ശേഷം ചിന്ത്യം
മുരളി തുമ്മാരുകുടി
Posted on: 07 May 2012

വിശ്വാസികള്‍ ആയ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ ഒരു രേഖയാണല്ലോ ജാതകം. ജനിച്ച സമയം വെച്ച് ഏതോ ഒരു കണിയാന്‍ ഗണിച്ചുവെച്ച തലക്കുറി പലപ്പോഴും ആളുകളുടെ ജീവിതത്തെ മാറ്റി മറിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നമ്മള്‍ ജനിക്കുന്ന സമയത്ത് തന്നെ ഉണ്ടാക്കുന്നതുകൊണ്ടു കൂടുതല്‍ പേരും വിവാഹസമയം വരെ ഇത് കണ്ടിട്ടുകൂടി ഉണ്ടാവില്ല. പക്ഷെ വിവാഹത്തിന് ഇപ്പോഴും ജാതകപ്പൊരുത്തം അതിനിര്‍ണ്ണായകം ആയതിനാല്‍ വിവാഹപ്രായം ആകുമ്പോള്‍ ഈ തലക്കുറി പ്രത്യക്ഷപ്പെടുന്നു. നമ്മുടെ തലവര അനുസരിച്ച് അത് വലിയ പാരയൊന്നും ഇല്ലാത്തതാകാം. ഏറെ പാരയും ആകാം. സുന്ദരിമാരും സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തില്‍ നിന്നുള്ളതും വിദ്യാഭ്യാസം ഉള്ളതും നല്ല ജോലിയുള്ളതും ഒക്കെ ആയ കുട്ടികള്‍ ഈ ജാതകപ്പാരയില്‍പ്പെട്ട് നട്ടം തിരിയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ചില സുന്ദരന്‍മാരെയും.
ജ്യോതിഷം ഒരു അന്ധവിശ്വാസം ആണോ എന്ന് ആളുകള്‍ ചോദിക്കാറുണ്ട്. എന്റെ അഭിപ്രായത്തില്‍ വിശ്വാസത്തെ അന്ധമായത് അന്ധമല്ലാത്തത് എന്ന് വിഭജിക്കുന്നതില്‍ കാര്യമില്ല. കാര്യകാരണസഹിതം നമുക്കറിയാവുന്ന സംഗതികള്‍ നാം പിന്നെ പ്രത്യേകിച്ച് വിശ്വസിക്കണ്ട കാര്യം ഇല്ലല്ലോ. കാര്യകാരണങ്ങള്‍ ഇല്ലാതെ നാം വിശ്വസിക്കുന്നത് എന്താണെങ്കിലും അത് അന്ധമാണ് താനും. അതു കൊണ്ടു തന്നെ അതിനെ വേറിട്ട് വിളിക്കേണ്ട കാര്യം ഇല്ല.
ജ്യോതിഷത്തെപ്പറ്റി കേരളത്തിലെ പ്രമുഖ വാഗ്മിയായ ഡോക്ടര്‍ എന്‍.ഗോപാലകൃഷ്ണന്റെ ഒരു പ്രഭാഷണം ഞാന്‍ ഒരിക്കല്‍ കേട്ടു. ജ്യോതിഷം ശാസ്ത്രമാണോ അല്ലയോ എന്ന വിവാദത്തിലും നല്ലത് ജ്യോതിഷം നിങ്ങള്‍ക്ക് ഗുണകരമോ അല്ലയോ എന്ന ചിന്തയാണ് വേണ്ടത് എന്നാണദ്ദേഹം പറഞ്ഞത്. വ്യക്തിജീവിതത്തില്‍ ന്യായമായ കാര്യവും ആണ്. ഈ വിശ്വാസം പക്ഷേ സമൂഹം ഏറ്റെടുക്കുമ്പോഴാണ് നല്ലതോ ചീത്തയോ എന്ന സ്വകാര്യവിചാരണയ്ക്കും വിശകലനത്തിനും അപ്പുറം പ്രശ്‌നം പോകുന്നത്. നമ്മുടെ സാമൂഹ്യസാഹചര്യത്തില്‍ പ്രേമവിവാഹങ്ങള്‍ക്കുപോലും മാതാപിതാക്കള്‍ ജാതകം നോക്കുന്നത് നിര്‍ബന്ധമാകുന്നു. അപ്പോള്‍ വിവാഹപ്രായമായ ആണ്‍കുട്ടിക്കോ പെണ്‍കുട്ടിക്കോ ജാതകത്തില്‍ വിശ്വാസം ഇല്ലാത്തതുകൊണ്ടുമാത്രം ഈ പ്രസ്ഥാനത്തില്‍ നിന്നും രക്ഷനേടാന്‍ പറ്റില്ല.
പ്രായം നാല്പതു കഴിഞ്ഞെങ്കിലും ഞാന്‍ അടുത്തയിടക്കാണ് എന്റെ ജാതകം എടുത്തു നോക്കിയത്. എനിക്ക് ഒരു വയസ്സാകുന്നതിനുമുന്‍പേ കണിയാന്‍ പാച്ചന്‍ ഗണിച്ചുവച്ചിരുന്ന ജാതകം ഇപ്പോള്‍ എന്റെയടുത്തുള്ള ഏറ്റവും പഴയ രേഖയാണ്. അതുകൊണ്ട് തന്നെ ഞാന്‍ അത് സൂക്ഷിച്ചുവച്ചിട്ടും ഉണ്ട്.
ജാതകം ശ്രദ്ധിച്ചു വായിക്കുന്നവര്‍ക്ക് അറിയാന്‍ പറ്റുന്ന ഒരു കാര്യം ജാതകത്തിലെ ഭാഷ ഒരു തരം അഴകൊഴമ്പന്‍ ആണ്. ഇംഗ്ലീഷില്‍ അംബിഗ്യുവസ് എന്നു പറയും. അതിനാല്‍ ഇതും സംഭവിക്കാം, ഇതിനാല്‍ അതും സംഭവിക്കാം, മറ്റൊന്നു കൊണ്ട് ഇതൊന്നും സംഭവിക്കാതിരിക്കുകയോ അല്ല വേറൊന്നു സംഭവിക്കുകയോ ചെയ്യാം. ഭാഷയുടെ പ്രത്യേകതകൊണ്ട് വിശ്വാസമുള്ളവര്‍ക്ക് പലതും സത്യമായി തോന്നാം. ഉദാഹരണത്തിന് വെള്ളവും ആയി ബന്ധപ്പെട്ട എന്തെങ്കിലും തൊഴില്‍ ചെയ്യും എന്ന് എന്റെ ജാതകത്തില്‍ ഉണ്ട്. മണല്‍ വാരല്‍ തൊഴിലാളി മുതല്‍ വെള്ളമടിക്കുന്ന മോട്ടോര്‍ ഉണ്ടാകുന്ന കമ്പനിയിലെ ഡ്രൈവര്‍ വരെ ഈ നിര്‍വചനത്തില്‍പ്പെടുമല്ലോ.
ജാതകത്തിന്റെ അവസാനവാചകം 'ശേഷം ചിന്ത്യം' എന്നാണ്. സാധാരണ എഴുപതോ എണ്‍പതോ വയസ്സുവരെയുള്ള കാര്യങ്ങള്‍ ഗണിച്ചു ഫലമെഴുതിയതിനുശേഷം ആണ് ഈ പ്രയോഗം. പുരുഷായുസ്സ് 120 എന്ന് പുരാണങ്ങളില്‍ പറയാറുണ്ടെങ്കിലും കണിയാന്‍മാര്‍ എന്താണ് പൊതുവെ എണ്‍പതില്‍ നിറുത്തിയത് എന്ന് ഞാന്‍ ആലോചിക്കാറുണ്ട്.
ശേഷം ചിന്ത്യം എന്നാല്‍ തട്ടിപ്പോകേണ്ട സമയമായി എന്നാണ് സാധാരണ വിചാരിക്കേണ്ടത്. എന്നാല്‍ അങ്ങനെ ആകണം എന്നും ഇല്ല. കര്‍മ്മഫലം, ദൈവാധീനം എന്നിവകൊണ്ട് ഗണിക്കാത്ത കാലത്തും ആളുകള്‍ ആരോഗ്യത്തോടെ ജീവിച്ചേക്കാം. സാധാരണഗതിയില്‍ അതിനെപ്പറ്റി ആളുകള്‍ക്ക് പരാതിയില്ലാത്തതുകൊണ്ട് അക്കാര്യത്തില്‍ തെറ്റുവന്നാല്‍ ജ്യോത്സ്യനെകുറ്റം പറയാറില്ല. നാട്ടുനടപ്പ് അനുസരിച്ച് ഒരു ജ്യോത്സ്യനോ കണിയാനോ എഴുതിവെച്ച ജാതകത്തിലെ ശേഷം ചിന്ത്യം കാലഘട്ടം ആകുമ്പോഴേക്ക് കണിയാന്‍ എവിടെയായിരിക്കും എന്നും ചിന്തിക്കാമല്ലോ?
എന്റെ വല്യച്ഛന്‍ ഒരു ജ്യോത്സ്യന്‍ ആയിരുന്നുവെന്ന് ഞാന്‍ മുന്‍പ് സന്ദര്‍ഭവശാല്‍ പറഞ്ഞിട്ടുണ്ട്. കിഴുപ്പിള്ളി അച്യുതന്‍ നായര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. നിത്യബ്രഹ്മചാരിയും കാവിവേഷധാരിയും ആയിരുന്ന അദ്ദേഹത്തെ ആളുകള്‍ അച്ചുമ്മാന്‍ എന്നും കുട്ടികള്‍ അച്ചുമ്മാന്‍ മുത്തച്ഛന്‍ ആണ് വിളിച്ചിരുന്നത്. പൂര്‍ണമതേതരവാദിയും എല്ലാ സാമൂഹ്യപ്രശ്‌നത്തിലും സജീവമായി ഇടപെടുന്ന ആളും ആയിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ജ്യോതിഷം ശാസ്ത്രീയം അല്ല എന്ന് എന്റെ വിദ്യാഭ്യാസം എന്നെ മനസ്സിലാക്കിയപ്പോഴും എല്ലാ ജ്യോത്സന്‍മാരും തട്ടിപ്പുകാരാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ലേ.
ഞാനീ കാര്യം വല്യച്ഛനോട് തുറന്ന് ചോദിച്ചിട്ടുണ്ട്. കക്ഷികള്‍ ഒന്നും ഇല്ലാത്ത ഒരു വൈകുന്നേരം ഞാന്‍ ചോദിച്ചു.
''വല്യച്ഛാ വല്യച്ഛന്‍ ഈ പറയുന്നതൊക്കെ ശരിയാവോ? ''
''മോനേ, എന്റെ ഗുരു എന്നെ പഠിപ്പിച്ചത് ഞാന്‍ പ്രയോഗിക്കുന്നു. ഗുരുത്വവും ദൈവാധീനവും ഉണ്ടെങ്കില്‍ ശരിയാകും. ഇതുവരെ ശരിയാകുന്നതുകൊണ്ടാണല്ലോ ഈ ആളുകളൊക്കെ വരുന്നത്...''
ഗുരുത്വം കൊണ്ടോ ദൈവാധീനം കൊണ്ടോ പറയുന്ന കാര്യങ്ങള്‍ സത്യമായി വരുന്ന കാര്യത്തില്‍ വല്യച്ചന്റെ ട്രാക്ക് റെക്കോര്‍ഡ് നന്നായിരുന്നു. അതുകൊണ്ടുതന്നെ കക്ഷിബാഹുല്യവും ഉണ്ടായിരുന്നു.
വല്യച്ഛന്റെ ഏറ്റവും നിര്‍ണ്ണായകമായ പ്രവചനം നടക്കുന്നത് 1973ല്‍ ആണ്. പ്രവചനം വല്യച്ഛന്റെ ഭാവിയെപ്പറ്റി തന്നെ ആയിരുന്നു. ഒരു നാള്‍ സ്വയം ജാതകം നോക്കി അദ്ദേഹം തീരുമാനിച്ചു. ചീത്തകാലം ആണ് എന്തും വരാം.
സ്വത്തുക്കളും കുട്ടികളും ഇല്ലാതിരുന്ന വല്യച്ഛന് മരണത്തെ ഒട്ടും പേടിയില്ലായിരുന്നു. എങ്കിലും ചില കാര്യങ്ങള്‍ അദ്ദേഹം ചെയ്തുതീര്‍ക്കാന്‍ തീരുമാനിച്ചു. രാമേശ്വരത്തുപോയി സ്വന്തം അച്ഛന്റെ ശ്രാദ്ധം കഴിക്കുക എന്നതായിരുന്നു ഒന്നാമത്. സഹോദരന്‍മാരെ എല്ലാം കൂട്ടി അദ്ദേഹം അതു നടത്തി.
ആ കാലത്ത് ഇന്നത്തേപ്പോലെ എല്ലാ വീടുകള്‍ക്കും കെട്ടുറപ്പോ ബാങ്ക് ലോക്കറോ ഒന്നും ഇല്ലായിരുന്നു. അപ്പോള്‍ പ്രധാനമായ പല പണങ്ങളും പ്രമാണങ്ങളും എല്ലാം വിശ്വാസമുള്ള ആളുകളെ ഏല്‍പ്പിക്കുന്നത് സാധാരണം ആയിരുന്നു. അങ്ങനെ പലരുടെയും പ്രമാണങ്ങള്‍ വല്യച്ഛന്റെ അടുത്ത് ഉണ്ടായിരുന്നു. രാമേശ്വരത്തും നിന്നും വന്ന വല്യച്ഛന്‍ ഈ പ്രമാണങ്ങള്‍ എല്ലാം ആളുകളെ വിളിച്ചു മടക്കി നല്കി. അന്ന് വല്യച്ഛന് അറുപത് വയസ്സുപോലും ആയിട്ടില്ല എന്നോര്‍ക്കണം.
''ഇതൊക്കെ എന്തിനാ ഇപ്പോ'' എന്ന് പലരും ചോദിച്ചു.
''കാലം നല്ലതല്ല. കരുതുന്നതാണല്ലോ നല്ലത്...'' എന്ന് വല്യച്ഛനും പറഞ്ഞു.
ഏതാണെങ്കിലും ഒരു കരുതലിനും വരാനുള്ളത് നിയന്ത്രിക്കാന്‍ പറ്റില്ലല്ലോ. ഒരു ദിവസം വൈകീട്ട് പെരുമ്പാവൂരിലെ ട്രാവന്‍കൂര്‍ റയോണ്‍സില്‍ ഒരു കക്ഷിയെക്കണ്ടു മടങ്ങിയ വല്യച്ഛന്‍ സഞ്ചരിച്ചിരുന്ന ബസ് പെരുമ്പാവവൂരിനും ആലുവയ്ക്കും ഇടയില്‍ പോഞ്ഞാശ്ശേരിയില്‍ വെച്ച് അപകടത്തില്‍പെട്ടു. കനാലിലേക്ക് മറിഞ്ഞ ബസില്‍ ഉണ്ടായിരുന്ന പലരും മരിച്ചുപോയി ഏറെ പേര്‍ക്ക് അപകടവും പറ്റി.
തല പൊട്ടി തലച്ചോര്‍ പുറത്തായി രക്തത്തില്‍കുളിച്ചു കിടന്ന വല്യച്ഛനെ ഭാഗ്യത്തിന് ആ വഴിപോയ മുസ്തഫയുടെ ഡ്രൈവര്‍ കണ്ടു. വല്യച്ഛനുടുത്തിരുന്ന കാവി വസ്ത്രം കൊണ്ടാണ് തിരിച്ചറിഞ്ഞത്. വല്യച്ഛന്‍ പ്രമാണങ്ങള്‍ മടക്കിക്കൊടുത്ത ഒരാളായിരുന്നു മുസ്തഫ. ആലുവയിലെ പ്രമുഖവ്യവസായിയും.
എറണാകുളത്ത് ജനറല്‍ ആശുപത്രിയില്‍ ആറുമാസം ബോധമില്ലാതെ വല്യച്ഛന്‍ കിടന്നു. മുസ്തഫയുടെയും മറ്റു വേണ്ടപ്പെട്ടവരുടെയും സ്വാധീനം കൊണ്ടും ഡോക്ടര്‍മാരുടെ ശ്രദ്ധകൊണ്ടും വല്യച്ഛന് ജീവന്‍ തിരികെ കിട്ടി. രണ്ടു വര്‍ഷത്തിനകം വല്യച്ഛന്‍ വീണ്ടും പ്രാക്ടീസ് തുടങ്ങി. മരണം പ്രവചിച്ച വല്യച്ഛന്റെ ഡിമാന്റ് കൂടി എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
കാലം പിന്നെയും മുമ്പോട്ടുപോയി. ഏതാണ്ട് രണ്ടു പതിറ്റാണ്ടിനുശേഷം വല്യച്ഛന്‍ വീണ്ടും സ്വന്തം ജാതകം നോക്കി കവടി നിരത്തി.
''ഈ വരുന്ന ഒക്ടോബര്‍ മാസം ഇരുപത്തിമൂന്നാം തീയതി ദശാസന്ധിയാണ്. വല്യച്ഛന്‍ പ്രഖ്യാപിച്ചു. ഈ തവണ കടന്നു കിട്ടുന്നത് ബുദ്ധിമുട്ടാണ്...''
മുന്‍പു പറഞ്ഞതുപോലെ കുട്ടികളും പ്രാരാബ്ധങ്ങളും ഒന്നും ഇല്ലാതിരുന്നതിനാല്‍ വല്യച്ഛന് മരണഭയം തീരെയില്ല. പക്ഷേ അപ്പോഴേക്കും വല്യച്ഛന്റെ കക്ഷികളുടെ എണ്ണം ഏറെ കൂടിയിരുന്നു. അതുകൊണ്ടുതന്നെ ഈ വാര്‍ത്ത പരന്നതോടെ ആളുകള്‍ ഓരോന്നായി വല്യച്ഛനെ കാണാന്‍ എത്തി. പൂര്‍ണ്ണ ആരോഗ്യവാനായിരുന്ന വല്യച്ഛന്റെ വീട് മരണവീടുപോലെയോ രോഗിയുടെ വീടുപോലെയോ ആയി.
''ഇനി അധികം യാത്രയൊന്നും വേണ്ട. കഴിഞ്ഞ തവണപോലെ എന്തെങ്കിലും വന്നാലോ'' അമ്മായി പറഞ്ഞു. എല്ലാവരും സമ്മതിച്ചു.
വല്യച്ഛന്റെ കക്ഷികളില്‍ എറണാകുളത്തെ പ്രഗത്ഭനായ ഒരു ഡോക്ടറും ഉണ്ടായിരുന്നു.
''വിധിയെ തടുക്കാന്‍ ആര്‍ക്ക് പറ്റും. എന്നാലും അച്ചുമ്മാവന്‍ എന്റെ ആശുപത്രിയിലേക്ക് പോരൂ. മനുഷ്യരെക്കൊണ്ടാവുന്നത് ഞങ്ങള്‍ ചെയ്യാം...''
അങ്ങനെ വല്യച്ഛന്‍ ആശുപത്രിയിലെ വി.ഐ.പി.വാര്‍ഡിലെത്തി.
മരിക്കാന്‍ പോകുന്ന വല്യച്ഛനെ കാണാന്‍ ബന്ധുക്കളുടെയും കക്ഷികളുടെയും പ്രവാഹം. സ്വച്ഛന്ദമൃത്യ വരിക്കാന്‍ കിടക്കുന്ന ഭീഷ്മരെപ്പോലെ വല്യച്ഛന്‍ ആശുപത്രിക്കിടക്കയിലും.
ഒക്ടോബര്‍ 23. രാത്രി. ഇന്ന് വല്ലതും നടക്കും. അന്ന് രാത്രി വല്യച്ഛന്റെ കൂട്ടിനു കിടക്കാന്‍ ആര്‍ക്കും ധൈര്യം വന്നില്ല. അതുകൊണ്ട് നറുക്ക് എന്റെ അനിയന്‍ ഉണ്ണിക്കു വീണു.
രാത്രി പത്തുമണിക്ക് വല്യച്ഛന്‍ ഉറങ്ങി. പതിനൊന്നോടെ അനിയനും.
രാത്രി പന്ത്രണ്ടു മണിക്ക് വല്യച്ഛന്റെ കക്ഷിയായ ഡോക്ടര്‍ സ്‌പെഷ്യല്‍ റൗണ്ടിനു വന്നു. ഉറങ്ങിക്കിടക്കുന്ന അനിയനെക്കണ്ട് അദ്ദേഹം ദേഷ്യപ്പെട്ടു.
''നീ കിടന്ന് ഉറങ്ങുകയാണോ?''
''അതിനിപ്പൊ വല്യച്ഛന് കുഴപ്പം ഒന്നും ഇല്ലല്ലോ'' അനിയന്റെ മറുപടി.
അച്ചുമ്മാനെ കാലനില്‍ നിന്നും രക്ഷിക്കാന്‍ മരുമകനാവില്ല എന്ന് ഡോക്ടര്‍ക്കു മനസ്സിലായി. ഉറക്കമിളച്ച് വല്യച്ഛനെ നോക്കാന്‍ ഒരു നഴ്‌സിനെ ചട്ടം കെട്ടി അദ്ദേഹം മുറിയിലേക്ക് പോയി.
രാവിലെ അഞ്ചുമണിക്ക് വല്യച്ഛന്‍ എഴുന്നേററു.
''സമയം എന്തായി..?'' വല്യച്ഛന്‍ ചോദിച്ചു
''അഞ്ചുമണിയായി..''
''ഇനി കുഴപ്പമില്ല. നീ പോയി ഒരു കട്ടന്‍ ചായ മേടിച്ചിട്ടു വരൂ..''വല്യച്ഛന്‍ അനിയനോടു പറഞ്ഞു.
ആശുപത്രിയിലെ കാന്റീന്‍ ഏഴുമണിക്കേ തുറക്കൂ. ആശുപത്രിക്ക് പുറത്ത് റോഡില്‍ ഒരു തട്ടുകടയുണ്ട്. അവിടെയാണ് ആളുകള്‍ ചായ മേടിക്കാന്‍ പോകുന്നത്.
ഫ്ലാസ്‌ക് എടുത്ത് തട്ടുകടയില്‍ ചായ വാങ്ങാന്‍ പോയ അനിയന്‍ കണ്ടത് ചെറിയ ഒരാള്‍ക്കൂട്ടം ആണ്.
തട്ടുകടക്കാരന്‍ റോഡ് സൈഡിലെ മാവിന്റെ കൊമ്പില്‍ തൂങ്ങി നില്‍ക്കുന്നു
ഈ രണ്ടു സംഭവങ്ങളും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്ന് നിങ്ങളില്‍ അവിശ്വാസികള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ വല്യച്ഛന്റെ പ്രവചനത്തില്‍ വിശ്വസിച്ചിരുന്ന ബന്ധുക്കള്‍ക്കും കക്ഷികള്‍ക്കും കാലന്റെ തൊട്ടുമുന്‍പില്‍ നിന്നും വല്യച്ഛന്‍ രക്ഷപ്പെട്ടത് അടുത്ത അതിശയമായി..
വര്‍ദ്ധിച്ച പ്രശസ്തിയോടെയും നല്ല ആരോഗ്യത്തോടെയും വല്യച്ഛന്‍ പിന്നെയും ഏറെനാള്‍ ജീവിച്ചിരുന്നു.
തുമ്മാരുകുടി കഥകള്‍ വാങ്ങാം
തുമ്മാരുകുടി കഥകള്‍
(60%) (6 Votes)
Explore Mathrubhumi
Other News in this Section





