LATEST NEWS

Loading...

Custom Search
+ -

നെരൂദയുടെ വാല്

Posted on: 27 Jul 2015

 

രണ്ടര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 'ഒരിടത്തൊരിടത്ത്'കോളം
മുരളി തുമ്മാരുകുടി
പുനരാരംഭിക്കുന്നു



പാഞ്ഞാളിലെ തടി കുറയ്ക്കാനുള്ള ചികിത്സാകേന്ദ്രത്തില്‍നിന്ന് മുങ്ങി ഒരു ചിക്കന്‍ബിരിയാണി കഴിക്കാന്‍ മെയിന്‍ റോഡിലെത്തിയതാണ് ഞാന്‍. അപ്പോഴാണ് വള്ളത്തോള്‍ മ്യൂസിയം കാണുന്നത്. എന്നാലിതൊന്നു കണ്ടുനോക്കാമെന്ന് കരുതി. പില്‍ക്കാലത്ത് എന്റെ പേരിലും ഒരു മ്യൂസിയം ഒക്കെ ഉണ്ടാകുമ്പോള്‍ ഉപയോഗിക്കാന്‍ വല്ല ആശയവും കിട്ടിയാലോ.

റോഡരികിലുള്ള രണ്ടുനില കെട്ടിടമാണ് വള്ളത്തോള്‍ മ്യൂസിയം. ബിരിയാണി കഴിച്ച് ഞാന്‍ അതിന്റെ മുമ്പിലെത്തി. അവിടെ ഗേറ്റ് പൂട്ടിയിരിക്കുന്നു. വേറെ അറിയിപ്പുകള്‍ ഒന്നും ഇല്ല.

'സാറേ, ഇന്നു ഞായറാഴ്ചയാണ്, അതു തുറക്കില്ല' - അതിലെ പോയ ഒരാള്‍ എന്നോട് പറഞ്ഞു.

അതു നല്ല കഥ. അവധി ദിവസങ്ങളില്‍ അല്ലേ മ്യൂസിയമൊക്കെ തുറക്കേണ്ടത്. പാരീസ് മുതല്‍ തിരുവനന്തപുരം വരെ മ്യൂസിയത്തിന്റെ അവധി തിങ്കളാഴ്ചയാണല്ലോ എന്ന് ഞാനോര്‍ത്തു.

എന്തും ആകട്ടെ രണ്ടാഴ്ച ഇവിടെ ഉണ്ടല്ലോ, പിന്നെ കാണാം എന്നു കരുതി വീണ്ടും സുഖചികിത്സാകേന്ദ്രത്തിലേക്ക് പോയി.

മൂന്നാംദിവസം എന്റെ ചേട്ടന്‍ ബാബുവുമൊക്കെ കുടുംബമായി എന്നെ സന്ദര്‍ശിക്കാന്‍ വന്നു. അവരുടെകൂടെ മ്യൂസിയം സന്ദര്‍ശിക്കാനാണെന്നുള്ള ന്യായം പറഞ്ഞ് ഞാന്‍ വീണ്ടും ബിരിയാണിക്കടയില്‍ എത്തി. ഒരു മണിയോടെ ഞങ്ങള്‍ മ്യൂസിയത്തിന്റെ മുന്നിലെത്തി. അതു വീണ്ടും താഴിട്ട് പൂട്ടിയിരിക്കുന്നു. വേറെ അറിയിപ്പുകളൊന്നും ഇല്ല.

'സാറെ, അവിടുത്തെ സാര്‍ ഊണു കഴിക്കാന്‍ പോയതാണ്. അടുത്ത വീട്ടിലുണ്ട്, വിളിച്ചാല്‍ മതി' - അടുത്ത വഴിപോക്കന്‍ പറഞ്ഞു. വള്ളുവനാടല്ലേ. പരോപകാരികള്‍ക്ക് പഞ്ഞമില്ല.

ഞാന്‍ അടുത്ത വീടിന്റെ ബെല്ലടിച്ചു. ഉറക്കച്ചടവോടെ ഒരു സാര്‍ പുറത്തിറങ്ങി വന്നു.

'എന്തു വേണം?'

'മ്യൂസിയം കാണാന്‍ വന്നതാണ്'

'അതു രണ്ടുമണിക്കേ തുറക്കൂ'

വാതില്‍ അടഞ്ഞു.

ശരി, മ്യൂസിയം തുറക്കുന്നതും കാത്ത് രണ്ടുമണിവരെ ഞങ്ങള്‍ അവിടെയിരുന്നു. രണ്ടുമണിക്ക് സാര്‍ എത്തി ഗേറ്റു തുറന്നു.

'ടിക്കറ്റ് ഉണ്ടോ?' - സാറിന്റെ ചോദ്യം.

'ഇല്ല, ഞാന്‍ അതങ്ങോട്ടു ചോദിക്കാന്‍ ഇരിക്കുകയായിരുന്നു'.

'ടിക്കറ്റ് മേടിക്കണം'

'ശരി സാര്‍, അഞ്ച് ടിക്കറ്റ് വേണം'.

'ടിക്കറ്റൊന്നും ഇവിടെ കിട്ടില്ല, അതു കലാമണ്ഡലത്തില്‍ പോയി വാങ്ങണം'.

ഇതെന്തേര്‍പ്പാടാണ്, മ്യൂസിയത്തിന്റെ ടിക്കറ്റ് വാങ്ങാന്‍ വേറെ എവിടെയോ പോണം? ഇതത്ര പോപ്പുലര്‍ സ്ഥലം ആണെന്നൊന്നും തോന്നുന്നില്ല. ഇന്നിവിടെ ഞങ്ങള്‍ അല്ലാതെ ആരും ഇല്ല, അപ്പോള്‍ ടിക്കറ്റ് വില്‍ക്കുക എന്നത് ഭാരിച്ച ജോലിയൊന്നും ആവാന്‍ വഴിയില്ല. ഇനി അഥവാ അങ്ങനെയാണെങ്കില്‍തന്നെ അത് എഴുതിവെയ്ക്കുകയോ ഒരു മണിക്ക് പറയുകയോ ചെയ്യാമല്ലോ. എനിക്ക് അല്പം ദേഷ്യം വന്നു.

ഒരു ഇന്ത്യക്കാരന്‍ ആയി വളര്‍ന്ന് വില്ലേജ് ആഫീസ് മുതല്‍ ഇന്ത്യന്‍ എംബസികള്‍വരെയുള്ള ഗവണ്മെന്റ് സംവിധാനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതിനാല്‍ ഒരു കാര്യം എനിക്കറിയാം. ആരോടു വഴക്കിട്ടാലും താഴെക്കിടയിലുള്ള ഗവണ്മെന്റ് ഉദ്യോഗസ്ഥന്‍മാരുമായി ഉടക്കരുത്. പന്നിയോട് യുദ്ധം ചെയ്യരുതെന്ന് ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്. അതു നമ്മളെ ചെളിക്കുഴിയല്‍ ചാടിക്കും, പന്നി അത് ആസ്വദിക്കുകയും ചെയ്യും.

ബാബുച്ചേട്ടനെ പറഞ്ഞുവിട്ട് ടിക്കറ്റ് വാങ്ങി. അത്രയും സമയം ഞങ്ങള്‍ ഗേറ്റിനു വെളിയില്‍നിന്നു. ടിക്കറ്റിന്റെ വില ഞാന്‍ ഓര്‍ക്കുന്നില്ല. പക്ഷെ, അവിടെനിന്നും ടിക്കറ്റ് വാങ്ങാന്‍ വണ്ടി ഓടിക്കുന്ന ചിലവില്ലായിരുന്നു എന്നു ഞാന്‍ ഓര്‍ക്കുന്നുണ്ട്.

മ്യൂസിയത്തിനകത്തെ കാഴ്ചകള്‍ ഞാന്‍ വിസ്തരിക്കുന്നില്ല. പറഞ്ഞാല്‍ മഹാകവിയോടുള്ള ബഹുമാനക്കുറവായിത്തോന്നും. പക്ഷെ, ഒന്നുരണ്ടു കാര്യങ്ങള്‍ പറയാം. മഹാകവിയുടെ വീടിന് ഒരു അടുക്കളയുണ്ട്. അവിടെ ചില ചട്ടിയും കലവും ഒക്കെയുണ്ട്. അതിന് കവിയുടെ കാലപ്പഴക്കം ഒന്നും കാണ്ടില്ല. അതുകൊണ്ട് ഞാന്‍ സാറിനോടു ചോദിച്ചു.

'സാറേ ഇതു മഹാകവി ഉപയോഗിച്ചിരുന്നതാണോ?'

'അല്ല, ഇത് അടുത്തയിടെ വാങ്ങിവച്ചതാണ്'.

എന്ത്, ആലുവ-എറണാകുളം റോഡില്‍ ആയിരക്കണക്കിന് നിരത്തിവെച്ചിരിക്കുന്ന കലം കാണാനാണോ ഞാന്‍ ഒരു മണിക്കൂര്‍ വെയില്‍ കൊണ്ടത്?

'സാറേ മഹാകവി ഏതു കാലഘട്ടത്തിലാണ് ഈ വീട്ടില്‍ ജീവിച്ചിരുന്നത്?'

'അതൊന്നും എനിക്കറിയാന്‍ പാടില്ല'.

മ്യൂസിയത്തിലെ സാര്‍ വള്ളത്തോളിന്റെ കാര്യത്തില്‍ ഒരു അതോറിറ്റി ഒന്നുമല്ല എന്നെനിക്ക് വ്യക്തം. ഏതെങ്കിലും 'പണീഷ്‌മെന്റ് ട്രാന്‍സ്ഫര്‍' ആയി വല്ലതും വന്നതാണോ?

പിന്നെ ഞാന്‍ അധികം ഒന്നും ചോദിച്ചില്ല. മഹാകവിയുടെ ഒരു പുസ്തകംപോലും വാങ്ങാനുള്ള സംവിധാനം അവിടെ ഇല്ല. മഹാകവിയുടെ ഷേവിങ് റേസര്‍ ഉണ്ടായിരുന്നു എന്നു ഞാന്‍ ഓര്‍ക്കുന്നു.

ഇതൊക്കെ എന്നെ ഇപ്പോള്‍ ഓര്‍മ്മിപ്പിച്ചത് കഴിഞ്ഞയാഴ്ച മാധ്യമത്തില്‍ എന്റെ സുഹൃത്തായ ആര്‍ക്കിടെക്ട് ശങ്കര്‍ എഴുതിയ കുറിപ്പാണ് കേരളത്തിലെ ചിത്രകലാ കുലപതിയായ രാജാരവിവര്‍മ്മയുടെ സ്മാരകത്തിന്റെ നിര്‍മ്മാണവും അതിന്റെ ദുര്യോഗവും വിവരിക്കുന്ന ലേഖനത്തില്‍ ലോകത്തിലെ അനവധി സ്മാരകങ്ങളുടെ വിശേഷം അദ്ദേഹം എഴുതിയിട്ടുണ്ട്. ചങ്ങമ്പുഴയുടെ സ്മാരകം, ചങ്ങമ്പുഴയെപ്പോലെ കാലാതീതമായി നമ്മുടെ യുവത്വത്തെ മത്തുപിടിപ്പിക്കേണ്ട ഒന്നായിരിക്കണമെന്ന സന്ദേശവും ലേഖനം നല്കുന്നുണ്ട്.

കേരളത്തില്‍ വള്ളത്തോളിന്റേയും രവിവര്‍മ്മയുടെതും ഒക്കെ പോലെ എത്ര സ്മാരകങ്ങളും മ്യൂസിയങ്ങളും ഉണ്ടെന്നതിന് ഒരു കണക്ക് ആരെങ്കിലും സൂക്ഷിക്കുന്നുണ്ടോ? ഇതില്‍ എത്രയെണ്ണം ഭംഗിയായി നടക്കുന്നുണ്ട്? ഇക്കാണായ സ്മാരകങ്ങള്‍ ഒട്ടുമിക്കതും നന്നായി കൊണ്ടുനടക്കുന്നില്ലെങ്കിലും മാധവിക്കുട്ടിയാണെങ്കിലും അഴീക്കോട് ആണെങ്കിലും മരിച്ചുകഴിഞ്ഞാല്‍ പുതിയ സ്മാരകം ഉണ്ടാക്കാന്‍ നാട്ടുകാരും സര്‍ക്കാരും ശ്രമം തുടങ്ങുകയായി. പണ്ടുണ്ടാക്കിയ സ്മാരകങ്ങള്‍ എന്തുകൊണ്ടാണ് മഹത്തുക്കളുടെ ആശയങ്ങളെ പ്രചരിപ്പിക്കാന്‍ പോയിട്ട്, ഓര്‍മ്മയെ നിലനിര്‍ത്താന്‍പോലും പറ്റാതെ പലപ്പോഴും മരിച്ചവര്‍ക്ക് അപമാനകരമായി തീര്‍ന്നിരിക്കുന്നത് എന്നൊന്ന് ആലോചിക്കുകയെങ്കിലും വേണ്ടേ?

പാബ്ലോ നെരൂദ. ചിത്രം കടപ്പാട്: Wikipedia
ഞാന്‍ ആദ്യമേ പറഞ്ഞല്ലോ, മുരളി തുമ്മാരുകുടിയുടെ പേരില്‍ ഒരു സ്മാരകമുണ്ടാക്കാന്‍ എനിക്കേറെ താല്പര്യമുണ്ട്. സാധാരണഗതിയില്‍ മഹത്വം, മരണം, സ്മാരകം എന്നതാണ് നാട്ടുനടപ്പ്. എന്റെ കാര്യത്തില്‍ സ്മാരകം ആണ് ആദ്യം വരുന്നത്. മരണം പിന്നെ വരുമെന്ന് ഉറപ്പാണല്ലോ. അതിനു മുന്‍പോ പിന്‍പോ മഹത്വവും വരുമെന്നാണെന്റെ വിശ്വാസം. പക്ഷെ, ഞാനല്‍പ്പം പൊങ്ങി ആയതിനാലും, നാട്ടുകാര്‍ കാശുപിരിച്ച് എനിക്ക് സ്മാരകം ഉണ്ടാക്കാന്‍ സാധ്യത തല്‍ക്കാലം ഇല്ലാത്തതിനാലും എന്റെകാര്യം ഞാന്‍ തന്നെ നോക്കണം എന്നെനിക്ക് ഇപ്പോഴേ അറിയാം. അതുകൊണ്ടുതന്നെ ലോകത്തെമ്പാടും യാത്രചെയ്യുമ്പോള്‍ മഹാന്‍മാരുടെ, പ്രത്യേകിച്ച് നയതന്ത്രക്കാരുടെയും സാഹിത്യകാരന്മാരുടെയും സ്മാരകങ്ങള്‍ ഞാന്‍ നോക്കിക്കണ്ടു പഠിക്കുന്നുണ്ട്.

'അതിപ്പ സാറെ, സ്വന്തം സ്മാരകത്തിന്റെ കാര്യമൊക്കെ തന്നെയങ്ങു തീരുമാനിക്കുക എന്നൊക്കെ പറഞ്ഞാല്‍, അല്‍പ്പം ചീപ്പ് പരിപാടിയല്ലേ'.

എന്റെ അഭിപ്രായത്തില്‍ സ്വന്തം സ്മാരകങ്ങളുടെ കാര്യത്തില്‍ നമ്മുടെ മഹാന്‍മാര്‍ യാതൊരു താല്‍പ്പര്യവും എടുക്കാത്തതാണ്, അങ്ങനെ താല്‍പ്പര്യം എടുക്കുന്നത് മോശമാണെന്ന് അവരും നമ്മളും കരുതുന്നതാണ്, നമ്മുടെ സ്മാരകങ്ങളുടെ അധോഗതിക്ക് ഒരു പ്രധാന കാരണം. അമേരിക്കയിലെ ഓരോ പ്രസിഡണ്ടും ഭരണമൊഴിയുമ്പോള്‍ അവരുടെ പേരില്‍ ഒരു പ്രസിഡന്‍ഷ്യല്‍ ലൈബ്രറിയും മ്യൂസിയവും ഉണ്ടാക്കുന്ന പാരമ്പര്യമുണ്ട്. ഇതിന്റെ സ്ഥലം തെരഞ്ഞെടുക്കുന്നതു മുതല്‍ കെട്ടിടത്തിന്റെ ഡിസൈന്‍, എന്തൊക്കെ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നു, എന്തൊക്കെ സംവിധാനങ്ങള്‍ ഉണ്ടാക്കുന്നു എന്നതിലെല്ലാം ജീവിതകാലത്തുതന്നെ പ്രസിഡണ്ടുമാര്‍ താല്‍പ്പര്യമെടുക്കുന്നു. അതിനുള്ള ധനസംഭരണത്തിന് അവര്‍ പിന്തുണ നല്‍കുന്നു. ജോര്‍ജ് ബുഷ് ലൈബ്രറിയും, ക്ലിന്റണ്‍ ലൈബ്രറിയും പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. ഒബാമ ഇപ്പോഴും പൂര്‍ണ ആരോഗ്യത്തോടെ അധികാരത്തില്‍ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ലൈബ്രറി സ്ഥാപിക്കുന്ന സ്ഥലം കഴിഞ്ഞ മാസം പ്രഖ്യാപിച്ചു. മുരളി തുമ്മാരുകുടി ലൈബ്രറിക്ക് വെങ്ങോലയില്‍ സ്ഥലം വാങ്ങിയിട്ട ഞാന്‍ ഒബാമയേക്കാള്‍ ചീപ്പ് ആണോ?

എന്റെ ഒരു അഭിപ്രായം പറയാം. മലയാള സംസ്‌കാരികരംഗത്ത് അരനൂറ്റാണ്ടായി നിറഞ്ഞുനില്‍ക്കുന്നവരാണ് യേശുദാസും ഒ.എന്‍.വിയും എം.ടി.യും. ഇവരുടെയെല്ലാം പേരില്‍ അവരുടെ വ്യകതിത്വവും കലാരൂപവും സമന്വയിപ്പിക്കുന്ന എന്തെങ്കിലും പ്രസ്ഥാനം ഉണ്ടാക്കണം എന്നതില്‍ അവര്‍ക്കോ സര്‍ക്കാരിനോ നാട്ടുകാര്‍ക്കോ തര്‍ക്കം ഉണ്ടാവേണ്ട കാര്യമില്ല. അപ്പോള്‍ ഇതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ തുടങ്ങിക്കൂടെ? അതിന്റെ ഒരു ഘടന, സ്ഥലം, അവിടെ എന്തൊക്കെ പ്രസ്ഥാനങ്ങള്‍ വേണം (ലൈബ്രറി, തീയേറ്റര്‍, ഗവേഷണകേന്ദ്രം എന്നിങ്ങനെ), എന്തൊക്കെ പ്രദര്‍ശനത്തിനു വെക്കാം എന്നതില്‍ ഒക്കെത്തന്നെ ഈ മഹാന്‍മാരുടെ അഭിപ്രായം തേടുകയും അവരില്‍നിന്നുതന്നെ അവരുമായി ബന്ധപ്പെട്ട പരമാവധി വസ്തുക്കള്‍ ശേഖരിച്ച് വെക്കുന്നതും ഒക്കെ അല്ലേ ശരി? മഹാന്‍മാര്‍ ജീവിച്ചിരിക്കുന്നതിനാല്‍ അവരുടെ കാര്യത്തില്‍ എല്ലാവര്‍ക്കും കാര്യക്ഷമത ഉണ്ടാകും. സമയത്തിന് നടക്കുകയും ചെയ്യും. അഴിക്കോടുമാഷ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ മെല്ലെപ്പോക്ക് നടത്താന്‍ ആരെങ്കിലും ധൈര്യപ്പെടുമായിരുന്നോ? മരിച്ചു കഴിഞ്ഞാല്‍ മഹാന്മാരുടെ കയ്യില്‍ വില പിടിപ്പുള്ള വല്ലതും ഉണ്ടെങ്കില്‍ ആളുകള്‍ അത് ആദ്യമേ അടിച്ചു മാറ്റും. സ്ഥലത്തിന് ഇക്കാലത്ത് എവിടെയും പൊന്നിന്‍വില ആയതിനാല്‍ സ്ഥലം വിട്ടു കൊടുക്കുന്നതിനും പ്രായോഗിക ബുദ്ധിമുട്ടുണ്ട്. അവസാനം സര്‍ക്കാര്‍ സംവിധാനം വഴി സ്ഥലവും കണ്ടുപിടിച്ചു പ്ലാനും ഉണ്ടാക്കി വരുമ്പോള്‍ അവാര്‍ഡിന്റെ ഫോട്ടോകോപ്പിയും മെഡലിന്റെ ടൂപ്ലിക്കേറ്റും ഒക്കെയേ ബാക്കി കാണൂ. പശുവും ചത്ത് മോരിലെ പുളിയും പോയതിനുശേഷം മ്യൂസിയം ഉണ്ടാക്കാന്‍ നടക്കുന്നതുകൊണ്ടാണ് പുതിയ പാത്രവും പഴയ ഷേവിങ് സെറ്റുമൊക്കെ മഹാകവിയുടെ ഓര്‍മ്മക്കായി വെയ്‌ക്കേണ്ടി വരുന്നത്.

ജീവിക്കുന്ന സ്മാരകങ്ങള്‍:
നമ്മുടെ ചുറ്റുപാടുമുള്ള മഹദ്‌വ്യക്തികള്‍ സ്വന്തം ജീവിതകാലത്തുതന്നെ അവരുടെ ഓര്‍മ്മകളും അറിവുകളും ഒക്കെ പിന്‍തലമുറക്കായി ഒരുക്കുന്നതില്‍ മറ്റൊരു ഗുണവും ഞാന്‍ കാണുന്നുണ്ട്. സാധാരണ അത്തരത്തിലുള്ള സ്മാരകങ്ങളും മൃതമാണ്, പഴയ ചാരുകസേരയും പേനയും എന്നിങ്ങനെ എല്ലാം പഴമയാണ്. നല്ല നിലയില്‍ നടന്നാല്‍ തന്നെ വല്ല ഗവേഷണവിദ്യാര്‍ത്ഥികളും വന്നിരുന്നാലേ ഉള്ളൂ. എന്നാല്‍ ഒ.എന്‍.വിയുടെ പേരില്‍ ഒരു കവിതാപഠനകേന്ദ്രം ഉണ്ടാക്കുകയും അവിടെ ആഴ്ചയില്‍ ഒരിക്കലെങ്കിലും അദ്ദേഹം ചെന്നിരുന്ന് അവിടെ വരുന്നവരോട് സംവദിക്കുകയും ചെയ്യുന്നു എന്നിരിക്കട്ടെ. അവിടെ വരുന്ന സന്ദര്‍ശകരുടെ ആനന്ദം ഒന്ന് ആലോചിച്ചു നോക്കുക, പുതിയ തലമുറയിലെ അറിയപ്പെടാത്ത കവികള്‍ക്ക് അത് എത്ര ഗുണം ചെയ്യും എന്നോര്‍ക്കുക. ഇതും വലിയ പുതുമ അല്ല. വൈറ്റ്ഹൗസില്‍ ഇപ്പോള്‍ തന്നെ നാട്ടുകാര്‍ക്ക് വിസിറ്റ് ചെയ്യാനുള്ള സംവിധാനം ഉണ്ടല്ലോ. സന്ദര്‍ശനത്തിനെത്തുന്നവരുടെ നടുവിലേക്ക് ചിലപ്പോഴെങ്കിലും ഒബാമയും ഭാര്യയും എല്ലാം കടന്നുവരാറുണ്ട. അത്രയും ഭാരിച്ച ഉത്തരവാദിത്തം ഒന്നും നമ്മുടെ മഹാന്മാര്‍ക്ക് ഇല്ലല്ലോ.

നമ്മുടെ കുഴപ്പം എന്തെന്നുവച്ചാല്‍ അല്‍പ്പമെങ്കിലും പ്രശസ്തര്‍ ആയിക്കഴിഞ്ഞാല്‍ നമ്മള്‍ പൊതുജനങ്ങളില്‍നിന്ന് അകലം പാലിക്കാന്‍ ശ്രമിക്കും. ബസിലുള്ള പോക്ക് ആദ്യമേ നിര്‍ത്തും. കാറിനു കറുത്തചില്ലുവെക്കാന്‍ നോക്കും, അയല്‍ക്കാര്‍ക്കുപോലും കാണാന്‍ പറ്റാത്ത രീതിയില്‍ വീടിന്റെ മതില്‍ ഉയരത്തിലാക്കും, ബന്ധുക്കള്‍ ഉള്‍പ്പടെ സാധാരണജനങ്ങളുമായുള്ള സമ്പര്‍ക്കം മൊത്തം കൊട്ടിയടക്കും. ഇത് വിപ്ലവകവി ആയാലും ജനപ്രിയ നായകന്‍ ആണെങ്കിലും ശരിയാണ്. കേരളത്തിന് പുറത്ത് കര്‍മ്മമണ്ഡലം ഉള്ളവര്‍ ആകട്ടെ പറ്റിയാല്‍ അവിടെത്തന്നെ താമസവുമാക്കും. പില്‍ക്കാലത്ത് അവര്‍ക്ക് സ്മാരകം ഉണ്ടാക്കിയിട്ട് അവിടെ ആരും പോകുന്നില്ല എന്ന് പരാതി പറഞ്ഞിട്ട് എന്തുകാര്യം?

രാജാവായാലും രാജ്ഞിയായാലും അപ്പി ഇടണമെങ്കില്‍ ഷഡ്ഡി ഊരണമെന്ന് ആസ്‌ട്രേലിയയില്‍ ഒരു ചൊല്ലുണ്ട്. അതായത് അടിസ്ഥാനപരമായി നാമെല്ലാം മനുഷ്യരാണ്. സംഗീതത്തിലോ, സാഹിത്യത്തിലോ, രാഷ്ട്രീയത്തിലോ, ക്രിക്കറ്റിലോ ഒക്കെ ശോഭിച്ചതുകൊണ്ട് നാം മനുഷ്യരല്ലാതാകുന്നില്ല. അതുകൊണ്ടുതന്നെ മറ്റു മനുഷ്യരോട് അവരുടെ നിലയില്‍തന്നെ ഇടപെടാന്‍ നാം മടിക്കേണ്ടതില്ല. ഏതു കര്‍മമണ്ഡലത്തില്‍ ആണെങ്കിലും ഒരു പ്രായം കഴിഞ്ഞാല്‍ നമ്മള്‍ വിരമിക്കണമെന്നും കൂടുതല്‍ സമയം വളര്‍ന്നുവരുന്ന പ്രതിഭകളെ പരിശീലിപ്പിക്കാന്‍ സമയം ചിലവാക്കണം എന്നുമാണ് എന്റെ അഭിപ്രായം.

'അപ്പൊപ്പിന്നെ ഈ നെരൂദയുടെ വാല്' എവിടെനിന്നു വന്നു?


കറുത്ത ദ്വീപില്‍ ('Isla Negra') സ്മാരകമായി മാറ്റിയിട്ടുള്ള നെരൂദയുടെ ഭവനം. ചിത്രംകടപ്പാട്: santiagotourist.com


ഞാന്‍ സന്ദര്‍ശിച്ചിട്ടുള്ള മഹാന്‍മാരുടെ സ്മാരകത്തില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ചിലിയിലെ കറുത്ത ദ്വീപിലുള്ള പാബ്ലോ നെരൂദയുടെ സ്മാരകമാണ്, അതാണ് ഞാന്‍ എനിക്ക് മാതൃകയായി കണ്ടിരിക്കുന്നതും. നെരൂദ എഴുതിയ ഒന്നുംതന്നെ വായിച്ചിട്ടില്ലെങ്കിലും നെരൂദയും ഞാനുമായി അനവധി സാമ്യങ്ങള്‍ ഉണ്ട്. ഒന്നാമത് ഞങ്ങളുടെ രണ്ടുപേരുടേയും തൊഴില്‍ നയതന്ത്രം ആയിരുന്നു. രണ്ടുപേര്‍ക്കും രാജ്യത്തിന്റെ പ്രസിഡണ്ട് ആവണമെന്ന താല്പര്യം ഉണ്ടായിരുന്നു. ലോകത്ത് എമ്പാടുമുള്ള സന്ദര്‍ശനത്തില്‍നിന്നും തീരെ വിലയില്ലാത്ത സ്മാരകചിഹ്നങ്ങള്‍ ( mementos ) മാത്രമാണ് ഞങ്ങള്‍ രണ്ടുപേരും വാങ്ങിച്ചത്. നെരൂദയുടെ വീട് ഒരു കടല്‍ത്തീരത്തായിരുന്നു. ഓരോ ദിവസവും രാവിലെ പുള്ളി നടക്കാനിറങ്ങും, കടലില്‍ തിരമാലകൊണ്ടുവരുന്ന എന്തെങ്കിലും തടിയോ പൊടിയോ ഒക്കെ പുള്ളി ശേഖരിച്ചുവയ്ക്കും. ഇപ്പോള്‍ അതൊക്കെ മ്യൂസിയംവസ്തുവായി അവിടെ ഉണ്ട്. ഭാരം അളക്കുന്ന വെള്ളിക്കോലുതൊട്ട് പാടമടിക്കുന്ന ഞവരിവരെ ഞാനും സംഭരിച്ചുവച്ചിട്ടുണ്ട് മ്യൂസിയത്തിലാക്കാന്‍.

'ചേട്ടന്‍ വാലിന്റെ കാര്യം പറയുണ്ടോ ഇല്ലയോ?'

നെരൂദയുടെ ചെറുപ്പകാലത്ത് അദ്ദേഹത്തിന്റെ വീടിന്റെ അടുത്ത് കുതിരകള്‍ക്കുള്ള സാമഗ്രികള്‍ വില്‍ക്കുന്ന ഒരു കടയുണ്ടായിരുന്നു. അതിന്റെ പരസ്യത്തിനായി ഒരു മരക്കുതിരയും ഉണ്ടായിരുന്നു. ആ കുതിരയെ സ്വന്തമായി കിട്ടണമെന്ന് അദ്ദേഹത്തിന് വലിയ ആഗ്രഹമുണ്ടായിരുന്നു. ചെറുപ്പകാലത്ത് കടക്കാരനോട് അത് ചോദിച്ചതുമാണ്. ചെറുക്കനെ കടക്കാരന്‍ ഓടിച്ചുവിട്ടു.

അറുപത് വര്‍ഷങ്ങള്‍ക്കു ശേഷം നെരൂദ ലോകപ്രശസ്തന്‍ ഒക്കെ ആയിക്കഴിഞ്ഞ് ഒരു ദിവസം അദ്ദേഹം ഒരു വാര്‍ത്ത വായിച്ചു. അദ്ദേഹത്തിന്റെ പഴയ കുതിരക്കടക്ക് തീപിടിച്ചു. ഉടന്‍ അദ്ദേഹം അങ്ങോട്ടു വച്ചുപിടിച്ചു. ഭാഗ്യത്തിന് മരക്കുതിരക്ക് വലിയ പരിക്കൊന്നുമില്ല. പക്ഷെ, വാലു കരിഞ്ഞുപോയി എന്നുമാത്രം. കുതിരയെ അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു. അപ്പോള്‍ ആ കുതിരയെ നെരൂദക്കു നല്‍കാന്‍ കടക്കാരന് സന്തോഷമേ ഉള്ളൂ എന്നു പ്രത്യേകം പറയേണ്ടല്ലോ.

ആശിച്ച മരക്കുതിരയുടെ സ്വന്തം വീട്ടിലേക്കുള്ള വരവ് നെരൂദ വലിയ സംഭവമാക്കി. എല്ലാ സുഹൃത്തുക്കള്‍ക്കും ക്ഷണക്കത്തയച്ചു. വരുമ്പോള്‍ കുതിരക്ക് എന്തെങ്കിലും സമ്മാനം കൊണ്ടുവരണമെന്ന് പ്രത്യേകം പറയുകയും ചെയ്തു. കുതിരയുടെ വാല്‍ കരിഞ്ഞുപോയി എന്നു കേട്ടറിഞ്ഞ മൂന്നു സഹൃത്തുക്കള്‍ കൃത്രിമവാലുമായിട്ടാണ് പാര്‍ട്ടിക്ക് എത്തിയത്. കുതിരക്ക് അങ്ങനെ ഒന്നിനു പകരം മൂന്നു വാലായി. രണ്ട് വാലുകള്‍ നെരൂദ ആസനത്തിനടുത്തുതന്നെ തിരുകി. മൂന്നാമത്തേത് നെറ്റിയുടെ നടുക്കും. ലോകത്തെ ഏറ്റവും സന്തോഷവാനായ കുതിര എന്നാണ് നെരൂദ ഈ മൂന്നുവാലുള്ള കുതിരയെപ്പറ്റി പറഞ്ഞത്. മൂന്നുവാലും ആയി ആ മരക്കുതിര കറുത്ത ദ്വീപിലെ കടല്‍ത്തീരവസതിയില്‍ ഇപ്പോഴുമുണ്ട്. പുറത്തു കാറ്റേറ്റ് പ്രണയിനിയോടൊപ്പം നെരൂദയുടെ ഭൗതികാവശിഷ്ടങ്ങളും.

ഞാന്‍ ഒരു ഗാന്ധിയന്‍ അല്ലെങ്കിലും സമൂഹത്തില്‍ നാം ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ സ്വന്തം ജീവിതത്തില്‍ ആദ്യം കൊണ്ടുവരണം എന്ന തത്ത്വത്തില്‍ വിശ്വസിക്കുന്ന ആളാണ്. അതുകൊണ്ട് ശങ്കറും ഞാനും കൂടി ഇപ്പോള്‍ തുമ്മാരുകുടി സ്മാരകം ഡിസൈന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. വിശേങ്ങള്‍ വഴിയെ അറിയിക്കാം. പക്ഷെ ഈ ലൈബ്രറി സ്മാരകം ആകുന്നതിനു മുന്‍പേ ഒരു കാലം ഉണ്ടെങ്കില്‍ അതിന്റെ പൂമുഖത്ത് ഞാനും കാണും.
 
(77.5%) (8 Votes)

 

 

Other News in this Section