ഞാന്‍ പുലിയല്ല കേട്ടോ
മുരളി തുമ്മാരുകുടി
Posted on: 19 Mar 2012

വെങ്ങോലയില്‍ ഒരു കാലത്ത് പുലിയുണ്ടായിരുന്നുവെന്ന് എന്റെ അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഒരു കാലത്ത് പശുക്കളെ രാവിലെ കറന്നതിനുശേഷം എരുമക്കാട്ടിലേക്കും ചുണ്ടമലയിലേക്കും അഴിച്ചു വിടുകയായിരുന്നു പതിവത്രെ. വൈകീട്ട് തിരിച്ച് പശുക്കള്‍ തൊഴുത്തില്‍ എത്തും. അങ്ങനെ ഇരുട്ടാകുന്ന നേരത്ത് പശുവിനെ കെട്ടാനും തൊഴുത്തടയ്ക്കാനും ചെന്ന അമ്മൂമ്മ തൊഴുത്തിലേക്ക് എത്തുന്ന തൊണ്ടില്‍ ഒരു പുള്ളിപ്പുലിയെ കണ്ടുവത്രെ.
ഇത് ഒരു നൂറ്റാണ്ടിലും പഴയ കഥയാണ്. ഇപ്പോള്‍ വെങ്ങോലയില്‍ എരുമയില്ല, കാടില്ല, മലയില്ല, തൊണ്ടില്ല. പശുക്കള്‍ ഉള്ള വീടു തന്നെ കുറഞ്ഞു. അപ്പോള്‍ പിന്നെ പുലി നാട്ടിലില്ല എന്നു പ്രത്യേകിച്ചു പറയാനില്ലല്ലോ.
ഇങ്ങനെ മണ്ഡലക്കാലത്ത് ഉടുക്കുകൊട്ടിപ്പാട്ടിലും, ടി.വി.സീരിയലിലും ശിവകാശി കലണ്ടറിലും മാത്രം പുലിയെക്കണ്ടിരുന്ന സമയത്താണ് രാജമാണിക്കം എന്ന സിനിമ കേരളത്തിലേക്ക് രണ്ട് അദൃശ്യശക്തികളെ തുറന്നുവിട്ടത്.
ഒന്നാമത് സുരാജ് വെഞ്ഞാറമൂട്. അദ്ദേഹത്തിന്റെ തല കാണാനില്ലെങ്കിലും അതിനുശേഷം സുരാജില്ലാത്ത സിനിമ കാണണമെങ്കില്‍ ഹോളിവുഡില്‍ പോകണം എന്ന സ്ഥിതിയായി. ആവര്‍ത്തനവിരസത കാരണം സുരാജിന്റെ തലകാണാന്‍ ഞാന്‍ മലയാള പടം ഇപ്പോള്‍ കാണാറില്ല.
രണ്ടാമത് മലയാളത്തിലേക്ക് രാജമാണിക്കം തുറന്നുവിട്ടത് ഒരു പുലിയെ ആണ്.
ഇവന്‍ പുലിയാണുകേട്ടോ?
അവന്‍ പുലി
പുലിയല്ല , സിംങ്കം
എന്നിങ്ങനെ ഭാഷ പുലിമയം ആയി.
കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും എന്നെ എന്റെ ശത്രുക്കള്‍പ്പോലും പുലിയാണെന്ന് വിളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഈ ഉള്ളവന്‍ പുലിയല്ല.
പക്ഷെ അടുത്തയിടക്കാണ് ഞാന്‍ പുലിയിലും വലിയ ഒരു സംഭവം ആണെന്ന് ഞാന്‍ അറിഞ്ഞത്. സത്യം പറഞ്ഞാല്‍ നിങ്ങള്‍ നടുങ്ങരുത്.
ഞാന്‍ ഒരു വ്യാളി ആണ്. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ഡ്രാഗണ്‍.
എന്റെ സ്ഥിരം വായനക്കാര്‍ക്കും ചൈനീസ് അസ്‌ട്രോളജിയെപ്പറ്റി അറിയാത്തവര്‍ക്കും ഇതെന്റെ സ്ഥിരം പുളു ആണെന്നേ തോന്നൂ.

പക്ഷെ ചൈനീസ് അസ്‌ട്രോളജിപ്രകാരം ഞാന്‍ ഒരു ഡ്രാഗണ്‍ ആണ്. ചൈനയില്‍ പുലിയില്ലാത്തതിനാല്‍ ഡ്രാഗണ്‍ പുലിയെക്കാള്‍ വലിയസംഭവം ആണെന്ന് പറയാന്‍ പറ്റില്ല. പക്ഷെ കോഴി മുതല്‍ കടുവ വഴി വ്യാളിയില്‍ എത്തുന്ന ആവാസ വ്യവസ്ഥയിലെ ഉന്നത ശീര്‍ഷന്‍ ആണ് ഡ്രാഗണ്‍. ഞാന്‍ ചില്ലറക്കാരന്‍ അല്ല എന്ന് മനസ്സിലായോ?
എങ്ങനെയാണ് ഞാന്‍ ഡ്രാഗണ്‍ ആയത്.?
ചൈനയിലെ വിശ്വാസപ്രകാരം ഓരോ ചൈനീസ് വര്‍ഷവും ഒരു ജീവിയുടേതാണ്. പാമ്പ്, മുയല്‍, കോഴി, പട്ടി, കടുവ എന്നിങ്ങനെ പന്ത്രണ്ട് ജീവികള്‍ ഉണ്ട് ഈ ലിസ്റ്റില്‍ പതിമൂന്നാം വര്‍ഷം മുതല്‍ അത് വീണ്ടും വരുന്നു.
2000 ഡ്രാഗന്റെ വര്‍ഷം ആയിരുന്നു. പക്ഷെ ഇത് ഇംഗ്ലീഷ് വര്‍ഷം അല്ല. ഏതാണ്ട് ജനവരി മൂന്നാമത്തെ ആഴ്ച മുതല്‍ ആണ് ഇത് തുടങ്ങുന്നത്. 2001 പാമ്പിന്റെ വര്‍ഷം, 2002 ഡ്രാഗന്റെ വര്‍ഷം എന്നിങ്ങനെ പോയി 2011 ല്‍ അവസാനിക്കുന്നു. പിന്നെ രണ്ടായിരത്തിപന്ത്രണ്ട് വീണ്ടും ഡ്രാഗന്റെ വര്‍ഷം ആകുന്നു.
ഓരോ മനുഷ്യനും അവര്‍ ജനിക്കുന്ന വര്‍ഷത്തെ ജീവിയുടെ സ്വഭാവവിശേഷങ്ങള്‍ ഉണ്ടാകുമെന്ന് ചൈനക്കാര്‍ വിശ്വസിക്കുന്നു. ഇന്ത്യയെപ്പോലെയോ ഒരു പക്ഷെ അതിലും പഴയതോ ആയ ഒരു സംസ്‌കാരം ആണല്ലോ ചൈനയിലേത്. അപ്പോള്‍ അവരുടെ പാരമ്പര്യവിശ്വാസങ്ങള്‍ നമ്മുടെ ജ്യോതിഷവും വാസ്തുവും പോലെ ശാസ്ത്രമാകാതിരിക്കാന്‍ തരമില്ല.
അന്ധവിശ്വാസങ്ങളുടെ ഒരു പ്രത്യേകത നല്ല കാര്യങ്ങളേക്കാള്‍ വേഗത്തില്‍ അത് മറ്റുള്ള സ്ഥലങ്ങളിലേക്ക് പ്രചരിക്കും എന്നതാണ്. അക്യുപംക്ചര്‍ പോലെ നല്ല പല പ്രസ്ഥാനങ്ങള്‍ ചൈനയില്‍ ഉണ്ടെങ്കിലും ഫെംഗ്ഷൂ പോലുള്ള തട്ടിപ്പു പരിപാടിക്കാണല്ലോ ഇന്ത്യയില്‍ ഏറ്റവും പ്രചാരം.
അതെന്തുമാകട്ടെ ചൈനക്കാര്‍ ഈ ഡ്രാഗണും പാമ്പും എല്ലാം വളരെ കാര്യമായിട്ടാണ് എടുക്കുന്നത്. നമ്മുടെ നാട്ടിലെപ്പോലെ വിവാഹത്തിന്റെയും കുട്ടികളുടെയും കാര്യത്തില്‍ ആണ് ഇത് ഏറ്റവും ഉപയോഗിക്കപ്പെടുന്നത്. നമ്മുടെ നാട്ടില്‍ കല്യാണത്തിനുമുന്‍പ് ജാതകം നോക്കുന്നത് പോലെ ചൈനീസ് വംശജര്‍ (ലോകത്ത് എവിടെയാണെങ്കിലും കല്യാണത്തിനോ അറേഞ്ച്ഡ് മാരീജ് ആണെങ്കില്‍) പ്രേമിക്കുന്നതിനോ മുന്‍പ് പങ്കാളി ഏത് വര്‍ഷത്തിലാണ് ജനിച്ചതെന്നും അതുകൊണ്ട് ഏത് ജീവിയാണെന്നും ഒക്കെ കണ്ടുപിടിക്കും അതനുസരിച്ച് ചില പൊരുത്തങ്ങള്‍ ഒക്കെ നോക്കുകയും ചെയ്യും. പല പൊരുത്തങ്ങളും കോമണ്‍സെന്‍സ് വച്ചുള്ളതാണ്. ഉദാഹരണത്തിന് പട്ടിയായ പുരുഷന്‍ കോഴിയായ സ്ത്രീയെ വിവാഹം ചെയ്താല്‍ വിവാഹ ജീവിതത്തില്‍ കടിപിടിയും കൊത്തിപ്പറിക്കലും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നത് അന്യായം അല്ലല്ലോ?
നമ്മുടെ ജാതകവും ചൈനീസ് വിശ്വാസവും തമ്മില്‍ ഉള്ള ഒരു വ്യത്യാസം അവിടെ ആളുകള്‍ക്ക് ഇഷ്ടപ്പെട്ട ഒരു ജീവിയുടെ വര്‍ഷത്തില്‍ കുട്ടികള്‍ ഉണ്ടാകാന്‍ ഉള്ള തയ്യാറെടുപ്പുകളും നടപടികളും നടത്താന്‍ പറ്റും എന്നതാണ്. അതായത് ഒരാള്‍ക്ക് ഒരു മുയല്‍ ബേബിയാണ് വേണമെന്നത് എങ്കില്‍ അതിന് 12 മാസം സമയം ഉണ്ട്.
ശരാശരി ബോധവും അത്യാവശ്യം ക്ഷമയും ഉണ്ടെങ്കില്‍ മാര്‍ച്ച് തൊട്ട് നവംബര്‍ വരെയുള്ള മാസങ്ങളില്‍ കുട്ടിയുണ്ടാകാന്‍ പാകത്തിന് പ്ലാന്‍ ചെയ്താല്‍ മതിയല്ലോ. നമ്മുടെ കാര്യത്തില്‍ അങ്ങനെ അല്ലല്ലോ. ഏതെങ്കിലും ഒരു ജന്മനക്ഷത്രം വേണമെങ്കില്‍ പോലും നമുക്ക് തിരഞ്ഞെടുക്കാന്‍ പറ്റില്ല. ഡോക്ടര്‍ക്ക് പൈസകൊടുത്തും മറ്റും സിസേറിയന്‍ ചെയ്ത് ചെറുകിട അഡ്ജസ്റ്റ്‌മെന്റുകള്‍ അല്ലേ നമുക്ക് പറ്റൂ.

ഇങ്ങനെയുള്ള ചൈനീസ് അന്ധവിശ്വാസം വ്യക്തിജീവിതത്തിലും സമൂഹത്തിനും പല ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ഉദാഹരണത്തിന് ഡ്രാഗണ്‍ വര്‍ഷത്തില്‍ കുട്ടിയുണ്ടാകുന്നത് ഏറ്റവും നല്ലതായാണ് ആളുകള്‍ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികള്‍ ഉണ്ടാകാന്‍ താല്പര്യമുള്ളവര്‍ ഡ്രാഗണ്‍ വര്‍ഷം വരാന്‍ പലപ്പോഴും കാത്തിരിക്കും. ഈ വര്‍ഷം ലോകത്തിലെ ചൈനീസ് വംശജരില്‍ ആകെ കുട്ടികളുടെ ചാകര (ബേബി ബും) ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ചൈനയിലെ കുട്ടികളുടെ മുലക്കുപ്പി മുതല്‍ നാപ്പി വരെ ഉണ്ടാകുന്ന കമ്പനികള്‍ അവരുടെ പ്രൊഡക്ഷന്‍ 20 ശതമാനം വരെ വര്‍ദ്ധിപ്പിച്ചുകഴിഞ്ഞു. ഗൈനക്കോളജിസ്റ്റുമാര്‍ക്കും ആശുപത്രികള്‍ക്കും ഏറെ അധികഭാരം വരുമെന്നും അതുകൊണ്ട് പല ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വേണ്ടപോലെ ശ്രദ്ധ ലഭിക്കില്ല എന്നും ഗവണ്‍മെന്റിനു പേടിയുണ്ട്. ഏറ്റവും കഷ്ടം ഈ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ആണ്.
സാധാരണ വര്‍ഷത്തേക്കാള്‍ 15-20 ശതമാനം കുട്ടികള്‍ ഒറ്റയടിക്ക് സ്‌കൂള്‍ അഡ്മിഷന്‍ തേടി വന്നാല്‍ നഴ്‌സറി മുതല്‍ ഉപരിപഠനം വരെയുള്ള എല്ലാ ക്ലാസുകളിലും മത്സരം ഏറുമല്ലോ.
മുന്‍പ് പറഞ്ഞതുപോലെ അന്ധവിശ്വാസങ്ങള്‍ പടരുമല്ലോ. നിങ്ങള്‍ ഈ ചൈനീസ് കലണ്ടറില്‍ വിശ്വസിക്കുന്നുണ്ടോ ഞാന്‍ മയൂമിയോടു ചോദിച്ചു. എന്റെ ജപ്പാനിലെ സഹപ്രവര്‍ത്തകയാണ് അവര്‍
എനിക്ക് പൂര്‍ണ വിശ്വാസം ഇല്ല. എന്നാലും പാമ്പിന്റെ വര്‍ഷത്തില്‍ ഒരു പെണ്‍കുട്ടിയുണ്ടാകാന്‍ എനിക്ക് താല്പര്യം ഇല്ല. അവള്‍ പറഞ്ഞു.
ഈ പാമ്പും പെണ്‍കുട്ടികളും തമ്മിലുള്ള പ്രത്യേക കുഴപ്പം എന്തെന്ന് എനിക്ക് മനസ്സിലായില്ല. എന്നാലും സാങ്കേതികമായും വിദ്യാഭ്യാസപരമായും മുന്നില്‍ നില്‍ക്കുന്ന സമൂഹത്തില്‍ പോലും കലണ്ടറിലെ പാമ്പിനെപ്പറ്റി ഇത്ര പേടി നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന പാമ്പ് പെണ്‍കുട്ടിയുടെ ഇരുളടഞ്ഞ ഭാവിയെക്കരുതി അതുവേണ്ടെന്നുവെക്കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കാന്‍ വഴിയുണ്ട്.
ഞങ്ങളുടെ നാട്ടില്‍ പാമ്പായ ആണുങ്ങള്‍ ധാരാളം ഉണ്ട്. ബിവറേജസിലും വഴിയരികിലും കാണാം എന്നു പറയണം എന്നു തോന്നി പറഞ്ഞില്ല.
ഇന്ത്യയില്‍ ഭാഗ്യത്തിന് ഈ ചൈനീസ് മണ്ടത്തരം എത്തിച്ചേര്‍ന്നിട്ടില്ല. പക്ഷെ ഫെംഗ് ഷൂയുമും ഓജോ ബോര്‍ഡും ഒക്കെ ഇറക്കുമതി ചെയ്യുകയും തഴച്ചു വളരുകയും ചെയ്യുന്ന നമ്മുടെ നാട്ടില്‍ അതിവിദൂരം അല്ലാത്ത ഭാവിയില്‍ ഇതും എത്തിച്ചേരും എന്നതിന് എനിക്ക് ഒരു സംശയവും ഇല്ല.
ചേട്ടനിത് മണ്ടത്തരം ആണെന്നൊക്കെ പറയാം, കാരണം ചേട്ടന്‍ ഡ്രാഗണ്‍ ആണല്ലോ. ഡ്രാഗണ്‍ ആയ ആണുങ്ങള്‍ക്ക് ധനം തൊട്ട് സ്ത്രീ വിഷയങ്ങളില്‍ വരെ ഉന്നതിയാണ്.
മുരളി ഈ വര്‍ഷം ചുവന്ന അണ്ടര്‍വെയര്‍ ഇട്ടാല്‍ മതി. ചൈനയില്‍ നിന്നുള്ള എന്റെ സുഹൃത്തിന്റെ ഉപദേശം. എന്റെ അണ്ടര്‍വെയറിന്റെ കളറിന്റെ കാര്യത്തില്‍ ഇവള്‍ക്കെന്തു താല്പര്യം എന്നു ഞാന്‍ കരുതി.
ഡ്രാഗണ്‍ ആയ ആളുകള്‍ ഡ്രാഗണ്‍ വര്‍ഷത്തില്‍ ചുവന്ന അടിവസ്ത്രം ധരിക്കുന്നത് ഏറ്റവും ഐശ്വര്യ പൂര്‍ണം ആണ് അവള്‍ പറഞ്ഞു.
ഈ വിശ്വാസം അത്ര പുരാതനം ആണോ എന്നെനിക്കറിയില്ല. എന്നാണ് ചൈനക്കാര്‍ (ഇന്ത്യക്കാര്‍) അടിവസ്ത്രം ധരിക്കാന്‍ തുടങ്ങിയത് ? ഏതാണെങ്കിലും ഞാന്‍ ഒന്നു തീരുമാനിച്ചു ഈ തവണ നാട്ടില്‍ പോകുമ്പോള്‍ ഒരു ഡസന്‍ ചുവന്ന വി.ഐ.പി.വാങ്ങുക.
അതിനു ചേട്ടനല്ലേ പറഞ്ഞത് ഇതൊക്കെ അന്ധവിശ്വാസം ആണെന്ന്. ചേട്ടനിതിലൊക്കെ വിശ്വസിക്കുന്നുണ്ടോ?
എന്റെ മോനേ, ഇതില്‍ എന്റെ വിശ്വാസത്തിന് എന്തു സ്ഥാനം ഏതാണെങ്കിലും അണ്ടര്‍വെയര്‍ ധരിക്കണമല്ലോ. അതു ചുവപ്പായതുകൊണ്ട് കാള കുത്താന്‍ ഒന്നും വരികയില്ലല്ലോ. ഈ ചൈനീസ് വിശ്വാസം മണ്ടത്തരം ആയാല്‍ ചുവപ്പ് അണ്ടര്‍ വെയര്‍ കൊണ്ട് എനിക്ക് ഒരു ദോഷവും ഇല്ല.
അഥവാ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഈ വിശ്വാസത്തില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ അതു ഒരു അണ്ടര്‍വെയറിന്റെ പേരില്‍ ചുമ്മാ കളയണോ?
ഞാന്‍ ഇവിടെയൊക്കെത്തന്നെ കാണും. ചൈനീസ് ശാസ്ത്രത്തിന്റെ ഫലം അടുത്ത ഫിബ്രവരിയില്‍ പറയാം.
തുമ്മാരുകുടി കഥകള്‍ വാങ്ങാം
തുമ്മാരുകുടി കഥകള്‍
(36%) (5 Votes)
Explore Mathrubhumi
Other News in this Section





