അസാധ്യമായി ഒന്നുമില്ല
മുരളി തുമ്മാരുകുടി
Posted on: 27 Dec 2011

'അസാധ്യമായി ഒന്നുമില്ല' എന്നു ഞാന്‍ പഠിച്ചത് രണ്ടിലോ മൂന്നിലോ ഒരു മലയാളം പാഠത്തില്‍ ആണ്. നെപ്പോളിയന്‍ ചക്രവര്‍ത്തിയെപ്പറ്റിയായിരുന്നു കഥ. ഒരു ചെറിയ ദ്വീപില്‍ സാധാരണക്കാരനായി ജനിച്ച കുറുകിയ ഒരു മനുഷ്യന്‍ കഴിവും കഠിനാധ്വാനവുംകൊണ്ട് ഒരു കാലത്ത് യൂറോപ്പിനെയാകെ അടക്കി ഭരിച്ച ചക്രവര്‍ത്തി ആയതായിരുന്നു കഥ.
എനിക്ക് ഈ രാജാക്കന്‍മാരെ തീരെ ഇഷ്ടമല്ല. ചക്രവര്‍ത്തിമാരുടെ കാര്യം ആണെങ്കില്‍ പറയാനും ഇല്ല. ചുമ്മാ നാട്ടുകാരുടെ ചിലവില്‍ പുട്ടടിച്ച് സ്തുതി പാഠകര്‍ ഉണ്ടാക്കിയ അത്ഭുതകഥകളിലൂടെ സ്റ്റാര്‍ ആകുന്നവരാണ് ഇവര്‍ എന്നാണ് എന്റെ അഭിപ്രായം. നെപ്പോളിയന്‍ പക്ഷെ അങ്ങനെ അല്ലായിരുന്നു. ജന്മം കൊണ്ട് ചക്രവര്‍ത്തി ആയ ആളല്ല. ഒരു സാധാരണ പട്ടാളഓഫീസര്‍ ആയിട്ടാണ് അദ്ദേഹം രാജ്യസേവനം ആരംഭിച്ചത്. നെപ്പോളിയന്‍ പഠിച്ച ആര്‍മി സ്‌കൂള്‍ ഇപ്പോള്‍ പാരീസില്‍ ഒരു മ്യൂസിയം ആണ് (ഈ പാരീസുനിറയെ മ്യൂസിയം ആണ്, മുന്നൂറില്‍ കൂടുതല്‍ വരും).
എന്നിട്ടും എനിക്ക് അസാധ്യമായി ഒന്നും ഇല്ല എന്ന് നെപ്പോളിയന്റെ കഥ വായിച്ചപ്പോള്‍ തോന്നിയില്ല. നമ്മെക്കാള്‍ വളരെ ദൂരെ നില്ക്കുന്നവരെ റോള്‍ മോഡല്‍ ആക്കിയാല്‍ അവരെ ആരാധിക്കാനല്ലാതെ അനുകരിക്കാന്‍ നമുക്ക് ധൈര്യം വരില്ല. റോള്‍ മോഡല്‍ ആക്കുന്നത് നമുക്ക് എത്തിയാല്‍ പിടിക്കാന്‍ പറ്റും എന്നു തോന്നുന്നവരെ ആക്കണം. എത്തിപ്പിടിച്ചുകഴിഞ്ഞാല്‍ കുറച്ചുകൂടെ ഉയരത്തില്‍ നോക്കുക.
അസാധ്യമായി ഒന്നുമില്ല എന്ന് എന്നെ പ്രായോഗികമായി പഠിപ്പിച്ചത് നാഗ്പൂരിലെ ശേഖരന്‍ നായര്‍ ആണ്. നാഗ്പൂരിലെ അറിയപ്പെട്ട പാചകക്കാരന്‍ ആയിരുന്നു അദ്ദേഹം. കൂടാതെ ഞങ്ങള്‍ ബാച്ചിലര്‍ ആയിട്ടുള്ള മലയാളികള്‍ക്ക് വേണ്ടി ഒരു മെസ്സും നടത്തുന്നുണ്ടായിരുന്നു. എന്നും വൈകീട്ട് ഞങ്ങള്‍ കൂട്ടുകാര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകും. അദ്ദേഹം ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി അപാരം ആയിരുന്നു. 64 കിലോയും ആയി നാഗ്പൂരില്‍ എത്തിയ ഞാന്‍ ഒരു വര്‍ഷം കഴിഞ്ഞ് സ്ഥലം വിടുമ്പോള്‍ എഴുപത്താറുകിലോ ആയിരുന്നു. അതിന്റെ ഒരേ ഒരു കാരണം ശേഖര്‍മാമയുടെ മെസ് ആയിരുന്നു.
ഞങ്ങള്‍ കുറച്ചുപേര്‍ക്ക് ഭക്ഷണം വെച്ചു തരുന്നത് അദ്ദേഹത്തിന് ഒരു ബിസിനസ് ഒന്നും അല്ലായിരുന്നു. ഞങ്ങളുടെ ബുദ്ധിമുട്ടോര്‍ത്ത് ഒരു നല്ല കാര്യം 'ഞങ്ങള്‍ ഇവിടെ ഏതായാലും ആറേഴുപേര്‍ക്ക് (സ്വന്തം കുടുംബത്തിന്) ഭക്ഷണം ഉണ്ടാക്കുന്നുണ്ടല്ലോ നിങ്ങള്‍ വന്നാല്‍ ഒരു അസൗകര്യവും ഇല്ല എന്നാണ് അദ്ദേഹം പറയാറ്.
നാഗ്പൂരിലെ ആ കാലത്തെ എന്തുമലയാളി പരിപാടിക്കും പ്രധാന പാചകക്കാരന്‍ ശേഖരന്‍ നായര്‍ ആയിരുന്നു. അത് 50 പേരുള്ള ഒരു പിറന്നാള്‍ സദ്യ ആയാലും 5000 പേര്‍ വരുന്ന അവിടുത്തെ 'ശബരിമല' ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്കായാലും. ശേഖരന്‍ നായരെ എല്ലാവരും അറിയും, അദ്ദേഹത്തിന്റെ ഭക്ഷണത്തേയും.
നല്ല ഭക്ഷണവും നല്ല ഭക്ഷണം വെയ്ക്കുന്നവരേയും എനിക്ക് എന്നും ഇഷ്ടമാണ്. എന്റെ അച്ഛന്‍ ഫാക്ട് കാന്റീനിലെ ഒരു ജീവനക്കാരന്‍ ആയിരുന്നു. അച്ഛന്റെ പാചകം അതീവരുചികരവും ആയിരുന്നു. എല്ലാ വിശേഷദിവസവും അച്ഛനാണ് പാചകത്തിന് മുന്‍കൈയെടുക്കാറ്. അച്ഛനോട് മത്സരിക്കാനില്ലെങ്കിലും അത്യാവശ്യം പാചകമൊക്കെ ഇപ്പോള്‍ എനിക്കും വശമാണ്.
പക്ഷെ ശേഖരന്‍നായരെകാണുന്ന സമയത്ത് എനിക്ക് പാചകത്തെപ്പറ്റി ഒന്നും അറിയില്ല. അത് എന്നെക്കൊണ്ട് നടക്കുന്ന കാര്യം ആണെന്നും തോന്നലില്ല.
ഒരു ദിവസം ഞാന്‍ ശേഖരന്‍ നായരോടുചോദിച്ചു.
'മാമന്‍ എവിടെന്നാണ് പാചകം പഠിച്ചത്'
എന്റെ മോനെ, ഞാന്‍ ഇത് പഠിച്ചതൊന്നും അല്ല. വീട്ടിലെ ദാരിദ്ര്യം മൂലം നാടുവിട്ട് നാഗ്പൂരില്‍ എത്തി. എനിക്കന്ന് ഒരു ചെരുപ്പോ എന്തിന് ഒരു ഷര്‍ട്ട് പോലുമോ ഇല്ല. എന്റെ നാട്ടുകാരില്‍ ഒരാള്‍ ഇവിടെ ഉണ്ടായിരുന്നു. എന്നെ കാണുമ്പോള്‍ ഒക്കെ നാഗ്പൂരില്‍ എത്തിയാല്‍ എന്തെങ്കിലും ശരിയാക്കാം എന്ന് പറയാറും ഉണ്ട്. അങ്ങനെ ഒരു നാള്‍ വീട്ടിലെ പട്ടിണികണ്ട് മടുത്ത് ഞാന്‍ വണ്ടി കയറി.
'എന്റെ സുഹൃത്തിനു ഇവിടെ വലിയ പിടിപാടൊന്നും ഇല്ലായിരുന്നു. എങ്കിലും എന്നെ അയാള്‍ വെറുതെ വിട്ടില്ല. ഇവിടെ അന്നൊരു ഇന്ത്യന്‍ കോഫി ഹൗസ് ഉണ്ട്. അവിടെ എത്തിച്ചു എന്തെങ്കിലും ജോലി കൊടുക്കണമെന്ന് മാനേജരോടു പറഞ്ഞു.
' ഇവിടെ ഇപ്പോള്‍ ജോലിയൊന്നും ഇല്ല. പക്ഷെ അരിയും ഉഴുന്നും ആട്ടുന്ന പ്രഭാകരന്‍ അടുത്ത ദിവസം ലീവിനു വീട്ടില്‍ പോവുകയാണ്. അപ്പോള്‍ വന്നാല്‍ രണ്ടുമാസത്തേക്ക് ഒരു പണി തരാം. രാത്രി ഇവിടെ കിടക്കുകയും ചെയ്യാം '.
'എനിക്കതൊരു സ്വര്‍ഗ്ഗം കിട്ടിയപോലെയായിരുന്നു. മൂന്നു നേരം ഭക്ഷണം ഞാന്‍ ആദ്യമായാണ് കഴിക്കുന്നത്. കൂടെയുള്ള ജോലിക്കാര്‍ ഭൂരിഭാഗവും മലയാളികള്‍. പണിയെടുക്കുന്നത് അന്നും ഇന്നും എനിക്കൊരു ബുദ്ധിമുട്ടല്ല.'
'അങ്ങനെ ഒന്നു രണ്ടുമാസംകൊണ്ട് ഞാന്‍ അല്ലറ ചെറിയ ഹിന്ദിയും മറാഠിവാക്കും ഒക്കെപഠിച്ചു. ഒന്നു രണ്ടു ഷര്‍ട്ടും ചെരുപ്പും ഒരു ട്രങ്ക് പെട്ടിയും ഒക്കെയായി. പക്ഷെ പ്രഭാകരന്‍ നാട്ടില്‍ നിന്നും വരുന്നതോര്‍ത്ത് എല്ലാവര്‍ക്കും വിഷമമായി എന്നെ എന്തുചെയ്യും. ഏതാണെങ്കിലും നാട്ടിലേക്കില്ല.'
എന്റെ ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ അതിനിടക്ക് നാഗ്പൂരിലെ കളക്ടറേറ്റില്‍ നിന്നും ഒരാള്‍ അവിടെ വന്നു. മാനേജരോട് സംസാരിച്ച കൂട്ടത്തില്‍ പുതിയതായി വന്ന സബ്കളക്ടര്‍ക്ക് ഒരു പാചകക്കാരനെ വേണമെന്ന് പറഞ്ഞു.
ഇന്ത്യന്‍ കോഫി ഹൗസിന്റെ മാനേജര്‍ക്ക് (മലയാളിയാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. സഖാവ് എ.കെ.ഗോപാലന്‍ രൂപം നല്‍കിയതിനാലാകണം ഇന്ത്യയില്‍ മുഴുവനുള്ള ഇന്ത്യന്‍ കോഫി ഹൗസുകളിലെ സ്റ്റാഫ് ഭൂരിഭാഗവും പണ്ട് മലയാളികള്‍ ആയിരുന്നു) ഒരു ഐഡിയ തോന്നി. 'ശേഖരന്‍ അവിടെ പോയി നില്കട്ടെ'
'അതിന് എനിക്ക് പാചകം ഒന്നും അറിയില്ലല്ലോ' ഞാന്‍ പറഞ്ഞു.
അതിനീ സര്‍ദാര്‍ജിക്ക് (സബ് കളക്ടര്‍ ഒരു സര്‍ദാര്‍ജിയാണെന്നും പുതിയതായി കല്യാണം കഴിച്ചതാണെന്നും ഒക്കെ മാനേജര്‍ അന്വേഷിച്ച് അറിഞ്ഞിരുന്നു.) നമ്മുടെ ദോശയും ഇഡ്ഢലിയും ഒക്കെ ആണത്രെ ഇഷ്ടം. അതു നല്ലതോ ചീത്തയോ എന്നെല്ലാം അയാള്‍ക്ക് വല്ലതും അറിയുമോ.
' എനിക്ക് വാസ്തവത്തില്‍ വിശ്വാസമോ ധൈര്യമോ ഉണ്ടായില്ല. എന്നാലും വീട്ടിലെ പട്ടിണി ഓര്‍ത്തപ്പോള്‍ രണ്ടും കല്പിച്ച് ഞാന്‍ അങ്ങ് സമ്മതിച്ചു. ഒരാഴ്ച കഴിഞ്ഞ് എന്റെ ട്രങ്ക് പെട്ടിയും ഒരു റിക്ഷയിലാക്കി ഞാന്‍ സബ്കളക്ടറുടെ ബംഗ്ലാവില്‍ എത്തി.

സര്‍ദാര്‍ജിയുടെ ഭാര്യ ഒരു തനി പഞ്ചാബി ആയിരുന്നു. എന്റെ ഹിന്ദിക്കമ്മി. അവരുടെ കാര്യവും അതുപോലെതന്നെ. ഏതാണെങ്കിലും അന്ന് രാത്രി അവള്‍ എന്തോ പരിപാടിക്ക് പോവുകയാണെന്നും വരുമ്പോഴേക്കും പുലാവ് ഉണ്ടാക്കിവക്കണമെന്നും അവര്‍ എന്നെ മുറിഭാഷയും ആംഗ്യവും കൊണ്ടു മനസ്സിലാക്കി. അരിയും ഏലക്കായും ഗ്രാമ്പൂവും കറുവപ്പട്ടയും ഒക്കെ എനിക്കുകാണിച്ചു തന്നിട്ട് അവര്‍ പോയി.
'എന്റെ മോനേ ഞാന്‍ പുലാവു പോയിട്ട് ചോറു പോലും വച്ചിട്ടില്ല. വീട്ടില്‍ അമ്മ ചോറ് തിളപ്പിച്ച് അടപലകവച്ചു വാര്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഈ സര്‍ദാര്‍ജിമാരുടെ പുലാവെന്നാല്‍ ചോറില്‍ ഏലക്കായും കറുവപ്പട്ടയും ഒക്കെ ഇടുമായിരിക്കും എന്നെനിക്ക് തോന്നി.'
'ഞാന്‍ ഏതായാലും വെള്ളം വച്ചു തിളപ്പിച്ച് അരിയിട്ടു. പിന്നെ അതില്‍ അവര്‍ കാണിച്ചുതന്ന ഏലക്കായും കറുവപ്പട്ടയും ഗ്രാമ്പൂവും എല്ലാം കുറച്ചിട്ടു. കുറേക്കഴിഞ്ഞ് അരിവെന്തു എന്നു തോന്നിയപ്പോള്‍ ഞാന്‍ അതുവാങ്ങി ഒരു അടപ്പുകൊണ്ടു വാര്‍ത്തുവെച്ചു.'
രാത്രി പതിനൊന്നുമണിയോടെയാണ് സര്‍ദാര്‍ജിയും ഭാര്യയും തിരിച്ചെത്തിയത്. സര്‍ദാര്‍ജി നേരെ ഭക്ഷണം കഴിക്കാന്‍ വന്നിരുന്നു. സര്‍ദാരിണി അടുക്കളയിലേക്കും.
അടച്ചു വാര്‍ത്തുവെച്ച പുലാവ് തുറന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. മുകളില്‍ തന്നെ ഏലക്കാവീര്‍ത്ത് മത്തക്കണ്ണുപോലെ എന്നെ തുറിച്ചു നോക്കി. പിന്നില്‍ സര്‍ദാറിണിയുടെ കണ്ണ് അതിനേക്കാള്‍ വലുതായി എനിക്ക് തോന്നി.
അവരെന്തോ ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് സര്‍ദാര്‍ദജിയുടെ അടുത്തേക്ക് പോയി. അന്നെനിക്ക് ഹിന്ദി അറിയാത്തതിനാല്‍ ചീത്തവാക്കാണെന്നേ മനസ്സിലായുള്ളൂ. ഉല്ലൂ എന്നോ ബുദ്ദ എന്നോ ഒക്കെ ആയിരുന്നിരിക്കണം (മല്ലു എന്ന വാക്ക് അന്നില്ല).
എനിക്ക് പ്രശ്‌നം എന്താണെന്ന് ശരിക്കും മനസ്സിലായില്ല. ഞാന്‍ ഉണ്ടാക്കിവച്ചിരുന്നത് പുലാവല്ല എന്ന് തോന്നി. ഏതാണെങ്കിലും സര്‍ദാര്‍ നല്ലയാളായിരുന്നു. എന്നെ തല്ലിയില്ല. സര്‍ദാരിണിയുടെ ദേഷ്യം കണ്ടപ്പോള്‍ തല്ലുകിട്ടുമെന്ന് പേടിച്ചെങ്കിലും.
അന്നു രാത്രി ഞങ്ങള്‍ മൂന്നുപേരും പട്ടിണിയായികിടന്നുറങ്ങി. പിറ്റേന്ന് രാവിലെ തന്നെ സര്‍ദാര്‍ജി ഒരു റിക്ഷ വിളിച്ച് എന്നെ തിരിച്ചു പറഞ്ഞുവിട്ടു.
അന്നാണ് മോനേ ഒരു നല്ല പാചകക്കാരന്‍ ആകണം എന്നു ഞാന്‍ തീരുമാനിച്ചത്. ഭാഗ്യത്തിന് എനിക്ക് ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്ലാസ്‌ഫോര്‍ ജോലി കിട്ടി. എന്നിട്ടും ഞാന്‍ അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലും ഇന്ത്യന്‍ കോഫി ഹൗസില്‍ പോയി പാചകം പഠിച്ചു. ഭക്ഷണം തരമാവുമെന്നതും കൂടുതല്‍ പണം നാട്ടില്‍ അയക്കാം എന്നതും മാത്രമല്ല അതിനു കാരണം, വാശികൂടെയാണ്.
'നല്ല ഭക്ഷണം ഉണ്ടാക്കാന്‍ വാസ്തവത്തില്‍ വിഷമം ഇല്ലമോനേ, ചീത്തയാക്കാനാണ് വിഷമം. നമ്മള്‍ എന്തുണ്ടാക്കുന്നോ അതിനെപ്പറ്റി ഏകദേശരൂപം വേണം, ആവശ്യത്തിന് മനോധര്‍മ്മം ഉപയോഗിക്കണം, കഴിക്കാന്‍ പോകുന്നവരോട് സ്‌നേഹം വേണം. ഇത്രയും ഉണ്ടെങ്കില്‍ ആര്‍ക്കും നല്ല പാചകക്കാരന്‍ ആകാം.
ശേഖരന്‍ നായരില്‍ നിന്നും ഞാന്‍ പാചകം ഒന്നും പഠിച്ചില്ല. പക്ഷെ പാചകം ഉള്‍പ്പെടെയുള്ള ഏതു ജോലിക്കും ശ്രദ്ധയും കഠിനാധ്വാനവും ഉണ്ടെങ്കില്‍ നന്നായി ചെയ്യാന്‍ പറ്റുമെന്ന പാഠം ഞാന്‍ അദ്ദേഹത്തില്‍ നിന്നാണ് പഠിച്ചത്.
ശേഖരന്‍നായരും കുടുംബവും ഇപ്പോള്‍ എവിടെയാണെന്ന് എനിക്ക് അറിയില്ല. 1989 നു ശേഷം ഞാന്‍ നാഗ്പൂരില്‍ പോയിട്ടില്ല. അദ്ദേഹത്തിന്റെ വീട് പാലക്കാട് എവിടെയോ ആയിരുന്നു.
തുമ്മാരുകുടി കഥകള്‍
(52%) (5 Votes)
Explore Mathrubhumi
Other News in this Section





