LATEST NEWS

Loading...

Custom Search
+ -

സ്മാള്‍ , മീഡിയം , ലാര്‍ജ് ?

മുരളി തുമ്മാരുകുടി

Posted on: 02 Aug 2012

 

വലുതും ചെറുതുമായി ലോകത്ത് രാജ്യങ്ങള്‍ ഇരുന്നൂറില്‍ ഏറെയുണ്ട്. ഇതിനൊക്കെ പരമാധികാരവുമുണ്ട്. അതായത് രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ അതികഠിനമായ അക്രമങ്ങള്‍ ഉള്‍പ്പെടെ എന്തും എങ്ങനെയും ചെയ്യാന്‍ അവര്‍ക്ക് അവകാശമുണ്ട്. അത്, ദൂരം മൈല്‍ വച്ച് അളക്കണോ, കിലോമീറ്റര്‍ വച്ചളക്കളണോ, എല്ലാവര്‍ക്കും തോക്ക് കയ്യില്‍ വക്കാന്‍ അവകാശമുണ്ടാകണോ അതോ തോക്ക് കയ്യില്‍ വക്കുന്നവനെ തൂക്കിക്കൊല്ലണോ, ആവശ്യത്തിനുള്ള കഞ്ചാവ് വീട്ടില്‍ വളര്‍ത്താന്‍ ജനത്തെ അനുവദിക്കാമോ എന്നൊക്കെയുള്ള നിസ്സാര പ്രശ്‌നങ്ങള്‍ തുടങ്ങി രാജാവിന്റെ ഭാര്യയെ ഡേറ്റ് ചെയ്ത് കണ്ടുപിടിക്കണോ അതോ ഡാന്‍സ് ചെയ്തു തീരുമാനിക്കണോ (സ്വാസിലാന്‍ഡ്) എന്ന ഭാരിച്ച പ്രശ്‌നം വരെയാകാം.

രാജ്യങ്ങള്‍ സ്വന്തം കാര്യം തീരുമാനിക്കുന്നതില്‍ അത്ര വലിയ പ്രശ്‌നം ഇല്ല എന്നു പ്രത്യക്ഷത്തില്‍ തോന്നാം. പക്ഷെ ഓരോ രാജ്യവും മറ്റു രാജ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുകയാണല്ലോ. അപ്പോള്‍ വണ്ടി റോഡിന്റെ ഇടതുവശത്തുകൂടി ഓടിക്കുന്ന ഒരു രാജ്യത്തിന്റെ അതിര്‍ത്തി വണ്ടി വലതുവശത്തുകൂടെ ഓടിക്കുന്നതാകുമ്പോള്‍ അതിര്‍ത്തി ക്രോസ് ചെയ്യുന്നത് അല്പം കുഴപ്പമാണ്. വൈദ്യുതിയുടെ വോള്‍ട്ടേജിലും ടെലഫോണിന്റെ ചാര്‍ജറിലും എല്ലാം രാജ്യങ്ങള്‍ തമ്മിലുള്ള മാറ്റം സഞ്ചാരികള്‍ക്ക് കുഴപ്പമുണ്ടാക്കുമല്ലോ.

സ്ഥിരം സഞ്ചാരിയായുള്ള എനിക്ക് പല രാജ്യങ്ങള്‍ തമ്മിലുള്ള ഈ സ്റ്റാന്‍ഡേര്‍ഡ് വ്യത്യാസം വലിയ പാരയാണ്. ഉദാഹരണത്തിന് ലാപ്‌ടോപ്പിന്റെ പവര്‍സപ്ലൈക്കുവേണ്ടി കുത്താനുള്ള പിന്‍ സ്വിറ്റ്‌സര്‍ലന്റിലേത് ഒരു തരവും യൂറോപ്പില്‍ ഭൂരിഭാഗവും മറ്റൊന്നും, ഇംഗ്ലണ്ടില്‍ വേറെയും ജപ്പാനില്‍ ഇതൊന്നുമല്ലാത്ത ഒരു ഡിസൈനും ഒക്കെയാണ്. ചില യൂണിവേര്‍സല്‍ അഡാപ്റ്റര്‍ ഒക്കെയുണ്ടെങ്കിലും ലോകം മുഴുവനും ഇപ്പോഴും കവര്‍ ചെയ്യാന്‍ പാകത്തിന് ഒരു അഡാപ്റ്റര്‍ ഇല്ല.

എവിടെയെങ്കിലും പോയി ഒരു ഡ്രസ്സ് വാങ്ങുന്നതിലുമുണ്ടീ പ്രശ്‌നം. അമേരിക്കയിലെ സ്മാള്‍ അല്ല ജപ്പാനിലേത്. തായ്‌ലന്റില്‍നിന്നും എക്‌സ്ട്രാ ലാര്‍ജ് ടീ ഷര്‍ട്ടു വാങ്ങിയാലേ ശരാശരി തടിയനായ എനിക്കിടാന്‍ പറ്റൂ. അമേരിക്കയിലെ എക്‌സ്ട്രാലാര്‍ജ് വാങ്ങിയാല്‍ എന്റെ കാറ് വേണമെങ്കില്‍ അതുകൊണ്ടു മൂടാം.

ഈ സ്‌മോളും ലാര്‍ജും ഒക്കെ കൂടാതെ കച്ചവടക്കാര്‍ ചില നമ്പറും ആയി വരും. ഉദാഹരണത്തിന്, ഷൂവിന് 7, 8, 9 എന്നിങ്ങനെ ഒരു രാജ്യത്ത്, അതിനു തുല്യമായി 38, 40, 42 എന്നിങ്ങനെ അടുത്ത സ്ഥലത്ത്. എന്താണീ 7? കാലിന്റെ നീളം ഇഞ്ചിലോ സെന്റീമീറ്ററിലോ ഒന്നും അളന്നാല്‍ ഈ കണക്കു കിട്ടില്ല. കസ്റ്റമറെ കണ്‍ഫ്യൂസ് ചെയ്യാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കയാണെന്നു തോന്നും ഇവരുടെ ക്ലാസിഫിക്കേഷന്‍ കണ്ടാല്‍.

കസ്റ്റമറെ കണ്‍ഫ്യൂസ് ചെയ്യിക്കുക മാത്രമല്ല മനഃപ്പൂര്‍വം പറ്റിക്കുന്ന പരിപാടികൂടി ഈ നമ്പറിംഗിനുണ്ടെന്നാണ് അടുത്തയിടെ ഇക്കണോമിസ്റ്റില്‍ വായിച്ചത്. സ്ത്രീകളുടെ വസ്ത്രത്തിന് അമേരിക്കയില്‍ 12, 14, 16 എന്നിങ്ങനെ ഒരു നമ്പറിംഗ് ഉണ്ട്. പക്ഷെ വര്‍ഷങ്ങള്‍ കഴിയുന്നതോടെ തുണിക്കച്ചവടക്കാര്‍ 12 ന്റേയും 14 ന്റേയും ഒക്കെ വലിപ്പം പഴയതിലും കൂട്ടിയത്രെ. അപ്പോള്‍ പണ്ടുകാലത്ത് നമ്പര്‍ 14 വസ്ത്രം ധരിച്ചിരുന്ന പെണ്‍കുട്ടി മധ്യവയസ്‌കയായി തടിച്ചിയാകുമ്പോഴും അവര്‍ക്ക് 14 തന്നെ മതിയാകും. ഇങ്ങനെ ചെയ്യുന്നത് കസ്റ്റമേഴ്‌സിന്റെ സന്തോഷം കൂട്ടുകയും കച്ചവടം നന്നാക്കുകയും ചെയ്യുമെന്നാണ് ഇക്കണോമിസ്റ്റിലെ ലേഖനത്തില്‍ പറയുന്നത്.

ആണുങ്ങളുടെ പാന്റിന്റെ സൈസ് പക്ഷെ അവരുടെ അരക്കെട്ടിന്റെ വലിപ്പമായ 36, 38, 40 എന്നിങ്ങനെ ഇഞ്ചിലോ അല്ലെങ്കില്‍ 96, 98, 100 എന്നിങ്ങനെ സെന്റിമീറ്ററില്‍ ഒക്കെയാണല്ലോ പറയുക. അതുകൊണ്ടുതന്നെ ഇവിടെ തട്ടിപ്പിന് വലിയ സാധ്യതയില്ല. എന്നാല്‍ പോലും സൈസ് 36 എന്ന പാന്റ് പലപ്പോഴും 38 ആയിരിക്കുമത്രെ, കാരണം ഇങ്ങനെ ചെയ്യുന്നത് മണ്ടന്മാരായ ആണുങ്ങളെയും സന്തോഷിപ്പിക്കും. സാധനം ചെലവാക്കാന്‍ എളുപ്പമാവുകയും ചെയ്യും. അളന്നുനോക്കണം സാര്‍!

പല രാജ്യങ്ങളിലുള്ള സൈസ് വ്യത്യാസങ്ങളെപ്പറ്റി ഇനിയും സുപ്രധാനമായ ചില വിവരങ്ങള്‍ പറയാനുണ്ട്. പക്ഷെ അതിനുമുന്‍പ് എനിക്കൊരല്പം പൊങ്ങച്ചം പറയാനുണ്ട്. ഇനി അതിനുവേണ്ടി വേറെ ഒരു ആര്‍ട്ടിക്കിള്‍ എഴുതാന്‍ ഒന്നും വയ്യ.

ഏപ്രില്‍ ആദ്യവാരം ജനീവയിലും ബെര്‍ലിനിലും നടത്തിയ ടെഡ് (റ്റി.ഇ.ഡി ടെക്‌നോളജി എന്റര്‍ടെയിന്റ്‌മെന്റ് ഡിസൈന്‍) കോണ്‍ഫ്രന്‍സില്‍ ഒരു പ്രാസംഗികനായി എന്നെ വിളിച്ചിരുന്നു. അമേരിക്കയില്‍ തുടങ്ങി ലോകമെങ്ങും ഇപ്പോള്‍ നടത്തപ്പെടുന്ന 'പ്രസംഗ'ങ്ങളുടെ കോണ്‍ഫ്രന്‍സ് ആണ് ടെഡ്. കാലിക പ്രസക്തമായ ഏതെങ്കിലും ഒരാശയത്തെ വെറും പതിനെട്ടു മിനിറ്റുകൊണ്ട് ക്ഷണിക്കപ്പെട്ട കേള്‍വിക്കാരുടെ മുന്‍പില്‍ അവതരിപ്പിക്കുക എന്നതാണ് ടെഡ് മോഡല്‍. മിടുക്കന്മാരായ പലരും, നോബല്‍ ജേതാക്കളും രാഷ്ട്രത്തലവന്മാരും ഒക്കെ ഉള്‍പ്പെടെയുള്ളവര്‍ ടെഡ് ടോക്ക് നടത്താറുണ്ട്. ഈ ടെഡ് ടോക്കുകള്‍ എല്ലാം യൂ ടൂബില്‍ ലഭ്യമാണുതാനും. ഐഡിയകളിലോ പ്രസംഗത്തിലോ താല്പര്യമുള്ളവര്‍ 'ടെഡ്.കോം'ല്‍ പോയോ ചുമ്മാ ടെഡ് ടോക്കിനുവേണ്ടി ഗൂഗിള്‍ ചെയ്‌തോ ഇതു കാണേണ്ടതാണ്.

എല്ലാ ദുരന്തവും ഒഴിവാക്കാനാകും എന്നതായിരുന്നു എന്റെ വിഷയം. ആദ്യമായി ടെഡ് ടോക്ക് ചെയ്യുന്നതു കൊണ്ട് കുറച്ചു സഭാകമ്പം ഒക്കെ ഉണ്ടായതിനാല്‍ അത് അടിപൊളി ആയെന്നു പറയാന്‍ പറ്റിയില്ല. എങ്കിലും ഇതു കാണണമെന്നുള്ളവര്‍ ഇവിടെ പോയാല്‍ കാണാവുന്നതാണ്.

പൊങ്ങച്ചം പക്ഷെ ഇതല്ല. 'ഞാനൊരു ബാലന്‍ അശക്തന്‍ എന്നാകിലും മാനിയാം എന്നുടെ താതനെ ഓര്‍ക്ക നീ' എന്നു അഭിമന്യു പറയുന്നതു പോലെ എന്റെ ടോക്ക് വലിയ സംഭവം ഒന്നും അല്ലെങ്കിലും കൂടെ പ്രസംഗിച്ചതാരാണെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.

'ഉവ്വാ, ഞോട്ടും'
മെലിന്‍ഡാ ഗേറ്റ്‌സ്,

അതേ, ബില്‍ഗേറ്റ്‌സിന്റെ ഭാര്യയും ബില്‍ ആന്റ് മെലിന്റ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഡയറക്ടറുമായ മെലിന്‍ഡ ഗേറ്റ്‌സ് തന്നെ.

സോഫ്റ്റ് വെയര്‍ എഞ്ചിനിയറിംഗിലൂടെ സ്വന്തം അധ്വാനംകൊണ്ട് ഉണ്ടാക്കിയ ശതസഹസ്രം കോടിയോളംപോരുന്ന സമ്പാദ്യത്തിന്റെ തൊണ്ണൂറ്റൊമ്പത് ശതമാനവും മനുഷ്യ നന്മകള്‍ക്കായി ചെലവഴിക്കാനാണ് ബില്‍ഗേറ്റ്‌സ് തീരുമാനിച്ചത്. ലോകാരോഗ്യരംഗത്ത് ശക്തമായ ഇടപെടലുകളാണ് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ നടത്തുന്നത്. മാറാരോഗങ്ങളും മാറ്റാവുന്ന രോഗങ്ങളും പ്രതിരോധിക്കാനും ഉന്‍മൂലനം ചെയ്യാനും രോഗബാധിതരായവര്‍ക്ക് ആശ്വാസവും പ്രതീക്ഷയുമൊക്കെ നല്‍കാനും ഈ സഹസ്രകോടികൊണ്ട് കഴിയുന്നു. ലക്ഷക്കണക്കിന് ആളുകള്‍ക്ക് കിടപ്പാടം ഇല്ലാത്ത വന്‍നഗരത്തില്‍ ശതകോടിയുടെ കൊട്ടാരം പണിയുന്ന നമ്മുടെ പണക്കാര്‍ ഇതു കണ്ടു പഠിക്കേണ്ടതാണ് (കൂട്ടത്തില്‍ പറയട്ടെ കുമിഞ്ഞുകൂടുന്ന പണം പൊതുനന്മക്കായി ഉപയോഗിക്കുന്ന കോര്‍പ്പറേറ്റ് സംസ്‌കാരം നമുക്കും അന്യമല്ല. പതിനായിരം കോടി രൂപയോളം ഇന്ത്യയിലെ വിദ്യഭ്യാസരംഗത്തെ ഇടപെടലുകള്‍ക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്ന അസിം പ്രേംജി ഫൗണ്ടേഷന്‍ ഒരു ഉദാഹരണം മാത്രം).

മെലിന്റ ഗേറ്റ്‌സും ഞാനും തമ്മിലുള്ള പ്രധാന വ്യത്യാസം എനിക്ക് ഒരു ഐഡിയ കിട്ടിയാല്‍ ഞാനത് മാതൃഭൂമിയില്‍ എഴുതും. മെലിന്റയാകട്ടെ തന്റെ ഫൗണ്ടേഷന്റെ ശതകോടികള്‍ അതിനു പിന്നില്‍ ചെലവാക്കും. അങ്ങനെ ജനങ്ങള്‍ക്ക് പ്രായോഗികമായ ഒരു മാറ്റം ഉണ്ടാകും.

ഒരു ശതകോടി ഉണ്ടായിരുന്നെങ്കില്‍......... (എന്ന് ജയനെപ്പോലെ ഞാന്‍ ഓര്‍ത്തു) എങ്കില്‍ ദുരന്തമൊഴിവാക്കാന്‍ ചെലവാക്കാമായിരുന്നു.

ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഏറ്റവും പുതിയ പദ്ധതിയെപ്പറ്റിയാണ് മെലിന്റ ഗേറ്റ്‌സ് സംസാരിച്ചത്. ലോകത്ത് എല്ലായിടത്തുമുള്ള ആളുകള്‍ക്ക് ഗര്‍ഭനിരോധനത്തിനുള്ള ഉപാധികള്‍ ആവശ്യത്തിനു ലഭ്യമാക്കുക എന്നതാണ് അവരുടെ അടുത്ത പദ്ധതി. ഗര്‍ഭനിരോധനം ലോകത്ത് പലയിടത്തു മതപരമായും സാംസ്‌കാരികമായും രാഷ്ട്രീയമായും ഒക്കെ വിവാദമാണ്. അതുകൊണ്ടുതന്നെ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പുതിയ പദ്ധതി ഏറെ ധീരമാണ്.

ബില്‍ഗേറ്റ്‌സും താനും ഉള്‍പ്പെടെയുള്ള ദമ്പതിമാര്‍ക്ക് ജീവിതത്തില്‍ പലപ്പോഴും കുട്ടികള്‍ ഉണ്ടാകാന്‍ വേണ്ടിയല്ലാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്പര്യമുണ്ട് എന്ന വാചകത്തോടെയാണ് അവര്‍ പ്രസംഗം തുടങ്ങിയത്. പക്ഷെ വികസിത രാജ്യങ്ങളില്‍ മൂന്നില്‍ രണ്ടുപേരും എന്തെങ്കിലും ഗര്‍ഭനിരോധന മാര്‍ഗ്ഗം സ്വീകരിക്കുമ്പോള്‍ മറ്റു പലരാജ്യങ്ങളിലും ഇതിന്റെ നിരക്ക് മൂന്നിലൊന്നിലും താഴെയാണ്. സാംസ്‌കാരികവും മതപരവുമായ പ്രശ്‌നങ്ങള്‍ കൂടാതെ ഈ ഉപാധികളുടെ എളുപ്പത്തിലും താങ്ങാവുന്ന ചെലവിലും ഉള്ള ലഭ്യതക്കുറവാണ് ഉപയോഗക്കുറവിന്റെ ഒരു പ്രധാന കാരണം. ഈ പ്രശ്‌നം പരിഹരിക്കാനാണ് ഇനി ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഇടപെടാന്‍ പോകുന്നത്.

മിലിന്റ ഗേറ്റ്‌സിന്റെ പ്രസംഗം ഇവിടെ കാണാം.

ഓക്കെ, പൊങ്ങച്ചം കഴിഞ്ഞു. ഇനി ഉപസംഹാരം.

ലോകത്തെവിടെയുംപോലെ ഇന്ത്യയിലേയും ഒരു പ്രധാന ഗര്‍ഭനിരോധന ഉപാധിയാണ് നമ്മള്‍ നിരോധ് എന്നും ഗര്‍ഭനിരോധന ഉറയെന്നും പറയുന്ന കോണ്ടംസ്. ഏതാണ്ട് അഞ്ഞൂറു വര്‍ഷത്തെയെങ്കിലും പഴക്കമുണ്ട് ഇതിന്. ലൈഗികരോഗങ്ങളില്‍ നിന്ന് ആളുകളെ രക്ഷിക്കാനായിട്ടാണ് ഇത് പ്രയോഗിക്കപ്പെട്ടതും പ്രചരിച്ചതുമെങ്കിലും മതപരമായും വൈദ്യശാസ്ത്രപരമായിട്ടും ഇതിനു പല എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. പണ്ട് മരുന്നില്‍ മുക്കിയ തുണികൊണ്ടും സില്‍ക്ക് കൊണ്ടും മൃഗങ്ങളുടെ ആമാശയം കൊണ്ടും ഒക്കെ ഉണ്ടാക്കിയിരുന്ന ഉറ, ലാറ്റക്‌സില്‍ നിന്നും നിര്‍മ്മിച്ചു തുടങ്ങിയതോടുകൂടിയാണ് വിശ്വസിക്കാന്‍ പറ്റുന്നതും അതുകൊണ്ടുതന്നെ വ്യാപകവും ആയത്.

ഇന്ത്യയില്‍ ഇതിന്റെ ഉപയോഗം വ്യാപകമാണെങ്കിലും ഇതുപയോഗിച്ചിട്ടും ഗര്‍ഭധാരണം നടക്കുന്നതിന്റെ നിരക്കും വളരെ കൂടുതല്‍ ആണ്, ഇരുപതു ശതമാനത്തിലേറെ. ഇതിനെക്കുറിച്ച് പഠിച്ച ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വളരെ കൗതുകകരമായ ഒരു കാര്യം കണ്ടുപിടിച്ചു

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ വച്ചാണ് ഇന്ത്യയില്‍ ഗര്‍ഭനിരോധന ഉറ ഉണ്ടാക്കുന്നത്. പക്ഷ ഇന്ത്യയിലെ പുരുഷന്മാരുടെ ലിംഗത്തിന്റെ വലിപ്പം പക്ഷെ, അന്താരാഷ്ട്ര മാനദണ്ഡത്തില്‍ നിന്നും അല്പം കുറവാണ്. ഇത് ഞാന്‍ പുളു പറയുന്നതല്ല, ICMR ന്റെ ഒരു പഠനത്തെ ഉദ്ധരിച്ചു (pun not intended) BBC റിപ്പോര്‍ട്ട് ചെയ്തതാണ്. (നിങ്ങളുടെ കാര്യം എങ്ങനെയെന്നെനിക്കറിയില്ല, സത്യത്തില്‍ ഇത് വായിച്ചപ്പോള്‍ എനിക്കല്പം ആശ്വാസമായി). അതുകൊണ്ട് തന്നെ ഫിറ്റിംഗ് ശരിയാകാതെ വരികയും ഉറ ഊരിപ്പോവുകയും ചെയ്യുന്നത് സ്വാഭാവികമാണല്ലോ.

ഇതിനൊരു എളുപ്പ പരിഹാരമുണ്ട്. ഗര്‍ഭനിരോധന ഉറ , സ്‌മോള്‍, മീഡിയം, ലാര്‍ജ് എന്നിങ്ങനെ മൂന്നളവിലോ, വേണമെങ്കില്‍ S മുതല്‍ XXXL വരെ പല അളവിലോ ഉണ്ടാക്കുക. അപ്പോള്‍ ആവശ്യക്കാര്‍ക്ക് സ്വന്തം അളവനുസരിച്ച് സാധനം മേടിക്കാമല്ലോ.
'അതൊന്നും ഇവിടെ നടക്കില്ല' എന്നാണ് ഇന്ത്യയിലെ വിദഗ്ദ്ധര്‍ പറഞ്ഞത്. സ്‌റ്റേഷനറിക്കടയിലെ സേല്‍സ്മാന്റെ അടുത്തോ ഫാര്‍മസിയിലെ സെയില്‍സ് ഗേള്‍സിന്റെ അടുത്തോ ചെന്ന് 'എനിക്ക് ഒരു 'സ്‌മോള്‍' ഗര്‍ഭനിരോധന ഉറ വേണ'മെന്നു പറയാന്‍ ആത്മാഭിമാനമുള്ള പുരുഷന്മാര്‍ ധൈര്യപ്പെടില്ലത്രേ. അഥവാ പറഞ്ഞാല്‍ തന്നെ ഒരു സൈസ് കൂട്ടിയേ പറയൂ.

ലോകത്ത് ഒരേ മാനദണ്ഡത്തില്‍ സാധനങ്ങള്‍ ഉണ്ടാക്കുന്നതും ഉണ്ടാക്കാതിരിക്കുന്നതും കുഴപ്പം തന്നെ. (here also pun not intdended)

Watch Muralee Thummarukudy's TED talk.
(52%) (5 Votes)

 

 

Other News in this Section