തിളക്കുന്ന എണ്ണയില്‍ കൈമുക്കുന്നത് എങ്ങനെ?
മുരളി തുമ്മാരുകുടി
Posted on: 20 Aug 2012
ലോകത്ത് പലയിടത്തും എന്തിന് വടക്കേ ഇന്ത്യയില്‍പോലും അക്രമികളും മരമണ്ടന്‍മാരും ആയ രാജാക്കന്‍മാര്‍ ഉണ്ടായിരുന്നതായി ചരിത്രത്തില്‍ നമ്മള്‍ പഠിച്ചിട്ടുണ്ട്. എന്നാല്‍ ഭാഗ്യവശാല്‍ നമ്മെ ഭരിച്ചിരുന്ന പൊന്നു തമ്പുരാക്കന്‍മാര്‍ എല്ലാം തന്നെ ബുദ്ധിമാന്‍മാരും പ്രജാക്ഷേമതല്പരരും ആയിരുന്നു എന്നാണ് നമ്മുടെ അറിവ്.അതുകൊണ്ടുതന്നെ തിളച്ച എണ്ണയില്‍ (അല്ലെങ്കില്‍ നെയ്യില്‍) കൈ മുക്കിനോക്കി ഒരാള്‍ കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നു തീരുമാനിക്കുന്ന രീതി നമ്മുടെ രാജാക്കന്‍മാര്‍ വളരെ നാള്‍ കൊണ്ടു നടന്നിരുന്നു എന്നത് എന്നെ ഏറെ അതിശയിപ്പിച്ചു. തിളക്കുന്ന എണ്ണയിലോ നെയ്യിലോ കൈമുക്കിയാല്‍ പൊള്ളുമെന്ന് നൂറുശതമാനം ഉറപ്പായിരിക്കെ അതൊരു വിചാരണാരീതിയായി നടപ്പാക്കുന്ന രാജാവ് നീതിമാന്‍ പോയിട്ട് ബുദ്ധിമാന്‍ എങ്കിലും ആകുന്നത് എങ്ങനെയാണ്?
പക്ഷെ സത്യമതാണ്. ആയിരത്തി എണ്ണൂറ്റി അറുപത്തി ഒന്നില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് നിരോധിക്കുന്നതുവരെ കളവും പരസ്ത്രീ ഗമനവും ഉള്‍പ്പെടെയുള്ള പല കുറ്റങ്ങളും തെളിയിക്കാനുള്ള ഒരു വിചാരണ രീതിയായിരുന്നു ഇത്. കട്ടാല്‍ കൈ വെട്ടുകയോ പരപുരുഷബന്ധത്തിന് കല്ലെറിഞ്ഞുകൊല്ലുകയോ ചെയ്യുന്ന പോലെയുള്ള ഒരു ശിക്ഷാരീതിയല്ല ഇതെന്ന് മനസ്സിലാക്കണം. ഇതുവെറും വിചാരണ. കുറ്റം തെളിഞ്ഞാല്‍ ശിക്ഷ വേറെയുണ്ട്. അടിയൊന്നും ആയിട്ടില്ല വടിവെട്ടാന്‍ ആളുപോയിട്ടേ ഉള്ളൂ എന്നു പറഞ്ഞപോലെ.
എന്തൊക്കെ കുറ്റങ്ങളുടെ വിചാരണയാണ് തിരുവിതാംകൂറില്‍ കൈ മുക്ക് കൊണ്ട് പരീക്ഷിച്ചിരുന്നത് എന്ന് പ്രതിപാദിക്കുന്ന ആധികാരികഗ്രന്ഥങ്ങള്‍ ഉണ്ടെങ്കില്‍ ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍ തമിഴ്‌നാട്ടിലുള്ള ശുചീന്ദ്രംക്ഷേത്രം കൈ മുക്കിന്റെ ഒരു കേന്ദ്രം ആയിരുന്നു. പരസ്ത്രീഗമനം ആരോപിക്കപ്പെട്ട് ഭ്രഷ്ടിനു വിധേയരാവാന്‍ വഴിയുള്ള നമ്പൂതിരി മാര്‍ക്ക് നിരപരാധിത്വം തെളിയിക്കാനുള്ള അവസാന ചാന്‍സ് ആയിരുന്നു ഈ കൈ മുക്ക് പരീക്ഷണം.
എന്നുവെച്ച് ഒരു ദിവസം രാവിലെ ചുമ്മാ പോയി എണ്ണയോ നെയ്യോ തിളപ്പിച്ച് കൈ മുക്കി നോക്കിയാലൊന്നും പോരാ. അതിനൊക്കെ വലിയ ചിട്ടകള്‍ ഉണ്ടായിരുന്നു. ആദ്യമായി കൈ മുക്ക് നടത്താന്‍ രാജാവിന്റെ അനുമതി മേടിക്കണം. ആ അനുമതി പത്രവുമായി അമ്പലത്തില്‍ വന്നാല്‍ അവിടുത്തെ കമ്മിറ്റിക്കാരൊക്കെക്കൂടി ഒരു തീയതി തീരുമാനിച്ച് പരസ്യപ്പെടുത്തും. കൈമുക്കുന്നതിന്റെ തലേന്ന് കുറ്റാരോപിതനായ ആള്‍ ഉപവസിച്ച് നവഗ്രഹ പൂജ നടത്തുന്നു. നവഗ്രഹ പൂജക്കുശേഷം അമ്പലത്തില്‍ എത്തുന്ന നമ്പൂതിരിയോട് 'നിരപരാധിത്വത്തില്‍ ഉറപ്പുണ്ടെങ്കില്‍ മാത്രം കൈമുക്ക് നടത്തിയാല്‍ മതി'യെന്ന ഒരു ലാസ്റ്റ് വാര്‍ണിംഗ് കൊടുക്കുന്നു. അപ്രകാരം അദ്ദേഹം നിരപരാധിത്വം സത്യം ചെയ്യുന്നു.
പിറ്റേന്ന് രാവിലെ കുറ്റാരോപിതന്‍ കുളിച്ച് മിണ്ടാതുരിയാടാതെ അമ്പലത്തില്‍ എത്തുന്നു. തലേ ദിവസം അദ്ദേഹം എടുത്ത ശപഥം ഒരു ഓലയില്‍ എഴുതി അദ്ദേഹത്തിന്റെ അരയില്‍ ബന്ധിക്കുന്നു. ഇതിനുശേഷം ഒരു സ്വര്‍ണം കൊണ്ടുണ്ടാക്കിയ കാളയുടെ ചെറിയ രൂപം തിളക്കുന്ന നെയ്യിന്റെ ഉരുളിയില്‍ നിക്ഷേപിക്കുന്നു. കുറ്റാരോപിതന്‍ ഒരിക്കല്‍ കൂടി തന്റെ നിരപരാധിത്വം വിളിച്ചു പറഞ്ഞ് ദൈവത്തോട് പ്രാര്‍ത്ഥിച്ച് വലതുകൈ നെയ്യില്‍ മുക്കി കാളയുടെ രൂപം പുറത്ത് എടുക്കുന്നു. അമ്പലക്കമ്മിറ്റി, അമ്പലവാസികള്‍, പൊതുജനങ്ങള്‍ ഇവരുടെ മുന്നില്‍ വെച്ചാണ് ഇത് ചെയ്യേണ്ടത്. ഇതിനുശേഷം കാളയുടെ രൂപം താഴെ വെച്ച് വലതുകൈ ഉയര്‍ത്തിപ്പിടിച്ച് ക്ഷേത്രത്തിനു പ്രദക്ഷിണം വക്കുന്നു.
ഇതിനുശേഷം നെയ്യില്‍ മുക്കിയ കൈ തുണി കൊണ്ടുമൂടുന്നു. അടുത്ത മൂന്നു ദിവസം ഇദ്ദേഹം മൂത്തതിന്റെ കൂടെയാണ് താമസം. മൂന്നാം ദിവസം മൂത്തതും കുറ്റാരോപിതനായ ആളും കുളിച്ച് കൊടിമരത്തിന്റെ താഴെ എത്തുന്നു. ഇവിടെ വെച്ച് കൈ മറച്ചിരുന്ന തുണി എടുത്തു മാറ്റുന്നു. അമ്പലത്തിലെ കമ്മിറ്റിയും ശാന്തിക്കാരും മറ്റുള്ളവരും ഒക്കെ അപ്പോഴും ഹാജര്‍ ആയിരിക്കണം.
തുണി മാറ്റുന്ന സമയത്ത് കൈ പൊള്ളിയിട്ടുണ്ടെങ്കില്‍ ഇഷ്ടന്റെ കാര്യം പോക്കാണ്. അദ്ദേഹത്തെ ചൂലിനടിച്ച് പുഴ കടത്തുന്നു. പോരാത്തതിന് അമ്പലം ശുദ്ധികലശം ചെയ്യാന്‍ നാനൂറുപണം വേറെ കൊടുക്കണം. ഭ്രഷ്ടായി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
അഥവാ കൈ പൊള്ളിയിട്ടില്ലെങ്കില്‍ കാര്യം കുശാല്‍. അദ്ദേഹം അമ്പലത്തില്‍ പ്രവേശിക്കുന്നു. വിഭവസമൃദ്ധമായ സദ്യ മറ്റു നമ്പൂതിരിമാരോടൊപ്പം കഴിക്കുന്നു. ഒരു ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് അദ്ദേഹത്തിന് എഴുതിക്കൊടുക്കുന്നു. അതുമായി രാജാവിനെ സന്ദര്‍ശിക്കുന്ന അദ്ദേഹത്തെ രാജാവ് പട്ടും വളയും നല്‍കി സ്വീകരിക്കുന്നു. രാജകീയാംഗീകാരത്തോടെയും ക്ലീന്‍ സര്‍ട്ടിഫിക്കറ്റും ആയി നമ്പൂതിരി സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചു പോകുന്നു.
തിളക്കുന്ന എണ്ണയില്‍ കൈ മുക്കിയാല്‍ കുറ്റക്കാരനാണെങ്കിലും അല്ലെങ്കിലും നമ്പൂതിരിയായാലും അല്ല പൊന്നു തമ്പുരാനായാലും കൈ പൊള്ളുമെന്നതിന് ഒരു സംശയവും വേണ്ട. അപ്പോള്‍ പിന്നെ ഈ ആചാരം എങ്ങനെ നൂറ്റാണ്ടുകളോളം നിലനിന്നു?
ഈ ചോദ്യം കേരളത്തില്‍ ആരും ഗവേഷണം ചെയ്തിട്ടില്ല. അതുകൊണ്ട് കെട്ടുകഥകളും വിശ്വാസവുമായി അതങ്ങിനെ കിടക്കുന്നു.
പക്ഷെ നമ്മുടെ രാജാവിനെ അത്ര കുറ്റം പറയാന്‍ പറ്റില്ല. കാരണം ഈ പരിപാടി കണ്ടുപിടിച്ചത് അദ്ദേഹമല്ല. ആയിരക്കണക്കിന് വര്‍ഷങ്ങളായി ലോകത്ത് പലയിടത്തും ഈ തിളച്ച എണ്ണയിലോ നെയ്യിലോ വെള്ളത്തിലോ ഒക്കെ കൈമുക്കിക്കുന്ന വിചാരണ രീതി നടപ്പില്‍ ഉണ്ടായിരുന്നു. മധ്യകാലത്ത് ഇംഗ്ലണ്ടില്‍ കളവു തെളിയിക്കാന്‍ തിളക്കുന്ന വെള്ളത്തില്‍ നിന്ന് ഒരു കല്ലെടുക്കുക എന്നതായിരുന്നു വിചാരണ. ഒരു കളവാണ് ആരോപിച്ചിട്ടുള്ളതെങ്കില്‍ കൈയ്യിന്റെ റിസ്റ്റ് വരെ മുങ്ങാന്‍ പാകത്തിനാണ് കല്ലിടുന്നത്, അഥവാ ഒന്നില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ കൈ മുഴുവന്‍മുക്കി കല്ലെടുക്കണം.
പാശ്ചാത്യലോകത്ത്
കൈമുക്കിനെപ്പറ്റി പഠിച്ചിട്ടുള്ള ചില ഗവേഷകര്‍ പറയുന്നത് കുറ്റവാളികളെ കണ്ടുപിടിക്കാന്‍ അത്രമോശമല്ലാത്ത ഒരു പരിപാടിയായിരുന്നുവത്രെ ഇത്. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ വിചാരണയില്‍ രക്ഷപ്പെടുകയുള്ളൂ എന്നുറപ്പാണല്ലോ. അപ്പോള്‍ വിശ്വാസികളായ കള്ളന്‍മാര്‍ കൈമുക്കാതെ തന്നെ കുറ്റം ഏറ്റു പറയും, കാരണം ദൈവത്തിന്റെ മുന്‍പില്‍ ഒന്നും മറക്കാന്‍ പറ്റില്ല എന്ന് അവര്‍ക്കറിയാം. വിശ്വാസമില്ലാത്തവര്‍ ഈ മണ്ടത്തരത്തിന് ഏതാണെങ്കിലും നിന്നു കൊടുക്കുകയുമില്ലല്ലോ. അവരും സത്യം പറയും. ഇതിന്റെ കൂടെ നിരപരാധിത്വം അധികാരികള്‍ക്ക് ഉറപ്പായ കേസുകളില്‍ കൈമുക്കിന്റെ കാര്യത്തില്‍ അല്പം തട്ടിപ്പൊക്കെ കാണിച്ച് ആളെ രക്ഷപ്പെടുത്തുകയും ചെയ്യുന്നതോടെ ഈ വിചാരണരീതിയുടെയും ദൈവത്തിന്റെ ഇടപെടലിന്റെയും വിശ്വാസ്യത കൂടുന്നു.തിളക്കുന്ന നെയ്യില്‍ നാട്ടുകാരുടെ മുന്‍പില്‍ കൈ മുക്കുന്നതില്‍ എന്തു തട്ടിപ്പാണ് നടത്താന്‍ പറ്റുക എന്ന് ന്യായമായും തോന്നാം. ഇതിന്റെ ഉത്തരം അറിയണമെന്ന് താല്പര്യമുള്ളവര്‍ തഹിര്‍ഷായുടെ 'സോര്‍സറേര്‍സ് അപ്രന്റീസ്' എന്ന പുസ്തകം വാങ്ങി വായിക്കുക. തിളച്ച എണ്ണയില്‍ കൈ മുക്കുന്നതുമാത്രമല്ല അനസ്‌തേഷ്യയില്ലാതെ ഓപ്പറേഷന്‍ നടത്തുക, പരവതാനിയുടെ പുറത്ത് പറക്കുക, ശരീരത്തിലെ മുറിവ് പച്ചിലച്ചാറുതേച്ച് ഉടന്‍ ഉണക്കുക എന്നിങ്ങനെ നമ്മള്‍ ഐതിഹ്യങ്ങളില്‍ മാത്രം കേട്ടിരുന്നതും അതുകൊണ്ടു തന്നെ അല്പം സംശയത്തോടെ മാത്രം വീക്ഷിച്ചിരുന്നതുമായ എല്ലാ പരിപാടികളും സത്യമായിരുന്നു എന്നും അതിന്റെ ഗുട്ടന്‍സ് എന്താണെന്നും അതില്‍ കൃത്യമായി പറഞ്ഞുതന്നിട്ടുണ്ട്.
തിളക്കുന്ന എണ്ണയില്‍ കൈ മുക്കുന്ന പരിപാടി ഞാന്‍ സ്വയം ചെയ്തു നോക്കിയിട്ടുണ്ട്. ചെയ്തു കഴിഞ്ഞപ്പോള്‍ ചിരി വരികയും ചെയ്തു. ഇത്ര നിസാരമോ, പണ്ടായിരുന്നെങ്കില്‍ ഇതുവെച്ച് ഒരു കളി കളിക്കാമായിരുന്നു. ആദ്യം പരസ്ത്രീഗമനം, പിന്നെ കൈമുക്ക്, പിന്നെ സദ്യ, അതുകഴിഞ്ഞ് പട്ടും വളയും.
എങ്ങനെയാണ് തിളക്കുന്ന എണ്ണയില്‍ കൈമുക്കുന്നതെന്ന് ഞാനിവിടെ പറയില്ല. കാരണം അതെല്ലാം വളരെ കൃത്യമായും നാടകീയമായും ചെയ്യേണ്ടതാണ്. ടൈമിംഗ് തെറ്റിയാല്‍ കൈ പൊള്ളും, വടിയും വാളുമായി ആളുകള്‍ എന്റെ പുറകേ വരികയും ചെയ്യും. അതുവേണ്ട. അത്യാവശ്യം ഉള്ളവര്‍ തഹിര്‍ഷായുടെ പുസ്തകം വാങ്ങി വായിക്കുക. സമയം കിട്ടിയാല്‍ ഞാനൊരു യൂട്യൂബ് വീഡിയോ ഉണ്ടാക്കിയിടാം. ഒരു കാര്യം മാത്രം പറയാം. എണ്ണയും തിളപ്പിക്കാനുള്ള പാത്രവും കൂടാതെ ഒരു ചെറുനാരങ്ങയുടെ ആവശ്യമേ ഈ കണ്‍കെട്ട് വേലക്ക് ആവശ്യം ഉള്ളൂ.
അതിന് എണ്ണ തിളപ്പിക്കുന്നത് അമ്പലകമ്മിറ്റിയോ ഗവണ്‍മെന്റുദ്യോഗസ്ഥന്‍മാരോ ഒക്കെയല്ലേ, ചേട്ടന്റെ നാരങ്ങ പ്രയോഗം ഒക്കെ അവിടെ നടക്കുമോ?
നടക്കുമല്ലോ. ഒന്നാമത് ഇടക്കെങ്കിലും ചില ആളുകള്‍ കൈ പൊള്ളാതെ രക്ഷപ്പെടേണ്ടത് ഈ കൈമുക്ക് പ്രസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ആവശ്യമാണ്. എന്നാലാണല്ലോ ഇതില്‍ ഒരു വിശ്വാസ്യത വരികയുള്ളൂ. കൈ മുക്ക് പരീക്ഷണം നടത്തുന്ന പത്തില്‍ പത്തുപേരുടെയും കൈ പൊള്ളിയാല്‍ ഏതു പോലീസുകാരനും പോകട്ടെ രാജാവിനു പോലും ഇത് ശുദ്ധമണ്ടത്തരമാണെന്ന് മനസ്സിലാകും.
രണ്ടാമത്തേത് ദുരൂഹമാണ്. നമ്മുടെ ഇപ്പോഴത്തെ അമ്പലക്കമ്മിറ്റിക്കാരുടെയും ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍മാരുടെയും ഒക്കെ മുന്‍ഗാമികള്‍ ആയിരുന്നിരിക്കണമല്ലോ പഴയ വിദ്വാന്‍മാരും. അവരില്‍ കുറ്റാരോപിതരില്‍ നിന്നും അല്പം കാശൊക്കെ വാങ്ങി തട്ടിപ്പിനു കൂട്ടു നില്‍ക്കുന്നവര്‍ ഉണ്ടാവില്ല എന്നു വിശ്വസിക്കുന്നതിലും എനിക്ക് എളുപ്പം ദൈവം കുറ്റക്കാരനെ കണ്ടുപിടിക്കാന്‍ നേരിട്ട് ഇടപെട്ടു എന്നു വിശ്വസിക്കുന്നതാണ്.
നിങ്ങള്‍ക്കോ?
തുമ്മാരുകുടി കഥകള്‍ വാങ്ങാം
തുമ്മാരുകുടി കഥകള്‍
(46.67%) (3 Votes)
Explore Mathrubhumi
Other News in this Section





