LATEST NEWS

Loading...

Custom Search
+ -

ആലി മാപ്പിളയുടെ വീ്ട്‌

മുരളി തുമ്മാരുകുടി

Posted on: 21 May 2012

 


ചാളക്കറി കൂട്ടി കപ്പ കഴിക്കുന്നത് ഇന്നത്തെപ്പോലെ പണ്ടും എനിക്കിഷ്ടമായിരുന്നു. പക്ഷെ വീട്ടില്‍ മീന്‍ മേടിക്കുന്നത് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു കാര്യം ആയിരുന്നു. ഇതിനു രണ്ടു കാരണങ്ങള്‍ ഉണ്ട്, ഇന്നത്തെപ്പോലെ ദിവസത്തില്‍ ഏതു സമയവും പോയാല്‍ മീന്‍കിട്ടുന്ന കടകള്‍ അന്ന് ഉണ്ടായിരുന്നില്ല. ആഴ്ചയില്‍ എന്നെങ്കിലും ആലിമാപ്പിള ഒരു കുട്ടയില്‍ മീനും നിറച്ച് വീട്ടില്‍ വരും. അപ്പോള്‍ പൈസയോ കപ്പയോ പകരം നല്‍കി മീന്‍ മേടിക്കും. അതാണ് പതിവ്. എന്നും മീന്‍ വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി അന്നില്ല. അതുകൊണ്ടു തന്നെ ആലി മാപ്പിള എല്ലാ ദിവസവും ആ വഴി വരാറില്ല.

എന്നാലും മീന്‍ ഇഷ്ടമായതിനാല്‍ ഞാന്‍ ഒരു ദിവസം എന്റെ അമ്മാവനോടു പറഞ്ഞു.
'അമ്മാവാ, നമുക്ക് ആ ആലിമാപ്പിളയുടെ വീട് വാങ്ങാം.'
'അതെന്തിനാടാ?' അമ്മാവന്‍ ചോദിച്ചു.
'അപ്പോള്‍ നമുക്ക് എല്ലാ ദിവസവും മീന്‍ കൂട്ടാം'

ഒരു കുട്ടിയുടെ നേരെയുള്ള ചിന്താഗതിയില്‍ ആലിമാപ്പിളയുടെ വീട്ടില്‍ മത്സ്യത്തിന്റെ ഒരു കൂമ്പാരം ഉണ്ടായിരുന്നു എന്നും ദിവസവും അദ്ദേഹം അതൊരു കുട്ടയില്‍ ആക്കിക്കൊണ്ടുവന്ന് വില്ക്കുകയായിരുന്നു എന്നും തോന്നിയാല്‍ അതിശയിക്കാനില്ലല്ലോ.

മതസൗഹാര്‍ദ്ദത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും അനവധി പാഠങ്ങള്‍ ഞാന്‍ പഠിച്ചത് ആലിമാപ്പിളയുമായിട്ടുള്ള എന്റെ കുടുംബത്തിന്റെ ആയുഷ്‌കാല ബന്ധങ്ങളില്‍ നിന്നാണ്. ഇതിനെപ്പറ്റി ഞാന്‍ പിന്നെ ഒരിക്കല്‍ എഴുതാം.

പക്ഷെ ഞാന്‍ ഇത് ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം, ഓസ്‌ട്രേലിയയിലെ ആയിരം സ്‌കൂള്‍ കുട്ടികളില്‍ രാജ്യത്തെ വിദ്യാഭ്യാസവകുപ്പ് നടത്തിയ പഠനത്തിന്റെ ഫലം വായിച്ചിട്ടാണ്.
'തൈര് എങ്ങനെയാണ് ഉണ്ടാകുന്നത്'?' എന്ന ചോദ്യത്തിന്റെ ഉത്തരം നാലിലൊന്നു കുട്ടികളും 'മരത്തില്‍ നിന്നാണ്' എന്നാണ് നല്‍കിയതത്രെ.
'പഞ്ഞി എവിടെ നിന്ന് ' എന്ന ചോദ്യത്തിന്റെ ഉത്തരമാകട്ടെ 'മൃഗങ്ങളില്‍ നിന്നും' എന്നുമായിരുന്നു.

കൃഷിയും മൃഗസംരക്ഷണവും ഒരു പ്രധാന സാമ്പത്തിക വരുമാനമാര്‍ഗമായ രാജ്യത്താണ് ഇത് എന്ന് ഓര്‍മ്മ വേണം. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലും പ്രകൃതിയും മനുഷ്യരും തമ്മിലുമുള്ള വിടവ് വര്‍ദ്ധിക്കുന്നതിന്റെ പ്രതിഫലനം ആയിട്ടാണ് അവിടുത്തെ ഗവണ്‍മെന്റ് ഈ പഠനത്തെ കാണുന്നത്.

നമ്മുടെ ജീവനോപാധികളും പ്രകൃതിയും തമ്മിലുള്ള ദൂരം നാട്ടിലും കൂടി വരികയാണ്. എന്റെ ചെറുപ്പത്തില്‍ ഉഴുന്ന് പാടത്ത് വിതച്ച് കൊയ്ത് ഉണക്കി തൊണ്ടുകളഞ്ഞ് വെള്ളത്തില്‍ ഇട്ട് അരച്ചാണ് ഇഡ്ഢലി ഉണ്ടാക്കിയിരുന്നത്. ഇന്നാകട്ടെ ഭൂരിഭാഗം വീടുകളിലും ഇഡ്ഢലിമാവ് കടയില്‍ നിന്നും വാങ്ങുകയാണ്. അതുകൊണ്ടു തന്നെ അത് മരത്തില്‍ നിന്നാണോ ഒട്ടകത്തില്‍ നിന്നാണോ എന്ന് പുതിയ തലമുറക്ക് അറിയണം എന്നില്ല.

പുതിയ തലമുറ ഞങ്ങളുടെ തലമുറയുടെ അനുഭവങ്ങളോ മൂല്യങ്ങളോ ഉള്ളവര്‍ ആകണം എന്നു നിര്‍ബന്ധം ഉള്ള ഒരു പിന്തിരിപ്പന്‍ ഒന്നും അല്ല ഞാന്‍. ഓരോ തലമുറക്കും അവരുടെ അനുഭവങ്ങളും മൂല്യങ്ങളും കാണും, കാണണം. പഴയതില്‍ നിന്നും അവര്‍ എന്തു സ്വീകരിക്കുന്നു എന്നതും പുതിയതായി അവര്‍ എന്തുണ്ടാക്കുന്നു എന്നതും അവരുടെ സംസ്‌കാരത്തനിമയുടെ ഭാഗമാണ്. എന്നെ സംബന്ധിച്ചിടത്തോളം സംസ്‌കാരം അപ്പൂപ്പന്‍ ചുട്ടുവച്ചിട്ട് പോയ ഒരു ഇഷ്ടികയല്ല.

പക്ഷെ ഇഡ്ഢലി കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ ഉഴുന്നിനെപ്പറ്റി അറിയുന്നത് നല്ലതു തന്നെയാണ്. ഇല്ലെങ്കില്‍ ഉഴുന്നുകൃഷിയിലെ ജനറ്റിക് മോഡിഫിക്കേഷനെപ്പറ്റിയും ഉഴുന്നുവളര്‍ത്തുന്ന സ്ഥലങ്ങളിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളെപ്പറ്റിയും ഒന്നും താല്പര്യം അവര്‍ക്ക് ഉണ്ടാവില്ല. (പറഞ്ഞുവന്നപ്പോള്‍ മനസ്സിലായി ഉഴുന്ന് നല്ല ഒരു ഉദാഹരണം ഒന്നും അല്ല. ഉഴുന്നിനെപ്പറ്റി വലിയ വിവാദങ്ങള്‍ ഒന്നും ഇല്ല. പക്ഷെ കുളപ്പുള്ളി അപ്പനെപ്പോലെ ഞാനും പറഞ്ഞ വാക്കുമാറ്റുകയോ എഴുതിയതു തിരുത്തുകയോ ഇല്ല. അതുകൊണ്ട് വായനക്കാര്‍ ഇതെല്ലാം ബയഗണ്‍ ബര്‍ത്ത ഉണ്ടാക്കാനുള്ള വഴുതനങ്ങയെപ്പറ്റിയാണ് ഞാന്‍ പറഞ്ഞത് എന്നു വിചാരിക്കുക).

ഒരു ഭക്ഷണവസ്തു (അല്ലെങ്കില്‍ ഉപഭോഗ വസ്തു)വിന്റെ പിന്നിലെ എത്രമാത്രം ചരിത്രം നാം അറിയേണ്ടതുണ്ട്?
നാലു കാര്യങ്ങള്‍ കൊണ്ടാണ് നാം നമ്മുടെ ഉപഭോഗത്തിന്റെ പിന്നാമ്പുറം അന്വേഷിക്കേണ്ടത്. ഒന്നാമത്തേത് തികച്ചും സ്വാര്‍ത്ഥ താല്പര്യം ആണ്. രണ്ടാമത്തേത് കൂടുതല്‍ മൂല്യബന്ധിതം ആണ്. മൂന്നാമത്തേത് പാരിസ്ഥിതികവും നാലാമത്തേത് മനുഷ്യാവകാശവും ആണ്.

ഉദാഹരണത്തിന് പൈനാപ്പിള്‍ കൃഷിയിലെ ഹോര്‍മോണ്‍ ഉപയോഗത്തെപ്പറ്റിയും മാങ്ങ പഴുപ്പിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനെപ്പറ്റിയും ഒക്കെ നാം അറിയുന്നത് നമ്മുടെ ആരോഗ്യത്തിന് തന്നെ നല്ലതാണ്. ഓര്‍ഗാനിക് ഫാമിംഗ് എന്ന കൃഷി ശാഖ തന്നെ വളരുന്നത് ഈ ബോധം കൊണ്ടാണ്.

രണ്ടാമത്തേതാകട്ടെ അല്പം കൂടി കടന്ന് മൂല്യബന്ധിതം ആണ്. ഫ്രാന്‍സിലെ ഭക്ഷണവിഭവങ്ങളില്‍ ഏറെ പേരുകേട്ട ഫോയിഗ്രാസ്(ഫാറ്റി ലിവര്‍) എന്ന വിഭവം ഉണ്ടാക്കുന്നത് താറാവുകളെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിച്ചിട്ടാണ്. പെട്രോള്‍ അടിക്കുന്ന പമ്പ് പോലെയുള്ള ഒരു കുഴല്‍ വെച്ച് താറാവിന്റെ വായില്‍ കൂടി ഭക്ഷണം അടിച്ചിറക്കുകയാണ്. അമിത ഭക്ഷണം കഴിച്ച് തടിയനങ്ങാന്‍ പറ്റാതെ താറാവിന്റെ ലിവര്‍ ഫാറ്റ് നിറഞ്ഞ് വീര്‍ക്കുന്നു. പിന്നെ അതിനെ കൊന്നു ലിവര്‍ എടുത്ത് മുടിഞ്ഞ വിലക്ക് ആളുകള്‍ക്ക് വില്‍ക്കുന്നു. ഇതു ന്യായം ആണോ?

എന്തിന് കേരളത്തില്‍ ഇപ്പോള്‍ ടണ്‍ കണക്കിന് വില്ക്കുന്ന ബ്രോയിലര്‍ കോഴികള്‍ എല്ലാം തന്നെ പകലും രാവും ഇല്ലാതെ വൈദ്യുതി പ്രകാശത്തില്‍ തീറ്റകൊടുത്ത് ഒട്ടും തടിയനങ്ങി ഭാരം നഷ്ടപ്പെടാതെ, പറ്റിയാല്‍ തടി കൂട്ടാന്‍ അത്യാവശ്യം സൂത്രപ്പണിയൊക്കെ നടത്തി വലുതാകുന്നവയാണ്. ഇതു കഴിക്കുന്നവര്‍ ഇതിനെപ്പറ്റി അറിയേണ്ടതല്ലേ?

മൂന്നാമത്തേത് പാരിസ്ഥിതിനാശം ആണ്. കേരളത്തില്‍ ഒരു കാലത്ത് കോളിളക്കം ഉണ്ടാക്കിയ പാം ഓയില്‍ കൃഷി ചെയ്യാന്‍ വേണ്ടി ആയിരക്കണക്കിന് ഏക്കര്‍ വനഭൂമിയാണ് തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ വെട്ടി നശിപ്പിക്കപ്പെടുന്നത്. ആര്‍ക്കോ വേണ്ടി റബ്ബര്‍ ഉണ്ടാക്കാന്‍ നമ്മുടെ നാട്ടിലെ കുറ്റിക്കാടുകളും കുറ്റിയില്ലാത്ത കാടുകളും ഒക്കെ നമ്മളും ശരിപ്പെടുത്തിയല്ലോ. എന്റെ ചെറുപ്പകാലത്ത് കാരക്കായ മുതല്‍ കീരിപ്പഴം വരെ വളര്‍ന്നുകൊണ്ടിരുന്ന എല്ലാ മലകളിലും ഇന്ന് ഒന്നുകില്‍ റബര്‍ ആണ്. അല്ലെങ്കില്‍ കുഴിയാണ്(മണ്ണെടുത്ത്). രണ്ടായാലും പരിസ്ഥിതി കുളം തന്നെ.

നമ്മള്‍ ഉപയോഗിക്കുന്ന പല വസ്തുക്കളുടെ പുറകിലും മറ്റുള്ള മനുഷ്യരുടെ വേദനയുടെ കഥയുണ്ടെന്നുള്ളതാണ് നമ്മള്‍ അറിയേണ്ട മറ്റൊരു കാര്യം. ഏവര്‍ക്കും ഇഷ്ടമായ ചോക്കലേറ്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കൊക്കോ കൃഷി സ്ഥലങ്ങളില്‍ കുട്ടികളും അല്ലാത്തവരും ആയ തൊഴിലാളികളുടെ യാതന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഉല്‍പാദനക്ഷമതകൂട്ടി വില കുറക്കാന്‍ വേണ്ടി പല ഏഷ്യന്‍ ഫാക്ടറികളിലും തൊഴിലാളികളെ ഒന്നു മൂത്രം ഒഴിക്കാന്‍ പോലും വിടാതെ പൂട്ടിയിട്ട് പണിയെടുപ്പിക്കുന്നതും രേഖപ്പടുത്തിയിട്ടുണ്ട്.

മധ്യേഷ്യയിലെ കൂറ്റന്‍ കെട്ടിടനിര്‍മ്മാണത്തിലെ തൊഴിലാളികളുടെ അവസ്ഥയെപ്പറ്റി പഠിച്ച ആംനെസ്റ്റി ഇന്റര്‍നാഷണല്‍ 'ബില്‍ഡിംഗ് ടവേര്‍സ് ചീറ്റിംഗ് പീപ്പിള്‍ ' എന്ന ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഈ വഞ്ചനയും മരണവും ഒക്കെ നേരിടുന്നത് കൂടുതലും മലയാളികള്‍ ആയതിനാല്‍ നമ്മള്‍ അതൊന്നു വായിച്ചിരിക്കേണ്ടതാണ്. എന്നാല്‍ കൂടുതല്‍ പ്രധാനമായ കാര്യം നമ്മുടെ നാട്ടില്‍ ഉയര്‍ന്ന കെട്ടിടങ്ങള്‍ ഉണ്ടാക്കാന്‍ വരുന്ന തൊഴിലാളികളുടെ യാതനയും അപകടമരണങ്ങളും ഒക്കെ നാം അറിയേണ്ടതും ആണ് എന്നതാണ്. കെട്ടിട നിര്‍മ്മാണസ്ഥലത്ത് വര്‍ഷാവര്‍ഷം മരിക്കുന്നത് നൂറുകണക്കിന് തൊഴിലാളികള്‍ ആണ് (നാട്ടുകാരും മറുനാട്ടുകാരും). പണ്ടൊക്കെ അണക്കെട്ടോ മറ്റു പ്രൊജക്ടുകളോ ഉണ്ടാകുമ്പോള്‍ അതിനിടയില്‍ മരിക്കുന്നവരുടെ പേരുള്‍പ്പെട്ട ഒരു ഫലകം സ്ഥാപിക്കുന്ന ഒരു പതിവുണ്ടായിരുന്നു. ഇനി നാട്ടിലും ഓരോ ഫ്ലാറ്റിന്റെ മുന്‍പിലും അതിന്റെ നിര്‍മ്മാണത്തിന് ഇടക്ക് മരിച്ചവരുടെ പേരില്‍ ഒരു ഫലകം സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കണം. അല്ലെങ്കില്‍ തൈര് മരത്തിലാണ് വളരുന്നത് എന്ന് വിചാരിക്കുന്ന തലമുറയെപ്പോലെ ഫ്ലാറ്റുകള്‍ ഭൂതത്താന്‍മാര്‍ ഒരു രാത്രികൊണ്ട് ഉണ്ടാക്കുന്നതാണെന്ന് അവിടെ താമസിക്കുന്നവര്‍ വിചാരിക്കും. അപ്പോള്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളികളുടെ സുരക്ഷക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നതില്‍ അവര്‍ക്ക് പ്രത്യേകിച്ച് താല്പര്യം ഉണ്ടാവുകയും ഇല്ല.

 

തുമ്മാരുകുടി കഥകള്‍ വാങ്ങാം
തുമ്മാരുകുടി കഥകള്‍

(63.33%) (6 Votes)

 

 

Other News in this Section