LATEST NEWS

Loading...

Custom Search
+ -

സൗദിയിലെ ഗോതമ്പുപാടങ്ങള്‍

മുരളി തുമ്മാരുകുടി

Posted on: 26 Mar 2012

 


സൗദിയുടെ ചുറ്റുമുള്ള കടലും കരകളും ഒക്കെ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഞാന്‍ ഇതേവരെ സൗദിഅറേബ്യയില്‍ പോയിട്ടില്ല. ചരിത്രം വായിച്ചും സക്കറിയയുടെ സൗദിയാത്രാവിവരണം വായിച്ചും അവിടെ പോകണം എന്ന് ഏറെ താല്പര്യമുണ്ട് താനും. കര്‍മ്മവും കാലവും ഒത്തുവന്നിട്ടില്ല അത്രമാത്രം. എന്റെ പുതിയ പുസ്തകമായ തുമ്മാരുകുടിക്കഥകള്‍ക്ക് ഒരു പ്രവാസി അവാര്‍ഡ് സംഘടിപ്പിച്ചുതരണമെന്ന് ഞാന്‍ എന്റെ സൗദിയിലെ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. ശരിയായാല്‍ ഒരു സൗദി യാത്ര തരമാകുമല്ലോ?

സൗദിയില്‍ ഞാന്‍ പോയിട്ടില്ലെങ്കിലും സൗദിയുടെ മുകളിലൂടെ അനവധി തവണ യാത്ര ചെയ്തിട്ടുണ്ട്. മുപ്പതിനായിരം അടി ഉയരത്തില്‍ നിന്നും തന്നെ എനിക്ക് സൗദി അറേബ്യയെ ഒറ്റനോട്ടത്തില്‍ വേര്‍തിരിച്ചറിയാം. അതിന്റെ കാരണം അവിടുത്തെ എണ്ണപ്പാടങ്ങള്‍ അല്ല. അത് ഒമാനിലും അബുദാബിയിലും കുവൈത്തിലും ഇറാക്കിലും ഒക്കെ ഉണ്ടല്ലോ? സൗദി അറേബ്യയെ മറ്റു അതിര്‍ത്തി രാജ്യങ്ങളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത് അവിടുത്തെ ഗോതമ്പുപാടങ്ങള്‍ ആണ്.

'സൗദി അറേബ്യ മണലാരണ്യം അല്ലേ ചേട്ടാ, അവിടെയെവിടെയാണ് ഗോതമ്പുപാടങ്ങള്‍ ചുമ്മാ പുളുവിടല്ലേ?'

ഇതു പുളുവല്ല, സത്യമായ കാര്യം ആണ്്. മുപ്പതിനായിരം അടി ഉയരത്തില്‍ പറക്കുന്ന വിമാനത്തില്‍ നിന്നും പോലും കാണാവുന്ന അത്രയും വലുപ്പത്തിലുള്ള വൃത്താകൃതിയിലുള്ള ഗോതമ്പുപാടങ്ങള്‍ സൗദിഅറേബ്യയില്‍ ഏറെയുണ്ട്. എന്തിന് ഗോതമ്പുകൃഷിയില്‍ വലിയ പാരമ്പര്യം ഒന്നും ഇല്ലാഞ്ഞിട്ടുപോലും 1990-കളില്‍ സൗദി അറേബ്യ ഗോതമ്പ് കയറ്റുമതി വരെ നടത്തിയിരുന്നു.

സൗദി അറേബ്യ ഗോതമ്പ് കയറ്റുമതി ചെയ്യുന്നുണ്ട് എന്നത് പത്തൊമ്പതാം നൂറ്റാണ്ടുവരെ ഒരു ഒട്ടകം പോലും ഇല്ലാതിരുന്ന ആസ്‌ത്രേലിയ, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒട്ടകത്തിന്റെ കേന്ദ്രസ്ഥാനമായ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഒട്ടകത്തെ കയറ്റി അയയ്ക്കുന്നുണ്ട് എന്ന വാര്‍ത്ത പോലെ കൗതുകകരവും വിസ്മയകരവും ആണെങ്കിലും സത്യമാണ്. ഗവണ്‍മെന്റ് നയങ്ങളും അവയുടെ പര്യാവരണആഘാതവും ഒക്കെ തമ്മിലുള്ള നല്ല ഉദാഹരണങ്ങള്‍ ആണ് സൗദിയിലെ ഗോതമ്പും ആസ്‌ത്രേലിയയിലെ ഒട്ടകവും. ഇന്ന് ഗോതമ്പിന്റെ കഥയേ പറയൂ. ഒട്ടകം അവിടെ നില്കട്ടെ അതുപിന്നെപ്പറയാം. കഥയുടെ എണ്ണത്തിനാണ് നീളത്തിനല്ല എന്റെ കൂലി.

സംഭവം ഇതാണ്- എണ്ണയില്‍ നിന്നുള്ള വരുമാനം കൂടുകയും എന്നാല്‍ ആ രംഗത്ത് അധികം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകാതിരിക്കുകയും ചെയ്തപ്പോള്‍ 1960 കളിലും എഴുപതുകളിലും സൗദി ഗവണ്‍മെന്റ് സ്ഥലം നാട്ടുകാര്‍ക്കും കമ്പനികള്‍ക്കും വെറുതെ എഴുതിക്കൊടുത്തു. അവിടെ കൃഷിയുള്‍പ്പെടെയുള്ള ഏതു ബിസിനസും ചെയ്യാന്‍ ആവശ്യത്തിനു മൂലധനം കിട്ടാനുള്ള സൗകര്യവും ഉണ്ടാക്കി. മരുഭൂമിയില്‍ ആഴത്തിലുള്ള കിണറുകളില്‍ നിന്നും വെള്ളം വൈദ്യുതി വെച്ച് പമ്പ് ചെയ്ത് ഉണ്ടാക്കിയെടുക്കുന്ന ഗോതമ്പ് ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരെയുള്ള കമ്പോളത്തില്‍ എത്തിക്കുമ്പോള്‍ ലോകത്ത് ഇതിലും തീരെ ചിലവു കുറഞ്ഞ രീതിയില്‍ കൃഷി ചെയ്യുന്ന രാജ്യങ്ങളില്‍ നിന്നും വരുന്ന ഗോതമ്പുമായി മത്സരിക്കാന്‍ പറ്റില്ല എന്ന് മനസ്സിലാക്കിയ ഗവണ്‍മെന്റ് സൗദിയില്‍ കൃഷി ചെയ്യുന്ന എല്ലാ ഗോതമ്പും ഒരു നിശ്ചിതവിലക്ക് വാങ്ങാമെന്ന് വാഗ്ദാനം ചെയ്തു. ഗോതമ്പിന്റെ അന്താരാഷ്ട്ര വിപണിവിലയേക്കാള്‍ രണ്ടും മൂന്നും മടങ്ങ് വിലയ്ക്കാണ് ഗവണ്‍മെന്റ് സ്വരാജ്യത്ത് ഉണ്ടാക്കിയ ഗോതമ്പ് വാങ്ങിക്കൂട്ടിയത്. ഇതു കൂടാതെ കൃഷിയാവശ്യത്തിന് ചിലവുകുറഞ്ഞ് വെള്ളവും വൈദ്യുതിയും ഒക്കെ കിട്ടുമെന്നു വന്നപ്പോള്‍ സൗദിയിലെ ഗോതമ്പു കൃഷി പൊടിപൊടിച്ചു. ഏറി വന്ന കൃഷി സ്ഥലത്തിന് ആവശ്യമായ വെള്ളം ഭൂഗര്‍ഭജലമായ കിട്ടാത്ത ഇടങ്ങളില്‍ ഉപ്പുവെള്ളം ശുദ്ധീകരിച്ച് പോലും ഗോതമ്പ് കൃഷി നടത്തി. ഇതിന്റെയൊക്കെ ഫലമായി 1980-കളില്‍ സൗദി ഗോതമ്പിന്റെ കാര്യത്തില്‍ ഭക്ഷ്യ സ്വയംപര്യാപ്തത നേടിയെന്ന് മാത്രമല്ല മുന്‍പു പറഞ്ഞതുപോലെ 1990-കളില്‍ ഗോതമ്പ് മറ്റുള്ളവര്‍ക്ക് വിലയ്ക്കും അല്ലാതെയും കയറ്റിയയക്കാനും തുടങ്ങി. ഇതിന്റെയിടയില്‍ ചില വിരുതന്‍മാര്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ചുളുവിലയ്ക്ക് ഗോതമ്പ് ഇറക്കുമതി ചെയ്ത് അത് നാട്ടില്‍ ഉല്‍്പ്പാദിപ്പിച്ചതായി കാണിച്ച് ഗവണ്‍മെന്റിനു വിറ്റു എന്നും പറയപ്പെടുന്നു.

ഏതാണെങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടോടെ ഗോതമ്പുകൃഷി വര്‍ദ്ധിപ്പിക്കുന്ന പരിപാടി ഗവണ്‍മെന്റ് നിര്‍ത്തി. ഇതിന് സാമ്പത്തികവും പര്യാവരണപരവുമായ കാരണങ്ങള്‍ ഉണ്ടായിരുന്നു. ഭൂഗര്‍ഭജലത്തിന്റെ ദുരുപയോഗമായിരുന്നു പ്രധാന പ്രശ്‌നം. 2008-ല്‍ പത്തുവര്‍ഷം കൊണ്ട് സൗദിയിലെ ഗോതമ്പുല്പാദനം പൂര്‍ണമായും നിര്‍ത്തുമെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ആവശ്യത്തിനുള്ള ഗോതമ്പ് അന്താരാഷ്ട്ര വിപണിയില്‍ നിന്നും ഇറക്കുമതി ചെയ്യും. ആഡംസ്മിത്തിന്റെ അദൃശ്യകരങ്ങള്‍ ആയിരിക്കും ഇനി സൗദിയുടെ ഭക്ഷ്യസുരക്ഷയുടെ കാവല്‍ക്കാരന്‍.

കൗതുകകരമായ ഈ സൗദിക്കഥയില്‍ നിന്നും കേരളത്തിന് പലതും പഠിക്കാനുണ്ട്. നെല്‍കൃഷി നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ നെല്‍പ്പാടങ്ങള്‍ തരിശിടുന്നതും അതില്‍ വേറെ എന്തെങ്കിലും ഒക്കെ കൃഷി ചെയ്യുന്നതും ഒക്കെ ഒരു പാപമായിട്ടാണ് നാം കരുതുന്നത്. നെല്‍പ്പാടങ്ങള്‍ മണ്ണിട്ടു നികത്തുന്നതാകട്ടെ നിയമപരമായ കുറ്റവും ആണ്. ഇതിന്റെയെല്ലാം പിന്നിലെ പ്രധാന ആര്‍ഗ്യുമെന്റ് ' നമ്മുടെ ഭക്ഷ്യ സ്വയംപര്യാപ്തത' നഷ്ടപ്പെടും എന്ന ഭീതിയാണ്. (നാം അരിയുടെ കാര്യത്തില്‍ ഒരു കാലത്തും സ്വയം പര്യാപ്തമായിരുന്നിട്ടില്ല, അതുപോട്ടെ). സ്വയം പര്യാപ്തതയെപ്പറ്റിയുള്ള വ്യര്‍ത്ഥമായ ധാരണയാണ് ഇതിന്റെ പിന്നില്‍. പത്തായത്തില്‍ നെല്ലുണ്ടെങ്കില്‍ എലി പുഴ നീന്തിയും വരും എന്ന പഴഞ്ചൊല്ലുള്ള നാട്ടിലാണ് നമുക്ക് ആവശ്യമായ അരി നാം തന്നെ ഉല്പാദിപ്പിക്കാന്‍ ശ്രമിക്കണം എന്ന പിടിവാശിയും പിടിച്ച് നാം ഇരിക്കുന്നത്.

'അപ്പോള്‍ ചേട്ടന്‍ ഈ പാടമെല്ലാം മണ്ണിട്ടു നികത്തുന്ന ലാന്റ് മാഫിയയുടെ ആളാണല്ലേ? കണ്ടാല്‍ പറയില്ല കേട്ടോ'.
ഇതു സത്യമല്ല നെല്‍പ്പാടങ്ങള്‍ മണ്ണിട്ടു നികത്തുന്നതോ കുന്നുകള്‍ ഇടിച്ച് മണ്ണെടുക്കുന്നതോ ശരിയാണെന്നുള്ള ഒരു അഭിപ്രായം ഉള്ള ആളല്ല ഞാന്‍. പക്ഷെ ഇതൊരു നിയമത്തിന്റെയോ പാപത്തിന്റെയോ പ്രശ്‌നമല്ല. ശരിയായ പ്രകൃതി വിഭവവിനിയോഗത്തിന്റെ പ്രശ്‌നമാണെന്ന അഭിപ്രായക്കാരനാണ് ഞാന്‍.

നെല്‍പാടങ്ങള്‍ നികത്തുന്നതോ മറ്റുകൃഷി ചെയ്യുന്നതോ തരിശിടുന്നതോ ഒക്കെ എതിര്‍ക്കുന്ന പലര്‍ക്കും അറിയാത്ത ചില ചരിത്രസത്യങ്ങള്‍ ഉണ്ട്. ഒന്നാമത് ഇന്നു നാം പാടമായി കാണുന്ന പല സ്ഥലങ്ങളും എല്ലാക്കാലത്തും പാടമായിരുന്നില്ല. കരഭൂമി നിരപ്പാക്കിയും കണ്ടല്‍ക്കാടുകള്‍ വെട്ടിത്തെളിച്ചും ഒക്കെയാണ് ഇക്കാണുന്ന പല പാടശേഖരങ്ങളും ഉണ്ടാക്കിയത്. അതിനു പിന്നില്‍ സൗദി അറേബ്യയിലെ പോലെ ഗവണ്‍മെന്റിന്റെ നയപരമായ തീരുമാനങ്ങളും സാമ്പത്തികമായ പിന്തുണയും ഉണ്ടായിരുന്നു. തിരുവിതാംകൂറില്‍ വര്‍ദ്ധിച്ചു വരുന്ന ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കൃഷിയിടങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ രാജാവ് കൃഷിക്ക് സ്ഥലങ്ങള്‍ ആളുകള്‍ക്ക് സൗജന്യമായി നല്കി. എന്നാല്‍ അവിടെ കൃഷി ചെയ്ത് വര്‍ഷാവര്‍ഷം കരം അടക്കാനുള്ള ബുദ്ധിമുട്ടുകാരണം എങ്ങനെയും സ്ഥലം സ്വന്തം പേരില്‍ ചാര്‍ത്തിക്കിട്ടാതെ നോക്കുകയായിരുന്നൂ അക്കാലത്ത് ആളുകള്‍ ചെയ്തിരുന്നത് എന്നത് സ്ഥലത്തിന് പൊന്നും വിലയുള്ള ഇക്കാലത്ത് വിശ്വസിക്കാനേ പറ്റില്ല. എന്തിന് സ്ഥലം സ്വന്തം പേരില്‍ വരാതിരിക്കാന്‍ രാജാവിന്റെ പ്രതിനിധികള്‍ക്ക് കൈക്കൂലി കൊടുക്കുന്നതും (കൈക്കൂലി ജനാധിപത്യത്തിന്റെ സൃഷ്ടിയല്ല) വലിയ പിടിപാടില്ലാത്തവരുടെ പേരില്‍ സ്ഥലം അടിച്ചേല്പിക്കുന്നതും അക്കാലത്ത് നാട്ടുനടപ്പായിരുന്നു. കരമടക്കാത്തതിന് പുളി തീറ്റിക്കുന്നതും അടികൊടുക്കുന്നതും ശിക്ഷയായിരുന്നതിനാല്‍ വിരോധമുള്ള ആളുകളുടെ പേരില്‍ കൂടുതല്‍ സ്ഥലം അവരറിഞ്ഞോ അറിയാതെയോ പതിപ്പിച്ചു നല്‍കുന്ന ചില കാരണവന്‍മാര്‍ എനിക്കുണ്ടായിരുന്നതായി തുമ്മാരുകുടി ചരിത്രം പറയുന്നു.


Saudi-Wheat Field

ഇങ്ങനെ ഇഷ്ടപ്പെട്ടും അല്ലാതെയും കിട്ടിയ സ്ഥലങ്ങള്‍ അത് നെല്‍കൃഷിക്ക് യോജിച്ചതാണെങ്കിലും അല്ലെങ്കിലും വെട്ടി വെളുപ്പിച്ചും കിളച്ചുമറിച്ചും ഒക്കെയാണ് ഇന്നുകാണുന്ന പല പാടശേഖരങ്ങളും ഉണ്ടാക്കിയിരിക്കുന്നത്. കാലകാലമായി ഞങ്ങള്‍ നെല്‍കൃഷി ചെയ്യുന്ന പടിഞ്ഞാറേ പാടത്തിന്റെ ആധാരത്തിലെ പേര് 'പാറ മാരി' എന്നാണ്. പാടത്ത് പലയിടത്തും ഇപ്പോള്‍ പാറയുടെ അടിത്തട്ട് ഉണ്ട്.

ഇതൊക്കെ പഴയ കാര്യം ആണെങ്കിലും ഇപ്പോഴും കാണാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. കേരളത്തില്‍ ഇപ്പോഴും ലാഭകരമായി നെല്‍കൃഷി ചെയ്യാവുന്ന പല സ്ഥലങ്ങളും കൃത്രിമമായി ലാഭം നിലനിര്‍ത്തപ്പെടുന്നവയാണ്. ഉദാഹരണത്തിന് കനാല്‍ വഴി ജലസേചനം ചെയ്യുന്ന സ്ഥലങ്ങള്‍. ഡാമും കനാലും ഉള്‍പ്പെടെയുള്ള ജലസേചനസംവിധാനങ്ങള്‍ നില നിര്‍ത്തുന്നതിന്റെ യഥാര്‍ത്ഥ വിലയും നദിയിലെ വെള്ളം അണകെട്ടി മറ്റു വഴിക്കുവിടുമ്പോള്‍ നദിയുടെ പിന്നെയുള്ള ഭാഗത്തുണ്ടാകുന്ന വരള്‍ച്ചയും മറ്റു പര്യാവരണപ്രശ്‌നവും (അതിന്റെ വിലയും) ഒക്കെ കൂട്ടി നോക്കിയാണ് ജലസേചനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ വിലയിടുന്നത് എങ്കില്‍പിന്നെ ആ കൃഷിയില്‍ വലിയ ലാഭം ഒന്നും ഉണ്ടാകില്ല. കണ്ടല്‍ കാടുകള്‍ വെട്ടിനശിപ്പിച്ചും ഉപ്പുവെള്ളം കയറ്റുന്നത് പ്രതിരോധിക്കാന്‍ ബണ്ടുകെട്ടിയും ഒക്കെ നടത്തുന്ന നെല്‍കൃഷിയും ആത്യന്തികമായി ലാഭകരമല്ല.

ലോകത്ത് ക്ഷാമം ഉണ്ടാകുന്നത് ഭക്ഷ്യധാന്യങ്ങളുടെ കുറവുകൊണ്ടല്ല മറിച്ച് ഭക്ഷണം വാങ്ങാന്‍ ഉള്ള ആളുകളുടെ സാമ്പത്തികമായ കഴിവില്ലായ്മകൊണ്ടാണെന്ന അമര്‍ത്യാസെന്‍ ഉള്‍പ്പെടെയുള്ള എക്കോണമിസ്റ്റുകള്‍ സമര്‍ത്ഥിച്ചിട്ടുണ്ട്. അതീവ ദാരിദ്ര്യത്തില്‍ പൊറുതി മുട്ടുന്ന സോമാലിയയില്‍ നിന്നും ആയിരക്കണക്കിന് ആടുകളെ കയറ്റി സൗദിയിലേക്ക് വന്ന കപ്പല്‍ മുങ്ങിയത് കഴിഞ്ഞ വര്‍ഷം ആണല്ലോ. അപ്പോള്‍ ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ടത് കൃഷിയിലുള്ള സ്വയം പര്യാപ്തത അല്ല, സാമ്പത്തികമായ സുരക്ഷിതത്വം ആണ്.

അങ്ങനെ സാമ്പത്തികമായ സുരക്ഷിതത്വം ഉണ്ടാകുന്ന കാലത്ത് കേരളത്തില്‍ ചെയ്യേണ്ടത് നമ്മുടെ സ്ഥലത്തിന്റെയും വെള്ളത്തിന്റെയും ശരിയായ ഉപയോഗം തിരിച്ചുകൊണ്ടുവരിക എന്നതാണ്. അണക്കെട്ടുകളുടെ എണ്ണം കുറക്കുകയും ജലസേചനപദ്ധതികളിലൂടെ തിരിച്ചുവിട്ട വെള്ളം നദിക്ക് തിരികെ നല്കുകയും വേണം. കണ്ടല്‍ക്കാടുകളില്‍ നിന്നും നെല്പാടവും മത്സ്യക്കുളങ്ങളും ആക്കിയ സ്ഥലങ്ങള്‍ പ്രകൃതിക്ക് തിരിച്ചു നല്കണം. മണ്ണെടുത്തും മണ്ണിട്ടുനികത്തിയും താറുമാറാക്കിയ നമ്മുടെ നീരൊഴുക്ക് പഴയതുപോലെ ആക്കാന്‍ പാകത്തിന് നമ്മുടെ സ്ഥലവിനിയോഗനിയമങ്ങള്‍ ഭേദഗതി ചെയ്യണം. മലയിലെ കാടു വെട്ടിവെളുപ്പിച്ച് കൃഷിയിടങ്ങള്‍ ആക്കിയ സ്ഥലങ്ങള്‍ കാടിന്റെ ആവാസവ്യവസ്ഥയിലേക്ക് തിരിച്ചെത്തിക്കണം. ആനയെ പടക്കം പൊട്ടിച്ചും പുലിയെ വല വെച്ചും നേരിടേണ്ടിവരുന്നത് അവര്‍ നമ്മുടെ സ്ഥലത്തേക്ക് സവാരിക്ക് വരുന്നതുകൊണ്ടല്ല. നമ്മള്‍ അവരുടെ സ്ഥലത്തേക്ക് കടന്നു കയറിയതുകൊണ്ടാണ് എന്നു മനസ്സിലാക്കണം.

'ചേട്ടന്‍ ഈ പറയുന്നതൊക്കെ ലോകത്തു വല്ലതും നടക്കുന്ന കാര്യം ആണോ' തിയറിട്ടിക്കല്‍ ആയി എന്തൊക്കെ പറയാം?'

പൂര്‍ണമായിട്ടും നടക്കുന്നതും കേരളത്തില്‍ ഒരു കാലത്ത് നടപ്പിലാക്കുമെന്ന് ഉറപ്പുള്ളതും ആയതാണ് ഈ കാര്യങ്ങള്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ബ്രിട്ടീഷ് എഴുത്തുകാരിയായിരുന്ന ബിയാട്രീസ്‌പോട്ടര്‍ അവിടുത്തെ കൃഷിസ്ഥലങ്ങളെ മറ്റുവികസനത്തിലേക്ക് പോകാതെ വിലകൊടുത്തുവാങ്ങിയും ദാനമായി മേടിച്ചും ദുരുപയോഗത്തിനുകടിഞ്ഞാണിട്ടു. സര്‍ ഡേവിഡ് അറ്റന്‍ബറോ പോട്രണ്‍ ആയിട്ടുള്ള വേള്‍ഡ് ലാന്റ് ട്രസ്റ്റ് സ്വകാര്യ ഭൂമി വിലക്കുവാങ്ങി മഴക്കാടുകളിലേക്ക് കൂട്ടിച്ചേര്‍ത്ത് പ്രകൃതിയുടെ (വനം, മൃഗം, വെള്ളം എന്നിങ്ങനെ പ്രകൃതിവിഭവങ്ങള്‍ എല്ലാം) സംരക്ഷണം നടത്തുന്നുണ്ട്.

എന്റെ അഭിപ്രായത്തില്‍ ഇങ്ങനെയൊരു പദ്ധതി കേരളത്തില്‍ കൊണ്ടുവരാന്‍ ഏറ്റവും പറ്റിയ സമയമാണിത്. നഗരവല്‍ക്കരണം കൂടുകയും കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണം ദിവസേന കുറഞ്ഞു വരികയും ആണ്. ആയിരക്കണക്കിന് ഏക്കര്‍ സ്ഥലമാണ് ഇപ്പോള്‍ തരിശായിക്കിടക്കുന്നത്. സ്ഥലം ചെറുതായോ വലുതായോ വാങ്ങിക്കൂട്ടുന്നവര്‍ ഭൂരിഭാഗത്തിനും അത് വിലകൂട്ടിവില്‍ക്കുന്ന സ്‌പെക്കുലേഷന്‍ പരിപാടിയല്ലാതെ അതിനെ ഒരു പ്രകൃതി വിഭവം ആയി ഉപയോഗിക്കാനുള്ള ഒരു പരിപാടിയും ഇല്ല. നമ്മുടെ നാട്ടിലെ സ്ഥലത്തിന്റെ ഭൂപ്രകൃതിയും കിടപ്പും എല്ലാം വെച്ച് സമഗ്രമായ ഒരു ലാന്റ് യൂസ് പ്ലാനിംഗ് മാപ്പ് ഉണ്ടാക്കുകയും അതില്‍ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിന് ആവശ്യമായ സ്ഥലങ്ങളുടെ വില്പനയും ഉപഭോഗവും കര്‍ശനമായി നിയന്ത്രിക്കുകയും ചെയ്താല്‍ ഈ സ്ഥലമെല്ലാം വാങ്ങിക്കൂട്ടുന്നവര്‍ അതു മലയാളിയാണെങ്കിലും മാര്‍വാറി ആണെങ്കിലും കിട്ടിയ വിലക്ക് വിറ്റ് സ്ഥലം വിടും. അതും കെട്ടിപ്പിടിച്ചിരിക്കാന്‍ അവര്‍ക്ക് ഭൂമിയോട് സ്‌നേഹമോ അച്ഛനപ്പൂപ്പന്‍മാരുടേതാണെന്ന വികാരമോ ഇല്ലല്ലോ.

തുമ്മാരുകുടി കഥകള്‍ വാങ്ങാം
തുമ്മാരുകുടി കഥകള്‍
 
(60%) (4 Votes)

 

 

Other News in this Section