LATEST NEWS

Loading...

Custom Search
+ -

നേതാജിയുടെ ഓര്‍മ്മക്കു മുന്‍പില്‍

മുരളി തുമ്മാരുകുടി

Posted on: 28 May 2012

 


ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിയാറില്‍ കാണ്‍പൂര്‍ ഐ.ഐ.ടി.യില്‍ പഠിക്കാന്‍ എത്തിയ ഞാന്‍ ഒന്നാം ദിവസം തന്നെ ഒരു മണ്ടത്തരം കാണിച്ചു.

അധ്യാപകരേയും സഹപാഠികളെയും പരിചയപ്പെടുന്ന ചടങ്ങ് ആയിരുന്നു ഒന്നാം ദിവസം. അവിടെ നിങ്ങളുടെ താല്പര്യങ്ങളും ഹോബിയും ഒക്കെ എന്താണെന്ന് പതിവുചോദ്യം. അതിന് ഞാന്‍ സത്യസന്ധമായി ഉത്തരം പറഞ്ഞു.

'ചരിത്രം ആണ് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. സത്യം പറഞ്ഞാല്‍ ചരിത്രം പഠിച്ചാല്‍ നല്ല തൊഴിലവസരങ്ങള്‍ ഉണ്ടാകുമായിരുന്നെങ്കില്‍ ഞാന്‍ എന്‍ജിനീയറിങ്ങിനോ ഐ.ഐ.ടി.യിലോ ഒന്നും വരില്ലായിരുന്നു.

എന്‍ജിനീയര്‍മാര്‍ക്ക് ഒരെല്ലു കൂടുതല്‍ ഉണ്ടെന്നു കരുതുന്ന എന്റെ സഹപാഠികള്‍ക്കും ഐ.ഐ.ടി. കാണ്‍പൂര്‍ എന്നാല്‍ എഞ്ചിനീയര്‍മാരുടെ പറുദീസയാണെന്നു വിശ്വസിക്കുന്ന അധ്യാപകര്‍ക്കും ചുമ്മാ ജോലി കിട്ടാനുള്ള ഒരു കുറുക്കുവഴിയായി ഐ.ഐ.ടിയിലെ എന്‍ജിനീയറിങ് പഠനത്തെ ഓരാള്‍ എടുത്തു എന്നത് നടുക്കുന്ന വാര്‍ത്തയായിരുന്നു.
'അതു നീ ഇന്റര്‍വ്യൂവിന് എങ്ങാനും പറഞ്ഞിരുന്നെങ്കില്‍ നിന്നെ ഞങ്ങള്‍ എടുക്കില്ലായിരുന്നു.' എന്ന് എന്റെ പ്രൊഫസര്‍ പില്‍ക്കാലത്ത് എന്നോട് പറഞ്ഞിട്ടുണ്ട്.

പക്ഷെ സത്യം അതാണ്. അന്നും ഇന്നും ചരിത്രം എന്റെ പ്രിയപ്പെട്ട വിഷയം ആണ്. ശാലേം സ്‌കൂളിലെ അതിപ്രഗത്ഭരായ രണ്ട് ചരിത്ര അധ്യാപകര്‍ പി.ഒ.തോമസ് സാറും(വിളിപ്പേര്‍ പി.ഒ.ടി), ഒ.എബ്രഹാം സാറും(വിളിപ്പേര്‍ ഓബ്രാച്ചന്‍)) ആണ് ഇതിനു പിന്നില്‍.

പക്ഷെ കഷ്ടകാലത്തിന് ഇന്ത്യാചരിത്രത്തിലെ ജ്വലിക്കുന്ന ഒരു അധ്യായം എന്നെ പഠിപ്പിച്ചത് മലയാളം അധ്യാപികയായിരുന്നു (പേര് പറയുന്നില്ല, നബ്രൂയാത് സത്യം അപ്രിയം എന്നാണല്ലോ). നേതാജി സുഭാഷ് ചന്ദ്രബോസിനെപ്പറ്റിയുള്ള ഒരു പുസ്തകം ഒമ്പതിലോ പത്തിലോ എനിക്ക് രണ്ടാം പാഠമായി പഠിക്കാനുണ്ടായിരുന്നു. മലയാളം ടീച്ചര്‍ പഠിപ്പിക്കും എന്നു പറഞ്ഞ് ചരിത്രാധ്യാപകന്‍ നേതാജിയുടെയും ഐ.എന്‍എയുടെയും ചരിത്രം ഓടിച്ചു വിട്ടു. പേരച്ചവും വിനയച്ചവും പഠിപ്പിച്ചു പരിചയിച്ച ടീച്ചറാകട്ടെ നേതാജിയുടെ ചരിത്രം വ്യാകരണ പഠനം പോലെ ബോറാക്കി.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിലെ മിന്നുന്ന താരമാണല്ലോ നേതാജി. ഇരുപത്തിരണ്ടാം വയസ്സില്‍ കിട്ടിയ ഇന്ത്യന്‍ സിവില്‍ സര്‍വീസ് തട്ടിമാറ്റി സ്വാതന്ത്ര്യസമരരംഗത്തേക്ക് ഇറങ്ങിയ നേതാജി ചെറുപ്രായത്തില്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി. ജയില്‍ വാസവും നാടുകടത്തലും കല്‍ക്കത്തയുടെ മേയര്‍ ആവലും എല്ലാം കഴിഞ്ഞ് ദേശീയ രാഷ്ട്രീയത്തില്‍ ഗാന്ധിജിയോടും നെഹ്രുവിനോടും ഒപ്പം നിന്ന നേതാവായിരുന്നല്ലോ നേതാജി. ഒരിക്കല്‍ ഗാന്ധിജിയുടെ സ്ഥാനാര്‍ത്ഥിയെ തോല്പിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് വരെ ആയി അദ്ദേഹം.

രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അത് ബ്രിട്ടന്‍ രാഷ്ട്രീയമായും സൈനികമായും ദുര്‍ബലമായ സമയമാണെന്നും പൂര്‍ണ സ്വാതന്ത്ര്യത്തിനുള്ള അന്തിമസമരത്തിന് ഇത്രയും പറ്റിയ അവസരം ഇല്ലെന്നും വേണമെങ്കില്‍ ആയുധം എടുത്തു തന്നെ പോരാടാം എന്നുമായിരുന്നു നേതാജിയുടെ ലൈന്‍. അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം ആകട്ടെ യുദ്ധാനന്തരം പതുക്കെ പടിപടിയായി സ്വാതന്ത്ര്യം മേടിച്ചെടുക്കാമെന്നുള്ള അഭിപ്രായക്കാരും ആയിരുന്നു. അങ്ങനെ അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും വേര്‍പെട്ട് ഫോര്‍വേര്‍ഡ് ബ്ലോക്ക് ഉണ്ടാക്കി.

രണ്ടാം ലോകമഹായുദ്ധകാലത്തെ സാഹസികമായ പ്രവര്‍ത്തനങ്ങളും യാത്രകളും ആണ് നേതാജിയെ നമുക്ക് ഒരു വിസ്മയം ആക്കുന്നത്. കല്‍ക്കട്ടയില്‍ വീട്ടുതടങ്കലില്‍ ആയിരുന്ന അദ്ദേഹം കാവല്‍ക്കാരായിരുന്നവരുടെ കണ്ണുവെട്ടിച്ച് അഫ്ഗാനിസ്താന്‍ വഴി റഷ്യയില്‍ എത്തി. അവിടെ നിന്നും ജര്‍മ്മനിയില്‍ എത്തിയ അദ്ദേഹം ബ്രിട്ടനെ എങ്ങനെ ദുര്‍ബലമാക്കാം എന്ന ചര്‍ച്ചയില്‍ ഏര്‍പ്പെട്ടു. യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട ഇന്ത്യാക്കാരുടെ ഒരു സംഘം ഉണ്ടാക്കുകയും ചെയ്തു.

അവിടെ നിന്നും ഒരു മുങ്ങിക്കപ്പലില്‍ ആഫ്രിക്ക ചുറ്റി അദ്ദേഹം പിന്നെ പ്രത്യക്ഷപ്പെടുന്നത് ജപ്പാനും സഖ്യശക്തികളും തമ്മില്‍ പോരാടുന്ന കിഴക്കന്‍ യുദ്ധമുന്നണിയിലാണ്. ഇവിടെ വെച്ചാണ് അദ്ദേഹം യുദ്ധത്തടവുകാരേയും മലേഷ്യയിലും സിംഗപ്പൂരും ഉണ്ടായിരുന്ന മറ്റ് ഇന്ത്യക്കാരേയും ചേര്‍ത്ത് ഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂപീകരിക്കുന്നത്. ഇതിന്റെ തലപ്പത്ത് നിന്ന് ബ്രിട്ടീഷ് ഇന്ത്യയിലേക്ക് മാര്‍ച്ച് ചെയ്യാനും മണിപ്പൂരിലെ ബ്രിട്ടീഷ് സൈന്യത്തെ തുരത്തി അല്പ കാലത്തേക്കെങ്കിലും സ്വതന്ത്ര ഇന്ത്യയുടെ പതാക പാറിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

ഈ സംഭവത്തിനുശേഷം പിന്നെ കാര്യങ്ങള്‍ അദ്ദേഹം വിചാരിച്ചതുപോലെ പോയില്ല. ബ്രിട്ടീഷുകാര്‍ മണിപ്പൂര്‍ തിരികെപ്പിടിച്ചു. ജപ്പാന്‍കാരെ ബര്‍മ്മയില്‍ നിന്നും തുരത്തി. മറ്റു കിഴക്കന്‍ യുദ്ധഭൂമികളിലും ആധിപത്യം സ്ഥാപിച്ചു. അമേരിക്കയും യുദ്ധത്തില്‍ സജീവമായതോടെ ജപ്പാന്റെ നില പരുങ്ങലിലായി.

ഇനിയുള്ള നേതാജിയുടെ ചരിത്രം നിഗൂഡതകളുടേതാണ്. 1945 ആഗസ്ത് മാസം തായ്‌വാനിലുണ്ടായ ഒരു വിമാനാപകടത്തില്‍ അദ്ദേഹം മരിച്ചു എന്നായിരുന്നു ഒരു കാലത്തെ ഔദ്യോഗിക വിശദീകരണം എന്നാല്‍ ഇതിന് ശക്തമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ പലരും വിശ്വസിച്ചില്ല. സ്വതന്ത്ര ഇന്ത്യയില്‍ ഇതിനെപ്പറ്റി അന്വേഷിക്കാന്‍ പല കമ്മീഷനുകളും രൂപീകരിച്ചു. എങ്കിലും നേതാജിയുടെ അന്ത്യം എന്തായിരുന്നു എന്നോ എവിടെയായിരുന്നു എന്നോ ഇനിയും സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല.

1991-ല്‍ രാജ്യം അദ്ദേഹത്തിന് ഭാരതരത്‌ന പുരസ്‌കാരം മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ചു. എന്നാല്‍ നേതാജിയുടെ മരണം സ്ഥിതീകരിക്കപ്പെട്ടിട്ടില്ല എന്നതിനാല്‍ മരണാനന്തരബഹുമതിയായി ഭാരതരത്‌ന നല്‍കുന്നത് നിയമപരമല്ല എന്നു കോടതി നിര്‍ദ്ദേശം കാരണം അതു പിന്‍വലിച്ചു.

എന്റെ കസിനും ദേശഭക്തി എന്നില്‍ വളര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച ആളുമായ കേരളന്‍ ചേട്ടനാണ് നേതാജിയെപ്പറ്റി എനിക്ക് ഏറ്റവും പറഞ്ഞ് തന്നത്. നേതാജി മരിച്ചു എന്ന് ഒരിക്കലും അദ്ദേഹം വിശ്വസിച്ചില്ല. ഉത്തരേന്ത്യയില്‍ പലയിടത്തും നേതാജിയെ കണ്ടിട്ടുണ്ട് എന്ന കഥകളും അദ്ദേഹം എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്.

സ്വതന്ത്ര ഇന്ത്യയിലെ പല നിര്‍ണ്ണായകഘട്ടങ്ങളിലും (വിഭജനം, യുദ്ധം എന്നിങ്ങനെ) 'ഇപ്പോള്‍ നേതാജി ഉണ്ടായിരുന്നെങ്കിലോ?' എന്ന് പണ്ട് പലരും ചോദിക്കാറുണ്ട്. ഇപ്പോള്‍ പക്ഷെ നേതാജിയെപ്പറ്റി അധികം കേള്‍ക്കാറില്ല. 1945-ല്‍ ഒരു പക്ഷെ അദ്ദേഹം മരിച്ചില്ല എങ്കില്‍തന്നെ 1897-ല്‍ ജനിച്ച അദ്ദേഹത്തിന് ഇപ്പോള്‍ സ്വാഭാവിക മരണം സംഭവിച്ചിരിക്കണം.

വലിയ ഒരു കുടുംബത്തില്‍ ആണ് നേതാജി ജനിച്ചത്. ആ കുടുംബം ഇപ്പോഴും കല്‍ക്കട്ടയില്‍ ഉണ്ട്. നേതാജിയുടെ ഒരു മരുമകളെ വിവാഹം ചെയ്തിരിക്കുന്നത് ഐക്യരാഷ്ട്രസഭയുടെ പാലസ്തീനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മാക്‌സ്‌വെല്‍ ഗെയിലാര്‍ഡ് ആണ്. അദ്ദേഹത്തെ കാണുമ്പോഴൊക്കെ ഞങ്ങള്‍ നേതാജിയുടെ കാര്യം ചര്‍ച്ച ചെയ്യാറുണ്ട്. നേതാജി വിവാഹം കഴിച്ചത് ഒരു ജര്‍മ്മന്‍ വനിതയെയാണ്. നേതാജിക്ക് ഒരു മകള്‍ ഉണ്ടായിരുന്നു. അവര്‍ ജപ്പാനില്‍ ആയിരുന്നു.

1945-ല്‍ നേതാജി മരിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ചിതാഭസ്മം സൂക്ഷിച്ചുവെച്ചിരിക്കുന്നു എന്നു പറയുന്ന ഒരു ക്ഷേത്രം ജപ്പാനിലെ ടോക്കിയോവില്‍ ഉണ്ട്. റിങ്കോജി ക്ഷേത്രം എന്നാണ് ഇതിന്റെ പേര്. തീരെ ചെറുതെങ്കിലും മനോഹരമായതും വെടിപ്പായി സൂക്ഷിക്കപ്പെട്ടിരിക്കുന്നതും ആണ് ഈ ക്ഷേത്രം. പക്ഷെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ (നേതാജിയുടെ ചരമദിനമായി ആചരിക്കുന്ന ആഗസ്ത് 18-ന്) ഇത് തുറക്കുകയുള്ളൂ.

ജപ്പാനില്‍ ഞാന്‍ പതിനഞ്ചുവര്‍ഷമായി സഞ്ചരിക്കുന്നതാണെങ്കിലും ഈ ക്ഷേത്രത്തിന്റെ കഥ ഞാന്‍ അടുത്തയിടത്താണ് അറിഞ്ഞത്. അതുകൊണ്ടു തന്നെ ബന്ധുവായ കണ്ണനേയും കൂട്ടി ഇത്തവണത്തെ ജപ്പാന്‍ യാത്രയില്‍ ഞാന്‍ റിങ്കോജിയില്‍ എത്തി. ടോക്കിയോ സ്‌റ്റേഷനില്‍ നിന്നും ലോക്കല്‍ ട്രെയിന്‍ എടുത്താല്‍ ഇവിടെ എത്താം. ക്ഷേത്രത്തിനു പുറത്ത് നേതാജിയുടെ അര്‍ദ്ധകായ പ്രതിമ സൂക്ഷിച്ചിട്ടുണ്ട്. അതിനു താഴെ മുന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്.

'എനിക്ക് രണ്ടാമതും റിങ്കോജിയില്‍ വരാന്‍ പറ്റിയതില്‍ അതീവ സന്തോഷം ഉണ്ട്. എന്തെന്നാല്‍ ഇവിടെ ഞങ്ങളുടെ പ്രിയപ്പെട്ട നേതാജിയുടെ ഓര്‍മ്മകളാല്‍ സമൃദ്ധമാണ്.

ആഗസ്ത് മാസം അല്ലാത്തതിനാല്‍ ക്ഷേത്രത്തില്‍ കയറാന്‍ സാധിച്ചില്ല. ഞങ്ങള്‍ അല്ലാതെ ഇന്ത്യാക്കാരോ മറ്റുള്ളവരോ അവിടെ ഉണ്ടായിരുന്നും ഇല്ല. പക്ഷെ കൊടും തണുപ്പില്‍ റിങ്കോജി ക്ഷേത്രത്തിനു മുന്‍പില്‍ നിന്നപ്പോള്‍ നേതാജിയുടെ ഓര്‍മ്മകള്‍ എന്റെ രക്തത്തെ ചൂടുപിടിപ്പിച്ചു എന്നു പറയാതെ വയ്യ.

 

തുമ്മാരുകുടി കഥകള്‍ വാങ്ങാം
തുമ്മാരുകുടി കഥകള്‍
(68%) (5 Votes)

 

 

Other News in this Section