LATEST NEWS

Loading...

Custom Search
+ -

അച്ഛന്‍ പഠിച്ച പാഠം

മുരളി തുമ്മാരുകുടി

Posted on: 25 Sep 2012

 

'മുരളിയുടെ രചനകള്‍ അടുത്തയിടയായി നല്ല നിലവാരം പുലര്‍ത്തുന്നുണ്ട്' എന്ന് ഒന്നുരണ്ട് ബുദ്ധിജീവികള്‍ പറഞ്ഞതായി മറ്റു ചില ജീവികളിലൂടെ ഞാന്‍ അറിഞ്ഞു. ആലോചിച്ചപ്പോള്‍ എനിക്കും തോന്നി, 'ശരിയാണ്'. അടുത്തയിടയായി നല്ല കമന്റുകള്‍ ആണ് കൂടുതല്‍ വരുന്നത്. ഈശ്വരാ, എഴുതിയെഴുതി ഞാന്‍ നന്നായോ?

ബുദ്ധിജീവികളുടെ അഭിനന്ദനം ഒരു ഇരുതല വാളാണ്. അടുത്തെയിടെ മാര്‍ക്കറ്റില്‍ ഇറങ്ങി ശരാശരി കളക്ഷന്‍ നേടിയിരുന്ന ഒരു സിനിമ അവാര്‍ഡു കിട്ടിയതോടെ പെട്ടി മടക്കേണ്ടി വന്നുവെന്ന് എന്റെ സുഹൃത്ത് പറഞ്ഞു കേട്ടു. ഈ ബുദ്ധിമാന്‍മാര്‍ക്കും ജൂറിമാര്‍ക്കും ഒക്കെ ഇഷ്ടപ്പെട്ടാല്‍ നമ്മുടെ പടം മടക്കാന്‍ സമയമായി എന്നു സാരം.

എന്നെ വിമര്‍ശിക്കുന്നവര്‍ ഏറ്റവും ഫോക്കസ് ചെയ്യുന്നത് എന്റെ നിലവാരം ഇല്ലാത്ത തമാശകളില്‍ ആണ്. അതുകൊണ്ട് ഇത്തവണ ഒരു തറ ജോക്കോടെ തുടങ്ങാം. ബുദ്ധിയുള്ളവര്‍ സ്ഥലം വിട്ടോട്ടെ.

കഥ നടക്കുന്നത് റോമിലെ പ്രശസ്തമായ ഫോറം റോമാനത്തില്‍ആണ്. ക്രിസ്തുവിനു മുമ്പേ നൂറ്റാണ്ടുകളോളം റോമിന്റെ നഗരജീവിതത്തിന്റെ കേന്ദ്രമായിരുന്നു ഇത്. തെരുവുകളും കച്ചവട സ്ഥാപനങ്ങളും കുളിപ്പുരകളും (ബാത്ത് ഹൗസ്) കള്ളുകടകളും ഒക്കെയുണ്ടായിരുന്ന നഗരകേന്ദ്രം. ഇപ്പോള്‍ ഇതെല്ലാം തകര്‍ന്ന് തരിപ്പണം ആയെങ്കിലും റോമിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമാണ് ഇവിടം.

ഫോറം റോമാനത്തിലൂടെ പഴയ നഗരത്തിന്റെ അവശിഷ്ടങ്ങള്‍ ഒരു സംഘം ടൂറിസ്റ്റുകളെ കാണിച്ചുകൊടുക്കുകയാണ് ഒരു ഗൈഡ്.
'ഏതാണ്ട് രണ്ടായിരത്തി എഴുന്നൂറ്റിയമ്പത് വര്‍ഷം പഴക്കമുണ്ട് ഫോറം റോമാനത്തിന്' ഗൈഡ് പറഞ്ഞു.
'അല്ല, ഈ സ്ഥലത്തിന് രണ്ടായിരത്തി എഴുന്നൂറ്റി അന്‍പത്തിരണ്ടു വര്‍ഷം പഴക്കം ഉണ്ട്' ഒരു ടൂറിസ്റ്റു തിരുത്തി.
'ഇതു ശനിയുടെ ക്ഷേത്രമാണ്. ഏതാണ്ട് രണ്ടായിരത്തി അഞ്ഞൂറു വര്‍ഷത്തെ പഴക്കമുണ്ട്' ഗൈഡ് അടുത്ത സ്ഥലത്തെത്തി.
'അല്ല, ഈ സ്ഥലത്തിന് രണ്ടായിരത്തി അഞ്ഞൂറ്റി രണ്ടു വര്‍ഷത്തെ പഴക്കമുണ്ട്' പഴയ ടൂറിസ്റ്റ് പിന്നെയും ആവര്‍ത്തിച്ചു.
'റോമിലെ പഴയ റെക്കോര്‍ഡുകള്‍ സൂക്ഷിച്ചിരുന്ന ഈ സ്ഥലത്തിന് രണ്ടായിരത്തി ഒരുന്നൂറു വര്‍ഷം പഴക്കമുണ്ട്' ഗൈഡ് ടാബുലോറിയത്തിന്റെ മുന്‍പില്‍ വച്ചു പറഞ്ഞു.
'അല്ല, ഈ സ്ഥലത്തിന് രണ്ടായിരത്തി ഒരുന്നൂറ്റിരണ്ടു വര്‍ഷം പഴക്കമുണ്ട്' പഴയ വിദ്വാന്‍ പറഞ്ഞു.
ഗൈഡിന് ദേഷ്യം വന്നു. 'ഇതെല്ലാം തനിക്ക് ഇത്ര കൃത്യമായി എങ്ങനെ അറിയാം'.
'ഞാന്‍ രണ്ടു വര്‍ഷം മുന്‍പ് ഇവിടെ വന്നിരുന്നു. അന്നും സാറിതുപോലെ രണ്ടായിരത്തി എഴുന്നൂറിന്റേയും അഞ്ഞൂറിന്റേയും ഒക്കെ കണക്കു പറഞ്ഞു. ഞാന്‍ അതില്‍ നിന്നും രണ്ടങ്ങു കൂട്ടി, അത്രേയുള്ളൂ'.

നിങ്ങള്‍ക്ക് ചിരി വന്നെങ്കില്‍ എന്റെ തമാശ ഫലിച്ചു (എന്റെ ഒറിജിനല്‍ ഒന്നും അല്ല കേട്ടോ), അതായത് ഇതാസ്വദിക്കാന്‍ പറ്റാത്ത ബുദ്ധിയുള്ള ജീവികള്‍ എല്ലാം സ്ഥലം വിട്ടിരിക്കണം.

ഈ കൃത്യമായ കണക്കിന്റെ കാര്യം പറയാന്‍ ഒര കാരണമുണ്ട്. രണ്ടു വര്‍ഷം മുന്‍പ് കൃത്യമായ ചില കണക്കുകളോടെ ഒരു ലൗ ജിഹാദ് വാര്‍ത്ത കേരളത്തെ നടുക്കിയിരുന്നു. അഞ്ചു വര്‍ഷത്തിനിടെ മൂവായിരത്തി സംതിംഗ് സംതിംഗ് സംതിംഗ് നമ്പര്‍ ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മുസ്ലിം പുരുഷന്മാരെ സ്‌നേഹിച്ച് വിവാഹം ചെയ്ത് ലൗ ജിഹാദിനിരയായി എന്നായിരുന്നു ആ വാര്‍ത്ത. പള്ളിക്കാരും സമുദായക്കാരും ഒക്കെ അതേറ്റു പിടിച്ചു വിപ്ലവമുണ്ടാക്കി.

അക്കാലത്ത് ഞാന്‍ എന്റെ അടുത്ത സുഹൃത്തുക്കളോട് ഒരു കാര്യം പറഞ്ഞു. 'ആ കണക്കില്‍ ഒരു തെറ്റുണ്ട് കേട്ടോ'.
'അതു തനിക്കെങ്ങനെ കൃത്യമായിട്ടറിയാം.'
'ഈ മൂവായിരത്തി സംതിംഗ് സംതിംഗിന്റെ കാര്യം ഒന്നും എനിക്കറിയില്ല. പക്ഷെ, അവസാനത്തെ സംതിംഗില്‍ നിന്നും ഒന്നു കുറക്കണം, അതെനിക്കറിയാം.'
'അതെങ്ങനെ?'
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഒരു മുസ്ലിം യുവാവിനെ പ്രേമിച്ചു കല്യാണം കഴിച്ച ഒരാള്‍ എന്റെ ബന്ധു ആണ്. അവള്‍ സ്വമനസ്സാലെ കല്യാണം കഴിച്ചതാണ്. മറ്റെല്ലെവരെയും പോലെ കുടുംബജീവിതം നയിക്കുന്നു. ഒരു ഇരയുമല്ല, കുന്തവുമല്ല.'

മിശ്രവിവാഹം കേരളത്തില്‍ അത്ര പ്രാബല്യത്തില്‍ ഉള്ളതല്ല. പക്ഷെ എന്റെ ബന്ധുവിനെ പോലെ സ്വന്തം ഇഷ്ടത്തിന് അന്യസമുദായത്തിലുള്ളവരെ വിവാഹം കഴിക്കുന്നവര്‍ കുറെയൊക്കെയുണ്ട്. അവരൊന്നും ഇരകളോ വിപ്ലവകാരികളോ ഒന്നും അല്ല. സ്വന്തം സാമൂഹ്യ സാമ്പത്തിക കുടുംബാന്തരീക്ഷം കാരണം ലോകത്തെ ഭൂരിഭാഗം സ്ത്രീ പുരുഷന്‍മാരും ചെയ്യുന്നതുപോലെ സ്വന്തം ഇഷ്ടപ്രകാരം മുന്‍കൂട്ടി അറിഞ്ഞ് അവര്‍ ഇണയെ കണ്ടെത്തി, അത്രേയുള്ളൂ.

മിശ്രവിവാഹം പോയിട്ട് പ്രേമവിവാഹം പോലും നമ്മുടെ നാട്ടില്‍ സാധാരണമല്ല. അതൊരു സോഷ്യല്‍ 'അനോമലി' ആണ്. അതുകൊണ്ടുതന്നെ അങ്ങനെയുള്ളവ പൊളിച്ചെടുക്കേണ്ടത് സമൂഹത്തിന്റെ 'നോംസ്' (norms) സംരക്ഷിക്കാന്‍ ആവശ്യവും ആണ്. ഇക്കാര്യത്തില്‍ എല്ലാ സമുദായ സംഘടനകളും 'ഒറ്റ ടീമാണു ദാസാ.'
എന്റെ തലമുറയിലെ ആളുകളുടെ കുട്ടികള്‍ വിവാഹപ്രായമാവുകയാണ്. എന്റെ ക്ലാസ്സിലെ തന്നെ കുറച്ചു പേരുടെ (പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ) കുട്ടികളുടെ വിവാഹം ഇതിനകം കഴിഞ്ഞു. അതുകൊണ്ടുതന്നെ പ്രേമം, വിവാഹം എന്നിവയെല്ലാം ഞങ്ങളുടെ ഇടയില്‍ വീണ്ടും ചര്‍ച്ചയില്‍ വരാറുണ്ട്. ഇതില്‍ നിന്നും എനിക്കു മനസ്സിലായ കാര്യം ഇതാണ്.

പ്രേമവിവാഹത്തിനും മിശ്രവിവാഹത്തിനും ഞങ്ങളുടെ തലമുറയിലെ ഒരു വലിയ വിഭാഗം എതിരല്ല. അവരുടെ കുട്ടികള്‍ വലിയ കുഴപ്പം ഒന്നും ഇല്ലാതെ വിവാഹജീവിതം നയിക്കണം എന്നേ അവര്‍ക്കുള്ളൂ (സന്തുഷ്ടമായ കുടുംബ ജീവിതം എന്നത് ഒരു സിനിമാക്കഥയാണെന്ന് ഞങ്ങള്‍ക്കെല്ലാം ഇപ്പോള്‍ അറിയാം). സ്വന്തം ജാതിയില്‍ നിന്നോ സമുദായത്തില്‍ നിന്നോ ഭാഷ സംസാരിക്കുന്നവരില്‍ നിന്നോ രാജ്യത്ത് നിന്നോ ഒക്കെ മക്കള്‍ പങ്കാളികളെ കണ്ടെത്തുന്നത് 'കുഴപ്പങ്ങള്‍' കുറക്കാന്‍ സഹായിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഇതു കുറെ ന്യായവും ആണ്. അതായത് പ്രേമവിവാഹത്തോടോ മിശ്ര വിവാഹത്തോടോ ഉള്ള എതിര്‍പ്പ് താത്വികമോ ധാര്‍മ്മികമോ അല്ല, പ്രായോഗികമാണ്.

ഞങ്ങളുടെ തലമുറയിലുള്ള അച്ഛനമ്മമാര്‍ ഞങ്ങളുടെ മുന്‍പിലെ ഏതു തലമുറയേക്കാളും 'മക്കള്‍ക്കു വേണ്ടി' ജീവിക്കുന്നവര്‍ ആണ്. അതുകൊണ്ടുതന്നെ മക്കളുടെ കല്യാണക്കാര്യത്തില്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണമായ എതിര്‍പ്പുണ്ടെങ്കിലും മക്കള്‍ പ്രേമനൈരാശ്യം കൊണ്ട് റെയിലിനു തല വെക്കുന്നത് ഞങ്ങള്‍ക്ക് ആലോചിക്കാന്‍ പോലും വയ്യ. അടുത്തയിടക്ക് കേരളത്തില്‍ പലയിടത്തും ആണ്‍കുട്ടികളും പെണ്‍കുട്ടികളും കാമുകി കാമുകന്‍മാരുമൊക്കെ വീട്ടുകാരുടെ എതിര്‍പ്പുമൂലം ആത്മഹത്യ ചെയ്ത വാര്‍ത്ത ഞങ്ങളെ നടുക്കുന്നു. അത്രയൊന്നും വേണ്ട മക്കളെ, ചുമ്മാ ഒന്നു പേടിപ്പിച്ചാല്‍ മതി, ഞങ്ങള്‍ സമ്മതിച്ചോളാം. നിങ്ങളോളം വലുതല്ല മറ്റൊന്നും, മതവും സമുദായവും ഒന്നും.

ഇതാണ് എന്റെ തലമുറയുടെ രീതി. പക്ഷെ, പണ്ടങ്ങനെ ഒന്നും അല്ലായിരുന്നു കേട്ടോ. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയെട്ടില്‍ ഒരിക്കല്‍ നാട്ടില്‍ അവധിക്കു വന്നപ്പോള്‍ എനിക്ക് അര്‍ജന്റായി ഒരു സന്ദേശം വന്നു. എന്റെ സുഹൃത്ത് തോമസ് മാത്യുവിന്റെയാണ്. 'മുരളി ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വരണം. എന്റെ അപ്പച്ചന്‍ വണ്ടിയിടിച്ച് ഗുരുതരാവസ്ഥയില്‍ ആണ്.'

ഉടന്‍തന്നെ ഞാന്‍ കോഴിക്കോട്ടത്തി. അപ്പന്‍ അസ്ഥിയെല്ലാം ഒടിഞ്ഞു അബോധാവസ്ഥയില്‍ ആശുപത്രിയില്‍ ആണ്. ആ കാലത്ത് ICU ഉണ്ടായിരുന്നോ എന്ന് ഓര്‍ക്കുന്നില്ല. ഇപ്പോള്‍ പല്ല് വേദന ആണെങ്കിലും രണ്ടു ദിവസം ICU-വില്‍ കിടത്തിയിട്ടേ ആശുപത്രിക്കാര്‍ വിടൂ.
'എന്തു പറ്റി തോമാച്ചാ, ഏത് വണ്ടിയാണ് ഇടിച്ചത്?'
'ഏതു വണ്ടിയാണെന്നറിയില്ല. ജനുവരി ഒന്നാം തീയതി രാവിലെ ആറുമണിക്കാണ് ഒരു ഹോട്ടലിന്റെ മുമ്പില്‍, റോഡിനരുകില്‍ അപ്പച്ചന്‍ പരിക്കേറ്റു കിടന്നത് ആളുകള്‍ കാണുന്നത്. രാത്രിയില്‍ എപ്പോഴോ അപകടം പറ്റിയതാകണം. പക്ഷെ ന്യൂ ഇയര്‍ ആയിട്ട് ഹോട്ടലില്‍ നിന്നും കള്ളും കുടിച്ച് കിടക്കുന്നതാണെന്നേ ആളുകള്‍ കരുതിയിരുന്നുള്ളൂ.

രണ്ടാഴ്ചക്കകം മാത്യുച്ചായന് ബോധം വീണു. അപ്പോള്‍ അദ്ദേഹം ഞെട്ടിക്കുന്ന ആ വിവരം വെളിപ്പെടുത്തി.
'എന്നെ ഒരു വണ്ടീം ഇടിച്ചിട്ടില്ല'
'പിന്നെ ഈ പരുക്കൊക്കെ എങ്ങനെ പറ്റി'
'ഞാനാ ഹോട്ടലിന്റെ മുകളില്‍നിന്നും ചാടിയതാണ്'
'അതെന്തിനാ'
'ചാവാന്‍, അല്ലാതെ പിന്നെന്തിനാ?'
എന്തിനാ മാത്യുച്ചായന്‍ ആത്മഹത്യക്ക് ശ്രമിച്ചത്?

മാത്യുച്ചായന്റെ മകന്‍ തോമസ് എന്റെ കൂട്ടുകാരന്‍ ആയിരുന്നു എന്നു പറഞ്ഞല്ലോ. തോമസിന് ഒരു ഇളയ സഹോദരി ഉണ്ട്, ആലീസ്. എം.എ.ക്കു പഠിക്കുന്നു. ആലീസിന് ഒരു പ്രേമം ഉണ്ട്. കഷ്ടകാലത്തിന് അതൊരു നായര്‍ പയ്യന്‍ ആണ്. പയ്യന്‍ സുമുഖനും നല്ല ജോലിയുള്ളവനും കേട്ടിടത്തോളം സല്‍സ്വഭാവിയും ആണ്. പക്ഷെ പറഞ്ഞിട്ടെന്തു കാര്യം നായരായിപ്പോയില്ലെ.

വിവരം വീട്ടിലറിഞ്ഞപ്പോള്‍ പതിവുപോലെ പുകിലായി. അച്ഛനും അമ്മയും സാമ, ദാന, ഭേദ, ദണ്ഡങ്ങള്‍ ഒക്കെ പ്രയോഗിച്ചു. ബന്ധുക്കാരുടേയും പള്ളീലച്ചന്റേയും ബന്ധുക്കളുടെയും ഉപദേശം വേറെ . പക്ഷെ പെണ്ണുറച്ചുതന്നെ.

സമൂഹത്തിലെ പ്രമാണിയായ മാത്യുച്ചായന് സ്വന്തം മകള്‍ ഒരു നായരുടെ കൂടെ ഇറങ്ങിപ്പോയതിനു ശേഷം സമൂഹത്തെ അഭിമുഖീകരിക്കാന്‍ പറ്റില്ലെന്നുറപ്പായി.

മകളാണെങ്കില്‍ അമ്പിനും വില്ലിനും അടുക്കുന്നുമില്ല. പിന്നെ മാത്യുച്ചായന്റെ മുന്നില്‍ ഒരു വഴിയേ ഉള്ളൂ, ആത്മഹത്യ.
'ട്രെയിനിനു തലവെക്കാനാണ് ഞാന്‍ രാത്രി ഒരു മണിക്ക് ടൗണിലേക്കിറങ്ങിയത്. പക്ഷെ പകുതി വഴി നടന്നപ്പോള്‍ ഒരു ഹോട്ടലിന്റെ മുകളില്‍ കുറെ പേര്‍ കള്ളും കുടിച്ച് ന്യൂ ഇയര്‍ ആഘോഷിക്കുന്നതു കണ്ടു. അപ്പോള്‍ ഞാന്‍ വിചാരിച്ചു. ഏതാണെങ്കിലും ചത്താല്‍ പോരെ. മൂന്നുനില മുകളില്‍ നിന്നും വീണാലും ചാവുമല്ലോ. ഞാന്‍ അതുകൊണ്ട് ഹോട്ടലില്‍ കയറി രണ്ടെണ്ണം വിട്ടു. പിന്നെ ടെറസില്‍ കയറി താഴേക്കു ചാടി. അത്ര തന്നെ. പിന്നത്തെ കാര്യം നിങ്ങള്‍ക്ക് അറിയാമല്ലോ.'

ഇതൊരു സിനിമ കഥയോ എന്തിനു പുളുക്കഥയോ ആയിരുന്നെങ്കില്‍ ആലീസ് ഉടന്‍ അച്ഛന്റെ സ്‌നേഹം തിരിച്ചറിഞ്ഞു പള്ളിയിലെത്തി കരഞ്ഞു പ്രാര്‍ത്ഥിച്ചു മനസ്സ് മാറിയേനെ. എന്റെ കഥകള്‍ പക്ഷെ കഥയല്ലല്ലോ, ജീവിതമല്ലേ. അതുകൊണ്ട് ആലീസിന്റെ പ്രേമകഥ അവിടെ ഒടിഞ്ഞു നുറുങ്ങി അവസാനിച്ചില്ല.

അപ്പച്ചന്‍ കയ്യും കാലുമൊടിഞ്ഞ് ആശുപത്രിയിലായപ്പോള്‍ ആലീസിനു പഠിപ്പു നിര്‍ത്തേണ്ടി വന്നു. തോമസിന് ബോംബെയില്‍ ജോലിക്കു പോണം. അവരുടെ അമ്മക്കും ജോലിയുണ്ട്. അന്നൊക്കെ ഈ ഹോം നേഴ്‌സ് പരിപാടിയില്ല. അതുകൊണ്ട് അപ്പനെ ആശുപത്രിയിലും പിന്നെ വീട്ടിലും നോക്കേണ്ട ജോലി ആലീസിന്റേതായി. ഏതാണ്ട് ഒന്നര വര്‍ഷം എടുത്തു തോമാച്ചന്‍ രണ്ടു കാലില്‍ നില്‍ക്കാന്‍. നട്ടെല്ലിനു കമ്പിയൊക്കെ വേണ്ടി വന്നു.

നട്ടെല്ല് പൂര്‍വ്വ സ്ഥിതിയിലായ തോമാച്ചന്‍ ഒരുറച്ച തീരുമാനം എടുത്തു.
'ആലീസിനെ അവള്‍ക്ക് ഇഷ്ടമുള്ള ആള്‍ക്ക് കെട്ടിച്ചു കൊടുക്കും.'
വിവരമറിഞ്ഞ് ബന്ധുക്കളും സമുദായ പ്രമാണികളും പള്ളീലച്ചനും ഒക്കെ സ്ഥലത്തെത്തി. തീരുമാനത്തില്‍ നിന്നും പിന്‍തിരിയാന്‍ തോമാച്ചനെ പ്രേരിപ്പിക്കാന്‍. അച്ഛനോട് ഒറ്റ ചോദ്യമേ തോമാച്ചന്‍ ചോദിച്ചോളൂ.
'അച്ചോ, ഞാന്‍ ഒന്നര കൊല്ലം കിടന്ന കിടപ്പിലായിരുന്നു. ഈ ബന്ധുക്കളും പ്രമാണിമാരും ഒക്കെ എവിടെയായിരുന്നു?'
'അതിപ്പോ, തോമാച്ചാ'
'അച്ചന്‍ ഒന്നും പറയണ്ട, ഒന്നെനിക്കു മനസ്സിലായി. നമുക്ക് ഒരു അപകടം വരുമ്പോ നമ്മുടെ കുട്ടികളേ ഉള്ളൂ. അപ്പൊ സമുദായത്തിനുവേണ്ടി അവര്‍ക്ക് ഇഷ്ടമല്ലാത്തത് ചെയ്യിക്കുന്നതില്‍ വലിയ കാര്യം ഒന്നും ഇല്ല. ഈ പാഠം പഠിപ്പിക്കാനാണ് കര്‍ത്താവ് എന്നെ കൊല്ലാതെ വിട്ടത്.'

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറില്‍ നായരു പയ്യനേയും കെട്ടി ആലീസ് കുടുംബജീവിതം നയിക്കുന്നു. സന്തുഷ്ടമെന്നു ഞാന്‍ പറഞ്ഞില്ല, പറയുകയുമില്ല. പക്ഷെ അതു മിശ്രത്തിന്റേയും ഒന്നും കുഴപ്പമല്ല എന്നാദ്യമേ പറഞ്ഞല്ലോ.

ഗുണപാഠം: പാഠം പഠിക്കണമെന്ന് ആഗ്രമുള്ള അച്ഛന്‍മാര്‍ റെയിലിനു തല വെക്കാതിരിക്കുന്നതാണ് നല്ലത്. എല്ലൊടിയുമ്പോള്‍ പഠിക്കുന്ന പാഠം തല മുറിഞ്ഞു പോയാല്‍ പഠിക്കാന്‍ പറ്റില്ല.

 

തുമ്മാരുകുടി കഥകള്‍ വാങ്ങാം
(77.5%) (8 Votes)

 

 

Other News in this Section