വീണുപോയെന്ന് ഞാന്‍ വിശ്വസിക്കില്ലെടോ . . .
മുരളി തുമ്മാരുകുടി
Posted on: 23 Jul 2012
ആയിരത്തിതൊള്ളായിരത്തി നാല്പത്തിയെട്ടില്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന തമിഴ് സിനിമ ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ഒരു സംഭവമാണ്. അന്നുവരെ നിര്‍മ്മിക്കപ്പെട്ട സിനിമകളില്‍ ഏറ്റവും ചെലവേറിയതായിരുന്നു ഇത്. ഇന്നത്തെ രൂപയുടെ മൂല്യം വെച്ച് നൂറ്റി അമ്പത് കോടിയോളം രൂപയായിരുന്നു അതിന്റെ ചെലവ്. മലയാളത്തിലെ ഇന്നുവരെ ഏറ്റവും ചെലവേറിയ പഴശ്ശിരാജയുടെ ചെലവ് വെറും ഇരുപത്തിയേഴു കോടിയായിരുന്നുവെന്നോര്‍ക്കുമ്പോഴാണ് എത്ര വലിയ റിസ്‌കാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ അക്കാലത്ത് എടുത്തത് എന്ന് നമുക്കു മനസ്സിലാകുക. ഭാഗ്യത്തിന് പ്രേക്ഷകര്‍ അതിനെ കൈ വിട്ടില്ല. അക്കാലത്തുതന്നെ അഞ്ഞൂറില്‍ അധികം തീയേറ്ററുകളില്‍ ആണ് പടം റിലീസ് ചെയ്തത്. മാസങ്ങളോളം ഓടുകയും ചെയ്തു.ആയിരത്തിത്തൊള്ളായിരത്തി അറുപത്തിനാലില്‍ ജനിച്ച ഞാന്‍ ചന്ദ്രലേഖ കണ്ടിട്ടില്ല. പക്ഷെ അതിലെ ക്ലൈമാക്‌സ് രംഗം, നൂറുകണക്കിനു ഡ്രമ്മുകളുടെ അകത്തിരുന്ന് ഒളിപ്പോരാളികള്‍ കോട്ടക്കകത്ത് കയറി ചന്ദ്രലേഖയെ രക്ഷിക്കുന്ന രംഗം എനിക്കു മനഃപാഠമാണ്. ഇതെങ്ങനെ സംഭവിച്ചു?
സിംപിള്‍, എന്റെ അച്ഛന്‍ ഇതൊരു അഞ്ഞൂറു പ്രാവശ്യം എനിക്കു പറഞ്ഞുതന്നിട്ടുണ്ട്. ജീവിതം മുഴുവന്‍ ഒരു സിനിമാ ഭ്രാന്തനായിരുന്ന എന്റെ അച്ഛന്‍ ചന്ദ്രലേഖ അന്‍പത്തിരണ്ടു ദിവസം നോണ്‍സ്‌റ്റോപ്പ് ആയി കണ്ടിട്ടുണ്ട്. പടം മാറിപ്പോയതിനാല്‍ പിന്നെ അതു കാണാന്‍ പറ്റിയില്ല.
അങ്ങനെയുള്ള അച്ഛന്റെ മകനാകുമ്പോള്‍ ഞാന്‍ ആറാം തമ്പുരാന്‍ അമ്പത് പ്രാവശ്യവും അഴകിയ രാവണന്‍ അന്‍പത്തൊന്നു പ്രാവശ്യവും (ലവനെക്കാള്‍ ഇപ്പോഴും ഒന്ന് കൂടുതല്‍ ആയിരിക്കണമെന്ന് ഉത്കൃഷ്ട ശിരോമണി പ്രത്യേകം പറഞ്ഞിട്ടുണ്ട്) കണ്ടിട്ടുണ്ട് എന്നു പറഞ്ഞാല്‍ അതിശയിക്കേണ്ടതില്ലല്ലോ. ഈ പടങ്ങളിലെ മിക്കവാറും ഡയലോഗെല്ലാം ജഗന്നാഥന്‍ അരിച്ചു പെറുക്കിയിട്ടുണ്ട്.
എന്നാല്‍ ഞാനിപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ പടങ്ങള്‍ കാണാറില്ല. പടിപടിയായി അവരുടെ പടങ്ങളില്‍ ഉണ്ടായ നിലവാരത്തകര്‍ച്ചയാണ് ഇതിനു കാരണം. സൂപ്പര്‍ സ്റ്റാര്‍ പടം കാണാന്‍ വിളിക്കുന്നവരോട് ഞാന്‍ ഒരു സൂപ്പര്‍ പടത്തിലെ ഡയലോഗ് കാച്ചും.
'മനസ്സില്‍ ദൈവങ്ങള്‍ക്ക് ഒപ്പം സൂക്ഷിക്കുന്ന ഒരു രൂപം ഉണ്ട്. അതങ്ങനെതന്നെ ഇരുന്നോട്ടെ. വീണുപോയെന്നു ഞാന്‍ വിശ്വസിക്കില്ലെടോ'.
തനിയാവര്‍ത്തനങ്ങളുടേയും ദേവാസുരങ്ങളുടേയും മുകളില്‍ പട്ടണത്തിലെ ഭൂതങ്ങളേയോ ഫ്ലാഷടിക്കുന്ന ഫോട്ടോഗ്രാഫര്‍മാരേയോ പിടിച്ചിടാന്‍ എനിക്കിഷ്ടമല്ല. ഒരു നല്ല രൂപം ഉണ്ടെങ്കില്‍ അതങ്ങനെതന്നെ ഇരുന്നോട്ടെ.
സൂപ്പര്‍ സ്റ്റാറുകളുടെ കാര്യത്തില്‍ മാത്രമല്ല ഈ അപചയം സംഭവിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തിലും ഇതേ പ്രശ്‌നത്തെ നമുക്ക് നേരിടേണ്ടിവരാറുണ്ട്. സന്തുഷ്ടമായി കഴിഞ്ഞിരുന്ന ഒരു കുടുംബത്തില്‍ പെട്ടെന്നു അപ്രതീക്ഷിതമായി ഒരാള്‍ മരിക്കുന്നു. പ്രത്യേകിച്ച് കുട്ടികള്‍, ആരോഗ്യത്തോടെ കഴിഞ്ഞിരുന്ന ഒരാള്‍ പെട്ടെന്ന് തളര്‍ന്നോ അബോധാവസ്ഥയിലോ ആകുന്നു. സമ്പന്നതയില്‍ ജീവിച്ചിരുന്നവര്‍ ക്ഷയിച്ച് പാപ്പരാകുന്നു. ഈ നിലയില്‍ അവരെ നമ്മള്‍ എങ്ങനെ അഭിമുഖീകരിക്കും എന്നത് ഒരു പ്രധാന പ്രശ്‌നമാണ്. എന്നെ ഏറെ വിഷമിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും. നമ്മുടെ മനസ്സില്‍ ഉള്ള അവരുടെ നല്ല പ്രതീകങ്ങള്‍ മായാതിരിക്കാന്‍ ആ വഴിക്കു പോകാതിരിക്കുന്നത് ശരിയാണോ. പെരിങ്ങോടരുടെ തിരിഞ്ഞുനടപ്പ് സ്‌ക്രീനില്‍ നന്നായെങ്കിലും ജീവിതത്തില്‍ പ്രായോഗികമാണോ?
ഇത്തവണ അവധിക്കാലത്ത് ഈ ചോദ്യം എന്റെ മുന്നില്‍ പ്രായോഗികമായി പ്രത്യക്ഷപ്പെട്ടു. എന്റെ വളരെ അടുത്ത സുഹൃത്ത് ശരീരം പൂര്‍ണ്ണമായി തളര്‍ന്ന് കിടപ്പിലായി. കാന്‍സര്‍ മൂലം വൈറ്റല്‍ ഓര്‍ഗനുകള്‍ ഒന്നൊന്നായി പ്രവര്‍ത്തനരഹിതമാവുകയാണ്. ഇനി അതില്‍നിന്ന് പിന്നോട്ട് ഒരു വരവിന് സാദ്ധ്യതയില്ല എന്ന് വെല്ലൂരിലെ ഡോക്ടര്‍ പറഞ്ഞു കഴിഞ്ഞു.'അപ്പ ഒന്നും മിണ്ടുന്നില്ല. ആരെങ്കിലും വന്ന് ആളെ മനസ്സിലായാല്‍ കണ്ണടച്ചു കിടക്കും.' അദ്ദേഹത്തിന്റെ മകന്‍ എന്നോടു പറഞ്ഞു.
അറക്കല്‍ വീട്ടിലെ അബ്രഹാം നാലുവര്‍ഷം എന്റെ സഹപ്രവര്‍ത്തകനായിരുന്നു. എന്നേക്കാള്‍ വളരെ സീനിയര്‍ ആയിരുന്നു. മസ്‌കറ്റില്‍ ഞാന്‍ ജോലിക്ക് എത്തുമ്പോള്‍ ഞങ്ങളുടെ അയല്‍പക്കം ആയിരുന്നു. പുതുതായി എത്തിച്ചേര്‍ന്ന എനിക്ക് എല്ലാ സഹായവും ചെയ്തുതന്നത് അബ്രഹാമും ഭാര്യയുമായിരുന്നു.
മസ്‌കറ്റില്‍ വരുന്നതിനു മുന്‍പ് അദ്ദേഹം ഇരുപതു വര്‍ഷം ഇന്ത്യന്‍ നേവിയില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തൊന്നു ഡിസംബറില്‍ ഇന്ത്യന്‍ നേവി കറാച്ചി തുറമുഖം ആക്രമിക്കാന്‍ നിയോഗിച്ച കപ്പലുകളിലൊന്നിലെ കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ ആയിരുന്നു അബ്രഹാം. ആ യുദ്ധത്തിന്റെ കഥകള്‍ അനവധി തവണ അദ്ദേഹം എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്.
ആത്മാര്‍ത്ഥത, സത്യസന്ധത, ഹാസ്യം ഇവയായിരുന്നൂ അദ്ദേഹത്തിന്റെ മുഖമുദ്രകള്‍ . സമൂഹത്തിലെ തിന്മകള്‍ക്കെതിരെ അഭിപ്രായം പറയാനും ആദര്‍ശപൂര്‍വം പ്രവര്‍ത്തിക്കാനും ഒരു മടിയും ഇല്ലാത്തയാള്‍. അതുകൊണ്ടുതന്നെ എന്റെ ഒരു ഹീറോയും.
രണ്ടായിരത്തിമൂന്നില്‍ ഒരു ദിവസം അദ്ദേഹത്തിന്റെ മൂക്കില്‍നിന്നും രക്തം വന്നു. അതിനെക്കുറിച്ചുള്ള പരിശോധനകളും ചികിത്സയും ഏറെ വേണ്ടിവന്നു. അക്കാലത്ത്, അദ്ദേഹത്തിന്റെ മൂന്നു ആണ്‍മക്കളില്‍ ആര്‍ക്കുംതന്നെ സ്ഥിരമായി ഒരു ജോലിയും ആയിട്ടില്ല. ഒരാള്‍ പഠനം പൂര്‍ത്തിയാക്കിയിട്ടും ഇല്ല. ഏറെ സംഘര്‍ഷഭരിതമായ ദിനങ്ങള്‍, എന്നിട്ടും അദ്ദേഹത്തിന്റെ ഹാസ്യബോധത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല.
ഭാഗ്യത്തിന് അസുഖം തല്‍ക്കാലം മാറി. അടുത്ത അഞ്ചു വര്‍ഷത്തിനകം അദ്ദേഹത്തിന്റെ മക്കള്‍ക്ക് എല്ലാം നല്ല ജോലിയായി. അവരുടെ വിവാഹം കഴി!ഞ്ഞു. അബ്രഹാം റിട്ടയര്‍ ചെയ്തു. അല്പം സാമൂഹ്യപ്രവര്‍ത്തനത്തിനിറങ്ങി.പക്ഷെ, ഡോര്‍മന്റായിരുന്ന അസുഖം പിന്നെയും തിരിച്ചുവന്നു. മൂക്കിനും കണ്ണിനും തലച്ചോറിനുമെല്ലാം പല ഓപ്പറേഷനുകള്‍ വേണ്ടിവന്നു. എന്നിട്ടൊന്നും അദ്ദേഹം ധൈര്യം കൈവിട്ടില്ല. കഴിഞ്ഞ തവണ കാണുമ്പോള്‍ ഏറെ ക്ഷീണിതനായിരുന്നു അദ്ദേഹം. എന്നിട്ടും മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് എഴുതിയ ഒരു ലേഖനം അദ്ദേഹം എന്നെ കാണിച്ചുതന്നു.
'കുറെ ആളുകള്‍ എന്നെ വിളിച്ചു ചീത്ത പറഞ്ഞു.' അബ്രഹാം എന്നോടു പറഞ്ഞു.
പൊതു രംഗത്ത് എഴുതുമ്പോളും പ്രവര്‍ത്തിക്കുമ്പോഴും രണ്ട് ചീത്ത കേള്‍ക്കാന്‍ തയ്യാറായിരിക്കണം എന്ന് ഞാന്‍ പറഞ്ഞു. മാതൃഭൂമിയില്‍ എഴുതി സ്ഥിരമായി കൊട്ട് മേടിക്കുന്നതിനെ പറ്റിയും.
വിവാഹത്തിനു ക്ഷണിക്കുന്ന ആളുകളുടെ എണ്ണത്തെപ്പറ്റിയാണ് ഞങ്ങള്‍ അവസാനം സംസാരിച്ചത്. പണ്ടൊക്കെ ഇരുന്നൂറോ മുന്നൂറോ ഉണ്ടായിരുന്ന വിവാഹ ചടങ്ങിന് ഇപ്പോള്‍ ആയിരവും രണ്ടായിരവും ആളുകള്‍ സര്‍വ്വസാധാരണം ആയിരിക്കുകയാണ്. അതിനെപ്പറ്റി അബ്രഹാം ഒരു ജോക്ക് എന്നോടു പറഞ്ഞു.
സംഭവം നടക്കുന്നത് കോഴഞ്ചരിയില്‍ ഒരു സിനിമാ തിയേറ്ററിന്റെ മുന്‍പില്‍ ആണ്. സിനിമ കാണാന്‍ വന്ന രണ്ടു പേര്‍ തമ്മിലുള്ള സംഭാഷണം ആണ്.
'എടാ, അതാ പൗലോച്ചന്റെ എളേ മോളല്ലേ?'
'അതേ'
'അവള്‍ ആരുടെയോ കൂടെ സിനിമക്കു വന്നിരിക്കുകയാണ്. പൗലോച്ചനെ കാണുമ്പോള്‍ പറയണം. പെണ്ണിന്റെ പോക്കത്ര ശരിയല്ല.'
'എടാ, അതവളുടെ കെട്ടിയോനാ, കഴിഞ്ഞ മാസം നമ്മള്‍ ഒരുമിച്ചല്ലേ അവരുടെ കല്യാണത്തിനു പോയത്.'
ഏതു കല്യാണത്തിനു പോയെന്നോ പെണ്ണും ചെറുക്കനും ഏതെന്നോ ഒന്നും കൃത്യമായി അറിയാത്തവരാണ് ഈ പെരുപ്പിച്ചുകാണിക്കുന്ന ബന്ധുബലത്തില്‍ പകുതിയും. നായര്‍ സമൂഹത്തിലും ഇതേ പ്രശ്‌നം ഉണ്ടെന്നുപറഞ്ഞ് ഏറെ ചിരിച്ചാണ് ഞാന്‍ തിരിച്ചു പോന്നത്.
ആ മനുഷ്യനാണിപ്പോള്‍ മിണ്ടാതെ ആളെ തിരിച്ചറിയുന്നുണ്ടോ എന്നുപോലും അറിയാതെ തളര്‍ന്നു കിടക്കുന്നത്.
നീലകണ്ഠാ ഞാന്‍ അങ്ങോട്ടു വരണോ?
ഒരു മാസം ഞാന്‍ നാട്ടില്‍ ഉണ്ടായിരുന്നു. പല തവണ പോകാന്‍ ഒരുങ്ങിയതാണ്. സുസ്‌മേരവദനനായ അബ്രഹാമിനെ മാറ്റി നിസ്സഹായനായ ഒരു മനുഷ്യനെ മനസ്സിലേക്കെടുത്തുവയ്ക്കാന്‍ മനസ്സുവന്നില്ല.
ഒടുവില്‍ ഞാന്‍ ഈ പ്രശ്‌നം എന്റെ ഫ്രണ്ട്, ഫിലോസഫര്‍ ആന്റ് ഗൈഡ് ആയ എന്റെ ചേട്ടന്റെ അടുത്ത് അവതരിപ്പിച്ചു.
'നീ പോണം, സംശയം എന്താണ്. ഞാനാണ് കിടക്കുന്നതെങ്കില്‍ എനിക്കു ആളെ മനസ്സിലാകുന്നുണ്ടെങ്കില്‍ അതേറ്റവും സന്തോഷമായിരിക്കും. എനിക്കു മനസ്സിലാകുന്നില്ലെങ്കില്‍ അതുകൊണ്ട് പിന്നെ ഒരു ദോഷവും ഇല്ലല്ലോ. അബ്രഹാമിന്റെ കുടുംബത്തിനാകട്ടെ എന്തുകൊണ്ടും നീ ചെല്ലുന്നത് ആയിരിക്കും ഇഷ്ടം. സ്‌നേഹം കൊണ്ട് എല്ലാവരും മാറിനടന്നാല്‍ അവരുടെ സ്ഥിതി എന്താകും.
നാട്ടിലെ അവസാന ദിവസത്തിലെ വൈകുന്നരം ഞാന്‍ അബ്രഹാമിനെ കാണാന്‍ എത്തി.
കിടക്കയില്‍ തളര്‍ന്നു കിടക്കുകയാണദ്ദേഹം. ബ്യൂട്ടിഫുള്‍ പോലുള്ള സിനിമ കാണുന്നവര്‍ വിചാരിക്കും ശരീരം തളര്‍ന്നുകിടക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യം അല്ല. മുഖമെല്ലാം ചുവന്നു തുടുത്തിരിക്കും. ഇഷ്ടമുള്ളപ്പോള്‍ ബൈക്കിന്റെ പുറകില്‍ കെട്ടി വച്ച് വഴി നീളെ നടക്കാം, മഴ കൊള്ളം, കാശുണ്ടെങ്ങില്‍ കറുത്ത ബ്രായുടെ സ്ട്രാപ്പ് ഉള്ള ആരെയെങ്ങിലും പണിക്കു വക്കാം എന്നിങ്ങനെ എല്ലാം പഴയപടി. സത്യം അത്ര ബ്യൂട്ടിഫുള്‍ അല്ല.
'ദാ, ആരാണെന്നു മനസ്സിലായോ' അദ്ദേഹത്തിന്റെ ഭാര്യ ചോദിച്ചൂ.
അബ്രഹാം എന്നെ നോക്കിയെന്നും 'ആ' എന്നു പറഞ്ഞുവെന്നും എനിക്കു തോന്നിയതാണോ എന്ന് എനിക്കിപ്പോഴും അറിയില്ല. പക്ഷെ, പിന്നെ അദ്ദേഹം കണ്ണടച്ചു, മിണ്ടിയില്ല. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. സന്തോഷമാകാം, സങ്കടമാകാം, ക്ഷീണമാകാം, അസുഖത്തിന്റെ രീതിയാകാം.
ഞാന്‍ പിന്നെ അധികനേരം അവിടെ നിന്നില്ല. സാധാരണ അബ്രഹാമിന്റെ വീട്ടില്‍ അര ദിവസമെങ്കിലും ചെലവാക്കുന്നതും പലതവണ ഭക്ഷണം കഴിക്കുന്നതുമാണ്. ഇത്തവണ അതിനുള്ള മൂഡില്ല.
ഒരു കട്ടിലില്‍ തളര്‍ന്ന് എബ്രഹാമിന്റെ സ്ഥാനത്ത് ഞാന്‍ എന്നെ പല പ്രാവശ്യം കയറ്റിക്കിടത്തി.
എന്നിട്ട് ഞാന്‍ എന്നോടു ചോദിച്ചു.
ആ പെരിങ്ങോടരെ ഇങ്ങോട്ട് കേറ്റിവിടണോ?
(ഞാന്‍ ചെന്ന് കണ്ടു ഒരാഴ്ചക്കകം എബ്രഹാമിന്റെ മരണ വാര്‍ത്ത ഞാന്‍ അറിഞ്ഞു)
തുമ്മാരുകുടി കഥകള്‍ വാങ്ങാം
തുമ്മാരുകുടി കഥകള്‍
(40%) (4 Votes)
Explore Mathrubhumi
Other News in this Section





