കുരുമുളകിന്റെ കഥ
മുരളി തുമ്മാരുകുടി
Posted on: 04 Jun 2012

എന്റെ ചെറുപ്പത്തില്‍ കുട്ടികള്‍ക്ക് പോക്കറ്റ് മണി കൊടുക്കുന്ന സംവിധാനം ഉണ്ടായിരുന്നില്ല. വര്‍ഷത്തില്‍ ഒരു നിക്കറും ഷര്‍ട്ടും നോട്ടുബുക്കും കിട്ടിയാല്‍ ആ വര്‍ഷത്തെ പണി കഴിഞ്ഞു. പാഠപുസ്തകങ്ങള്‍ പഴയത് വേറെ ഏതെങ്കിലും കസിന്‍സിന്റെ കിട്ടും. സിലബസ് മാറുക വല്ലതും ചെയ്താലേ പുതിയ പുസ്തകം കിട്ടൂ. അതുപക്ഷെ ഒരു ഇരുതല വാളാണ്. പഴയ പുസ്തകം ആണെങ്കില്‍ കൂട്ടത്തില്‍ പഴയ ചോദ്യപേപ്പറും കിട്ടും. സാറന്‍മാര്‍ എല്ലാം മടിയന്‍മാര്‍ ആയതുകൊണ്ട് ആ ചോദ്യപേപ്പര്‍ പഠിച്ചാല്‍ തന്നെ അറുപതുശതമാനം മാര്‍ക്ക് നേടാം. പുസ്തകം പുതിയതായാല്‍ അതു നടപ്പില്ലല്ലോ.
പോക്കറ്റ് മണിയില്ലെങ്കിലും പോക്കറ്റ് മണിയുടെ ആവശ്യം ഇന്നത്തേപ്പോലെ അന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിരുന്നു. പല്ലി മുട്ടായി മുതല്‍ ഐസ്ഫ്രൂട്ട് വരെ വാങ്ങണമെങ്കില്‍ കാശു വേണം. പള്ളിപ്പെരുന്നാളിനും അമ്പലത്തിലെ ഉല്‍സവത്തിനും അടിച്ചുപൊളിക്കാന്‍ ഒരു രൂപയെങ്കിലും വേണം. ഇതിനൊന്നും വീട്ടിലെ അക്കൗണ്ടില്‍ ബഡ്ജറ്റ് ലൈന്‍ ഇല്ല.
പോക്കറ്റ് മണി ഇല്ലെങ്കിലും അധ്വാനിച്ച് പൈസയുണ്ടാക്കിയാല്‍ അത് സ്വന്തമായി ചിലവാക്കാന്‍ എന്റെ അമ്മാവന്‍ ഞങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം തന്നിരുന്നു. വീട്ടിലെ കൃഷിയുടെ ഭാഗമായി ചെയ്യേണ്ട തൊഴിലുകള്‍ ഉണ്ട്. (ഉദാഹരണത്തിന് പാടത്ത് വെള്ളം തിരിക്കുക, തേങ്ങ പാകിയെടുക്കുക, പാല് കൊണ്ടുകൊടുക്കുക, പശുവിനെയോ കാളയെയോ കൊണ്ടുപോയി പുല്ലുതീറ്റിക്കുക എന്നിങ്ങനെ). അതിന് കൂലി ഇല്ല. പക്ഷെ പറമ്പിലെ കൃഷി ചെയ്യാത്ത ചില വിളവെടുപ്പ് ഞങ്ങളുടെ പ്രൈവറ്റ് ബിസിനസ് ആയിരുന്നു. ഉദാഹരണത്തിന് കാഞ്ഞിരത്തിന്റെ കായ, കശുമാങ്ങയുടെ അണ്ടി, എടനയുടെ പൂവ്, പില്‍ക്കാലത്ത് റബറിന്റെ കുരു എന്നിങ്ങനെ. ഇതെല്ലാം പറിച്ച് വൃത്തിയാക്കി ഉണക്കി കടയില്‍ കൊണ്ടുപോയി വിറ്റാല്‍ കിട്ടുന്ന തുകക്ക് അമ്മാവന്‍ ഒരു അവകാശമോ നിയന്ത്രണമോ വെച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ചെറുപ്പത്തില്‍ തന്നെ മാര്‍ക്കറ്റ് മെക്കാനിസം എല്ലാം ഞാന്‍ ശരിക്ക് പഠിച്ചിരുന്നു.
ഞാന്‍ നിഷ്‌കളങ്കന്‍ അല്ലായിരുന്നു എങ്കിലും സത്യസന്ധന്‍ ആയിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളുടെ പറമ്പിലേതല്ലാതുള്ള സ്ഥലത്തുപോയി കശുവണ്ടി പറക്കുകയോ ഒന്നും ചെയ്തിട്ടില്ല. (അങ്ങനെ ചെയ്താലും അത് വലിയ സംഭവം അല്ലായിരുന്നു). എന്നാല്‍ പരമ സാത്വികനായി അറിയപ്പെടുന്ന എന്റെ ചേട്ടന്‍ ചെറുപ്പത്തില്‍ കൂട്ടുകൂടി തറവാട്ടിലെ തെങ്ങില്‍ നിന്നും തേങ്ങയിട്ട് എല്‍എംപി (ലോകമഹാപിശുക്കന്‍) എന്നു ഞങ്ങള്‍ വിളിച്ചിരുന്ന ആളുടെ കടയില്‍ വില്‍ക്കാന്‍ ശ്രമിച്ചു എന്ന് അടുത്തീയിടയ്ക്ക് വെളിപ്പെടുത്തിയത് ഞങ്ങളെ ഞെട്ടിച്ചു. (ഈ മാമന്‍ തുമ്മാരുകുടിക്കാരെ ആകെ നാറ്റിക്കും. ആദ്യം പറഞ്ഞു നമ്മള്‍ പൊങ്ങച്ചക്കാരായിരുന്നു എന്ന്, പിന്നെപ്പറഞ്ഞു നമ്മള്‍ കുടുംബമായി കള്ളുകുടിയന്‍മാര്‍ ആയിരുന്നു എന്ന്. ദാ ഇപ്പോ പറയുന്നു തേങ്ങക്കള്ളന്‍മാര്‍ ആയിരുന്നു എന്ന്, ആരോപണങ്ങള്‍ ഏറ്റു വാങ്ങാന്‍ തുമ്മാരുകുടിക്കാരുടെ ജീവിതം പിന്നെയും ബാക്കി. ചന്തുവിന്റെ ജീവിതം എന്തെളുപ്പമായിരുന്നു!!)
എന്തുമാകട്ടെ ഞാന്‍ പറഞ്ഞു വന്നത് വീട്ടില്‍ കൃഷി ചെയ്യാതിരുന്ന വിളകളുടെ വില്പനാവകാശം കുട്ടികള്‍ക്ക് ആയിരുന്നു എന്നാണ്. എന്തിനാണ് ആളുകള്‍ കാഞ്ഞിരക്കായയും റബര്‍കുരുവും ഒക്കെ വാങ്ങിക്കൊണ്ടുപോയത് എന്ന് ഞങ്ങള്‍ക്ക് ഒരു ഐഡിയയും ഇല്ല. കാശു കിട്ടി, പുട്ടടിച്ചു. അപ്പം തിന്നാല്‍ പോരേ?
വീട്ടില്‍ എല്ലാ കാലത്തും കുരുമുളകിന്റെ ചെടി ഉണ്ടായിരുന്നു (കൊടി എന്നാണ് നാടന്‍ പ്രയോഗം). അതുപക്ഷെ നട്ടതോ നനച്ചതോ ആയി ഞങ്ങള്‍ ഓര്‍ക്കുന്നില്ല. അങ്ങനെ വരുമ്പോള്‍ അത് കുട്ടികളുടെ അക്കൗണ്ടില്‍ പെടേണ്ടതാണ്. പക്ഷെ ഇന്നത്തെപ്പോലെ അന്നും കുരുമുളകിന് മുടിഞ്ഞ വിലയായിരുന്നു. അതുകൊണ്ട് അധികം കാശുണ്ടായ കുട്ടികള്‍ ചീത്തയാകണ്ട എന്നു കരുതിയാകണം അതിന്റെ നിയന്ത്രണം അമ്മാവന്‍ മരുമക്കള്‍ക്ക് വിട്ടു തന്നില്ല. ശരിയായാലും തെറ്റായാലും ഇതൊരു ലോകനീതിയാണ്. വീടിനടിയില്‍ കിടക്കുന്ന പെട്രോളിയത്തിന്റെ അവകാശം എല്ലായിടത്തും സര്‍ക്കാറിനാണല്ലോ. അതിന്റെ ചിലവിലാണ് സുല്‍ത്താന്‍മാരും ഷേക്കുമാരും എല്ലാം വിലസുന്നത്.
അതുകൊണ്ടുതന്നെ കുരുമുളക് ഉണക്കി തിരിയെല്ലാം മാറ്റി ചാക്കിലാക്കി വക്കേണ്ട ജോലി ഞങ്ങളുടേതായിരുന്നു. ചാക്കുകണക്കിന് കുരുമുളക് ഉണ്ടായിട്ടും വീട്ടില്‍ പക്ഷെ ഒരു വിഭവത്തിനും കുരുമുളക് ഉപയോഗിക്കാറില്ല. പനി വരുമ്പോള്‍ മരുന്നായി ഉണ്ടാക്കുന്ന തുളസി വെള്ളത്തില്‍ ഇടാനും തലവേദനക്ക് വെള്ളക്കയോടൊപ്പം അരച്ച് നെറ്റിയില്‍ ഇടാനും ഒക്കെ മാത്രമായി ഒരു വാളം (എന്നാല്‍ ഏതാണ്ട് കാല്‍കിലോ) കുരുമുളകേ ഞങ്ങള്‍ വീട്ടില്‍ വെക്കാറുള്ളൂ. വീട്ടില്‍ ക്വിന്റല്‍ കണക്കിന് കുരുമുളകുള്ള ഞങ്ങള്‍ മാത്രമല്ല, ചുറ്റുമുള്ള മറ്റുവീട്ടുകാരും കുരുമുളക് അധികം ഉപയോഗിക്കാറില്ല. അതുകൊണ്ട് തന്നെ കുരുമുളകിനു വേണ്ടി പോര്‍ച്ചുഗീസുകാര്‍ വന്നുവെന്നും അറബികളുമായി തമ്മില്‍ തല്ലി എന്നുമൊക്കെ ചരിത്രം പഠിപ്പിച്ചത് എന്നെ അമ്പരപ്പിച്ചു.
ഒരു ഭംഗിയും രൂപവും ഇല്ലാത്ത ഈ സാധനം എങ്ങനെ കറുത്ത പൊന്നായി? എന്തിനുവേണ്ടി ആളുകള്‍ കപ്പലോട്ടവും യുദ്ധവും നടത്തി? എളുപ്പമുള്ള ചോദ്യമല്ല. ചരിത്രകാരന്‍മാര്‍ക്ക് ഇപ്പോഴും വ്യക്തമായ ഉത്തരവും ഇല്ല.
ഒന്നാമത്തെ ഉത്തരം യൂറോപ്യന്‍ നാടുകളില്‍ പണ്ട് തണുപ്പുകാലത്തേക്ക് മാംസം സൂക്ഷിച്ചുവെക്കാനുള്ള ഒരു പ്രിസര്‍വേറ്റീവ് ആയിട്ടാണ് കുരുമുളക് ഉപയോഗിച്ചത് എന്നായിരുന്നു.
ഈ തിയറി പക്ഷെ ശാസ്ത്രജ്ഞന്‍മാര്‍ അംഗീകരിച്ചില്ല. മാംസം സൂക്ഷിച്ചുവെക്കാന്‍ ഉപ്പിനോളം നല്ലതല്ല കുരുമുളക്. ഉപ്പാകട്ടെ ഒട്ടും ചിലവില്ലാതെ തൊട്ടടുത്ത് കിടക്കുന്നു. അപ്പോള്‍ അതാകാന്‍ വഴിയില്ല. തണുപ്പുകാലത്ത് ഉപ്പിട്ടു സൂക്ഷിച്ചുവെച്ചിരിക്കുന്ന ഇറച്ചിയുടെ ദുസ്വാദ് അറിയാതിരിക്കാനാണ് കുരുമുളക് ഉപയോഗിച്ചിരുന്നത് എന്നാണ് രണ്ടാമത്തെ തിയറി.
ഇതുപോലെ സാമ്പത്തികശാസ്ത്രജ്ഞന്‍മാര്‍ സമ്മതിക്കുന്നില്ല. കുരുമുളകിന് അന്നും ഒടുക്കത്തെ വിലയായിരുന്നു. അതുകൊണ്ട് തന്നെ രാജാക്കന്‍മാര്‍ക്കോ പ്രഭുക്കന്‍മാര്‍ക്കോ ഒക്കെ മാത്രമേ കുരുമുളക് ഉപയോഗിക്കാന്‍ പറ്റാറുള്ളൂ. ഇവര്‍ക്കാകട്ടെ എല്ലാക്കാലത്തും ഫ്രഷ് ഇറച്ചി കിട്ടാന്‍ മാര്‍ഗവും ഉണ്ടായിരുന്നു. അതുകൊണ്ട് ഉപ്പിലിട്ടോ ഉണക്കിയോ മാംസം വെയ്‌ക്കേണ്ട ആവശ്യം ഇല്ലായിരുന്നു. അപ്പോള്‍ അതും കാറ്റുപിടിക്കുന്നില്ല. പിന്നെ ബാക്കിയുള്ളത് കുരുമുളകിന്റെ സ്വാദാണ്. ഇതാണെങ്കിലോ നാക്കിന് ഒട്ടും ആസ്വാദ്യകരവും അല്ല. ക്രിസ്തുവിന് ആയിരം കൊല്ലം മുമ്പ് പ്ലിനി ഇതിനെപ്പറ്റി എഴുതിയിട്ടുണ്ട്.
വന്നുവന്ന് കൊല്ലത്തില്‍ അഞ്ചുകോടി നാണയങ്ങള്‍ എങ്കിലും ഇന്ത്യയിലേക്ക് കുരുമുളകിനായി ഒഴുകാത്ത കാലമില്ലാതായിരിക്കുന്നു. ഈ മുളകാണെങ്കിലോ കാണാന്‍ ഒരു ഭംഗിയും ഇല്ല. കഴിക്കാന്‍ മധുരവും ഇല്ല. ആകപ്പാടെ ഉള്ളത് ഒരു എരിവാണ്. ഏതവനാണ് പട്ടിണി കിടക്കുന്നതിനുപകരം ഈ എരിവ് ഭക്ഷണം ഉണ്ടാക്കാം എന്ന് തീരുമാനിച്ചത്?
കാര്യം എന്താണെങ്കിലും കാഞ്ഞിരക്കുരുവിന്റെ കാര്യം പറഞ്ഞതുപോലെ കടയില്‍ കൊടുത്താല്‍ വിലയുണ്ട്. സ്വര്‍ണത്തിന്റെ വിലവര്‍ദ്ധനയില്‍ കൂടുതലാണ് അടുത്തയിടക്കായി കുരുമുളകിന്റെ വിലവര്‍ദ്ധന. പിന്നെ നമ്മള്‍ അതിന്റെ ഗുണമോ ഉപയോഗമോ ഒക്കെ എന്തിന് അന്വേഷിച്ച് പോകണം?
നമ്മുടെ സമ്പദ്ഘടനയുടെ ഭാഗമായ റബറും കശുമാവും ഒക്കെ വരത്തന്‍മാര്‍ ആണെങ്കിലും കുരുമുളക് തനി നാടന്‍ ആണെന്നാണ് സസ്യശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്.
അതുകൊണ്ടാണ് ഒരു കപ്പല്‍ നിറയെ കുരുമുളകിന്റെ കൂടെ കുറെ കുരുമുളക് ചെടികൂടെ കൊണ്ടുപോയ്‌ക്കോട്ടെ എന്നു ചോദിച്ച പറങ്കിയോട് ഒരു വിഷമവും ഇല്ലാതെ 'ശരി എന്ന്' നമ്മുടെ രാജാവ് പറഞ്ഞത്.
'അതല്പം മണ്ടത്തരം ആയല്ലോ, ഇനി അവര്‍ അവിടെ ഇതു നട്ടുവളര്‍ത്തിയാലോ..' എന്നു മന്ത്രി ചോദിച്ചുവത്രെ.
'അതിന് ഞാന്‍ മുളകിന്റെ വള്ളിയല്ലേകൊടുത്തുള്ളൂ, കാലവര്‍ഷം കൊടുത്തില്ലല്ലോ?' എന്ന് രാജാവ് മറുപടിയും പറഞ്ഞു.
നമ്മുടെ രാജാവിന്റെ ഒരു പുത്തി കാണിക്കാന്‍ ഈ കഥ ഇടക്ക് ആളുകള്‍ പറയാറുണ്ട്.
പക്ഷെ രാജാവിന്റെ പുത്തികൊണ്ടോ ബുദ്ധിമോശം കൊണ്ടോ ഇപ്പോള്‍ ഏതാണെങ്കിലും കുരുമുളകു കൃഷിയില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കല്ല. കാലവര്‍ഷവും നമ്മുടെ കാലാവസ്ഥയും ഉള്ള രാജ്യങ്ങള്‍ മറ്റനവധി ലോകത്തുണ്ടെന്ന് നമ്മുടെ രാജാവിന് ആരെങ്കിലും പറഞ്ഞ് കൊടുക്കേണ്ടതായിരുന്നു.
കുരുമുളകിന്റെ കഥയിലെ എന്റെ ഏറ്റവും വലിയ ദുഃഖം കോടിക്കണക്കിന് വിദേശനാണ്യം ഇന്ത്യയിലേക്ക് എത്തിയെങ്കിലും കോഴിക്കോട് ഒരു വലിയ കൊട്ടാരം പോലും ഇല്ല. ഈ കാശെല്ലാം ഏതറയിലാണ്?
തുമ്മാരുകുടി കഥകള്‍ വാങ്ങാം
തുമ്മാരുകുടി കഥകള്‍
(60%) (4 Votes)
Explore Mathrubhumi
Other News in this Section





