LATEST NEWS

Loading...

Custom Search
+ -

ഫ്രീസറിലെ പാമ്പ്‌

മുരളി തുമ്മാരുകുടി

Posted on: 09 Mar 2012

 


നായന്മാരുടെ അട്ടിപ്പേര്‍ അവകാശത്തിന്‍മേല്‍ ഉള്ള ചര്‍ച്ച നടക്കുകയാണല്ലോ. ഒരു നായരായി ജനിച്ചതിനാല്‍ അതില്‍ എനിക്കു വലിയ താല്പര്യം ഇല്ല. പക്ഷെ അട്ടിപ്പേര്‍ എന്ന വാക്കിന്റെ അര്‍ത്ഥം അറിയാന്‍ താല്പര്യം ഉണ്ടുതാനും.

നായരായി ജനിച്ചതുകൊണ്ടും വളര്‍ന്നതുകൊണ്ടും ഉള്ള ഒരു പ്രത്യേകത ഈ പാമ്പുകളോടുള്ള പ്രത്യേകതാല്പര്യം ആണ്. എങ്ങനെയോ നായന്‍മാര്‍ സര്‍പ്പാരാധകരായി. മിക്കവാറും നായര്‍ തറവാടുകളില്‍ ഒരു സര്‍പ്പക്കാവുണ്ട്. കൊല്ലത്തിലൊരിക്കല്‍ സര്‍പ്പത്തിനു കൊടുക്കുക എന്ന ചടങ്ങും ഉണ്ട്. ഞാന്‍ വളര്‍ന്ന സാഹചര്യത്തില്‍ പക്ഷെ സാങ്കല്പിക സര്‍പ്പത്തെയാണ് ഞങ്ങള്‍ ആരാധിച്ചിരുന്നത്. യഥാര്‍ത്ഥ സര്‍പ്പങ്ങളെ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ അടിച്ചു കൊല്ലുക. അതു കഴിഞ്ഞാല്‍ അതിന്റെ തലയില്‍ മൂത്രമൊഴിക്കുക (അപ്പോള്‍ പാമ്പ് പിന്നെയും ഒന്നനങ്ങും) എന്നിങ്ങനെയുള്ള ക്രൂര ഗ്രാമീണ വിനോദങ്ങളില്‍ ഞാനും പങ്കാളിയായിട്ടുണ്ട് (നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്നല്ലേ.)

പാമ്പുകളെപ്പറ്റി കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞത് പക്ഷെ ബ്രൂണൈയിലെ താമസത്തിന് ഇടക്ക് ആയിരുന്നു. ശരിക്കും ഒരു കാടിന്റെ നടുക്കാണ് ആയിരക്കണക്കിന് ജോലിക്കാര്‍ക്ക് വേണ്ടി കമ്പനി അവരുടെ കോളനി ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ ഇടക്കിടക്ക് വീടുകളില്‍ പാമ്പുകള്‍ പ്രത്യക്ഷപ്പെടുക എന്നത് ഒരു അപൂര്‍വത അല്ലായിരുന്നു. പാമ്പിന്റെ ശല്യം സഹിക്കവയ്യാത്തതിനാല്‍ രണ്ടു പാമ്പുപിടുത്തക്കാരെ കമ്പനി ചിലവില്‍ നിയമിച്ചിരുന്നു. കമ്പനിയുടെ എന്‍വയോണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേധാവി എന്ന നിലയില്‍ ഈ പാമ്പു പിടുത്തം പലപ്പോഴും എന്റെ ഉത്തരവാദിത്വവും ആയിരുന്നു.

ഇതില്‍ നിന്നും ഞാന്‍ പലകാര്യങ്ങള്‍ പഠിച്ചു. ഒന്നാമത്തേത് പാമ്പിനെ പിടിക്കാന്‍ നമ്മള്‍ സാധാരണ ചെയ്യുന്ന പോലെ റിസ്‌ക് എടുക്കേണ്ട കാര്യം ഒന്നും ഇല്ല. കൃത്യമായ ഉപകരണങ്ങള്‍ അതിനുണ്ട്. അതുപയോഗിച്ച് പാമ്പിനെ പിടിച്ചാല്‍ പാമ്പിനോ നമുക്കോ ആപത്തുണ്ടാകില്ല. http://www.snakehandler.com.au എന്ന സൈറ്റില്‍ ഇതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഉണ്ട്. കേരളത്തില്‍ മാര്‍ക്കറ്റ് ചെയ്യപ്പെടേണ്ട ഒരു വസ്തുവാണ് ഇത്.

രണ്ടാമത് വിവിധ പാമ്പുകളുടെ സ്വഭാവരീതികള്‍. തെക്കു കിഴക്കേ ഏഷ്യയില്‍ കാണപ്പെടുന്ന പിറ്റ് വൈപര്‍ എന്ന പാമ്പ് പലതുകൊണ്ടും വ്യത്യസ്തമാണ്. ഒന്നാമതായി ഇതിന്റെ തലയില്‍ ഒരു ബില്‍റ്റ് ഇന്‍ ഇന്‍ഫ്രാറെഡ് കാമറ ഉണ്ട്. അതുകൊണ്ട് രാത്രി പോലും ഉഷ്ണരക്തമുള്ള ഇരയെ കണ്ടെത്താന്‍ ഇതിനുപറ്റും. രണ്ടാമതായി ഇതിന് മുന്നോട്ടും പിന്നോട്ടും അതിവേഗത്തില്‍ ആഞ്ഞ് കടിക്കാന്‍ പറ്റും. തായ്‌ലാന്റില്‍ മറ്റെല്ലാ പാമ്പുകടിയേല്കുന്നവരിലും കൂടുതല്‍ പേര്‍ പിറ്റ് വൈപ്പറിന്റെ കടിയാണത്രെ കൊള്ളുന്നത്. പക്ഷെ ഇതിന്റെ പ്രധാനസ്വഭാവം അതിന്റെ അലസതയാണ്. ഒരാഴ്ച മുഴുവന്‍ അനങ്ങാതെ ഇരിക്കാന്‍ ഇദ്ദേഹത്തിനു പറ്റും എന്നുമാത്രമല്ല അതാണിഷ്ടവും. ഇതെന്നെ ബോധ്യപ്പെടുത്തിയത് അവിടുത്തെ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ആയ ഡോക്ടര്‍ ചാള്‍സ് ആണ്. അദ്ദേഹം ഒരു ദിവസം വനത്തില്‍ പോയപ്പോള്‍ ഒരു പിറ്റ് വൈപ്പര്‍ മരത്തിലിരിക്കുന്നതുകണ്ടു ഞങ്ങളോട് അതിനെപ്പറ്റി വര്‍ണിച്ചു. ഈ പാമ്പ് തീരെ മടിയന്‍ ആണെന്നും അടുത്തകാഴ്ചയും അവിടെത്തന്നെ കാണുമെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ പുളുവായേ ഞങ്ങള്‍ക്ക് തോന്നിയുള്ളൂ. ഏതാണെങ്കിലും ഒരു ബെറ്റു വെച്ച് അടുത്താഴ്ച ഞങ്ങള്‍ കാടു കയറി ചെന്നു നോക്കിയപ്പോള്‍ മരത്തിനുമേല്‍ അതുപോലെ വളഞ്ഞിരുന്നു നമ്മുടെ സ്‌നേഹിതന്‍.

ഈ പിടിക്കുന്ന പാമ്പിനെ എല്ലാം പൊതുവെ കാട്ടില്‍ കൊണ്ടു കളയുക ആയിരുന്നു പതിവ് (എന്നു വെച്ചാല്‍ അല്പം ദൂരെ). ആയിടക്കാണ് ഹാന്‍സ് ഡോള്‍സ് എന്ന ഡച്ചുകാരന്‍ കമ്പനിയില്‍ വന്നത്. പാമ്പുപരിപാലനം ആയിരുന്നു അദ്ദേഹത്തിന്റെ ഹോബി. ഈ പാമ്പുപിടുത്തക്കാരും ആയുള്ള ഒരു എഗ്രിമെന്റിന്റെ പുറത്ത് എവിടെ പാമ്പിനെ കിട്ടിയാലും അദ്ദേഹം പോയി സ്വന്തം വീട്ടിലേക്ക് കൊണ്ടുവരും.

ഈ പാമ്പിനെ ഒക്കെ താന്‍ എന്തു ചെയ്യുന്നു - ഒരിക്കല്‍ ഞാന്‍ ചോദിച്ചു.
ഞാന്‍ എന്തുചെയ്യാന്‍, കുറേ പടം ഒക്കെ എടുത്തിട്ട് ഗാര്‍ഡനില്‍ വിടും. അത് അതിന്റെ വഴിക്ക് പൊയ്‌ക്കോളും.
ഏതാണെങ്കിലും ഹാന്‍സിന് അയല്‍ക്കാര്‍ കുറവായിരുന്നു.
മുരളി എനിക്കൊരു മൂര്‍ഖന്‍ പാമ്പിനെകിട്ടിയിട്ടുണ്ട്. മുരളി ഒന്നു വന്നു കാണണം.- ഹാന്‍സ് എന്നെ ഒരിക്കല്‍ അത്യാവശ്യമായി ടെലഫോണില്‍ വിളിച്ചു.
എവിടെയാണ്- ഓഫീസ് സമയം ആയതിനാല്‍ ഞാന്‍ ചോദിച്ചു.
ഓഫീസില്‍ വന്നാല്‍ മതി.
ഞാന്‍ നേരെ ഷെല്ലിന്റെ കോര്‍പ്പറേറ്റ് ഹെഡ് ഓഫീസിലെ സീനിയര്‍ ജിയോളജിസ്റ്റിന്റെ റൂമില്‍ എത്തി. ഹാന്‍സ് അവിടെ വലിയ രണ്ടുകമ്പ്യൂട്ടര്‍ സ്‌ക്രീനും നോക്കി ഇരിക്കുകയാണ്.
പാമ്പെവിടെ- ഞാന്‍ ചോദിച്ചു.
ഇവിടെത്തന്നെ എന്നു പറഞ്ഞ് അദ്ദേഹം മേശപ്പുറത്തെ ചുരുട്ടിവെച്ച മാപ്പിനകത്തു നിന്നും ഒരു 2.5 ലിറ്ററിന്റെ കൊക്കോകോളകുപ്പി പുറത്തെടുത്തു. അതിനകത്ത് ചുരുണ്ടു ഞെരുങ്ങി കോപാക്രാന്തനായി ഒരു ചെറിയ മൂര്‍ഖന്‍!

സംഗതി ഇതാണ്. ഹാന്‍സിന്റെ ഒരു സഹപ്രവര്‍ത്തകന്റെ (ആ നാട്ടുകാരനാണ്, വീട് നൂറുകിലോമീ്റ്റരര്‍ ദൂരെ) വീട്ടില്‍ കിട്ടിയതാണീ മൂര്‍ഖനെ. ഹാന്‍സിന്റെ പാമ്പിനോടുള്ള ഇഷ്ടം മനസ്സിലാക്കി ഒരു സമ്മാനമായി കൊണ്ടുവന്നതാണ്.

അറിയാതെ ആണെങ്കിലും ഞാന്‍ ഇങ്ങനെ ഒരു പാമ്പുശേഖരണത്തിന് ഉത്തരവാദി ആയി.
ബ്രൂണൈയില്‍ പുതുതായി എത്തിയ ഒരു ചെറുപ്പക്കാരനായ ബ്രിട്ടീഷുകാരന്‍ എന്നോടു പറഞ്ഞിരുന്നു.- മുരളി ഞാന്‍ മൂര്‍ഖനെ നേരില്‍ കണ്ടിട്ടില്ല, മുരളി എവിടെയെങ്കിലും കണ്ടാല്‍ എന്നെ വിളിക്കണം.

ഒരു ദിവസം ഫീല്‍ഡ് വിസിറ്റിനു പോയ ഞാന്‍ വണ്ടികയറി ചത്തു കിടക്കുന്ന ഒരു വലിയ മൂര്‍ഖന്‍ പാമ്പിനെ കണ്ടു. ഉടനെ ക്രിസ് ബാരിയെ വിളിക്കുകയും ചെയ്തു. ക്രിസിന് ആകെ സന്തോഷമായി. യൂറോപ്യന്‍ രാജ്യങ്ങളില്‍ പാമ്പ് തീരെകുറവ്. മൂര്‍ഖനെ കാണണമെങ്കില്‍ യൂ ട്യൂബില്‍ നോക്കണം.

ഞാന്‍ ഇത് വീട്ടില്‍ കൊണ്ടു പോകട്ടെ എന്റെ കുട്ടികളെ കാണിക്കണം. എന്നു പറഞ്ഞ് ക്രിസ് ആ പാമ്പിനെ ഒരു കൂട്ടിലാക്കി വീട്ടില്‍ കൊണ്ടുപോയി.

ഒരു മാസത്തിനുശേഷം ഒരു വിരുന്നിനിടയില്‍ ഞാന്‍ ക്രിസ് ബാരിയുടെ ഭാര്യയെ കണ്ടു. ക്രിസ് എന്നെ സ്‌നേഹപൂര്‍വം പരിചയപ്പെടുത്തി.
-ഇതു മുരളി..
-അതു ശരി ഞാനിയാളെ ഒന്നു കാണണം എന്നു വിചാരിച്ചിരിക്കുകയായിരുന്നു. ഇനി എന്നെങ്കിലും പാമ്പോ മുതലയോ ഒക്കെ കണ്ടാല്‍ ആദ്യം എന്നെ വിളിച്ചു പറയണം. അല്ലെങ്കില്‍ എന്റെ ജീവന്‍ പോകും.

സംഗതി എന്താണെന്ന് എനിക്കു മനസ്സിലായില്ല. പന്തികേടാണെന്നു മാത്രം മനസ്സിലായി. പിറ്റേന്ന് ക്രിസ് ആ കഥ വിവരിച്ചു.

മൂര്‍ഖന്റെ ശവം ക്രിസ് വീട്ടില്‍ കൊണ്ടുപോയി എല്ലാവരേയും കാണിച്ചു. അപ്പോഴാണ് അടുത്താഴ്ച അദ്ദേഹത്തിന്റെ അച്ഛന്‍ ലണ്ടനില്‍ നിന്നും അങ്ങോട്ടുവരുന്നുണ്ട് എന്ന കാര്യം ക്രിസ് ഓര്‍ത്തത്. എന്നാല്‍ ഇത് അദ്ദേഹത്തേയും കാണിക്കണം എന്ന് ക്രിസിനു തോന്നി. (പാമ്പിനെ തലങ്ങും വിലങ്ങും കാണുന്ന നമുക്ക് ഒരു മൂര്‍ഖനെ കയ്യില്‍ കിട്ടിയാല്‍ യൂറോപ്യന്‍മാര്‍ക്കുള്ള സന്തോഷം മനസ്സിലാവാന്‍ ബുദ്ധിമുട്ടാണ്) അതിനദ്ദേഹം കണ്ട പോംവഴി വീട്ടിലെ ഫ്രീസറില്‍ അതിനെ ഒരു പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞു വെക്കുക എന്നതാണ്. ഭാര്യയോടു പറഞ്ഞാല്‍ ഇത് സമ്മതിക്കില്ല എന്നറിയാമായിരുന്നതു കാരണം അദ്ദേഹം അതു പറഞ്ഞില്ല.

അമ്മായിയപ്പനും അമ്മായിയമ്മയും വീട്ടില്‍ വരുന്നതു പ്രമാണിച്ച് ക്രിസിന്റെ ഭാര്യ മെലിന്റയും തയ്യാറെടുപ്പില്‍ ആയിരുന്നു. ഒരു മാസത്തേക്ക് ആവശ്യമായ മാംസവും എല്ലാം വാങ്ങണം. അതിനു മുന്നോടിയായി ഫ്രീസര്‍ ഒന്നു കാലിയാക്കണം. ക്രിസ് ഓഫീസില്‍ പോയ സമയത്താണ് മെലിന്റക്ക് ആ പണി ചെയ്യാന്‍ തോന്നിയത്. ഫ്രീസര്‍ ക്ലീന്‍ ചെയ്തു വന്നപ്പോള്‍ അതിനകത്ത് ഒരു വലിയ പ്ലാസ്റ്റിക് ബാഗ്. അതെന്തെന്നറിയാന്‍ തുറന്നു നോക്കിയ മെലിന്റ ബോധം കെട്ടു വീണു.

ശേഷം ക്രിസിന്റെ വീട്ടില്‍ നടന്നത് ചിന്ത്യം. അതിന്റെ ബാക്കിയാണ് ഒരു മാസം കഴിഞ്ഞ് എനിക്കു കിട്ടിയത്.
ക്രിസും മെലിന്റയും കുട്ടികളും ഇപ്പോഴും എന്റെ സുഹൃത്തുക്കള്‍ ആണ്. പക്ഷെ ഞാന്‍ പിന്നെ ഒരു പാമ്പിനെയും അദ്ദേഹത്തെ കാണിച്ചില്ല.

തുമ്മാരുകുടി കഥകള്‍ വാങ്ങാം
തുമ്മാരുകുടി കഥകള്‍
 



(48%) (5 Votes)

 

 

Other News in this Section