LATEST NEWS

Loading...

Custom Search
+ -

ക്രിക്കറ്റ് പ്രേമം

മുരളി തുമ്മാരുകുടി

Posted on: 18 Jun 2012

 


സച്ചിന്‍ റിട്ടയര്‍ ചെയ്യേണ്ട സമയമായി എന്നോ മറ്റോ കപില്‍ദേവ് അടുത്തയിടെ അഭിപ്രായം പറഞ്ഞത് വായിച്ചിട്ട് എനിക്ക് ചിരി വന്നു.

കളിച്ചുകൊണ്ടിരുന്ന കാലത്ത് ഈ കപില്‍ദേവിനെ റിട്ടയര്‍ ചെയ്യിക്കാന്‍ നേരിട്ടും മറഞ്ഞും ഗവാസ്‌കറും കൂട്ടരും അമ്പെയ്ത്ത് ഞാന്‍ ഇന്നലത്തെപോലെ ഓര്‍ക്കുന്നു. അതുപോലെ ഗവാസ്‌കറെ റിട്ടയര്‍ ചെയ്യിക്കാന്‍ അതിന്റെ മുന്നത്തെ കാര്‍ന്നോന്മാരും.

പ്രായമായിട്ടും ഓര്‍മ്മ പോകാത്തതിന്റെ ഒരു കുഴപ്പമാണ് എനിക്ക്.

പടിഞ്ഞാറേപ്പാടത്ത് കപ്പക്കോലുകൊണ്ടു സ്റ്റമ്പും അതിന്റെ മുകളില്‍ വെള്ളക്കകൊണ്ട് ബെയിലും വച്ച് ഞങ്ങള്‍ ക്രിക്കറ്റ് കളി തുടങ്ങിയ കാലത്ത് സച്ചിന്‍ ജനിച്ചിട്ടുകൂടി ഇല്ല.
പൊങ്ങ്
സച്ചിന്റെ കാര്യം പോകട്ടെ, കേരളത്തിന് അങ്ങോളം ഇങ്ങോളം ക്രിക്കറ്റ് എന്ന സ്‌പോര്‍ട്‌സിനെപ്പറ്റി കേട്ടവര്‍ തുലാം പരിമിതം. വര്‍ഷത്തിലൊരിക്കല്‍ തൃപ്പൂണിത്തുറയില്‍ നടന്നുവന്ന പൂജക്രിക്കറ്റ് ടൂര്‍ണമെന്റും പതിവുപോലെ രഞ്ജി ട്രോഫിക്കു പോയി മൊട്ടയിട്ടുവരുന്ന കേരളടീമും ഒക്കെയായിരുന്നു ആ കാലത്തെ ആകപ്പാടെയുള്ള ക്രിക്കറ്റ് വാര്‍ത്ത. മുട്ടയിടുന്നതുകൊണ്ടു തന്നെ അത് വാര്‍ത്തയും അല്ലായിരുന്നു.

പിന്നെ ഈ കളി പത്തുനാല്പതുകൊല്ലം മുന്‍പ് എങ്ങനെ ഞങ്ങളുടെ പടിഞ്ഞാറേ പാടത്ത് എത്തി?

ഇതിന് രണ്ട് ആളുകളോടാണ് ഞാന്‍ നന്ദി പറയേണ്ടത്. ഒന്ന് ഇരിങ്ങാലക്കുട രാജന്‍ എന്ന പേരില്‍ നാട്ടില്‍ അറിയപ്പെട്ടിരുന്ന ഞങ്ങളുടെ അമ്മാവന്റെ മകന്‍ രാജന്‍ ചേട്ടന്‍. ചെറുപ്പത്തിലേ കേരളത്തിനുപുറത്ത് പോയി ജോലി ചെയ്തതിനാല്‍ ചേട്ടന്‍ ക്രിക്കറ്റിനെ പരിചയപ്പെട്ടു. ചേട്ടനാണ് പട്ടോഡിയേയും ലോയിഡിനെയും എല്ലാം ഞങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. ഈ കളിയേയും, അതിലെ നിയമങ്ങളും എല്ലാം.

രണ്ടാമത്തെ താങ്ക്‌സ് ഞങ്ങളുടെ സമകാലീകനായ സാജുവിനാണ്. ഇപ്പോള്‍ പെരുമ്പാവൂരില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ അദ്ദേഹം ഒരു ദിവസം സ്റ്റമ്പും ബാറ്റും ബോളും ഒക്കെയായി പാടത്തിറങ്ങിയതോടെയാണ് വെങ്ങോലയില്‍ ക്രിക്കറ്റിന്റെ യുഗം ആരംഭിക്കുന്നത്. സ്റ്റമ്പും ബെയില്‍സും ഒക്കെയായി വരുന്നതും സെറ്റു ചെയ്യുന്നതും സാജുവിന്റെ അനിയത്തി സിനിയുടെ ജോലിയായിരുന്നു. ഇവര്‍ എങ്ങനെ ക്രിക്കറ്റിനെപ്പറ്റി കേട്ടു എന്ന് ഞങ്ങള്‍ക്ക് വലിയ ഉറപ്പില്ല. സാജുവിന്റെ ചേട്ടന്‍ പുറത്തു വല്ലതും പഠിക്കാന്‍ പോയപ്പോഴാകാം.

ടീമിന്റെ മറ്റംഗങ്ങള്‍ എല്ലാം ആണ്‍കുട്ടികള്‍ ആയിരുന്നു. രാജു, തേപ്പാല ബേബി, ജെയിംസ്, പിന്നെ ഞാനും എന്റെ മൂന്നു സഹോദരന്‍മാരും. എണ്ണം തികയാത്തതിനാല്‍ മാച്ച് ഇല്ല. ഒരാള്‍ ബാറ്റുചെയ്യുമ്പോള്‍ മറ്റെല്ലാവരും എതിര്‍പാര്‍ട്ടിയാണ്. എണ്ണക്കുറവും ഗ്രൗണ്ടിന്റെ സൗകര്യക്കുറവും മൂലം രണ്ടുസൈഡില്‍ നിന്നുള്ള ബൗളിംഗും ബാറ്റിംഗും ഉണ്ടായിരുന്നില്ല.

മമ്മൂട്ടി പറഞ്ഞത് കുറെയൊക്കെ ശരിയാണ്. ക്രിക്കറ്റ് മടിയന്‍മാരുടെ കളിയാണ്. അല്ലെങ്കില്‍ പൊതുവെ തടിയനങ്ങാത്തയാളും അല്പം കുടവയര്‍ ഒക്കെയായി ഓടാന്‍ വിഷമമുള്ള ഞാന്‍ ഈ കളിയില്‍ താല്പര്യം കാണിക്കില്ലായിരുന്നു. ക്രിക്കറ്റ് കളിച്ചു തുടങ്ങിയ എല്ലാവരേയും പോലെ ഞാനും അഡിക്റ്റ് ആയി.

പാടത്തെ കളിയായതിനാല്‍ കൊയ്ത്തുകാലം കഴിഞ്ഞേ ക്രിക്കറ്റ് ഉള്ളൂ. മഴക്കാലം ആയാല്‍ നിര്‍ത്തുകയും വേണം. സ്‌കൂളുകളില്‍ സ്‌പോര്‍ട്‌സ് അധ്യാപകരോ മറ്റുള്ളവരോ ഈ കളി കേട്ടിട്ടു തന്നെയില്ല. അതുകൊണ്ട് ഫുട്‌ബോള്‍ തൊട്ട് ലോകത്താരും കളിക്കാത്ത മഞ്ഞപന്തു വച്ചുള്ള ബാഡ്മിന്റണ്‍ കളിക്ക് വരെ കോര്‍ട്ടുള്ള സ്‌കൂളില്‍ ക്രിക്കറ്റിന് സ്ഥലമോ സൗകര്യമോ ഇല്ല.

കളിക്കുന്നവരുടെ ആരുടെയും മാതാപിതാക്കള്‍ക്ക് ഈ കളി എന്താണെന്നോ പിള്ളേര്‍ക്ക് ഇതില്‍ എന്താണിത്ര ഭ്രാന്തെന്നോ മനസ്സിലായില്ല. പില്‍ക്കാലത്ത് ടെലിവിഷന്‍ ഒക്കെ വന്നപ്പോഴാണ് എന്റെ അച്ഛന് ക്രിക്കറ്റ് കമ്പം മൂത്തത്. അമ്മയാകട്ടെ പാകിസ്താന്‍ ബൗളര്‍ അബ്ദുള്‍ഖാദറിന്റെ ഫാനായിരുന്നു. ചേച്ചിയുടെ മക്കള്‍ക്ക് അമ്മ അബ്ദുള്‍ഖാദറിനെപ്പോലെ ആക്ഷന്‍ കാണിച്ച് ബൗള്‍ ചെയ്തു കൊടുക്കുന്നത് പില്‍ക്കാലത്ത് ഞങ്ങള്‍ക്ക് കൗതുകം ഉണ്ടാക്കി കാഴ്ചയാണ്.

ക്രിക്കറ്റ് മടിയന്‍മാര്‍ക്കും കളിക്കാന്‍ പറ്റിയ കളിയാണെങ്കിലും മടിയന്‍മാരുടെ മാത്രം കളിയല്ല. പ്രത്യേകിച്ചും രാജ്യാന്തരതലത്തില്‍ ക്രിക്കറ്റ് കളിക്കുന്നവര്‍ക്ക് അപാരസ്റ്റാമിനയും വേണം. ക്രിക്കറ്റ് ഒരു സംഘം ചേര്‍ന്നുള്ള കളിയാണെങ്കിലും പതിനായിരം കാണികളുടെയും പത്തു ഫീല്‍ഡര്‍മാരുടെയും നടുക്ക് നിന്ന് സച്ചിന്‍ ബൗളിംഗിനെ നേരിടുമ്പോള്‍ അദ്ദേഹത്തിന് മറ്റാരും തുണയില്ല. തുണക്കാന്‍ ക്രിക്കറ്റ് നിയമങ്ങള്‍ അനുവദിക്കുന്നില്ല. നൂറു സെഞ്ച്വറി കഴിഞ്ഞതാണെന്നോ, ക്രിക്കറ്റ് ലോകത്തെ ദൈവമാണെന്നതോ ഒന്നും കൊണ്ടും രക്ഷയില്ല. ഓരോ ബോളും കണ്ടറിഞ്ഞ് തടുത്തില്ലെങ്കില്‍ കുറ്റി തെറിച്ചതു തന്നെ. ഡ്യൂപ്പുവെക്കാത്ത പണിയായതിനാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പരിക്കും പറ്റും.

അതുകൊണ്ടും കൂടിയാണ് സച്ചിന്‍ റിട്ടയര്‍ ചെയ്യണമെന്ന വാദങ്ങള്‍ എനിക്ക് അര്‍ത്ഥശൂന്യമായി തോന്നുന്നത്. സച്ചിന്റെ റിട്ടയര്‍മെന്റ് തീരുമാനിക്കാന്‍ രണ്ടാളുകള്‍ക്കേ അവകാശമുള്ളൂ.
ഒന്ന് സച്ചിന്. ഇന്ത്യന്‍ ക്രിക്കറ്റിനും ക്രിക്കറ്റ് ലോകത്തിനും മഹത്തരമായ സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന് എന്ന് വേണമെങ്കിലും അഭിമാനത്തോടെ റിട്ടയര്‍ ചെയ്യാം. പക്ഷെ ക്രിക്കറ്റിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് ക്രിക്കറ്റില്‍ നിന്നും ജീവിതം പടുത്തുയര്‍ത്തിയ ഈ പാവം പയ്യനെ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനോ മറ്റു ബിസിനസ്സുകാരനോ ഒക്കെ ആക്കാന്‍ ആളുകള്‍ എന്തിനാണ് ധൃതി പിടിക്കുന്നത്. ആവുന്ന അത്രയും കാലം അദ്ദേഹം കളിക്കട്ടെ. രണ്ട് ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ക്ക്. ഇന്ത്യക്ക് ഏറ്റവും വിജയസാധ്യതകള്‍ നല്‍കുന്ന ടീം തിരഞ്ഞെടുക്കുകയാണ് അവരുടെ ജോലി. സച്ചിന്റെ ടീമിലെ സാന്നിധ്യം അദ്ദേഹത്തിന്റെ കളിയിലെ മികവുകൊണ്ടോ അനുഭവസമ്പത്തുകൊണ്ടോ രണ്ടുമല്ലെങ്കില്‍ സച്ചിന്‍ കൂടെയുള്ളതിനാല്‍ മറ്റു യുവകളിക്കാര്‍ക്കുണ്ടാകുന്ന ഊര്‍ജം കൊണ്ടോ ഇന്ത്യയുടെ വിജയസാധ്യത ഉയരുമെങ്കില്‍ അദ്ദേഹത്തെ ടീമില്‍ എടുക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. അങ്ങനെ അല്ലാതാവുന്ന കാലത്ത് വേറെ ആളെ കണ്ടെത്തുക. ഇവിടെ സച്ചിന്റെ താരപരിവേഷമല്ല പ്രായോഗിക ഉപയോഗമാണ് പ്രധാന പരിഗണന. തല്‍ക്കാലം സച്ചിന്റെ ഫോം വെച്ചു നോക്കിയാല്‍ പതിനൊന്നിലൊന്നാവാന്‍ അദ്ദേഹത്തിന് എന്തുകൊണ്ടും യോഗ്യതയുണ്ട്.

സച്ചിന്റെ കാര്യം ആയതുകൊണ്ട് ചുമ്മാ ഒരു അഭിപ്രായം പറഞ്ഞുവെന്നേ ഉള്ളൂ. ഞാന്‍ ക്രിക്കറ്റ് കളി കാണാന്‍ നിര്‍ത്തിയിട്ട് നാള്‍ ഏറെയായി. കൃത്യം പറഞ്ഞാല്‍ അസറുദ്ദീനെയും പാര്‍ട്ടിയേയും വാതുവെപ്പുകേസില്‍ പുറത്താക്കിയ അന്നു മുതല്‍ എനിക്ക് ക്രിക്കറ്റിനോടു വെറുപ്പാണ്. അത് അസറുദ്ദീനോടും ജഡേജയോടും ഉള്ള ആരാധനകൊണ്ടല്ല. മറിച്ച് നാം കാര്യമായെടുക്കുന്ന ഈ കളിയിലെ കള്ളക്കളികളെപ്പറ്റി ഓര്‍ത്തിട്ടാണ്.

ഇന്ത്യ ജയിക്കുകയോ തോല്ക്കുകയോ ചെയ്യുമ്പോള്‍ ദുബായിലും ഷാര്‍ജയിലും ഇരുന്ന് കളി നിയന്ത്രിക്കുന്ന വാതുവയ്പ്പുകാരെ എനിക്ക് ഓര്‍മ്മ വരും. ഗാലറിയില്‍ കറുത്ത കണ്ണടയും വെച്ച് സുന്ദരികളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന കള്ളന്‍മാരാണല്ലോ കളിക്കളത്തിന്റെ നടുവില്‍ വിയര്‍ത്തൊലിച്ച് നില്‍ക്കുന്ന കളിക്കാരേക്കാളും കളിയുടെ ഗതിയും വിധിയും നിയന്ത്രിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ എനിക്ക് പിന്നെ ആ കളി കാണാനേ പറ്റില്ല.

ക്രിക്കറ്റ് കളിയില്‍ ഇപ്പോള്‍ പഴയ കള്ളക്കളികള്‍ ഉണ്ട് എന്നും ഇല്ല എന്നും രണ്ടു പക്ഷം ഉണ്ട്. ഞാന്‍ പക്ഷെ രണ്ടാമത് കളി കണ്ടു തുടങ്ങിയിട്ടില്ല. വയസ്സായി റിട്ടയര്‍ ആകുന്ന സമയത്ത് സാജുവും രാജുവും ഒക്കെ സ്ഥലത്തുണ്ടെങ്കില്‍ പാടത്തിറങ്ങി ഇനിയൊരങ്കത്തിനു ബാല്യമുണ്ടോ എന്നു നോക്കാന്‍ ഞാന്‍ ഇന്നും റെഡിയാണ്.

 
(68.57%) (7 Votes)

 

 

Other News in this Section