LATEST NEWS

Loading...

Custom Search
+ -

ബിയര്‍ കുടിക്കുന്ന പശു?

മുരളി തുമ്മാരുകുടി

Posted on: 09 Jul 2012

 


''എന്റെ സാറേ ബീഫിനൊക്കെ ഇപ്പോ എന്താ വില..'' എന്റെ സ്ഥിരം സാരഥിയായ ബേബിച്ചേട്ടന്‍ കഴിഞ്ഞ തവണ എന്നോടു പറഞ്ഞു. ''ഈസ്റ്ററിന് ഇരുന്നൂറുരൂപയുടെ മുകളില്‍ പോയി എന്നുവെച്ച് വാങ്ങാതെ പറ്റുമോ?''

വെങ്ങോലയിലെ എന്റെ വീട്ടില്‍ ഒരിക്കലും ബീഫ് വാങ്ങാറില്ല. അതുകൊണ്ട് ബീഫിന്റെ വിലക്കയറ്റം എന്നെ ബാധിക്കുന്ന പ്രശ്‌നമല്ല. എന്നാലും ഈ ബീഫിന് കോഴിയേക്കാള്‍ വില വരുന്നതെന്തണെന്ന് ഞാന്‍ ആലോചിച്ചു.

പണ്ടൊക്കെ കോഴിക്ക് ഇരുപത്തഞ്ചു രൂപ കിലോക്ക് വിലയുള്ളപ്പോള്‍ ബീഫിന് വെറും എട്ടും പത്തും രൂപയായിരുന്നത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. എന്നോ എപ്പഴോ ബീഫ് മുന്നില്‍ കയറി.

ഇറച്ചിക്കോഴികള്‍ക്കു വേണ്ടി വന്‍ തോതില്‍ കോഴി ഫാം നടത്തുന്നതുപോലെ ഇറച്ചിക്കാളകള്‍ക്കുവേണ്ടി വലിയ കാളഫാം നടത്താത്തതായിരിക്കാം ഇതിനുകാരണം. ആടു തൊട്ട് മാഞ്ചിയം വരെ കൃഷി നടത്താന്‍ ആളുള്ള നാട്ടില്‍ എന്തുകൊണ്ടാണ് ഒരു വന്‍കിട പോത്തുകൃഷി നടപ്പില്‍ വരാത്തത്?

അടുത്ത കാലം വരെ ലോകത്ത് ഏറ്റവും ഉപയോഗിക്കപ്പെട്ടിരുന്ന മാംസമായിരുന്നു ബീഫ്. (ഇപ്പോള്‍ ആ സ്ഥാനം പോര്‍ക്കിനാണ്) അതുകൊണ്ടു തന്നെ പതിനായിരക്കണക്കിന് പശുക്കളെയും കാളകളെയും ഒക്കെ വളര്‍ത്തുന്ന റാഞ്ചുകള്‍ എന്നു പറയുന്ന വന്‍കിട ഫാമുകള്‍ അമേരിക്കയിലും ഓസ്‌ട്രേലിയയിലും ഒക്കെ ഉണ്ട്. ആയിരക്കണക്കിന് ചതുരശ്രകിലോമീറ്ററാണ് ചില റാഞ്ചുകളുടെ വലിപ്പം (പല രാജ്യങ്ങളുടെ മൊത്തം വിസ്തീര്‍ണ്ണത്തില്‍ കൂടുതല്‍ വരും ഇത്.) ഇവിടുത്തെ കന്നുകാലികളെ ഒരു ഭാഗത്തു നിന്നും മറ്റു ഭാഗത്തേക്ക് ആട്ടിക്കൊണ്ടുപോകുന്നത് ചിലയിടത്ത് ഹെലികോപ്ടര്‍ വെച്ചിട്ടാണ്.

ആയിരം ചതുരശ്രമൈലും ഹെലികോപ്ടറും ഒന്നുമില്ലെങ്കിലും ജപ്പാനില്‍ ഇറച്ചിക്കായി പശുക്കളെ വളര്‍ത്തുന്നത് വലിയ ഒരു പാരമ്പര്യമാണ്. ജപ്പാനിലെ ഹ്യോഗോ എന്ന സംസ്ഥാനത്ത് വളര്‍ത്തുന്ന ഒരു പ്രത്യേകതരം പശുവിന്റെ ഇറച്ചിയാണ് (വാഗ്യു) ലോകത്തില്‍ ഏറ്റവും വിലയുള്ള മാംസം, കോബേ ബീഫ് എന്നറിയപ്പെടുന്ന ഈ മാംസത്തിന് കിലോക്ക് ഇരുപത്തയ്യായിരം മുതല്‍ നാല്പതിനായിരം രൂപ വരെ വിലയുണ്ട്. അതുകൊണ്ടു തന്നെ സാധാരണക്കാര്‍ക്ക് ഇത് വിശേഷാവസരങ്ങളില്‍ അല്ലാതെ കഴിക്കാനും പറ്റില്ലല്ലോ. കോബേ ബീഫിന്റെ വില കണ്ട് കണ്ണ് തള്ളിയ ചില അമേരിക്കന്‍ വിരുതന്‍മാര്‍ അമേരിക്കയില്‍ വാഗ്യു പശുവിനെ വളര്‍ത്തി കോബേ ബീഫ് എന്ന പേരില്‍ പേറ്റന്റ് എടുക്കാനും വിറ്റ് കാശുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. പക്ഷേ യഥാര്‍ത്ഥ കോബേ ബീഫിനെപ്പറ്റി അറിയുന്നവര്‍ ഈ ഡ്യൂപ്ലിക്കേറ്റിനെ അംഗീകരിച്ചിട്ടില്ല.

എന്താണീ കോബേ ബീഫിന്റെ പ്രത്യേകത?

ഒട്ടും കട്ടിയില്ലാത്തും മാംസത്തില്‍ ഉടനീളം കൊഴുപ്പിന്റെ പാളികള്‍ ഉള്ളതിനാല്‍ മുറിച്ചുവച്ചാല്‍ പ്രത്യേകഭംഗിയുള്ളതും ആണ് കോബേ ബീഫ്. ഇതിനൊരു പ്രത്യേക സ്വാദുണ്ടെന്ന് ജപ്പാന്‍കാര്‍ പറയുന്നു (ഞാനിത് കഴിച്ചിട്ടുണ്ട് പ്രത്യേകിച്ച് വിശേഷം ഒന്നും തോന്നിയില്ല).

പക്ഷെ കോബേ ബീഫിന്റെ യഥാര്‍ത്ഥ പ്രത്യേകത അതു കിട്ടുന്ന പശുവിനെ പരിപാലിക്കുന്ന രീതിയില്‍ നിന്നാണ്. ഇതെങ്ങനെയാണെന്നത് ഒരു രഹസ്യവും ആണ്. പറഞ്ഞു കേട്ടിടത്തോളം പശുവിന് ആവശ്യത്തിന് ബിയര്‍ കൊടുത്ത് വിശപ്പു വര്‍ദ്ധിപ്പിക്കുന്നു. പിന്നെ ആഹാരത്തിന്റെ രീതി കാരണവും എക്‌സര്‍സൈസിന്റെ അഭാവം കാരണവും കൊഴുപ്പു ശരീരത്തില്‍ കൂടുന്നു. പോരാത്തതിന് ജപ്പാനിലെ ചാരായമായ സാക്കേ പുരട്ടി എല്ലാ ദിവസവും പശുവിന്റെ ശരീരം തിരുമ്മി മയമാക്കുന്നു. ഇങ്ങനെയൊക്കെ ചെയ്തിട്ടാണത്രേ വിശിഷ്ടമായ കോബേ ബീഫ് ഉണ്ടാക്കുന്നത്. സ്ഥിരം ബിയറുകുടിക്കുന്ന പശുവിന് കിലോക്ക് ഇരുപത്തയ്യായിരം രൂപ ആയതില്‍ അതിശയിക്കാനില്ലല്ലോ.

മലയാളികള്‍ പൊതുവെ ഭക്ഷണപ്രിയര്‍ ആണെങ്കിലും പശുവിനെ തിരുമ്മുകയും താറാവിനെ തീറ്റിച്ച് ഫാറ്റിലിവറുണ്ടാക്കുകയും ചെയ്യുന്ന പോലുള്ള കടുത്ത പാരമ്പര്യങ്ങള്‍ നമുക്കില്ല, നല്ലത്. എന്തിന് നാടുനാടാന്തരം ഹോട്ടലുകള്‍ ഒക്കെ വരുന്നതുവരെ നമ്മുടെ ഭക്ഷണവിഭവങ്ങളുടെ ആവനാഴിയില്‍ വലിയ വൈവിധ്യം തന്നെ ഉണ്ടായിരുന്നില്ല. സാമ്പത്തിക നില പുരോഗമിക്കുകയും നാട്ടിലെങ്ങും ഹോട്ടലുകള്‍ എത്തുകയും ചെയ്തപ്പോള്‍ കേരളത്തിനകത്തുനിന്നും പുറത്തുനിന്നും എന്തിന് ചൈനയില്‍ നിന്നുള്ള ചില്ലിചിക്കനും ഗള്‍ഫില്‍ നിന്നുള്ള ഷവര്‍മയും എല്ലാം നമ്മുടെ നാട്ടില്‍ എല്ലായിടത്തും ആയി. (ചൈനയില്‍ എമ്പാടും സഞ്ചരിച്ചിട്ടും ഞാന്‍ ചില്ലി ചിക്കന്‍ വില്‍ക്കുന്ന ഒരു ഹോട്ടലും കണ്ടിട്ടില്ല എന്നത് വേറെ കാര്യം).

ഹോട്ടലുകള്‍ ഇപ്പോള്‍ നാട്ടില്‍ എമ്പാടുമായി. ശങ്കരപ്പിള്ളയുടേതുള്‍പ്പെടെ മൂന്നു ചായക്കടകള്‍ ഉണ്ടായിരുന്ന വെങ്ങോലയില്‍ പോലും ചില്ലി ബീഫ് കിട്ടുന്ന ഹോട്ടലുകള്‍ ആയി. തട്ടുകടകളും ബേക്കറികളും വേറെയും. ഇത്രമാത്രം ഹോട്ടലുകള്‍ ഉണ്ടായിട്ടും കേരളത്തില്‍ ഇതുവരെ ഹോട്ടലുകളെപ്പറ്റിയുള്ള നല്ല ഒരു ഗൈഡ് ഉണ്ടാവാത്തത് എന്താണെന്ന് ഞാന്‍ ചിലപ്പോള്‍ വിചാരിക്കാറുണ്ട്.

കൂട്ടത്തില്‍ പറയട്ടെ ഭക്ഷണം കഴിക്കുന്ന സ്ഥലത്തിന് ഹോട്ടല്‍ എന്നുള്ള പ്രയോഗം ശരിയല്ല. അത് നാട്ടുനടപ്പായതിനാല്‍ ഞാനങ്ങനെ പ്രയോഗിച്ചു എന്നേ ഉളളൂ. ആളുകള്‍ക്ക് താമസിക്കാനുള്ള സ്ഥലമാണ് ഹോട്ടല്‍. ഭക്ഷണം കഴിക്കാനുള്ളത് റസ്‌റ്റോറന്റ് ആണ്. നാട്ടിലും ഇത് മാറി വരുന്നുണ്ടെങ്കിലും ഉഡുപ്പി ഹോട്ടലും ബ്രാഹ്മാണാള്‍സ് ഹോട്ടല്‍സും ഒക്കെ ഇപ്പോഴും പ്രയോഗത്തില്‍ നില്‍ക്കുന്നു.

യൂറോപ്പിലെങ്ങാനും റസ്റ്റോറന്റുകളെ പരിചയപ്പെടുത്താന്‍ പേരുകേട്ട മിഷലിന് ഗൈഡ് ഉണ്ട്. യൂറോപ്പിലെ മിക്കവാറും പ്രധാന നഗരങ്ങളിലെ എല്ലാം നല്ല ഭക്ഷണശാലകളുടെ വിവരം ഇതിലുണ്ടാകും. ഭക്ഷണത്തിന്റെ നിലവാരം അനുസരിച്ച് ഒന്നോ രണ്ടോ മൂന്നോ സ്റ്റാര്‍ ഉള്ള റസ്‌റ്റോറന്റുകള്‍ ഈ ഗൈഡില്‍ ഉണ്ട്.

അതീവ രഹസ്യവും കടുപ്പവുമാണ് മിഷലില്‍ ഗൈഡ് റസ്റ്റോറന്റുകളെ പരീക്ഷിക്കുന്ന രീതി. മിഷലില്‍ ഗൈഡ് നിയോഗിക്കുന്ന ഇന്‍സ്‌പെക്ടര്‍മാര്‍ മുന്‍കൂട്ടിപറയാതെ റസ്റ്റോറന്റുകളില്‍ വന്നിരുന്ന് ഭക്ഷണം കഴിച്ച് കാശും കൊടുത്ത് പോവുകയാണ്. അതുകൊണ്ട് ഇന്‍സ്‌പെക്ഷന്‍ എന്നാണെന്നോ ഏതുവിഭവത്തില്‍ ആയിരിക്കുമെന്നോ ഒന്നും റസ്‌റ്റോറന്റ് ഉടമക്ക് ഒരു വിവരവും ഉണ്ടാവില്ല അതുകൊണ്ടുതന്നെ ഇന്‍സ്‌പെക്ടര്‍ക്ക് കുറച്ച് കാശുകൊടുത്തോ സ്‌പെഷ്യല്‍ ഡിഷ് ഉണ്ടാക്കിക്കൊടുത്തോ സ്റ്റാര്‍ സംഘടിപ്പിക്കാന്‍ സാധ്യമല്ല. (അടുത്തയിടെ കേരളത്തില്‍ സ്റ്റാര്‍ കിട്ടാന്‍ വേണ്ടി ഏതോ ഹോട്ടലുകാരന്‍ കൈക്കൂലി കൊടുത്തതോ ഉദ്യോഗസ്ഥന്‍ വാങ്ങിയതോ എന്തോ വാര്‍ത്തയായിരുന്നല്ലോ.

മിഷലിന്‍ ഗൈഡില്‍ പേരുവരിക എന്നത് യൂറോപ്പിലെ ഏതു റസ്റ്റോറന്റുകാരന്റെയും സ്വപ്‌നമാണ്. മുഖ്യ പാചകക്കാരന്‍ അതുവലിയ പ്രസ്റ്റീജ് ആയിട്ടാണ് എടുക്കുന്നത് (റാറ്റാറ്റുമായി എന്ന അനിമേഷന്‍ പടം കണ്ടിട്ടുള്ളവര്‍ക്ക് സ്റ്റാര്‍ പോയാലുള്ള വിഷമം മനസ്സിലാകും.

സാധാരണഗതിയില്‍ ഭക്ഷണത്തിന്റെ വിലയും രുചിയും തമ്മില്‍ വലിയ ബന്ധം ഒന്നുമില്ലല്ലോ. (അലുപുരത്തെ കുടുംബശ്രീ ഹോട്ടലില്‍ പത്തുരൂപക്ക് കിട്ടുന്ന മീന്‍ കറിയുടെ രുചി കേരളത്തിലെ പല സ്റ്റാര്‍ ഹോട്ടലുകളിലെ മീന്‍ കറിക്കും ഇല്ല.) എന്നാല്‍ മിഷലില്‍ സ്റ്റാര്‍ കിട്ടുന്നതോടെ തിരക്ക് വര്‍ദ്ധിക്കുന്നതിനാല്‍ റസ്‌റ്റോറന്റിലെ വില ഉയരും. യൂറോപ്പില്‍ പൊതുവെ പറഞ്ഞാല്‍ ഒരു സ്റ്റാര്‍ ഉള്ള റസ്റ്റോറന്റില്‍ ഒരാളുടെ ഭക്ഷണത്തിന് ഏതാണ്ട് അയ്യായിരും രൂപ വരും. മൂന്നു സ്റ്റാറുള്ള അപൂര്‍വം ഹോട്ടലുകളില്‍ ആകട്ടെ ദിവസങ്ങളോ മാസങ്ങളോ മുന്‍പ് ബുക്കു ചെയ്താലേ സീറ്റ് കിട്ടുകയുള്ളൂ. ഭക്ഷണത്തിന്റെ വില ഒരാള്‍ക്ക് ഇരുപതിനായിരത്തിന്റെ മീതെയും പോകും. ഇവിടെ കൂടെ കഴിക്കുന്ന വീഞ്ഞിന് ഇതിനൊപ്പമോ അതിലും കൂടുതലുമോ വിലയുണ്ടാകും. പിന്നെ പോക്കറ്റിലെ കാശെണ്ണിനോക്കുന്നവരല്ലല്ലോ ഇവിടെയൊക്കെ പോകുന്നത്. അതുകൊണ്ട് കുഴപ്പമില്ല.

മിഷലിന്‍ സ്റ്റാര്‍ കൊടുക്കുന്നത് ഭക്ഷണത്തിനു മാത്രമാണ്. ഹോട്ടലിലെ അന്തരീക്ഷവും സെര്‍വിംഗും ഒന്നും പരിശോധിച്ചിട്ടല്ല. പക്ഷെ അതിനു മിഷലിന്റെ വേറെ ചില കാറ്റഗറികള്‍ ഉണ്ട്. ഏതാണെങ്കിലും ഒരു രണ്ടു മിഷലില്‍ സ്റ്റാര്‍ ആകുന്നതോടെ റസ്‌റ്റോറന്റിന്റെ കെട്ടും മട്ടും വെയിറ്റര്‍മാരുടെ എണ്ണവും പെരുമാറ്റവും ഒക്കെ മൊത്തമായി മാറും. ചുമ്മാ കാശു കിട്ടുന്നതല്ലേ.

കേരളത്തില്‍ ഏതെങ്കിലും കാലത്ത് ഒരു തുമ്മാരുകുടി സ്റ്റാര്‍ ഉണ്ടാക്കണമെന്ന് എനിക്കു ചിലപ്പോള്‍ തോന്നാറുണ്ട്. സാള്‍ട്ട് ആന്റ് പെപ്പര്‍ മൂവി വന്നതില്‍ പിന്നെ നല്ല ഭക്ഷണം കിട്ടുന്ന സ്ഥാപനങ്ങള്‍ കണ്ടുപിടിക്കാന്‍ ഇന്റര്‍നെറ്റിലെ ചിലര്‍ ഒരു ക്രൗഡ് സോര്‍സിംഗ് നടത്തി, അതിന്റെ വിവരങ്ങള്‍ ഇവിടെയുണ്ട. വിലയിരുത്തുന്നത് പലരായതിനാലും പ്രത്യേകിച്ച് ഒരു മാനദണ്ഡം ഇല്ലാത്തിനാലും ഇതെത്ര വിശ്വാസയോഗ്യമാണ് എന്നറിയില്ല. എന്നാലും പെരുമ്പാവൂരിലെ പ്രശസ്തമായ അപ്‌സര ഹോട്ടല്‍ ഉള്ളതിനാല്‍ ലിസ്റ്റ് വലിയ കുഴപ്പം ഇല്ല എന്നു തോന്നുന്നു.

മിഷലില്‍ സ്റ്റാറുകാര്‍ യൂറോപ്പുകഴിഞ്ഞ് ഇപ്പോള്‍ അമേരിക്കയിലും ജപ്പാനിലും ഒക്കെ റേറ്റിംഗ് നടത്തുന്നുണ്ട്. ആഗോളവല്‍ക്കരണത്തിന്റെ കൂടെ ഒരു കാലത്ത് ഇത് ഇന്ത്യയിലും വന്നുകൂടാ എന്നില്ല.

യൂറോപ്പില്‍ വരുന്നവര്‍ക്ക് മിഷലില്‍ സ്റ്റാറുള്ള ഒരു റസ്റ്റോറന്റില്‍ കേറണം എന്നുണ്ടെങ്കില്‍ ഏറ്റവും നല്ലത് ഈഫല്‍ ടവറിന്റെ മുകളിലുള്ള യൂള്‍ വേണ്‍ റസ്റ്റോറന്റാണ്. അല്പം കത്തിയാണെങ്കിലും ഈഫല്‍ ടവറില്‍ കയറാനുള്ള മൂന്നു മണിക്കൂര്‍ ക്യൂ നില്‍ക്കാതെ പ്രത്യേകലിഫ്റ്റില്‍ മുകളില്‍ ചെല്ലാമെന്നത് ഒരു ബോണസാണ്. പിന്നെ ജീവിതത്തില്‍ ഒരിക്കലല്ലേ സാര്‍ ചുമ്മാ കേറി നോക്കണം.

 

തുമ്മാരുകുടി കഥകള്‍ വാങ്ങാം
തുമ്മാരുകുടി കഥകള്‍
(44%) (5 Votes)

 

 

Other News in this Section