്രത്തില്‍ നിന്നൊരു രംഗം


വില്‍പ്പത്രം എന്നത് പണക്കാര്‍ ചെയ്യേണ്ടതോ, വയസ്സാകുമ്പോള്‍ ചെയ്യേണ്ടതോ എന്നൊക്കെയാണ് പൊതുവേ നമ്മുടെ ധാരണ. മരണം എന്നത് വയസ്സന്മാരെയോ പണക്കാരെയോ മാത്രം ബാധിക്കുന്ന ഒന്നല്ല. വില്‍പത്രം എഴുതാതെ മരിക്കുന്ന ആളുകള്‍ മരിച്ചു കഴിഞ്ഞാല്‍ ആസനത്തില്‍ ആപ്പടിച്ചു കേറ്റാന്‍ മരുമക്കളെ ചട്ടപ്പെടുത്തിയ തിരുവാഴിത്താന്നേക്കാലും വരുംതലമുറക്ക് പാരവക്കുന്നവര്‍ ആണ്. സ്വത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും അവകാശികളെ തമ്മില്‍ തല്ലിക്കാനും വേണ്ടപ്പെട്ടവരെ കഷ്ടത്തില്‍ ആക്കാനും കാരണവര്‍ക്ക് ഇതിലും വലിയ സാഹായം ചെയ്യാനില്ല. ഇതൊക്കെ അറിയാമെങ്കില്‍പോലും വില്ല് എഴുതാനോ മരണത്തെപ്പറ്റി സംസാരിക്കാനോ കൂടുതല്‍ ആളുകള്‍ക്കും ഇഷ്ടമല്ല. നമ്മള്‍ വില്ല് എഴുതുന്നതും സംസാരിക്കുന്നതും ഒക്കെ മരണത്തെ നമ്മോട് അടുപ്പിക്കും എന്നാണ് മിക്കവാറും പേരുടെ വിശ്വാസം. അറംപറ്റുക എന്നൊക്ക ഉണ്ടല്ലോ, കാലന്‍ ആ വഴി വല്ലതും പോകുമ്പോള്‍ ഇവിടെ മരണത്തെപ്പറ്റി സംസാരിക്കുന്നത് കേട്ട് ഈ വഴി വന്നാലോ എന്നു പേടി!

ദുരന്തനിവാരണരംഗത്ത് ജോലി ചെയ്യുന്നതിനാല്‍ മരണം സ്ഥിരം കാഴ്ച്ചയാണ്, അതുകൊണ്ട് തന്നെ അതേപ്പറ്റി ചിന്തിക്കേണ്ടത് അത്യാവശ്യവും ആണ്. ഔദ്യോഗിക സംവിധാനങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നു. രണ്ടായിരത്തിമൂന്നില്‍ ഇറാക്കിലേക്ക് പോകുന്നതിന് മുന്നോടിയായിട്ടുള്ള പരിശീലനത്തിനെത്തിയ ഞങ്ങളോട് ജോര്‍ദ്ദാനിലെ സൈനിക അധികാരികള്‍ ആദ്യം പറഞ്ഞത് തലയില്‍നിന്നും നാലുമുടി പറിച്ച് ഒരു കവറില്‍ ഇട്ടു സീല്‍ ചെയ്ത് പേരും എഴുതി കൊടുക്കാനാണ്.

'ഇതെന്തിനാണീ മുടി'

'ഇറാക്കില്‍ വല്ല ബോംബുസ്‌ഫോടനത്തിലും നിങ്ങള്‍ പെട്ടാല്‍ മരിച്ചോ എന്നു തിരിച്ചറിയാന്‍ ശരീരഭാഗങ്ങള്‍ ഒന്നും ബാക്കിയുണ്ടാവില്ല. അവിടെനിന്നും എന്തെങ്കിലുമൊക്കെ കിട്ടിയാല്‍ അതിന്റെ ഡി.എന്‍.എ.യും ഈ മുടിയും പരിശോധിച്ചാണ് നിങ്ങളുടെ മരണം സ്ഥിരീകരിക്കുന്നത്' - പട്ടാളക്കാരന്റെ മറുപടി. യുദ്ധരംഗത്ത് മരിക്കുന്നതും ദുരന്തത്തില്‍ മരിക്കുന്നതും തമ്മിലുള്ള പ്രധാന വ്യത്യാസം, യുദ്ധരംഗത്തുനിന്നും വരുന്ന പെട്ടി മിക്കവാറും കാലിയായിരിക്കും എന്നതാണ്. അത് തുറന്നുനോക്കരുത് എന്ന് ഞാന്‍ കുടുംബത്തോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്, വരുന്നവര്‍ക്ക് കാണാന്‍ ഒരു ഫ് ളക്‌സ് വച്ചാല്‍ മതി.

വില്‍പ്പത്രം എഴുതിയാലും രക്ഷയില്ലാത്ത ചില സാഹചര്യങ്ങളുണ്ട്. ഉദാഹരണത്തിന് രണ്ടുവര്‍ഷം മുമ്പ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ഒരു വിമാനം ഇരുന്നൂറു യാത്രക്കാരോടൊപ്പം കാണാതായല്ലോ. വര്‍ഷത്തില്‍ ഇരുന്നൂറു തവണയെങ്കിലും വിമാനത്തില്‍ കയറേണ്ടി വരുന്നതിനാല്‍ ഇതുപോലൊരു വിമാനത്തില്‍ ഞാന്‍ ഉണ്ടെങ്കില്‍ എന്തായിരിക്കും സ്ഥിതി എന്ന് ഞാന്‍ അന്വേഷിച്ചു. നടുക്കുന്ന കാര്യങ്ങളാണ് മനസ്സിലായത്.

1. വിമാനം കാണാതായി ഒരു മാസത്തിനകം എന്റെ ശമ്പളം നിര്‍ത്തലാക്കും. കാരണം ഞാന്‍ ഒരു മാസമായി അവധി എടുക്കാതെ ഓഫീസില്‍ വരുന്നില്ല.

2. അതേ സമയം, എന്റെ ഇന്‍ഷുറന്‍സോ പെന്‍ഷനോ വേണ്ടപ്പെട്ടവര്‍ക്ക് കിട്ടുകയും ഇല്ല. കാരണം ഞാന്‍ മരിച്ചതിന് തെളിവില്ല.

3. എന്റെ ശമ്പള അക്കൗണ്ടിലോ, മറ്റ് അക്കൗണ്ടുകളിലോനിന്ന് കാശു പിന്‍വലിക്കാന്‍ കഴിയില്ല. ഞാന്‍ അവരെ നോമിനി ആക്കിയിട്ടുണ്ടെങ്കില്‍പോലും, കാരണം ഞാന്‍ മരിച്ചതിന് തെളിവില്ല.

4. എന്റെ പേരിലുള്ള ഒരു സ്ഥാവരവസ്തുവും കൈമാറ്റം ചെയ്യാന്‍ പറ്റില്ല.

2014 മാര്‍ച്ച് എട്ടിന് 239 പേരെയുംകൊണ്ട് യാത്രയായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തെപ്പറ്റി ഇപ്പോഴും വ്യക്തതമായ വിവരമില്ല.


ചുരുക്കി പറഞ്ഞാല്‍ എയര്‍ ലൈന്‍ കമ്പനി എന്തെങ്കിലും നഷ്ടപരിഹാരം തരുന്ന വരെ കുടുംബം കഷ്ടപ്പാടില്‍ ആകും. മംഗലാപുരത്തെ അപകടത്തിനു ശേഷം നമ്മുടെ എയര്‍ലൈന്‍ ബന്ധുക്കളെ സഹായിച്ചത് നാം കണ്ടതല്ലേ. അപ്പോള്‍ അതുപോലെ വല്ല എയര്‍ലൈനും ആണെങ്കില്‍ ശേഷം ചിന്ത്യം.

ഇന്ത്യയിലെ സാധാരണ നിയമം അനുസരിച്ച് ഏഴുവര്‍ഷം എന്നെപ്പറ്റി വിവരമൊന്നും ഇല്ലെങ്കില്‍മാത്രം ആണ് 'മരിച്ചു എന്നു കരുതാം' എന്ന ന്യായംവച്ച് കുടുംബത്തിന് എന്തെങ്കിലും ആശ്വാസം കിട്ടുകയുള്ളൂ. ഇതിനൊരു 'മറു വില്‍' എഴുതി വക്കാന്‍ പറ്റുമോ എന്ന് ഞാന്‍ എന്റെ സ്ഥിരം വക്കീല്‍ ആയ അനിലിനോടു അന്വേഷിച്ചു. രക്ഷയില്ല, ഈ പ്രശ്‌നം വില്‍ എഴുതി പരിഹരിക്കാന്‍ പറ്റുന്നതല്ല. അന്താരാഷ്ട്രതലത്തില്‍ ഒരു നിയമം വരികയേ നിവൃത്തിയുള്ളൂ. അടുത്തയിടെയായി അന്താരാഷ്ട്രരംഗത്ത് നിയമം വരുത്തുക എളുപ്പമല്ല. മനുഷ്യന്റെ ദൈവവിശ്വാസം കൂട്ടാനുള്ള ഒരു സൈക്കോളോജിക്കല്‍ മൂവ് ആണ് ഇതെന്ന് തോന്നുന്നു.

വില്‍ എഴുതിവക്കാന്‍ പറ്റാത്ത മറ്റൊരു സംഗതിയും എന്നെ അതിശയിപ്പിച്ചു. മരിച്ചതിനുശേഷം നമ്മുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ നമ്മില്‍ പലര്‍ക്കും ആഗ്രഹമുണ്ടല്ലോ. പലരും അത് എഴുതിവക്കാറും ഉണ്ട്. പക്ഷെ ഇപ്പോഴത്തെ നിയമം അനുസരിച്ച് നമ്മുടെ മൃതശരീരത്തിന്റെ ഉടമ നമ്മളല്ല. അതുകൊണ്ടുതന്നെ നാം എഴുതിവച്ചതു കൊണ്ടുമാത്രം നമ്മുടെ ശരീരാവയവങ്ങള്‍ ആശുപത്രികള്‍ക്ക് ഏറ്റെടുക്കാന്‍ സാധിക്കുകയില്ല. നമ്മുടെ അടുത്ത ബന്ധുക്കള്‍ക്കാണ് ഇതിന്റെ അധികാരം മുഴുവന്‍. അതുകൊണ്ട് മരിച്ചതിനു ശേഷം നമ്മുടെ ശരീരമോ അവയവങ്ങളോ ദാനം ചെയ്യണം എന്നുണ്ടെങ്കില്‍ അടുത്ത ബന്ധുക്കളെ പറഞ്ഞു സമ്മതിപ്പിക്കുകയാണ് ചെയ്യേണ്ടത്, വില്ലെഴുതി വക്കുകയല്ല.

എന്ത് ചേട്ടാ ഇത്, ഈ മരണ വിഷയം അല്ലാതെ ഒന്നും കിട്ടിയില്ലേ?

ആകാശത്തിന് കീഴെയും മീതെയും ഉള്ള എന്തും 'ഒരിടത്തിനു' വിഷയമാണ്. പിന്നെ എറിക് സീഗള്‍ പറഞ്ഞതുപോലെ ശവസംസ്‌കാരത്തെ പറ്റി തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ ഉള്ള എല്ലാ സംസാരവും അതിനേക്കാള്‍ സമാധാനം ഉള്ളതാണല്ലോ. ഏതായാലും ഇത്തവണ വിഷയം അല്‍പ്പം വിഷമിപ്പിക്കുന്നതാണ്, തമാശക്ക് അധികം സ്‌കോപ്പ് ഇല്ലാത്തതും. അതുകൊണ്ടുതന്നെ ഒരു വിഷയം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. യാത്ര ചെയ്യുന്നവരുടെ, പ്രത്യേകിച്ചും അപായമേഖലയില്‍ യാത്ര ചെയ്യുന്നവരുടെ, വലിയൊരു പേടിസ്വപ്‌നമാണ് തട്ടിക്കൊണ്ടുപോകുക എന്നത്. അഫ്ഗാനിസ്ഥാന്‍ മുതല്‍ നൈജീരിയ വരെ, തലകൊയ്യാന്‍ തൊട്ട് പണം പിടുങ്ങാന്‍ വരെ മനുഷ്യരെ മനുഷ്യര്‍ തട്ടിക്കൊണ്ടുപോകാറുണ്ട്. വീരപ്പനും മറ്റു കൊള്ളക്കാരും ഇന്ത്യയിലും ഇത് നടത്തിയിട്ടുണ്ടല്ലോ.

തട്ടിക്കൊണ്ടുപോകുന്നവരുടെ പ്രധാന ഉദ്ദേശം നമ്മളെവച്ചു വിലപേശി പരമാവധി പണമോ ആനുകൂല്യമോ പിടിച്ചുപറ്റുക എന്നതാണ്. ഇത്തരത്തില്‍ ആളുകളെ തട്ടിക്കൊണ്ടുപോകുന്ന കൊള്ളക്കാരുമായിട്ടോ തീവ്രവാദികളുമായിട്ടോ ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യം ഉറപ്പാക്കേണ്ടത് തട്ടിക്കൊണ്ടുപോയ ആള്‍ അവരുടെ കസ്റ്റഡിയില്‍ സുരക്ഷിതനായി/സുരക്ഷിതയായി ഉണ്ടെന്നുള്ളതിന്റെ തെളിവാണ്. പണ്ടൊക്കെ രാവിലത്തെ പത്രവും പിടിച്ചുള്ള ഒരു ഫോട്ടോ കാണിച്ചാല്‍ മതിയായിരുന്നു. പക്ഷെ ഇപ്പോള്‍ ഫോട്ടോഷോപ്പ് ഒക്കെ വന്നതില്‍പിന്നെ അതുപോരാ.

അടുത്തയിടെ സിറിയയിലേക്ക് പുറപ്പെടുന്നതിനുള്ള പരിശീലനത്തിന് ലെബനില്‍ എത്തിയ ഞങ്ങള്‍ക്ക് തട്ടിക്കൊണ്ടുപോയാല്‍ എടുക്കേണ്ട നടപടികളെപ്പറ്റി പ്രത്യേക പരിശീലനം ഉണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് 'ജീവന്റെ തെളിവ്' എന്ന ചോദ്യോത്തരങ്ങള്‍ ആണ്. നമുക്കും കുടുംബത്തിനും മാത്രം അറിയാവുന്നതും നമ്മുടെ സൂക്ഷിപ്പുകാര്‍ക്ക് അറിയില്ലാത്തതും അറിയാന്‍ വഴിയില്ലാത്തതും ആയ മൂന്നു ചോദ്യങ്ങള്‍ എഴുതി അതിന്റെ ഉത്തരവും എഴുതി സീല്‍ ചെയ്ത് വക്കണം.

എന്റെ ഒരു ഉദാഹരണം പറയാം: അമ്മാവന്റെ പെട്ടിയില്‍നിന്ന് ഏതു ക്രീം എടുത്താണ് ഞാനും ചേച്ചിമാരും തലയില്‍ തേച്ചത്?

ഉത്തരം: പൈന്‍ ആപ്പിള്‍ ജാം

പണ്ടൊന്നും ഈ ചോദ്യോത്തര പരിപാടി ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ചോദ്യം ചോദിക്കുന്നവരും തട്ടിക്കൊണ്ടുപോകപ്പെട്ടവരും ഏറെ ബുദ്ധിമുട്ടി. ഗാസയില്‍വച്ച് തട്ടിക്കൊണ്ടുപോകപ്പെട്ട ബിബിസി ലേഖകന്‍ അലന്‍ ജോന്‍സ്റ്റന്‍ ഇതിനെപ്പറ്റി ഒരു കഥ പറഞ്ഞിട്ടുണ്ട്.

അലന്‍ ജോന്‍സ്റ്റന്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയാന്‍ കുടുംബം ചോദിച്ചത് അദ്ദേഹം ചെറുപ്പത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന് ഒരു പൂച്ച ഉണ്ടായിരുന്നു. അതിനോട് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടവും ആയിരുന്നു. ആ പൂച്ചയുടെ പേര് എന്തായിരുന്നു എന്നാണ് ചോദ്യം.

പക്ഷെ ലെബനില്‍നിന്ന് ഇംഗ്ലീഷ് ചോദ്യം ജോര്‍ഡാന്‍ വഴി അറബിക്കില്‍ ഗാസയിലെത്തിയപ്പോള്‍ അദ്ദേഹത്തിന് കിട്ടിയത് ഇങ്ങനെ: 'ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ പൂച്ചയുടെ പേരു പറയണം. നിങ്ങളുടെ ജീവിതം അതിനെ ആശ്രയിച്ചാണിരിക്കുന്നത്?

തീവ്രവാദികളുടെ ഇടയില്‍പെട്ട് പേടിച്ചിരുന്ന അലന്‍ ജോണ്‍സന് ദക്ഷിണാഫ്രിക്കയിലെ പൂച്ചയുടെ പേര് പറഞ്ഞില്ലെങ്കില്‍ തന്നെ തട്ടിക്കളയും എന്ന് ഇവര്‍ പറയുന്നതിന്റെ കാര്യം മനസ്സിലായില്ല. തെറ്റു പറഞ്ഞാല്‍ തല പോവും എന്ന് പേടിച്ച് അദ്ദേഹം ഒന്നും പറഞ്ഞതും ഇല്ല.

കഴിഞ്ഞ മെയ് 12 ന് തൃശ്ശൂരിലെ കുതിരാനില്‍ നാലുപേരുടെ മരണത്തിനിയാക്കിയ അപകടത്തില്‍ തകര്‍ന്ന കാര്‍. കേരളത്തില്‍ പ്രതിവര്‍ഷം 8000 പേര്‍ അപകടത്തില്‍ മരിക്കുന്നു എന്നാണ് കണക്ക്‌


എന്റെ സാറേ ഇതൊക്കെ സാറിനെപ്പോലെ ഇറാക്കിലും സിറിയയിലും ഒക്കെ പോകുന്നവര്‍ക്ക് കൊള്ളാം, ശരാശരി മലയാളിക്ക് ഇത് കൊണ്ടൊക്കെ എന്ത് കാര്യം എന്നായിരിക്കും നിങ്ങളുടെ ചിന്ത. അതുകൊണ്ട് ഒരു ചെറിയ കണക്ക് പറയാം.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് കേരളത്തില്‍ 8000 ആളുകള്‍ ഒരു വര്‍ഷം അപകടത്തില്‍ മരിക്കുന്നുണ്ട്. അതില്‍ പകുതിയും റോഡ് അപകടങ്ങളില്‍, പിന്നെ മുങ്ങി മരണം, ഷോക്ക് അടിച്ച് എന്നിങ്ങനെ. കേരളത്തില്‍ ശരാശരി ഒരു ലക്ഷത്തിന് ഇരുപതു പേര്‍ വര്‍ഷത്തില്‍ അപകടത്തില്‍ മരിക്കുന്നു എന്നാണ് ഇതിനര്‍ഥം.

40 ശാഖകളിലായി ദുരന്തനിവാരണം മുതല്‍ പീസ് കീപ്പിംഗ് വരെയുള്ള ജോലികള്‍ സിറിയ മുതല്‍ കോംഗോ വരെ നടത്തുന്ന ഐക്യരാഷ്ട്രസഭയില്‍ ശാരശരി മരണ നിരക്ക് ഇതില്‍ എത്രയോ താഴെയാണ്.

പറഞ്ഞുവരുന്നത് അഫ്ഗാനിസ്ഥാനിലും നേപ്പാളിലും ഒക്കെ നടക്കുന്ന എന്നെക്കാളും മരണസാധ്യത കേരളത്തില്‍ റോഡില്‍ യാത്ര ചെയ്യുന്നവര്‍ക്കാണെന്നതില്‍ ഒരു സംശയവും വേണ്ട എന്നാണ്. അതുകൊണ്ട് റോഡില്‍ ഇറങ്ങുന്ന മലയാളികളെല്ലാം, കല്യാണം കഴിച്ചാലുടന്‍ ഒരു വില്‍പ്പത്രം എഴുതണം എന്നാണെന്റെ ഉപദേശം. ഇല്ലെങ്കില്‍ നിങ്ങള്‍ വിശ്വാസി ആണെങ്കിലും അല്ലെങ്കിലും, ഭാര്യയും കുടുംബവും സ്‌നേഹത്തില്‍ ആണെങ്കിലും അല്ലെങ്കിലും, നിങ്ങള്‍ കാലപുരി പൂകിക്കഴിഞ്ഞാല്‍ മതപരമായ പിന്തുടര്‍ച്ചാവകാശവും പറഞ്ഞു കോടതി കയറ്റം ഉറപ്പ്.

അനിലിന്റെ അഡ്രസ് വേണമെങ്കില്‍ തരാം...
 
(80%) (8 Votes)

 

 

Other News in this Section