കണിക്കൊന്ന പൂക്കേണ്ട കാലം
മുരളി തുമ്മാരുകുടി
Posted on: 09 Apr 2012

ഗോഡ് ഡെലൂഷന്‍ എന്ന അതിപ്രശസ്തവും അത്രതന്നെ വിവാദപരവുമായ പുസ്തകം എഴുതിയ റിച്ചാര്‍ഡ് ഡോക്കിന്‍സ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ആയിരുന്നു. ആയിരത്തിത്തൊള്ളായിരത്തി എഴുപത്താറില്‍ സെല്‍ഫിഷ് ജീന്‍ എന്ന പുസ്തകം എഴുതുന്നതോടെയാണ് അദ്ദേഹം ബയോളജിയുടെ പുറത്തുള്ള ആളുകള്‍ക്ക് പരിചിതനാകുന്നത്. പരിണാമത്തില്‍ വിശ്വസിക്കുന്നവരും അല്ലാത്തവരും (സത്യം, അങ്ങനെയും ധാരാളം പേര്‍ ഇപ്പോഴും ഉണ്ട്.) ഈ രണ്ടു പുസ്തകങ്ങളും വായിച്ചിരിക്കേണ്ടതാണ്.
ലോകത്തിലെ എല്ലാ ജീവജാലങ്ങളുടെയും ലക്ഷ്യം അവരവരുടെ ജീനുകളെ അടുത്ത തലമുറയിലേക്കും അതിലപ്പുറത്തോട്ടും വിജയകരമായി കടത്തിവിടുക എന്നതാണെന്ന് ബയോളജി പഠിക്കുന്നവര്‍ പറയുന്നത്. അതിനുവേണ്ടി അവര്‍ എന്ത് അക്രമവും കാണിക്കും. വന്യമൃഗങ്ങള്‍ ഉദാഹരണത്തിന് സിംഹം പരമാവധി സിംഹികളെ കൂടെ പാര്‍പ്പിക്കുകയും കുട്ടികള്‍ ഉണ്ടാകുകയും ചെയ്യുന്നു. പോരാത്തതിന് അടുത്ത പറമ്പില്‍ ഏങ്ങാനും വേറെ ഒരു സിംഹത്താന്‍ ഉണ്ടെങ്കില്‍ അയാളെ അടിച്ചോടിച്ച് അയാളുടെ ഭാര്യമാരേയും പെണ്‍മക്കളേയും സ്വന്തമാകുന്നു. ആണ്‍ പയ്യന്‍മാര്‍ ഉണ്ടെങ്കില്‍ അവരെ പറ്റിയാല്‍ കൊന്നുകളയുകയും ചെയ്യും. മനുഷ്യനും ആഗ്രഹം ഇങ്ങനെ ഒക്കെ തന്നെ ആണെങ്കിലും സമൂഹവും നിയമവും ഒക്കെ വന്നകാരണം ഇപ്പോള്‍ അത് പരസ്യമായി നടക്കാറില്ല.
അങ്ങനെ തലമുറ മുന്‍പോട്ടുകൊണ്ടുപോകുന്നതാണ് പ്രധാന ഉദ്ദേശമെങ്കില്‍ ഈ കണിക്കൊന്ന കറക്ട് വിഷുവിനുതന്നെ പൂക്കുന്നത് എന്തിനാണെന്ന് ഞാന്‍ ചിലപ്പോള്‍ ആലോചിക്കാറുണ്ട്. കാരണം വിഷുവിന്റെ സമയത്ത് പൂത്താല്‍ കൃത്യമായി കശ്മലന്‍മാരായ മനുഷ്യര്‍ പൂവെല്ലാം പറിച്ച് കണികാണാന്‍ വക്കും. അപ്പോള്‍ പിന്നെ കായുണ്ടാവില്ല. ഭാവി കുഴപ്പത്തില്‍ ആകും. അത്യാവശ്യം ബുദ്ധിയും സ്വാര്‍ത്ഥതയും ഒക്കെയുണ്ടെങ്കില്‍ മാര്‍ച്ചിലോ മെയിലോ ഒക്കെ പൂത്താല്‍ പോരേ?
കൊന്നയല്ല ഒരു ചെടിയും പഞ്ചാംഗം നോക്കി ഒന്നുമല്ല പൂക്കുന്നത്. എന്നാലത് പ്രകൃതിയില്‍ നിന്നുള്ള ചില സിഗ്നലുകള്‍ നോക്കിയിട്ടാണുതാനും. അതു ചൂടോ വെളിച്ചമോ ഒക്കെയാകാം. ഹേമന്തവും വസന്തവും കൃത്യമായിട്ടുള്ള നാടുകളില്‍ നൂറുകണക്കിന് സസ്യജാലങ്ങള്‍ ആണല്ലോ ഒരേ സമയം പൂക്കുന്നത് ജപ്പാനില്‍ വസന്തം തുടങ്ങുമ്പോള്‍ പതിനായിരക്കണക്കിന് ചെറി മരങ്ങള്‍ ഒരേ സമയത്ത് പൂക്കുകയാണ്. അതിമനോഹരമായ ഈ കാഴ്ചക്ക് സകുറ എന്നാണ് പേര്. ഇതുകാണാന്‍ ആയിരക്കണക്കിന് വിദേശ സഞ്ചാരികളാണ് ജപ്പാനില്‍ എത്തുന്നത്. ഇന്ത്യയിലെ മണ്‍സൂണ്‍ മെയ് അവസാനം കേരളത്തില്‍ എത്തി പതുക്കെപ്പതുക്കെ തമിഴ്‌നാട് ആന്ധ്ര ഒക്കെ കഴിഞ്ഞ് ഒരു മാസം കൊണ്ട് വടക്കേ ഇന്ത്യയില്‍ എത്തുന്ന പോലെ മാര്‍ച്ച് അവസാനത്തോടെ ഒക്കിനാവയില്‍ പൂത്തുതുടങ്ങുന്ന സകുറ മെയ് ആദ്യമാകുമ്പോഴാണ് വടക്കേ അറ്റത്ത് ഹൊക്കൈ ഡോവില്‍ എത്തുന്നത്. സഞ്ചാരികള്‍ക്ക് എന്ന് എവിടെ പോയാല്‍ ചെറി ബ്ലോസം കാണുമെന്ന് അറിയിക്കാന്‍ റിയല്‍ ടൈം അപ്‌ഡേറ്റുള്ള വെബ്‌സൈറ്റുകള്‍ ഉണ്ട്.
അമേരിക്കയിലെ വാഷിങ്ടണിലും ആയിരക്കണക്കിന് ചെറി മരങ്ങള്‍ ഉണ്ട്. ജപ്പാനും അമേരിക്കയും തമ്മില്‍ സുഹൃത്തുക്കളായിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ജപ്പാന്‍ രണ്ടായിരം ചെടികള്‍ അമേരിക്കയിലേക്ക് കൊടുത്തുവിട്ടു. 1965-ല്‍ വീണ്ടും നാലായിരത്തോളം മരങ്ങളും എത്തിയതോടെ അമേരിക്കയിലെ ചെറി ബ്ലോസവും മാസ്മരികമായി അവിടെയും ഇതൊരു ആഘോഷമാണ്.
വസന്തം കാര്യമായിട്ടുണ്ടെങ്കിലും ജനീവയില്‍ അത്രമാത്രം ചെറി ബ്ലോസം ഇല്ല. എന്റെ ഓഫീസിനടുത്ത് ഒരു പത്തുമരങ്ങള്‍ ഉണ്ട്. അത് മനോഹരവും ആണ്. ഇരുടുകൊണ്ടും തണുപ്പുകൊണ്ടും മനംമടുപ്പിക്കുന്ന ജനീവയിലെ വിന്ററില്‍ ഓരോ വര്‍ഷവും ഈ ചെറിമരങ്ങള്‍ പൂക്കുന്നത് ഞാന്‍ പ്രതീക്ഷടോയെ നോക്കിയിരിക്കാറുണ്ട്.
ജനീവയിലെ വസന്തം വരുന്നത് ഞാന്‍ നോക്കിയിരിക്കുമെങ്കിലും അതെന്റെ ജോലിയല്ല. പക്ഷെ അതു ജോലിയായ ഒരാള്‍ ഇവിടെ മുനിസിപ്പാലിറ്റിയില്‍ ഉണ്ട്. കഴിഞ്ഞ ഇരുന്നൂറോളം വര്‍ഷമായി മുനിസിപ്പാലിറ്റിക്ക് മുന്‍പിലുള്ള ചെസ്റ്റ് നട്ട് മരത്തില്‍ എല്ലാ വര്‍ഷവും ആദ്യത്തെ മൊട്ടിടുന്ന ദിവസമാണ് ജനീവയില്‍ ഔദ്യോഗികമായി വസന്തം പ്രഖ്യാപിക്കുന്നത്. ഇതു നോക്കാന്‍ ഒരു ആളെ ഏല്‍പിച്ചിട്ടുണ്ട്. എല്ലാ ദിവസവും ഒരു ബൈനോക്കുലറും ഒക്കെ പിടിച്ച് പാവം ഈ മരത്തിന് ചുറ്റും നടക്കണം. ഒരു മൊട്ടെങ്കിലും കണ്ടാല്‍ ഉടന്‍ ഓഫീസില്‍ അറിയിക്കണം. പിന്നെയത് പത്രക്കുറിപ്പായി റേഡിയോവിലും ടെലിവിഷനിലും ഒക്കെ നാട്ടുകാരെ അറിയിക്കണം. ഭാരിച്ച ഉത്തരവാദിത്തം തന്നെ ചേട്ടാ!
കൊന്നയെപ്പറ്റിപ്പറഞ്ഞു തുടങ്ങിയതുകൊണ്ട് വിഷുവിനെപ്പറ്റി പറഞ്ഞ് അവസാനിപ്പിച്ചേക്കാം. കുട്ടികളായിരിക്കുമ്പോള്‍ വളരെ സന്തോഷം ഉണ്ടാക്കുന്ന ഒരു ആഘോഷമാണ് വിഷു. പടക്കം പൊട്ടിക്കാമെന്നതും വിഷുക്കൈനീട്ടം കിട്ടുമെന്നതുമാണ് രണ്ട് ആകര്‍ഷണങ്ങള്‍. വലിയമ്മാവനും വല്യച്ഛനും (അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവ്) കൊച്ചുവല്യച്ഛനും (അച്ചന്റെ സഹോദരന്‍) ആണ് ഗാരന്റിയായി വിഷുക്കൈനീട്ടം തരാറുള്ളത്. മറ്റുള്ളവര്‍ തന്നാലായി. ഇപ്പോള്‍ പിന്നെ കിട്ടുന്നതിലും കൂടുതല്‍ കൊടുക്കേണ്ടി വരുന്നതുകൊണ്ട് വിഷുവരാന്‍ അത്ര തിരക്കില്ല. (ചുമ്മാ പറഞ്ഞതാണ് ട്ടോ, വിഷുക്കൈനീട്ടം കൊടുക്കാന്‍ എനിക്ക് ഏറ്റവും സന്തോഷമാണ്) സദ്യയും കൈനീട്ടവും പടക്കവും ഒക്കെയുണ്ടെങ്കിലും എന്താണീ വിഷു എന്നത് എനിക്കിപ്പോഴും വ്യക്തമല്ല. അതു മേടമാസം ഒന്നാം തീയതിയാണ് എന്നു മാത്രമാണ് ഉറപ്പുള്ള കാര്യം (സോ വാട്ട്?) നമ്മുടെ പുതുവര്‍ഷം ചിങ്ങമാസം ഒന്നാം തീയതിയല്ലേ, പിന്നെ എന്തിനാണീ മേടമാസത്തില്‍ വിഷുഫലം പറയുന്നത്? ഇതൊരു കാര്‍ഷിക ഉത്സവം ആണെന്നും പറയാന്‍ പറ്റില്ല കാരണം മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്തിരുന്ന കാലത്ത് (അന്നാണല്ലോ വിഷു ഉണ്ടായത്) മേടമാസത്തിനു മുന്‍പേ പ്രധാന കൃഷി തീരുമായിരുന്നു. അടുത്ത സീസണ്‍ ആവട്ടെ ഇടവപ്പാതിയാകാതെ തുടങ്ങാറുമില്ല. പിന്നെ എങ്ങനെയാണീ നടുക്കുള്ള സമയത്ത് കാര്‍ഷിക ഉത്സവം വന്നത്?
ചെറുപ്പത്തില്‍ വിഷുവിന്റെ സമയത്ത് രണ്ട് കാര്‍ഷിക ആചാരങ്ങള്‍ നടത്താറുണ്ട്. ഒന്നാമതായി വിഷുവിന്റെ അന്നും ഉച്ചക്ക് കാളകളെ പൂട്ടി നിലം ഉഴുവും ചുമ്മാ ഒരാവശ്യവും ഇല്ലാതെ. വിഷുപ്പൂട്ട് എന്നാണ് ഇതിന്റെ പേര്‍. എല്ലാ വീട്ടിലുമുള്ള ആളുകള്‍ കാളകളും ആയി പാടത്തിറങ്ങി പത്തു പതിനഞ്ചുമിനിട്ട് ഉഴുതിട്ട് കാളകളെ അഴിച്ച് പാടത്തുവിടും. പിന്നെ ആ കാളകള്‍ പരസ്പരം കുത്തുകൂടുന്നതു കാണുന്നത് ഒരു കാഴ്ചയായിരുന്നു. രണ്ടാമത്തെ പരിപാടി പറമ്പിലുള്ള കരിയില എല്ലാം വാരിക്കൂട്ടി തീയിട്ടതിനുശേഷം പിറ്റേന്ന് അവിടെ ചാലുകീറി മത്ത നടും.
ഏപ്രില്‍ പതിനാല് കേരളത്തില്‍ പുതുവര്‍ഷം അല്ലെങ്കിലും ഇന്ത്യയില്‍ പലേടത്തും പുതുവര്‍ഷമായിട്ടാണ് ആഘോഷിക്കുന്നത്. കര്‍ണാടകയിലും ആന്ധ്രയിലും ഉഗാദിയായിട്ടും തമിഴ്‌നാട്ടില്‍ പുത്താണ്ട് ആയിട്ടും ഒക്കെ. പശ്ചിമ ബംഗാളിലും ആസാമിലും പക്ഷെ ഇത് വര്‍ഷാവസാനമാണ്. ആസാമിലെ പ്രധാന ആഘോഷമായ ബിഹു ഏപ്രില്‍ പതിനഞ്ചിനാണ് സാധാരണ വരാറ്. സിക്കുകാരുടെ പ്രധാന ആഘോഷമായ ബൈസാഖിയും ഏപ്രില്‍ പതിമൂന്നിനോ പതിനാലിനോ തന്നെയാണ് വരാറും.
നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്കയില്‍ സിംഹള പുതുവര്‍ഷമായ അലുത് അവുറുഡു ആഘോഷിക്കുന്നതും ഇതേ ദിവസം തന്നെയാണ്. കൂട്ടത്തില്‍ പറയട്ടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പൊതു അവധി ഉള്ള രാജ്യം ശ്രീലങ്കയാണ്. അവിടെ എല്ലാ പൗര്‍ണമിയും അവധി ദിവസം ആണ്. ശ്രീലങ്കയില്‍ ഏങ്ങാനും സ്‌കൂളില്‍ പോയാല്‍ മതിയായിരുന്നു.
വിഷുവിന്റെ കാലത്തിനടുത്തുതന്നെയാണ് ഈസ്റ്ററും ആഘോഷിക്കുന്നത്. കാര്യം യേശുക്രിസ്തുവിന്റെ ഉണര്‍ത്തെഴുന്നേല്പിന്റെ ഓര്‍മ്മക്കായിട്ടാണ് ഇതു ചെയ്യുന്നതെങ്കിലും ഇതിന് ഒരു കൃത്യതയില്ല. സൂര്യന്‍ വടക്കേ അര്‍ദ്ധഗോളത്തിലേക്ക് കടക്കുന്ന മാര്‍ച്ച് ഇരുപത്തൊന്നു കഴിഞ്ഞുള്ള പൗര്‍ണമിക്ക് ശേഷമുള്ള ആദ്യത്തെ ഞായറാഴ്ചയാണ് ഈസ്റ്റര്‍ ആയി ആഘോഷിക്കുന്നത്. അങ്ങനെ സോളാര്‍ കലണ്ടറും ലൂണാര്‍ കലണ്ടറും മിക്‌സ് ചെയ്തിരിക്കുന്നതിനാല്‍ മാര്‍ച്ച് ഇരുപത്തിരണ്ടുമുതല്‍ ഏപ്രില്‍ ഇരുപത്തിഅഞ്ചു വരെ എന്നുവേണമെങ്കിലും ഈസ്റ്റര്‍ വരാം. പശ്ചാത്യരാജ്യങ്ങളില്‍ ഇതൊരു കുഴപ്പമല്ല കാരണം അവിടെ സ്‌കൂള്‍ ഹോളിഡേ (രണ്ടാഴ്ച) കൊടുക്കുന്നത് ഈസ്റ്റര്‍ നോക്കിയാണ്. പക്ഷെ മാര്‍ച്ച് പരീക്ഷാക്കാലമായ നമ്മുടെ നാട്ടില്‍ അക്കാലത്ത് ഈസ്റ്റര്‍ വരുന്നത് അല്പം കഷ്ടമാണ്. അതുകൊണ്ടു തന്നെ കാര്യം എന്താണെങ്കിലും അഥവാ കാര്യം ഒന്നുമില്ലെങ്കിലും വിഷു ഏപ്രില്‍ പതിനാലോ പതിനഞ്ചോ വരുന്നതു തന്നെയാണ് നമുക്ക് നല്ലത്. ഏപ്രില്‍ പതിനാലായാല്‍ അമ്പിളിയുടെ പിറന്നാളാണെന്ന ഒരു പ്രത്യേകതയും എനിക്കുണ്ട്.
കാളമൂത്രം പോലെ വലിച്ചുനീട്ടി കഥ ബോറാക്കിയോ എന്നൊരു സംശയം. ഇപ്പോള്‍ പണ്ടത്തെപ്പോലെയല്ല. എനിക്കു ചില സ്ഥിരം വായനക്കാരും ചുരുങ്ങിയ ആരാധകരും ഒക്കെയുണ്ട് (രാജമ്മയുടെ അത്രയും പ്രേമലേഖനങ്ങള്‍ ഒന്നും കിട്ടാറില്ലെങ്കിലും) അതുകൊണ്ട് അടുത്ത തവണ ശരിയാക്കണം.
വിഷുവിന് കേരളത്തില്‍ ആണ്. എല്ലാവര്‍ക്കും വിഷു ആശംസകള്‍ മുന്‍കൂട്ടി ആശംസിക്കുന്നു.
(53.33%) (6 Votes)
Explore Mathrubhumi
Other News in this Section





