ഈ കള്ളന്മാരുടെ ഒരു കാര്യം!
മുരളി തുമ്മാരുകുടി
Posted on: 19 Nov 2012
'വേറൊരാളുടെ വീട്ടില്‍ മോഷ്ടിക്കാനായി അതിക്രമിച്ചു കയറാന്‍ നല്ല ധൈര്യം വേണമെന്നാണ് എനിക്ക് തോന്നുന്നത്, എനിക്കതിനുള്ള ധൈര്യം ഉണ്ടാവുമെന്നു തോന്നുന്നില്ല.'
ഇതെന്റെ അഭിപ്രായമല്ല. ഇംഗ്ലണ്ടിലെ ജഡ്ജി ആയ പീറ്റര്‍ ബവേര്‍സിന്റേതാണ്.
ഇതദ്ദേഹം ചുമ്മാ അങ്ങു പറഞ്ഞതല്ല. അഞ്ചു ദിവസത്തിനകം മൂമ്പ് വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ ഒരു കള്ളന്റെ വിചാരണ കഴിഞ്ഞ് ശിക്ഷ വിധിക്കുന്ന നേരത്തെ ഡയലോഗ് ആണ്.
'ജയിലില്‍ അയച്ച ആരും നന്നായ ചരിത്രം ഇല്ല' എന്ന് കൂട്ടിച്ചേര്‍ത്ത് അദ്ദേഹം പന്ത്രണ്ടു മാസത്തെ നല്ല നടപ്പാണ് റിച്ചാര്‍ഡ് റോച്ച്‌ഫോര്‍ഡ് എന്ന ഇരുപത്താറുകാരനു വിധിച്ചത്.
എത്ര നല്ല ജഡ്ജി. നമ്മുടെ നാട്ടില്‍ ആയിരുന്നെങ്ങില്‍ പുള്ളിക്ക് വേണ്ടി ഒരു അമ്പലം കള്ളന്മാര്‍ ഉണ്ടാക്കിയേനെ. അവിടെ ഭണ്ഡാരത്തില്‍ നല്ല വരവുണ്ടാവുകയും ചെയ്യും ആരും വിഗ്രഹം മോഷ്ടിക്കുകയും ഇല്ല.
ആരുടെ വീട്ടിലാണോ അതിക്രമിച്ചു കയറിയത്, അവര്‍ക്ക് ഈ അഭിപ്രായം ഉണ്ടാകാന്‍ വഴിയില്ല. പ്രതിയായ റിച്ചാര്‍ഡ് പോലും ഇത് സമ്മതിച്ചില്ല.
'ഇതു സത്യത്തില്‍ ധൈര്യത്തിന്റെ കാര്യം ഒന്നും അല്ല. വാസ്തവത്തില്‍ ഞാന്‍ മയക്കുമരുന്നിന് അടിമയായിരുന്നു, ഞാന്‍ എന്താണ് ചെയ്തിരുന്നതെന്ന്
എനിക്ക് പോലും ഓര്‍മയില്ല' എന്നാണ് റിച്ചാര്‍ഡ് പറഞ്ഞത്.
'ജഡ്ജി പറഞ്ഞത് അല്പം കടുപ്പമായിപ്പോയി' എന്ന് റിച്ചാര്‍ഡിന്റെ അമ്മയും പറഞ്ഞു. ജഡ്ജിയുടെ പെരുമാറ്റം ഇപ്പോള്‍ ഓഫീസ് ഫോര്‍ ജുഡീഷ്യല്‍ കംപ്ലൈന്റ്‌സ് അന്വേഷിക്കുകയാണ്.
സത്യത്തില്‍ കളവു നടത്താന്‍ അല്പം ധൈര്യം ഒക്കെ വേണമെങ്കിലും കള്ളന്റെ സ്ഥായീഭാവം ഭയമാണെന്നാണ് ഞങ്ങള്‍ പഠിക്കുന്നത്. അതുകൊണ്ട് കള്ളന്‍മാരെ നേരിടാനുള്ള എല്ലാ നിര്‍ദ്ദേശങ്ങളും ഒരു ധീരനെ നേരിടുന്നപോലെയല്ല, കുഴപ്പത്തിലായ പാമ്പിനെ നേരിടുന്ന പോലെ ആയിരിക്കണം എന്നാണ് തത്വം.
ഇതിനു കാരണം ഉണ്ട്. കള്ളനും നിങ്ങളും നേര്‍ക്കുനേര്‍ വരുമ്പോള്‍ വലിയ റിസ്‌ക് കള്ളനാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ കാറോ പേഴ്‌സോ ഒക്കെയാണ് നഷ്ടപ്പെടാന്‍ സാധ്യത. പക്ഷെ, പിടിക്കപ്പെട്ടാല്‍ കള്ളനു നഷ്ടപ്പെടാന്‍ പോകുന്നത് അവന്റെ മാനം, സ്വാതന്ത്ര്യം, പിന്നെ ചിലപ്പോള്‍ ജീവന്‍ തന്നെയും ആണ്. പീറ്റര്‍ ബവേര്‍സിനെപ്പോലുള്ള ജഡ്ജിമാര്‍ എപ്പോഴും എല്ലായിടത്തും ഇല്ലല്ലോ.
നമ്മുടെ നാട്ടിലെ തന്നെ കാര്യമെടുക്കുക. ബസ്സില്‍ പോക്കറ്റടിച്ചോ, വീട്ടില്‍ കയറിയോ, ബൈക്കില്‍ എത്തിയോ ഒക്കെ മോഷണം നടത്തിയ ഒരാളെ കയ്യോടെ പിടികൂടിയെന്നിരിക്കട്ടെ. വഴിയെ വരുന്ന എല്ലാവരും അവനിട്ടു രണ്ട് കൊടുക്കും. പിടിക്കപ്പെട്ട കള്ളന്‍ 'ഇവിടെ ആരുമില്ലേ പോലീസിനെ വിളിക്കാന്‍' എന്നു പരാതിപ്പെടുന്നത് കേവലം തമാശക്കഥയല്ല.
ഞങ്ങള്‍ ഐഐടിയില്‍ പഠിക്കുന്ന സമയത്ത് അവിടെ ചെറുകിട മോഷണങ്ങള്‍ പതിവായിരുന്നു. ഞങ്ങളുടെ സൈക്കിള്‍, കാല്‍ക്കുലേറ്റര്‍ എന്നിങ്ങനെ.
ഒരിക്കല്‍ ഹോസ്റ്റലില്‍ നിന്നും മോഷ്ടിച്ച ഷര്‍ട്ടുമിട്ട് പയ്യന്‍സ് രണ്ടാമതും ഹോസ്റ്റലില്‍ എത്തി. അത്തവണ അവനെ കയ്യോടെ പിടിച്ചു. കുറ്റവിചാരണ സംഘത്തില്‍ വടക്കേ ഇന്ത്യയിലെ ഒരു ഐപിഎസുകാരന്റെ മകനും ഉണ്ടായിരുന്നു. അവന് കുറ്റാന്വേഷണ മാര്‍ഗ്ഗങ്ങള്‍ നല്ല പരിചയം ആണ്. കള്ളനെ നിലത്തിരുത്തിയിട്ട് അവന്റെ കൈ വെള്ളകളില്‍ കസേരയുടെ രണ്ടു കാല് വെക്കുക. എന്നിട്ട് ഒന്നോ രണ്ടോ പേര്‍ കസേരയില്‍ ഇരിക്കുക. ഹോസ്റ്റല്‍ ആയതിനാല്‍ ഇരിക്കാന്‍ ഒന്നും രണ്ടുമല്ല അഞ്ചും ആറും പേരുണ്ടായിരുന്നു. അവസാനം സെക്യൂരിറ്റി വന്ന് കള്ളനെ രക്ഷപെടുത്തുമ്പോഴേക്കും പാവം പാന്റില്‍ മലമൂത്രവിസര്‍ജനം വരെ നടത്തിയിരുന്നു. (ഈ ടെക്‌നിക്ക്
പറഞ്ഞുതന്ന പയ്യനും പില്‍ക്കാലത്ത് ഐപിഎസ് കിട്ടി പോയി. ആ നാട്ടിലെ കള്ളന്‍മാരുടെ കാര്യം ചിന്ത്യം).
ഇതല്പം കഷ്ടമെന്നു തോന്നുന്നെങ്കില്‍ ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെ രീതി കൂടി അറിയണം. കളവിനിടയില്‍ പിടിക്കപ്പെട്ടാല്‍ ആദ്യം അവനെ അടിച്ചുശരിയാക്കും (നമ്മുടെ നാട്ടിലെപ്പോലെ തന്നെ). പക്ഷെ, പിന്നെ പോലീസിലേല്പ്പിക്കാനൊന്നും മിനക്കെടില്ല. ആരെങ്കിലും ഒരു പഴയ സ്‌കൂട്ടറിന്റെയൊ കാറിന്റെയൊ ടയര്‍ കൊണ്ടുവരും. അത് തീ കൊളുത്തി കള്ളന്റെ കഴുത്തില്‍കൂടി ഇടും. നെക്ലേസിംഗ് എന്നാണിതിന്റെ പേര്. ജനക്കൂട്ടത്തിനിടയില്‍ ഓടിപാഞ്ഞ് പുളഞ്ഞ് കള്ളന്‍ വീഴും. മിക്കവാറും മരിക്കുകയും ചെയ്യും. കേരളത്തിലെ ആന പാപ്പാനെ കുത്തിക്കൊല്ലുന്നത് യൂട്യൂബില്‍ കണ്ട് രസിക്കാന്‍ താല്പര്യമുള്ളവര്‍ ആഫ്രിക്ക നെക്ലേസിംഗ് എന്ന് സെര്‍ച്ച് ചെയ്താല്‍ സംഗതി കാണാം.
ഞാന്‍ പറഞ്ഞുവരുന്നത് മോഷണം വലിയ റിസ്‌ക്കുള്ള പരിപാടിയാണ്. അതുകൊണ്ടുതന്നെ പിടിക്കപ്പെടുമെന്നുള്ള ഘട്ടം വരുമ്പോള്‍ കള്ളന്റെ പ്രതികരണം എത്ര കടുപ്പത്തിലുള്ളതും ആവാം. വെറും പോക്കറ്റടിച്ചിട്ട് ഓടുന്ന കള്ളനെ പിടിക്കാനോടിയ പോലീസുകാരനെ കുത്തിമറിക്കാന്‍ കള്ളന് തോന്നുന്നത് ഇതുകൊണ്ടാണ്. ആരെയും കുത്തിക്കൊന്ന് ജീവപര്യന്തം ജയിലില്‍ പോകണമെന്നുള്ള പ്ലാനൊ, പ്രതീക്ഷയൊ ആയിട്ടല്ല പോക്കറ്റടിക്ക് ഇറങ്ങുന്നത്. സത്യത്തില്‍, കേരളത്തില്‍ പിടിക്കപ്പെട്ടാല്‍ കുറെ അടിയും കൂടിയാല്‍ രണ്ടു വര്‍ഷം തടവും ആയി രക്ഷപ്പെടുകയും ചെയ്യാം. പക്ഷെ, പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ എത്തിപ്പെടുന്ന കള്ളന്‍ അങ്ങനെ ലോജിക്കല്‍ ആയി ചിന്തിക്കുവാനുള്ള മനോനിലയില്‍ അല്ല.
ലോകത്ത് പലയിടത്തും യാത്ര ചെയ്യുമ്പോള്‍ മോഷ്ടാവിന്റെ മുന്നിലെത്തിപ്പെടാനുള്ള സാധ്യത ധാരാളമാണ്. ഇത് തിരക്കുള്ള ട്രെയിനിലോ മറ്റോ പോക്കറ്റടിക്കപ്പെടുന്നതാവാം, ഹൈവേയില്‍ വണ്ടി തടഞ്ഞു നിര്‍ത്തി പണമൊ വണ്ടിയൊ തട്ടിയെടുക്കുന്നതാവാം, താമസിക്കുന്ന ഹോട്ടലിലോ വീട്ടിലോ അതിക്രമിച്ചു കയറി മോഷണം നടത്തുന്നതാവാം, എവിടെ വച്ചും ഒരു കത്തിയൊ, തോക്കോ കാട്ടി പേര്‍സൊ, മാലയൊ മറ്റു വിലപ്പെട്ടതെന്തുമോ തട്ടിപ്പറിക്കുന്നതാവാം. അതുകൊണ്ടുതന്നെ മോഷണത്തില്‍ നിന്നും
മോഷ്ടാവില്‍നിന്നും എങ്ങനെ രക്ഷപെടാമെന്നതിനെപ്പറ്റി കൃത്യമായ പരിശീലനവും മാര്‍ഗരേഖയും ഞങ്ങള്‍ക്ക് കിട്ടാറുണ്ട്. സഞ്ചരിക്കുന്നവരും അല്ലാത്തവരും അത് അറിഞ്ഞിരിക്കേണ്ടതും ആണ്.
മോഷണത്തില്‍ നിന്നും രക്ഷപെടാനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗം മോഷ്ടാക്കളുടെ മുന്നില്‍ ചെന്നുപെടാതിരിക്കുക എന്നതാണ്. കള്ളന്‍മാര്‍ എപ്പോള്‍ എവിടെ നമ്മെ ആക്രമിക്കും എന്ന് നമുക്ക് അറിയാത്തതിനാല്‍ ഇതത്ര പ്രായോഗികമാണോ എന്നു തോന്നാം. പക്ഷെ, എപ്പോഴും എവിടെയും കള്ളന്മാര്‍ നമ്മുടെ മുന്നിലെത്താനുള്ള സാധ്യത ഒരുപോലെ അല്ല. ചില രാജ്യങ്ങളിലും പല നഗരങ്ങളിലും കള്ളന്മാരുടെ എണ്ണവും ശല്യവും മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ആണ്. യാത്ര ചെയ്യുന്നവര്‍ക്ക് ഇത്തരം വിവരങ്ങള്‍ ആവശ്യമെങ്കില്‍ ലഭ്യമാണ്. വിദേശ രാജ്യങ്ങളില്‍ ഓരോ 'നൈബര്‍ഹുഡിന്റേയും' െ്രെകം റേറ്റ് നാട്ടുകാര്‍ക്ക് ലഭ്യമാണ്. ഹോട്ടലില്‍ മുറിയെടുക്കുന്നതിനും വീട് മേടിക്കുന്നതിനൊ വാടകക്കെടുക്കുന്നതിനൊ മുമ്പ് തന്നെ ഇത് അന്വേഷിച്ച് കണ്ടുപിടിക്കണം. ഇത് ലഭ്യമല്ലാത്ത സമയത്ത് ചില കോമണ്‍സെന്‍സ് നിരീക്ഷണങ്ങല്‍ നടത്തുക.
1. ഒരു പ്രദേശത്തുള്ള വീടുകളുടെ മതിലിന്റെ ഉയരം, ഗേറ്റിന്റെ കട്ടി, ഘടന, അപ്പാര്‍ട്ടുമെന്റാണെങ്കില്‍ ജനലുകള്‍ക്ക് ഗ്രില്ല് ഘടിപ്പിച്ചിട്ടുണ്ടോ എന്നതെല്ലാം അപകട സൂചനയാണ്. മതിലിന്റെ മുകളില്‍ ഇലക്ട്രിക് ഫെന്‍സും മൂന്നാം നിലയിലെ മുറിയുടെ ജനലിനു ഗ്രില്ലും ഉള്ള സ്ഥലം സുരക്ഷിതമല്ല എന്ന് എഴുതിവക്കേണ്ടതില്ലല്ലോ.
2. ഒരു നൈബര്‍ഹുഡിലെ ഹോട്ടലിനോ വീടിനോ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ചെലവ് കുറവാണെങ്കില്‍ ഒന്നു ചികഞ്ഞു നോക്കുന്നത് നല്ലതാണ്. കഴിഞ്ഞവര്‍ഷം ബ്രസല്‍സില്‍ ഏറ്റവും ലാഭത്തിന് ഹോട്ടല്‍ മുറിയെടുത്ത ഞാന്‍, അത് സുരക്ഷിതം അല്ല എന്ന് വൈകിയാണ് മനസ്സിലാക്കിയത്. 'രാത്രി എട്ടു കഴിഞ്ഞാല്‍ സാര്‍ ഒരു ടാക്‌സിയെടുത്തേ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുംവരാവൂ' എന്നാണ് ഹോട്ടല്‍ മാനേജര്‍ പറഞ്ഞത്. റെയില്‍വേ സ്‌റ്റേഷന്‍ ഹോട്ടലിന്റെ എതിര്‍വശത്താണെന്നുകൂടി മനസ്സിലാക്കുക!
3. രാത്രി എത്ര മണിവരെ കടകള്‍ തുറന്നിരിക്കുന്നു എന്നതും പൊതുഗതാഗത സംവിധാനങ്ങളില്‍ സ്ത്രീകള്‍ സഞ്ചരിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.
രണ്ടാമത്തെ കാര്യം കള്ളന്മാരുടെ മുന്‍പില്‍ എത്തിപ്പെടാന്‍ സാധ്യതയുള്ള സ്ഥലത്തും സമയത്തും സഞ്ചരിക്കുമ്പോള്‍ നമ്മള്‍ അവര്‍ക്ക് 'പ്രെഡിക്ടബിളും' 'അട്രാക്ടീവും' ആകാതെ നോക്കുക എന്നതാണ്. അതായത്, ദിവസവും രാത്രി ഒന്‍പതു മണിക്ക് കട പൂട്ടി കിട്ടിയ കാശും ബാഗിലിട്ട് പോകുന്ന ഒരാള്‍ കള്ളന്മാരുടെ 'ബെസ്റ്റ് ടാര്‍ഗറ്റ്' ആണ്. ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യേണ്ട ആളുകള്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണം.
സെക്യൂരിറ്റി സിറ്റുവേഷന്‍ മോശമായ സ്ഥലത്ത് യാത്ര ചെയ്യുമ്പോള്‍ ഞാന്‍ ചെയ്യുന്ന രണ്ട് കാര്യങ്ങള്‍ ഉണ്ട്. ഒന്നാമതായി കുഴപ്പമുള്ള സ്ഥലങ്ങളും സമയവും ഒഴിവാക്കുക. രണ്ടാമതായി സാധാരണ ഉപയോഗിക്കുന്ന പേര്‍സ് മാറ്റി 'അടിച്ചു മാറ്റുന്നവര്‍ക്ക്' വേണ്ടിയുള്ള ഒരു പേര്‍സ് പോക്കറ്റില്‍ ഇടുക.
ഇതില്‍ കുറെ ഡേറ്റു കഴിഞ്ഞ ക്രെഡിറ്റ് കാര്‍ഡുകളും ആ നാട്ടിലെ കറന്‍സിയും വിദേശ കറന്‍സിയും ആയി ഒരു നൂറു ഡോളറും കാണും. കള്ളന്‍ കത്തിചൂണ്ടിയോ പോക്കറ്റടിച്ചോ പേര്‍സ് തട്ടിയെടുത്താല്‍ പിന്നെ െ്രെഡവിംഗ് ലൈസന്‍സും ബാങ്ക് കാര്‍ഡും ഒന്നും പോവില്ല എന്നതാണ് ഇതിന്റെ പ്രധാന ഗുണം.കളവു നടത്തിയിട്ട് ഒരു നൂറു ഡോളര്‍ എങ്കിലും കിട്ടിയില്ലെങ്കില്‍ കള്ളന്റെ അടി കിട്ടാനുള്ള സാധ്യത ഒഴിവാക്കാനാണ് നൂറു ഡോളര്‍ ഇടുന്നത്.
(ഇത് തമാശയല്ല).
കള്ളന്മാരെ നേരിടുന്നതിലെ അവസാനത്തെ പാഠം, നമ്മുടെ ജീവനോളം വലുതല്ല ഒന്നും എന്ന പാഠമാണ്. ആളൊഴിഞ്ഞ സ്ഥലത്തു വച്ചോ, രാത്രി വീട്ടില്‍ വച്ചോ അല്ല ഹൈവേയില്‍ വച്ചോ ഒക്കെ കള്ളന്‍ നമ്മുടെ നേരെ തോക്കോ കത്തിയോ ചൂണ്ടി (അതില്ലെങ്കില്‍ പോലും) അവര്‍ ചോദിക്കുന്നത് എന്തും കൊടുക്കുക എന്നതാണ് ബുദ്ധി. പോയ കാശ് പിന്നെയും ഉണ്ടാക്കാം. കള്ളന് മനുഷ്യന്റെയോ ദൈവത്തിന്റെയോ ശിക്ഷ എന്നെങ്കിലും കിട്ടിക്കോളും. പക്ഷെ, നമ്മുടെ ജീവന്‍ നഷ്ടപ്പെട്ടാല്‍ പിന്നെ അതുകൊണ്ട് ഒരു കാര്യവും ഇല്ല. കള്ളന്റെ കയ്യില്‍ ആയുധമില്ലെങ്കിലും അയാള്‍ ആയുധധാരി ആണെന്നും കള്ളന്‍ ഒറ്റക്കാണെങ്കിലും അയാള്‍ക്ക് കൂട്ടാളികള്‍ ഉണ്ടെന്നും കരുതുന്നതാണ് ശരിയായ റിയാക്ഷന്‍ . അതുകൊണ്ടുതന്നെ ഒരു കാരണവശാലും കള്ളന്റെ പുറകെ ഓടരുത്.
ഒമാനില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഒരിടക്ക് മരുഭൂമിയിലെ വിജനമായ റോഡുകളില്‍വച്ച് കള്ളന്‍മാര്‍ ഞങ്ങളുടെ കാര്‍ തട്ടിയെടുക്കാന്‍
തുടങ്ങി. അതിനെ നേരിടാന്‍ ഞങ്ങള്‍ വിദേശത്തുനിന്ന് പ്രഗത്ഭരായ സെക്യൂരിറ്റി കണ്‍സള്‍ട്ടന്റിനെ വരുത്തി. ബ്രിട്ടീഷ് ആര്മിയിലും മറ്റും കമാന്‍ഡോ ആയി ജോലി ചെയ്തവര്‍ ആയിരുന്നു ഇവര്‍. അവര്‍ തന്ന നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു.
1. വിജനമായ റോഡില്‍വച്ച് ആരെങ്കിലും തോക്കു ചൂണ്ടിയാല്‍ സ്പീഡില്‍ ഓടിച്ചു പോകാന്‍ ശ്രമിക്കരുത്. വണ്ടി നിര്‍ത്തുക (വെടിയുണ്ടയുടെ
സ്പീഡിനും മുകളില്‍ വണ്ടി ഓടില്ല).
2. കള്ളന്റെ നേരെ നോക്കി സംസാരിക്കരുത് (ഇവനെ വെറുതെ വിട്ടാല്‍ ഇവന്‍ എന്നെ ഓര്‍ത്തിരിക്കുമെന്നും പോലിസിനു രേഖാചിത്രം ഉണ്ടാക്കാന്‍
സഹായിക്കുമെന്നും കള്ളനു തോന്നരുത്, അങ്ങനെ തോന്നിയാല്‍ വെടി വെച്ച് കൊന്നിട്ടെ അവര്‍ സ്ഥലം വിടൂ. പലപ്പോഴും ഒന്നില്‍ കൂടുതല്‍ കൊല
നടത്തിയിട്ടുള്ളവര്‍ ആയിരിക്കും ഇവര്‍ അപ്പോള്‍ ഒരാളെ കൂടി കൊള്ളുന്നത് അവര്‍ക്ക് വലിയ റിസ്‌ക് അല്ല, വെറുതെ വിടുന്നതാണ് വലിയ റിസ്‌ക്.)
3. പേടി കൊണ്ടാണെങ്കിലും ചാടി ഇറങ്ങരുത്. കള്ളനോട് ചോദിച്ചിട്ടേ സീറ്റ് ബെല്‍ട്ട് പോലും ഊരാന്‍ ശ്രമിക്കാവൂ (അല്ലെങ്കില്‍ നമ്മള്‍ ആയുധമെടുക്കാനോ
എമര്‍ജന്‍സി മെസേജ് കൊടുക്കാനോ ശ്രമിക്കയാണെന്ന് കള്ളന്‍ കരുതും).
4. വണ്ടിയില്‍ എത്ര യാത്രക്കാര്‍ ഉണ്ടെങ്കിലും കള്ളന്‍ ഒറ്റയാളേ ഉള്ളൂ എങ്കിലും കൃശഗാത്രനാണെങ്കിലും അവനുമായി മല്‍പിടുത്തത്തിനു പോകരുത്
(ദെയര്‍ ഈസ് നോ ആര്‍ഗ്യൂമെന്റ് വിത്ത് ഗണ്‍).
5. കള്ളന്‍ സമ്മതിച്ചതിനു ശേഷം മാത്രം ഇറങ്ങി റോഡില്‍ നിന്നും മാറി നില്ക്കുക. കള്ളന്‍ വണ്ടിയുമായി പോയി എന്ന് ഉറപ്പുവരുത്തിയതിനു ശേഷം
മാത്രം തിരിച്ചുവന്ന് പിന്നെ വണ്ടികള്‍ വന്നാല്‍ സഹായം അഭ്യര്‍ത്ഥിക്കുക.
സ്‌പെഷ്യല്‍ ഫോഴ്‌സിലെ സെക്യൂരിറ്റി കണ്‍സള്‍ട്ടന്റുമാര്‍ ഹൈവേ കള്ളന്മരെ അടിച്ചു മലര്‍ത്താന്‍ ഞങ്ങളെ പരിശീലിപ്പിക്കും എന്നു വിചാരിച്ചിരുന്ന
ഞങ്ങള്‍ക്ക് നിരാശയായി. ഈ ഗൈഡ് ലൈന്‍ കള്ളന്മാരുടെ കയ്യില്‍ എത്തിയാല്‍ പിന്നെ കള്ളന്മാര്‍ തോക്ക് ചൂണ്ടാതെ ഞങ്ങളുടെ സെക്യൂരിറ്റി ഗൈഡ്‌ലൈനും
ആയിട്ടാണ് ഹൈവേയില്‍ നില്‍കാന്‍ പോകുന്നതെന്ന് എന്നു ഞങ്ങള്‍ തമാശയും പറഞ്ഞു.
പക്ഷെ, ഈ ഗൈഡ്‌ലൈനിന് വിചാരിച്ച ഗുണമുണ്ടായി. പതിനായിരക്കണക്കിന് ജോലിക്കാരും ആയിരക്കണക്കിന് വാഹനങ്ങളും ഉണ്ടായിരുന്ന ഞങ്ങളുടെ
കമ്പനിയില്‍ ഒരാള്‍ പോലും കൊല്ലപ്പെട്ടില്ല. വണ്ടികള്‍ കുറച്ചെല്ലാം പോയി. പക്ഷെ, കള്ളന്മാരെയൊക്കെ കാലക്രമേണ പിടികൂടി. അവിടെ ആയതിനാല്‍
പിന്നെ ആ കള്ളന്മാര്‍ റോഡിലിറങ്ങിയിട്ടില്ല എന്നും ഉറപ്പിക്കാം.
പക്ഷേ, ഇങ്ങനെയുള്ള പരിശീലനവും മാര്‍ഗരേഖകളും ഇല്ലാത്ത സ്ഥലങ്ങളില്‍ കള്ളന്മാര്‍ വണ്ടി തട്ടിയെടുക്കുന്നതിനിടക്ക് യാത്രക്കാരെ കൊല്ലുന്നത്
അസാധാരണമല്ല. കുറ്റകൃത്യങ്ങള്‍ ധാരാളമുള്ള പല വന്‍ നഗരപ്രാന്തങ്ങളിലും അസമയത്ത് സിഗ്‌നല്‍ മാറാന്‍ വെയിറ്റ് ചെയ്യുന്ന സമയത്ത് െ്രെഡവറെ തോക്കു
ചൂണ്ടി പുറത്തു ചാടിച്ചു വായില്‍ ടേപ്പ് ഒട്ടിച്ച് ഡിക്കിയിലാക്കി വണ്ടിയും ആയി പോകുന്ന കള്ളന്മാര്‍ ഉണ്ട്. വണ്ടി നഗരപ്രാന്തവും കഴിയുമ്പോള്‍ െ്രെഡവറെ കൊന്നു കളയുകയോ വഴിയില്‍ തള്ളുകയോ ചെയ്യും. നഗരത്തിലെ കാര്‍ ജാക്കിങ്ങില്‍ നിന്നും രക്ഷ പെടാന്‍ മാര്‍ഗരേഖകള്‍ വേറെയുണ്ട്. അത് പിന്നീടൊരിക്കല്‍ പറയാം. ഇപ്പോള്‍ ഒരു കാര്‍ ജാക്കിംഗ് ജോക്ക് പറഞ്ഞവസാനിപ്പിക്കാം.
െ്രെകം അല്പം കൂടുതല്‍ ഉള്ള ഒരു രാജ്യത്തെ തലസ്ഥാനത്തെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലാണ് സ്ഥലം. അവിടെ കാറുകള്‍ വരുമ്പോള്‍ ഡിക്കി തുറന്നു പരിശോധിക്കുന്നത് സാധാരണമാണ്. അടുത്തയിടെ സ്ഥലം മാറിവന്ന ഒരു വിദേശി ഒരു അടിപൊളി ബെന്‍സ് കാറുമായി ഹോട്ടലില്‍ എത്തി. ബൂട്ട് പരിശോധിച്ചു കഴിഞ്ഞ് സെക്യൂരിറ്റി പറഞ്ഞു.
'സാറ് പൊക്കോ, പക്ഷെ ആ ബൂട്ടൊന്നു വൃത്തിയാക്കി വക്കണം'.
'താന്‍ സെക്യൂരിറ്റി നോക്കിയാല്‍ മതി, വണ്ടി വൃത്തിയാക്കി വക്കുന്നതെല്ലാം എന്റെ കാര്യമാണ്, അതു ഞാന്‍ നോക്കിക്കോളാം' വിദേശി മാന്യന്‍ ചൂടായി.
'സാറേ, ഇത് സാറിന്റെ കാര്യം തന്നെ ആണ്. ഞാന്‍ ചുമ്മാ പറഞ്ഞെന്നേ ഉള്ളൂ. വണ്ടി കള്ളന്മാര്‍ തട്ടിയെടുത്തു കഴിയുമ്പോള്‍ സാറ് ബൂട്ടിലാണ് കിടക്കാന്‍ പോകുന്നത്. വൃത്തിയാക്കി വച്ചാല്‍ സാറിനു തന്നെ നല്ലത്.'
ഇടക്ക് അല്പം തണുപ്പൊക്കെ വരുന്ന ആ രാജ്യത്ത് നല്ല കാറുള്ളവര്‍ ഒരു തലയിണയും പുതപ്പും ബൂട്ടില്‍ കരുതാറുണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അര്‍ബന്‍ ലെജന്റ് ആണോ എന്തോ.
തുമ്മാരുകുടി കഥകള്‍ വാങ്ങാം
(56.92%) (13 Votes)
Explore Mathrubhumi
Other News in this Section





