വിശ്വാസത്തിന്റെ ഒറ്റപൈന്‍മരം
മുരളി തുമ്മാരുകുടി
Posted on: 11 Jun 2012

''ചേട്ടന്റെ അന്‍പതാമത്തെ കഥ ഞാന്‍ നോക്കിയിരിക്കയാണ്..'' എന്റെ സ്ഥിരം വായനക്കാരന്‍ ആയ സുജിത് എം.ടോം എന്നോടു പറഞ്ഞു.
അപ്പോഴാണ് പുളുക്കഥ സീരീസ് ഗോള്‍ഡന്‍ ജൂബിലിയോട് അടുത്തു എന്നു ഞാന്‍ മനസ്സിലാക്കിയത്. സുജിത്തിനു നന്ദി.
ഒരു വര്‍ഷം മുന്‍പ് 'ഒരിടത്തൊരിടത്ത്' ആരംഭിക്കുന്നതുവരെ ഞാന്‍ മലയാളത്തില്‍ ഒരു കഥയോ കവിതയോ എന്തിന് പ്രസംഗമോ ലേഖനമോ പോലും എഴുതിയിട്ടില്ല. പ്രേമിച്ചിരുന്നത് ഒരു വടക്കേ ഇന്ത്യക്കാരിയെ ആയതിനാല്‍ പ്രേമലേഖനം പോലും മലയാളത്തില്‍ എഴുതാനുള്ള ഒരു ചാന്‍സ് കിട്ടിയില്ല.
എഴുതുന്നത് ഓണ്‍ലൈനില്‍ നിന്നും മാറ്റി പത്രത്തിലോ വാരികയിലോ ആക്കണം എന്ന് എന്റെ അഭ്യുദയകാംക്ഷികള്‍ എന്നോടു പറയുന്നുണ്ട്. (ഭാഗ്യത്തിന് എന്റെ വായനക്കാര്‍ ഒന്നും ആ ആവശ്യം ഉന്നയിച്ചിട്ടില്ല). പക്ഷെ ഓണ്‍ലൈനില്‍ എഴുതുന്നതിന് ഒരു പ്രത്യേക ഗുണമുണ്ട്. പാടത്തു പണി വരമ്പത്തുകൂലി എന്നു പറഞ്ഞതുപോലെയാണ്. ഒരു കഥ ഓണ്‍ലൈനില്‍ വന്നാല്‍ രണ്ടു മണിക്കൂറിനകം പ്രതികരണം ഉറപ്പ്. പത്രത്തിലോ മാസികയിലോ ഒക്കെയാണെങ്കില്‍ ആറുമാസത്തില്‍ ഒരിക്കല്‍ എന്തെങ്കിലും കിട്ടിയാലായി. അതുകൊണ്ട് എന്റെ മക്കളേ അടുത്തയിടക്കൊന്നും ഞാന്‍ നിങ്ങളെ വിട്ടുപോകുമെന്നു കരുതേണ്ട.
ഇന്നത്തെ കഥപറയാം.
ദൈവത്തിലോ മറ്റു മിറാക്കിളുകളിലോ തീരെ വിശ്വാസം ഇല്ലാത്ത ഒരാളാണു ഞാന്‍ എന്നു പലവട്ടം പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിശ്വാസങ്ങളിലും മറ്റ് ആചാരങ്ങളിലും സാമാന്യത്തില്‍ അധികം താല്പര്യം എനിക്ക് ഉണ്ട് താനും. പറ്റുമ്പോഴെല്ലാം അമ്പലങ്ങളിലും പള്ളികളിലും മറ്റു ആരാധനാലയങ്ങളിലും പോവുക, കൈനോട്ടം മുതല്‍ മരിച്ചവരുമായി സംസാരിക്കുന്നതുവരെയുള്ള പണികള്‍ ചെയ്തു നോക്കുക. ജ്യോതിഷം മുതല്‍ ഫെംഗ്ഷൂ വരെ പഠിക്കാന്‍ നോക്കുക. എല്ലാ നാട്ടുകാരുമായും അവരുടെ വിശ്വാസങ്ങളേയും ആചാരങ്ങളേയും പറ്റി സംസാരിക്കുക. ഇതെല്ലാം എന്റെ പതിവു പരിപാടിയാണ്. പറ്റിയാല്‍ എന്നെങ്കിലും വിശ്വാസം ഉണ്ടാകുമെന്നും ഭാഗ്യമുണ്ടെങ്കില്‍ ദൈവത്തെ ഒന്നു കാണണമെന്നും ആഗ്രഹിക്കുന്ന ഒരാളും.
എന്തുകൊണ്ടാണ് അല്ലെങ്കില്‍ എങ്ങിനെയാണ് ആളുകളില്‍ വിശ്വാസം ഉണ്ടാകുന്നത് എന്നത് ആലോചിക്കേണ്ട കാര്യമാണ്. നമ്മളുടെ കാര്യം പറഞ്ഞാല്‍ നാം ജനിച്ചു വളര്‍ന്ന ചുറ്റുപാടുകള്‍ ആണ് നമ്മുടെ വിശ്വാസത്തേയും ആചാരത്തേയും നിയന്ത്രിക്കുന്നത്. ഹിന്ദുകുടുംബങ്ങളില്‍ പിറന്നവര്‍ ഹിന്ദു ആചാരവിശ്വാസങ്ങളോടെ വളരുന്നു. മറ്റ് മതങ്ങളും അതുപോലെ തന്നെ. പില്‍ക്കാലത്ത് മറ്റു വിശ്വാസങ്ങളെ മനസ്സിലാക്കി മതം മാറുന്നവര്‍ ഉണ്ടെങ്കിലും അവരുടെ എണ്ണം തീരെ കുറവാണ്. ഒരു പരിധി വരെ നമ്മുടെ രാഷ്ട്രീയ വിശ്വാസങ്ങളും ഇതുപോലെ തന്നെ ആണ്. കമ്മ്യൂണിസ്റ്റ് കുടുംബത്തിലാണ് ഞാന്‍ പിറന്നത്. അതുകൊണ്ടു തന്നെ ഇഎംഎസ്സിനെയും എകെജിയെയും ആരാധിച്ചും തൊഴിലാളി വര്‍ഗസര്‍വാധിപത്യത്തില്‍ വിശ്വസിച്ചുമാണ് വളര്‍ന്നത്. എന്റെ ക്ലാസ്സില്‍ കെ.എസ്.യു ആയിരുന്നവര്‍ എല്ലാം തന്നെ കോണ്‍ഗ്രസ് അനുഭവകുടുംബങ്ങളില്‍ വളര്‍ന്നവരും എസ്.എഫ്.ഐ.ക്കാര്‍ എല്ലാം കമ്മ്യൂണിസ്റ്റ് കുടുംബങ്ങളില്‍ വളര്‍ന്നവരും ആയിരുന്നു.
എന്നാല്‍ നാല്പതു വര്‍ഷത്തിനുശേഷം വീണ്ടും കണക്കെടുത്താല്‍ എന്റെ പത്താം ക്ലാസിലെ സഹപാഠികള്‍ മിക്കവരും തന്നെ അവര്‍ വിശ്വസിച്ചിരുന്ന മതങ്ങളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ രാഷ്ട്രീയ നിലപാടുകള്‍ ഒന്നോ പലവട്ടമോ മാറിയതായികാണാം.
ഇതിന് പല കാരണങ്ങള്‍ ഉണ്ട്. ഒന്നാമത് മതവിശ്വാസം നമ്മളിലേക്ക് ഏറെ ചെറുപ്പത്തിലേ എത്തിച്ചേരുകയാണ്. നമുക്ക് ഓര്‍മ്മവക്കുന്ന കാലത്തിനുമുന്‍പേ മതപരമായ ആചാരങ്ങളില്‍ നാം ഭാഗഭാക്കാവുകയും നമുക്കുവേണ്ടി ചെയ്തു തുടങ്ങുകയും ചെയ്യുന്നു. ഇരുപത്തെട്ടുകെട്ടല്‍ (നൂലുകെട്ട്) മുതല്‍ എഴുത്തിനിരുത്ത് വരെയുള്ള ഹിന്ദു ആചാരങ്ങള്‍ ഉദാഹരണം. നമ്മുടെ വീട്ടിലും നാം ഇടപെടുന്ന സമൂഹത്തിലും മതപരമായ ആചാരങ്ങള്‍ അനവധിയാണ്. രാവിലെ നിലവിളക്ക് കൊളുത്തുന്നതു മുതല്‍ രാത്രി സന്ധ്യാനാമം ജപിക്കുന്നതുവരെയുള്ള ആചാരങ്ങള്‍ എല്ലാം മതവുമായി ബന്ധപ്പെട്ടതാണല്ലോ. ഇതുകൂടാതെ നമ്മുടെ ഏറ്റവും വിശ്വാസമുള്ളവര്‍(അച്ഛന്‍, അമ്മ, സഹോദരങ്ങള്‍) ഇവര്‍ എല്ലാം ഇതെല്ലാം ആചരിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും എല്ലാം നാം കാണുന്നു. അങ്ങനെ കുടുംബത്തിലും സമൂഹത്തിലും നമുക്കുചുറ്റും നമുക്കു വേണ്ടിയും നടക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളും നമുക്ക് തിരിച്ചറിവില്ലാത്ത പ്രായത്തിലേ നമ്മിലേക്ക് അരിച്ചിറങ്ങുകയാണ്. അതുകൊണ്ടുതന്നെ അതു നമ്മളുടെ ഐഡന്റിറ്റിയുടെ ഭാഗമായി നാം വിശ്വസിക്കുന്നു. ആ ഐഡന്റിറ്റിയില്‍ നിന്നുവിട്ടുമാറുന്നത് ഏറെ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു.
രാഷ്ട്രീയ വിശ്വാസങ്ങള്‍ സാധാരണ കുടുംബങ്ങളില്‍ ഇത്ര രൂഢമൂലമല്ലാത്തതിനാല്‍ നമ്മള്‍ ഇത്രമാത്രം ബ്രെയിന്‍വാഷ് ചെയ്യപ്പെടുന്നില്ല. എല്ലാ ദിവസവും പാര്‍ട്ടി സൂക്തങ്ങള്‍ ഉരുവിടുകയും വീട്ടില്‍ ദിവസവും മാവോയുടെ പടത്തിനു മുന്‍പില്‍ വിളക്കുകത്തിക്കലും ഒന്നും ഇല്ലല്ലോ. ചെറുപ്പത്തിലാണെങ്കില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും വായിക്കാനോ പ്രവര്‍ത്തിക്കാനോ അത്ര നിര്‍ബന്ധവും ഇല്ല. വല്ലപ്പോഴും വരുന്ന തിരഞ്ഞെടുപ്പുകാലത്ത് കെട്ടുകണക്കിനുവരുന്ന പാര്‍ട്ടി പോസ്റ്ററുകള്‍ എട്ടോപത്തോ ഉള്ള ചറിയ കെട്ടാക്കുക, ഇലക്ഷന്‍ ദിവസം പോളിംഗ് ബൂത്തിനുസമീപം വെയ്ക്കാനുള്ള നെയിംസ്ലിപ്പുകള്‍ സ്‌കെയില്‍വെച്ച് കൃത്യമായി കീറിവെക്കുക എന്നതൊഴിച്ചാല്‍ ചെറുപ്പത്തില്‍ എനിക്ക് പാര്‍ട്ടി ഉത്തരവാദിത്തങ്ങള്‍ ഒന്നും ഇല്ലായിരുന്നു. എന്നാല്‍ രാവിലെ കുളിച്ചു കുറിയിടുന്നതുതൊട്ട് എല്ലാ അമ്പലത്തിലും കൊടുക്കാന്‍ ഉള്ള ചെത്തിപ്പൂവിനായി പറമ്പിലെല്ലാം നടക്കുന്നതുവരെയുള്ള മതപരമായ ഉത്തരവാദിത്തങ്ങള്‍ അനവധിയും.

മതം മാറുന്നത് പാര്‍ട്ടി മാറുന്നതുപോലെ അത്ര എളുപ്പമുള്ള കാര്യവും അല്ല. നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും സാമൂഹ്യമായി ബാധിക്കുന്ന കാര്യം ആയതുകൊണ്ട് സൂക്ഷിച്ചും ആലോചിച്ചും ഒക്കെ വേണം അതുചെയ്യാന്‍. ഇന്ത്യയില്‍ പങ്കാളിയുടെ മതം മാറ്റം, അവരുടെ മനോവിഭ്രാന്തി, ക്രൂരത, വിവാഹേതരലൈംഗികബന്ധം എന്നിവപോലെ വിവാഹമോചനത്തിനു ന്യായമായ കാരണമായാണ് നിയമം അനുശാസിക്കുന്നത്. പാര്‍ട്ടി മാറുന്നത് അത്ര കടുപ്പമാണെന്ന് ഇന്ത്യയില്‍ ഇപ്പോഴും നിയമം അനുശാസിക്കുന്നില്ല. (പാര്‍ട്ടിമാറിയാല്‍ പ്രശ്‌നം ഗുരുതരമാകുന്ന സ്ഥലങ്ങളും ലോകത്തില്‍ ഉണ്ട്).
മതങ്ങളില്‍ നിന്നും മുന്നോട്ടും പിന്നോട്ടുമുള്ള മാറ്റവും സൈദ്ധാന്തികമായും പ്രായോഗികമായും പാര്‍ട്ടിമാറ്റം പോലെ എളുപ്പവും അല്ല. പല മതങ്ങളും ജന്മത്തിലൂടെ ആര്‍ജിക്കാവുന്നതും ചിലതെങ്കിലും ഒരു പ്രാവശ്യം മാത്രം പുറത്തേക്കോ അകത്തേക്കോ പ്രവേശനം ഉള്ളതും ആണ്. മാറ്റത്തിന്റെ പ്രത്യാഘാതങ്ങളും രാഷ്ട്രീയമാറ്റങ്ങളേക്കാള്‍ കൂടുതല്‍ ആണ്, കൂടുതല്‍ സ്ഥലങ്ങളിലും..
ക്രോഡീകരിക്കപ്പെട്ട മതങ്ങളില്‍ വിശ്വസിക്കാത്തവര്‍ പോലും പ്രകൃത്യാതീത സംഭവങ്ങളിലും ശക്തികളിലും വിശ്വസിക്കാന്‍ താല്പര്യം കാണിക്കുന്നുണ്ട്. ഇത് ജീവജാലങ്ങളില്‍ മനുഷ്യന്റെ മാത്രം പ്രത്യേകത ആണെന്നു തോന്നുന്നു. ചിന്തിക്കാനുള്ള കഴിവുള്ളതും എല്ലാം ചുറ്റും സംഭവിക്കുന്നതെല്ലാം ചിന്തകളില്‍ക്കൂടെ മനസ്സിലാക്കാനുള്ള കഴിവുകുറവും ആണ് ഇതിന്റെ കാരണം. പ്രകൃത്യാതീത കഴിവുകളിലുള്ള വിശ്വാസം ഒരു എളുപ്പവഴിയാണ്.
ഈ വര്‍ഷം ആദ്യം ജപ്പാനിലെ സുനാമി മൂലം താറുമാറാക്കപ്പെട്ട തൊഹോക്കു പ്രദേശത്തിലൂടെ യാത്രചെയ്യാന്‍ എനിക്ക് അവസരം ഉണ്ടായി. തീരദേശം എമ്ബാടെ ഒന്നും രണ്ടും കിലോമീറ്റര്‍ തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്. മരം കൊണ്ടും കോണ്‍ക്രീറ്റുകൊണ്ടും ഉണ്ടായകെട്ടിടങ്ങള്‍ തകര്‍ന്നു കിടക്കുന്നു. സ്‌നിലില്‍ തീര്‍ത്തവ ഒടിഞ്ഞു വളഞ്ഞു കിടക്കുന്നു. തീരദേശത്ത് ഉള്ള വന്‍മരങ്ങള്‍ ഉള്‍പ്പെടെ എല്ലാം കടപുഴകിക്കിടക്കുന്നു.
ഈ നാശനഷ്ടങ്ങളുടെ എല്ലാം ഇടയില്‍ റികുസെന്‍ ടക്കാട എന്ന പ്രദേശത്ത് ഒരു പൈന്‍ മരം മാത്രം ഒന്നും പറ്റാതെ നില്‍ക്കുന്നു. പതിനായിരക്കണക്കിന് വന്‍മരങ്ങള്‍ ഉണ്ടായിരുന്ന തീരമാണ്. ചുറ്റും ഉള്ള മരങ്ങള്‍ എല്ലാം പോയി, കോണ്‍ക്രീറ്റില്‍ ഉണ്ടായിരുന്ന കെട്ടിടങ്ങള്‍ തകര്‍ന്നു കിടക്കുന്നു. മരത്തില്‍ ഉണ്ടാക്കിയ ആയിരക്കണക്കിനു വീടുകള്‍ കാണാനേ ഇല്ല. പക്ഷെ ഈ ഒറ്റമരം മാത്രം ഒന്നും പറ്റാതെ തലയുയര്‍ത്തി നില്‍ക്കുന്നു. അതിശയകരമായ കാഴ്ചയാണെന്നു പറയാതെ വയ്യല്ലോ.
ഇതിന് ശാസ്ത്രീയമായി കൃത്യമായ ഒരു വിശദീകരണം നല്‍കുക എളുപ്പമല്ല. ഓരോ വസ്തുവും തകരുന്നത് അതിന്മേല്‍ വരുന്ന ശക്തി ആ ശക്തിയെ അതിജീവിക്കാനുള്ള ഒരു വസ്തുവിന്റെ കഴിവിന്റെ മുകളില്‍ വരുമ്പോള്‍ ആണ്. അപ്പോള്‍ ഏതെങ്കിലും കാരണവശാല്‍ ഈ പൈന്‍ മരത്തില്‍ സുനാമി തിരമാല ആഞ്ഞടിക്കുന്നതിനുമുന്‍പ് ആ തിരമാലയുടെ ശക്തി കുറഞ്ഞു കാണണം. അതിനുമുന്‍പ് ഏതെങ്കിലും മരങ്ങളോ കെട്ടിടങ്ങളോ ബോട്ടോ ഒക്കെ ഉണ്ടായിരുന്നു കാണണം. നൂറിലേറെപ്പേര്‍ മരിച്ച ഒരു വിമാനാപകടത്തില്‍ ഒരു കുട്ടി മാത്രം രക്ഷപ്പെട്ടത് രണ്ടോ മൂന്നോ വര്‍ഷവും മുന്‍പ് ലിബിയയില്‍ സംഭവിച്ചല്ലോ അതുപോലെ.
എന്നാല്‍ പ്രകൃതിയില്‍ അതിശയങ്ങള്‍ നോക്കി നടക്കുന്നവര്‍ക്ക് ഇങ്ങനെയുള്ള സംഭവങ്ങള്‍ ഒരു ആഘോഷമാണ്. ജപ്പാനിലെ ഒറ്റ പൈന്‍ മരം ഇപ്പോള്‍ ഒരു ദേശീയ ചര്‍ച്ചാവിഷയവും തീര്‍ത്ഥാടനസ്ഥലവും ആണ്. ഏത് ഉഗ്രപ്രതിസന്ധിയിലും ഉറച്ചു നില്‍ക്കാനും തിരിച്ചുവരാനുമുള്ള ജപ്പാന്‍ ജനതയുടെ ആത്മവിശ്വാസത്തിന്റെ പ്രതീകമായി ഈ പൈന്‍മരത്തെ ചിലര്‍ കാണുന്നു. പ്രമോട്ട് ചെയ്യുന്നു. ഒരു വിശ്വാസം ഉടലെടുക്കുകയാണ്.

വിശ്വാസത്തിന്റെ ചരിത്രങ്ങളുടെ കൂട്ടത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടം രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പസഫിക് രാജ്യങ്ങളില്‍ ഉടലെടുത്ത 'കാര്‍ഗോകള്‍ട്ട്' എന്ന വിശ്വാസമാണ്. വന്‍കരകളില്‍ നിന്നും ഏറെ അകന്നും തീരെ ചെറിയതും ആയ അനവധി ദ്വീപുകള്‍ പസഫിക് സമുദ്രത്തില്‍ ഉണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം ഭീഷണി നേരിടുന്നതിനാല്‍ ഇപ്പോള്‍ ഇവയെപ്പറ്റി പലരും കേള്‍ക്കാറുണ്ടെങ്കിലും ഈ നൂറ്റാണ്ടിന്റെ ആദ്യം വരെ ആരും ഈ ദ്വീപുകളെപ്പറ്റി അധികം അന്വേഷിച്ചു പോയില്ല. അതുകൊണ്ടുതന്നെ മറ്റു സമൂഹങ്ങളുമായോ സംസ്‌കാരങ്ങളുമായോ രീതികളുമായോ ഒന്നും അടുത്തറിയാനുള്ള അവസരം ഈ ദ്വീപുവാസികള്‍ക്ക് ഉണ്ടായും ഇല്ല.
രണ്ടാം ലോകമഹായുദ്ധകാലത്ത് സ്ഥിതി മാറി. ജപ്പാന്‍ പസഫിക്കില്‍ ആകമാനം അധീനത്വം സ്ഥാപിക്കാന്‍ ശ്രമിച്ചതോടെ സഖ്യശക്തികളും സൈനിക താവളങ്ങള്‍ തേടാന്‍ തുടങ്ങി. അങ്ങനെ അമേരിക്കന്‍ ബ്രിട്ടീഷ് ഓസ്‌ട്രേലിയന്‍ രാജ്യങ്ങള്‍ക്ക് പല ദ്വീപുകളിലും ചെറിയ വിമാനത്താവളങ്ങളും തുറമുഖങ്ങളും സൈനിക കേന്ദ്രങ്ങളും ഉണ്ടായി. ചിലതെല്ലാം യുദ്ധകാലത്ത് കൈമറിഞ്ഞ് ജപ്പാന്റെ കയ്യിലും പിന്നെ യുദ്ധാനന്തരം സഖ്യകക്ഷികളുടെ കയ്യിലും ആയി. യുദ്ധം എല്ലാം കഴിഞ്ഞതോടെ ജപ്പാന്‍കാരും അമേരിക്കക്കാരും മിക്കവാറും അവരുടെ പാട്ടിനുപോയി.
നാട്ടുകാരായ പാവങ്ങളില്‍ ഇതുപക്ഷെ അതിശയകരങ്ങളായ ചില പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കി. ഈ പട്ടാളക്യാമ്പുകള്‍ ദൂരെനിന്നു നോക്കിക്കണ്ട അവര്‍ക്ക് സൈന്യവും യുദ്ധവും വിമാനവും കപ്പലും ഒന്നും എന്താണെന്നോ എന്തിനാണെന്നോ മനസ്സിലായില്ല. പക്ഷെ സൈനിക താവളങ്ങളില്‍ ചെറുകിട പണിക്കെത്തിയ ചില നാട്ടുകാര്‍ക്ക് ഒന്നു മനസ്സിലായി, ഈ ആളുകള്‍ക്ക് സ്ഥിരമായി ഭക്ഷണവും പാനീയങ്ങളും തുണിയും സിഗരറ്റും എല്ലാം വലിയ പെട്ടികളില്‍ (കാര്‍ഗോ, അല്ലെങ്കില്‍ കണ്ടെയ്‌നര്‍) ഇറക്കിക്കൊടുക്കുന്നുണ്ട്. ചിലപ്പോള്‍ കപ്പല്‍ വഴി, ചിലപ്പോള്‍ വിമാനങ്ങളില്‍, പക്ഷെ എല്ലായ്‌പ്പോഴും മൊത്തമായിട്ടുതന്നെ. പക്ഷെ അവരെ അതിശയിപ്പിച്ച രണ്ടാമത്തെ കാര്യം ഇങ്ങനെ മദ്യവും സിഗരറ്റും ഭക്ഷ്യ വസ്തുക്കളും ഒക്കെ സുഖമായി കിട്ടാന്‍ വേണ്ടി ഇവര്‍ പ്രത്യക്ഷത്തില്‍ അത്യധ്വാനം ഒന്നും ചെയ്യുന്നും ഇല്ല.
ദ്വീപിലെ നേതാക്കള്‍ക്ക് ഒന്നു തോന്നി. ഈ വരത്തന്‍മാര്‍ എല്ലാം ഏതോ അഭൗമശക്തികളെ വശത്താക്കിയിട്ടുണ്ട്. ആ ശക്തികളാണ് ഇതെല്ലാം ഇവര്‍ക്ക് എത്തിച്ചുകൊടുക്കുന്നത്. ആ ശക്തിയെ പ്രീതിപ്പെടുത്താനുള്ള ആചാരങ്ങള്‍ ആണ് ഈ പട്ടാളക്കാര്‍ ദിവസവും ചെയ്യുന്നത്. ആ ശക്തിയെ ആരാധിക്കാനുള്ള അമ്പലങ്ങള്‍ ആണ് എയര്‍പോര്‍ട്ടുകള്‍, വിമാനങ്ങള്‍, വിഗ്രഹങ്ങളും. ജപ്പാന്‍കാരും അമേരിക്കക്കാരും ഓസ്‌ട്രേലിയക്കാരും എല്ലാം ചെയ്തത് ഒന്നുതന്നെ ആയതിനാല്‍ അങ്ങനെ തോന്നിയതില്‍ അതിശയിക്കാനില്ലല്ലോ?

യുദ്ധം എല്ലാം കഴിഞ്ഞ് പട്ടാളം പോയപ്പോള്‍ നാട്ടുകാര്‍ ഈ താവളങ്ങള്‍ എല്ലാം കയ്യടക്കി. മരം കൊണ്ട് തോക്കുകളും വൈക്കോല്‍ കൊണ്ട് വിമാനങ്ങളും ഒക്കെ ഉണ്ടാക്കി. എല്ലാ ദിവസവും രാവിലെ കവാത്തുതുടങ്ങി. എയര്‍മാന്‍മാര്‍ ചെയ്യുന്നപോലെ ചില ഹെഡ്‌ഫോണ്‍ പോലും ചിലര്‍കൊത്തിയുണ്ടാക്കി. സൈനിക വിമാനത്താവളം കയ്യടക്കാന്‍ പറ്റാത്ത ചില പാവങ്ങള്‍ വനമദ്ധ്യത്തില്‍ കാടുവെട്ടിത്തെളിച്ച് എയര്‍ സ്ട്രിപ്പ് ഉണ്ടാക്കി.
കവാത്ത് നടത്തിയിട്ടും വൈക്കോല്‍ വിമാനത്തെ ആരാധിച്ചിട്ടും ദൈവം അവര്‍ക്ക് സിഗരറ്റും മദ്യവും ഒന്നും കെട്ടിയിറക്കിക്കൊടുത്തില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പക്ഷേ ഈ ആചാരം വര്‍ഷങ്ങളോളം തുടര്‍ന്നു, മിക്കവാറും പേര്‍ നിരാശരായി പണി നിര്‍ത്തി. ചില പാവങ്ങള്‍ ഇപ്പോഴും ഇതു തുടരുന്നു.
ഇതൊക്കെ വായിക്കുമ്പോള്‍ നമുക്ക് അവരെപ്പറ്റി സഹതാപം തോന്നാം. അല്പം ചിരി വരാനും മതി. മരമണ്ടന്‍മാരുടെ ഒരു കാര്യം.
എന്നാല്‍ ഉദ്ദിഷ്ടകാര്യസാധ്യത്തിന് തലമുറകളും നൂറ്റാണ്ടുകളും ആയി കൈകൊട്ടി പാടലും ശയനപ്രദക്ഷിണവും മുട്ടിന്‍മേല്‍ പ്രാര്‍ത്ഥനയും ഒക്കെ ചെയ്യുന്ന നമ്മെപ്പറ്റി അവരെങ്ങാനും വായിക്കാനിടയായാല്‍ നമ്മളെപ്പറ്റി അവരെന്താകും വിചാരിക്കുക എന്ന് ഞാന്‍ ചിലപ്പോള്‍ ആലോചിക്കാറുണ്ട്.
തുമ്മാരുകുടി കഥകള്‍ വാങ്ങാം
തുമ്മാരുകുടി കഥകള്‍
(54.29%) (7 Votes)
Explore Mathrubhumi
Other News in this Section





